Asianet News MalayalamAsianet News Malayalam

ഈ കൊലപാതകങ്ങളെല്ലാം ആര്‍ക്കുവേണ്ടിയാണ്? ഇനിയെന്നാണ് നാം മാറിച്ചിന്തിക്കുന്നത്?

മണ്ണിന്‍റെയും ജലത്തിന്‍റെയുമൊക്കെ മുകളിലുള്ള സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പലപ്പോഴും ആളുകള്‍ ഈ പരിസ്ഥിതി സംരക്ഷകരെ ഇല്ലാതാക്കിയത്. അതില്‍ എണ്ണ, ജലം, കൃഷി, മരങ്ങള്‍ അവയെല്ലാം പെടുന്നു. 

more than 1700 environmental defenders killed this century
Author
London, First Published Nov 11, 2019, 2:48 PM IST

പാരിസ്ഥിതികമായ മിക്ക പ്രശ്‍നങ്ങളുടെയും ഉറവിടം ചൂഷണമാണ്. അതില്‍, പ്രകൃതി വിഭവങ്ങളുടെ ഒഴിവാക്കപ്പെടാനാകാത്ത ഉപയോഗമുണ്ട്. എന്നാല്‍, മള്‍ട്ടിനാഷണല്‍ കമ്പനികളടക്കമുള്ളവരുടെ കണ്ണും കയ്യുമില്ലാത്ത ചൂഷണവുമുണ്ട്. ആഗോളതാപനമാണെങ്കില്‍ വലിയൊരു പ്രശ്‍നമായി മുന്നില്‍ നില്‍ക്കുന്നു. എന്നാല്‍, ഇതിനെതിരെയുള്ള നിരന്തരപോരാട്ടവും ഇവിടെയുണ്ടാകുന്നുണ്ട്. എന്നാല്‍, ഇതിനെതിരെ പോരാട്ടത്തിനിറങ്ങിയതിന്‍റെ പേരില്‍ പതിനാറ് വര്‍ഷത്തിനുള്ളില്‍ 50 രാജ്യങ്ങളിലായി കൊല്ലപ്പെട്ടത് 1,738 പേരാണ്. മാസങ്ങള്‍ക്ക് മുമ്പ് ഗ്ലോബല്‍ വിറ്റ്നെസ്സ് എന്ന് കാമ്പയിനിങ് ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്. 2002 -നും 2018 -നുമിടയില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകളാണിത്. 2018 -ല്‍ അത് 164 പേരാണ്. ജൂലൈ മാസത്തില്‍ വന്ന കണക്കില്‍ നമ്മെ ഞെട്ടിക്കുന്ന ഒരു വിവരം കൂടിയുണ്ട് ഇതില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഇന്ത്യയാണ്. തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പിനെ കുറിച്ചുള്ള പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയ്ക്ക് തൊട്ടുമുകളില്‍ കൊളംബിയയും ഏറ്റവും മുകളില്‍ ഫിലിപ്പീന്‍സുമായിരുന്നു. 

more than 1700 environmental defenders killed this century

2017 -ൽ കൊല്ലപ്പെട്ടവരുടെ എണ്ണം കുറവാണെങ്കിലും, റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണങ്ങളുടെ എണ്ണം കാലക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പഠനം നടത്തിയവര്‍തന്നെ പറയുന്നുണ്ട്. ഓരോ ആഴ്ചയും ശരാശരി മൂന്നുപേർ വീതമെങ്കിലും കൊല്ലപ്പെടുന്നുവെന്നാണ് അന്ന് പഠനത്തില്‍ വ്യക്തമായത്. സംഘം പറയുന്നത്, എന്നിട്ടും 2002-2013 വരെയുള്ള കൊലപാതകങ്ങളിൽ 10% കുറ്റവാളികള്‍ മാത്രമേ ശിക്ഷിക്കപ്പെട്ടുള്ളൂവെന്നാണ്. 

അന്ന് Nature Sustainability -ൽ പ്രസിദ്ധീകരിച്ച 2002-2017 മുതലുള്ള ഗ്രൂപ്പിന്റെ ഡാറ്റയെക്കുറിച്ചുള്ള ഒരു പഠനത്തിൽ, ഫോസിൽ ഇന്ധനങ്ങൾ, തടിയും വെള്ളവും ഉൾപ്പെടെ പ്രകൃതിവിഭവങ്ങള്‍ ഇവയെച്ചൊല്ലിയുള്ള സംഘർഷവുമായി ബന്ധപ്പെട്ടും നിരവധി മരണങ്ങൾ കണ്ടെത്തുകയുണ്ടായി. അഴിമതി പെർസെപ്ഷൻ ഇൻഡെക്സ് സ്കോർ അനുസരിച്ച് ഇതിലേറെ കൊലപാതകങ്ങളും അഴിമതിയുമായി ബന്ധപ്പെട്ടതാണെന്നും കണ്ടെത്തിയിട്ടുണ്ട്. 

ആരാണ് ഈ പരിസ്ഥിതി സംരക്ഷകര്‍?

ഭൂമി, വനം, ജലം തുടങ്ങി ഏത് പ്രകൃതിവിഭവം സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരും ഈ കൊല്ലപ്പെട്ടവരില്‍പ്പെടുന്നു. അതില്‍ ഏതെങ്കിലും കമ്മ്യൂണിറ്റി ആക്ടിവിസ്റ്റുകളോ, പ്രത്യേക ഗോത്രവിഭാഗക്കാരോ, മാധ്യമപ്രവര്‍ത്തകരോ, എന്‍ജിഒ -യുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരോ ഒക്കെയുണ്ട്. പക്ഷേ, ഇവരാരും പ്രവര്‍ത്തിച്ചത് അവരുടെ ജോലിയുടെ ഭാഗമായോ അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായോ അത്തരം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയോ ആയിരുന്നില്ല. പകരം അവരുടെ പോരാട്ടവും ത്യാഗവും മണ്ണിനെയോ പരിസ്ഥിതിയെയോ സംരക്ഷിച്ചുനിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു. ഏതെങ്കിലുമൊരു പരിസ്ഥിതി പ്രവര്‍ത്തക കൂട്ടായ്‍മയുടെ ഭാഗമായിരുന്നു ഇവര്‍.

more than 1700 environmental defenders killed this century

ലോകത്തിലെ തന്നെ പരിസ്ഥിതി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഏറ്റവും അറിയപ്പെട്ട കൊലപാതകം ബ്രസീലില്‍ നിന്നുള്ള ചിക്കോ മെന്‍ഡസിന്‍റേതായിരുന്നു. യൂണിയന്‍ നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്നു മെന്‍ഡസ്. 1988 -ലാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. ആമസോണിന് വേണ്ടിയും അവിടുത്തെ പരിസരവാസികളുടെ സംരക്ഷണപ്രവര്‍ത്തനത്തിന്‍റെ ഭാഗമായിട്ടാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. 

ഇത് 1988 -ലാണെങ്കില്‍ അടുത്തിടെ ബ്രസീലില്‍ത്തന്നെ ആമസോണുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് കൊലപാതകം കൂടി നടന്നു. ജോസ് ക്ലൗഡിയോ റിബെയ്‍റോ, മരിയ ഡു എസ്പിരിറ്റോ സാന്‍റോ എന്നിവരാണ് 2011 -ല്‍ കൊല്ലപ്പെട്ടത്. തങ്ങളുടെ വനത്തെ, കാട്ടുകൊള്ളക്കാരില്‍നിന്നും രക്ഷിക്കാന്‍ നടത്തിയ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായിട്ടാണ് ഇരുവരും കൊല്ലപ്പെട്ടത്. കമ്പോഡിയയില്‍ പ്രകൃതിവിഭവ സംരക്ഷണ സംഘത്തിന്‍റെ ( Natural Resource Protection Group) ഡയറക്ടറായിരുന്ന ചട്ട് വുട്ടി കൊല്ലപ്പെടുന്നത് 2012 -ലാണ്. അനധികൃതമായി വനത്തിലെ വിഭവങ്ങള്‍ കൈക്കലാക്കുന്നതുമായി ബന്ധപ്പെട്ട് സൈന്യത്തിന്‍റെയും സര്‍ക്കാരിന്‍റെയും അഴിമതിക്കെതിരെ ശബ്ദിച്ചിരുന്ന ആളായിരുന്നു വുട്ടി. വെടിയേറ്റാണ് വുട്ടി കൊല്ലപ്പെടുന്നത്. 

2016 -ലാണ് ബര്‍ത്താ കാസേഴ്‍സ് കൊല്ലപ്പെടുന്നത്. ഹോണ്ടുറാസിലെ ലെംകാ വിഭാഗത്തില്‍ പെടുന്ന ജനങ്ങളുടെ ജീവിതത്തിലും വെള്ളത്തിലും അതിക്രമിച്ചു കയറുന്ന തരത്തിലൊരു ഡാം നിര്‍മ്മിക്കുന്നതിനെതിരെയായിരുന്നു അവരുടെ പോരാട്ടം. ബര്‍ത്തയുടെ കൊലപാതകത്തെ തുടര്‍ന്ന്, അവര്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ലോകത്തിന്‍റെ പല ഭാഗങ്ങളിലും ശബ്‍ദമുയര്‍ന്നിരുന്നു. ചില കൊലപാതകങ്ങൾ അന്താരാഷ്ട്ര പ്രതിഷേധത്തിനിടയാക്കിയപ്പോൾ മറ്റുള്ളവ പ്രാദേശികവൽക്കരിക്കപ്പെട്ട പ്രത്യാഘാതങ്ങൾ മാത്രമാണുണ്ടാക്കിയത്. മറ്റുചിലത് റിപ്പോർട്ട് പോലും ചെയ്യപ്പെടാതെ കിടക്കുന്നു. അവ ഗ്ലോബല്‍ വിറ്റ്നെസിന്‍റെ കണക്കുകളില്‍ പെടുന്നില്ല. 

സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി

മണ്ണിന്‍റെയും ജലത്തിന്‍റെയുമൊക്കെ മുകളിലുള്ള സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പലപ്പോഴും ആളുകള്‍ ഈ പരിസ്ഥിതി സംരക്ഷകരെ ഇല്ലാതാക്കിയത്. അതില്‍ എണ്ണ, ജലം, കൃഷി, മരങ്ങള്‍ അവയെല്ലാം പെടുന്നു. ചരിത്രപരമായ കൊളോണിയൽ ഭൂവിനിയോഗത്തിന്‍റെയും ഏറ്റെടുക്കലിന്‍റെയും തുടർച്ചയായി ഈ സംഘട്ടനങ്ങളെ കാണാവുന്നതാണ്. ഇപ്പോഴും ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലുള്ളവരാണ് താഴെക്കിടയിലുള്ള രാജ്യങ്ങളെ ചൂഷണം ചെയ്‍ത് വരുമാനമുണ്ടാക്കുന്നത്. പലപ്പോഴും ഈ ചൂഷണം ചെയ്‍ത അസംസ്‍കൃത പദാര്‍ത്ഥങ്ങളില്‍ നിന്നുണ്ടാക്കുന്ന ഉത്പ്പന്നങ്ങളുടെ ലാഭം ആ രാജ്യങ്ങളാണ് അനുഭവിക്കുന്നത്. മിക്ക വനങ്ങളിലും മറ്റും നടക്കുന്നത് പലപ്പോഴും അധികൃതരുടെ മനപ്പൂര്‍വമുള്ള കണ്ണടക്കലോടെയുള്ള അനധികൃത കൊള്ളയാണ്. ഗ്രാമങ്ങളിലേക്കും അടുത്തുള്ള നഗരപ്രദേശങ്ങളിലേക്കും ജലമെത്തിക്കുന്ന പുഴയില്‍ നിന്നടക്കം വെള്ളമൂറ്റുന്നത് ഇതില്‍പ്പെടുന്നു. ഇതിനുദാഹരണമാണ് ബൊളിവീയയില്‍ ഖനനം നടത്തുന്ന വിദേശ കമ്പനികള്‍. എന്നാല്‍, ഈ കമ്പനികളാണോ ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ പോരാട്ടത്തിനിറങ്ങുന്ന പരിസ്ഥിതി പ്രവര്‍ത്തകരെ കൊന്നുതള്ളുന്നത്? 

ആരാണ് ഈ കൊലപാതകം നടത്തുന്നത്? 

പലപല താല്‍പര്യങ്ങളുടെയും പുറത്താണ് പലപ്പോഴും ഇവരെല്ലാം കൊല്ലപ്പെട്ടിട്ടുള്ളത്. അതില്‍ ഇത്തരം കമ്പനികള്‍ നേതൃത്വം നല്‍കി കൊലപ്പെടുത്തിയവരുണ്ട്. കാട്ടുകൊള്ളക്കാരാല്‍ കൊല്ലപ്പെട്ടവരുണ്ട്, സര്‍ക്കാരിന്‍റെ താല്‍പര്യപ്രകാരം കൊല്ലപ്പെട്ടവരുമുണ്ട്. ഒരു കേസിൽ, 2017 മെയ് മാസത്തിൽ പത്ത് ഭൂവുടമകളെ കൊന്നത് ബ്രസീലിലെ പൗ ഡാർക്കോയിലെ പൊലീസാണെന്നും ചട്ട് വുട്ടിയുടെ കേസിൽ കൊലപാതകം നടത്തിയത് മിലിട്ടറി പൊലീസാണെന്നും ആരോപിക്കപ്പെടുന്നു. പലപ്പോഴും കൊല്ലപ്പെടുന്നതെല്ലാം ജനിച്ചുവളര്‍ന്ന സ്ഥലവും ചുറ്റുമുള്ള പ്രകൃതി വിഭവങ്ങളും സംരക്ഷിക്കാന്‍ ശ്രമിച്ച പ്രത്യേകം വിഭാഗത്തില്‍പ്പെട്ട ജനങ്ങളാണ് എന്നതും ശ്രദ്ധേയമാണ്. 2015 -2016 വര്‍ഷത്തെ കണക്ക് പ്രകാരം 40 ശതമാനം പേരാണ് ഈ വിഭാഗത്തില്‍ കൊല്ലപ്പെട്ടത്. അത് 2017 -ല്‍ 30 ശതമാനമാണ്. 

ലോകത്തെല്ലായിടത്തും സമ്പന്നവിഭാഗം സുഖവും സൗകര്യങ്ങളും കയ്യാളുമ്പോള്‍ പ്രകൃതിയുമായി യോജിച്ച് അതിനെ ചൂഷണം ചെയ്യാതെ ജീവിച്ചുപോന്ന ഒരു വിഭാഗത്തിന് തന്‍റെ പരിസരമുപേക്ഷിച്ച് ഇറങ്ങിപ്പോകേണ്ടിയാണ് വരാറുള്ളത്. അവരുടെ സ്വയവും ചുറ്റുപാടുകള്‍ക്കും വേണ്ടിയുള്ള സമരങ്ങളൊക്കെയും അടിച്ചമര്‍ത്തപ്പെടാറാണ് പതിവും. പക്ഷേ, ലോകം ഇന്ന് കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ഗുരുതര പരിസ്ഥിതിപ്രശ്‍നങ്ങളുടെ വേരുതേടേണ്ട സാഹചര്യം ഒട്ടും അകലെയല്ല. ആ അവസ്ഥയിലെങ്കിലും ഒരു വിചിന്തനം ഭരിക്കുന്നവരെങ്കിലും നടത്തേണ്ടിവരും. 

Follow Us:
Download App:
  • android
  • ios