സ്കൂളിൽ പ്രവേശനം ലഭിക്കണമെങ്കിൽ 1.5 ലക്ഷം രൂപ ഡൊണേഷൻ നിർബന്ധമാണ്. ഡൊണേഷൻ നൽകാൻ തയ്യാറായില്ലെങ്കിൽ കുട്ടിയെയും മാതാപിതാക്കളെയും പ്രത്യേക അസസ്‍മെന്റിന് വിധേയമാക്കും, അതിൽ യോഗ്യത നേടിയില്ലെന്ന കാരണം പറഞ്ഞ് പ്രവേശനം നിരസിക്കുകയോ, ഇതിലും വലിയ തുക ഡൊണേഷനായി ആവശ്യപ്പെടുകയോ ചെയ്യും.
രണ്ടുവയസ്സുള്ള മകളുടെ പ്രീസ്‌കൂൾ പ്രവേശനത്തിനായി 1.5 ലക്ഷം രൂപ ഡൊണേഷൻ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി അഹമ്മദാബാദിലെ സംരംഭകനായ പ്രിതേഷ് ലഖാനി. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രിതേഷ് പങ്കുവെച്ച ഈ സംഭവം വലിയ പ്രതിഷേധത്തിനും ചർച്ചകൾക്കുമാണ് വഴിതുറന്നിരിക്കുന്നത്.
മകൾക്ക് അടുത്തിടെ രണ്ട് വയസ്സ് തികഞ്ഞതിനെത്തുടർന്ന്, ഭാവിയിൽ സ്കൂൾ മാറേണ്ട സാഹചര്യം ഒഴിവാക്കാൻ മുൻകൂട്ടി കണ്ട് അനുയോജ്യമായ പ്രീ സ്‌കൂളുകൾ അന്വേഷിക്കുകയായിരുന്നു ലഖാനിയും കുടുംബവും. ഈ തിരച്ചിലിനിടയിലാണ് ഒരു പ്രമുഖ സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെ രക്ഷിതാവിൽ നിന്ന് ഞെട്ടിക്കുന്ന വിവരം ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
സ്കൂളിൽ പ്രവേശനം ലഭിക്കണമെങ്കിൽ 1.5 ലക്ഷം രൂപ ഡൊണേഷൻ നിർബന്ധമാണെന്നാണ് ആ രക്ഷിതാവ് പറഞ്ഞത്. ഡൊണേഷൻ നൽകാൻ തയ്യാറായില്ലെങ്കിൽ കുട്ടിയെയും മാതാപിതാക്കളെയും പ്രത്യേക അസസ്‍മെന്റിന് വിധേയമാക്കുമെന്നും, അതിൽ യോഗ്യത നേടിയില്ലെന്ന കാരണം പറഞ്ഞ് പ്രവേശനം നിരസിക്കുകയോ അല്ലെങ്കിൽ ഇതിലും വലിയ തുക ഡൊണേഷനായി ആവശ്യപ്പെടുകയോ ചെയ്യുമെന്നും ലഖാനി ആരോപിക്കുന്നു. ഇതിനുപുറമെ, ആദ്യവർഷത്തെ പ്രീസ്‌കൂൾ ഡൊണേഷൻ ഫീസായി 1.25 ലക്ഷം രൂപ വേറെയും നൽകേണ്ടതുണ്ടെന്ന് അദ്ദേഹം കുറിച്ചു. 'പ്രീസ്‌കൂൾ വിദ്യാഭ്യാസം ഇത്രത്തോളം ചെലവേറിയതാകരുത്' എന്നും പ്രിതേഷ് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
പ്രിതേഷ് ലഖാനിയുടെ പോസ്റ്റ് വൈറലായതോടെ, ചെറിയ കുട്ടികളുടെ സ്കൂൾ പ്രവേശനത്തിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ എക്‌സിൽ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. വൻതുക ഫീസ് ഈടാക്കുന്ന പ്രീസ്‌കൂളുകൾക്ക് പകരം ഹോംസ്‌കൂളിംഗ് പോലുള്ള ബദൽ രീതികൾ തിരഞ്ഞെടുക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടു.
'ചെറിയ നഗരത്തിലെ നഴ്സറി പ്രവേശനത്തിന് പോലും 3 ലക്ഷം രൂപയോളമാണ് ഡൊണേഷൻ ചോദിക്കുന്നത്' എന്ന് ഒരാൾ കുറിച്ചപ്പോൾ, 'ഇന്ത്യയിൽ വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും ഇപ്പോൾ ഡൊണേഷൻ നിർബന്ധമായിരിക്കുകയാണ്' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
