Asianet News MalayalamAsianet News Malayalam

ഇന്ത്യൻ രാഷ്ട്രപതികളിൽ ആർക്കാണ് കൂടുതൽ 'ദയ'യുള്ളത്?

കണക്കുകൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. രാഷ്ട്രപതിമാരുടെ കൂട്ടത്തിൽ ഇക്കാര്യത്തിൽ 'ദയ' ഒട്ടും കാണിക്കാതിരുന്നത് 1987 മുതൽ 1992 വരെ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന ആർ വെങ്കട്ടരാമനാണ്. 

Most Merciful president in India
Author
Thiruvananthapuram, First Published Jan 26, 2020, 10:39 AM IST

2012 -ലെ നിർഭയ ബലാത്സംഗ കൊലക്കേസിലെ കുറ്റവാളികളിൽ ഒരാളായ മുകേഷ് സിങ് സമർപ്പിച്ച ദയാഹർജി, വെറും ദിവസങ്ങളുടെ ഇടവേളയിൽ, കാലതാമസം ഏതുമില്ലാതെയാണ് രാഷ്‌ട്രപതി തീർപ്പാക്കി തിരിച്ചുവിട്ടത്. മുകേഷ് സിങിന്റെ കാര്യത്തിൽ അദ്ദേഹം ഒരു ദയവും കാണിച്ചില്ല. വധശിക്ഷ നൽകിക്കൊണ്ടുള്ള ഉത്തരവ് അദ്ദേഹത്തെ നിലനിർത്തി. അത് ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കാൻ വിസമ്മതിച്ചു.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്‍തു കൊല്ലുന്നവരോട് ഒരു ദയവും പാടില്ല എന്ന് റാം നാഥ് കോവിന്ദ് മുമ്പൊരിക്കൽ പരസ്യമായി പറഞ്ഞിട്ടുണ്ട്. 2018 ജൂണിൽ തന്റെ ആദ്യ ദയാ ഹർജി രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് നിരസിച്ചിരുന്നു. 2017 -ൽ തന്റെ മുന്നിൽ വന്ന ആ ഹർജി ഒമ്പതുമാസം തന്റെ മേശപ്പുറത്ത് വെച്ച ശേഷമാണ് അന്ന് രാഷ്‌ട്രപതി തീരുമാനമെടുത്തത്. കന്നുകാലി മോഷണവുമായി ബന്ധപ്പെട്ട ഒരു കേസിലെ ശത്രുതയുടെ പുറത്ത് അഞ്ചു കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴുപേരെ ജീവനോടെ ചുട്ടുകൊന്ന രണ്ടുപേരുടെ വധശിക്ഷയാണ് അന്ന് രാഷ്‌ട്രപതി ശരിവെച്ചത്. ആ തീരുമാനം വെച്ച് നോക്കുമ്പോൾ നിർഭയ കേസിൽ ദിവസങ്ങൾക്കുള്ളിൽ എടുത്ത ഈ തീരുമാനം വളരെ വേഗത്തിൽ ആയിരുന്നു എന്നുവേണം പറയാൻ.

എന്നാൽ, തന്റെ ദയാഹർജി വേണ്ടും വിധം പരിഗണിക്കാതെ ഇങ്ങനെ തിടുക്കത്തിൽ തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട്, ഇപ്പോൾ മുകേഷ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, വളരെ പ്രസക്തമായ ഒരു ചോദ്യം ഇതാണ്. വധശിക്ഷയ്ക്കുമേൽ ലഭ്യമായ അവസാന ലീഗൽ അപ്പീൽ എന്ന നിലക്ക് സമക്ഷത്തിൽ വരുന്ന ദയാ ഹർജികളിൽ തീരുമാനമെടുക്കുന്ന കാര്യത്തിൽ ഇന്ത്യയിലെ രാഷ്ട്രപതിമാരുടെ ചരിത്രം എങ്ങനെയാണ്? ആർക്കാണ് കൂട്ടത്തിൽ ഏറ്റവും കൂടുതൽ 'ദയ'യുള്ളത്? ആരാണ് ഏറ്റവും കൂടുതൽ ദയാഹർജികൾ നിർദാക്ഷിണ്യം തള്ളിയിട്ടുള്ളത്?

കണക്കുകൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. രാഷ്ട്രപതിമാരുടെ കൂട്ടത്തിൽ ഇക്കാര്യത്തിൽ 'ദയ' ഒട്ടും കാണിക്കാതിരുന്നത് 1987 മുതൽ 1992 വരെ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന ആർ വെങ്കട്ടരാമനാണ്. തന്റെ മുന്നിൽ പരിഗണനക്കു വന്ന 44 ദയാഹർജികളാണ് വെങ്കട്ടരാമൻ ആകെ നിരസിച്ചിട്ടുള്ളത്. കൂട്ടത്തിൽ ഏറ്റവും ദയ കാണിച്ചിട്ടുള്ളത് ഭാരതത്തിന്റെ പ്രഥമ വനിതാ രാഷ്ട്രപതിയായ പ്രതിഭാ സിങ് പാട്ടീൽ ആണ്. പ്രതിഭാ സിംഗിന്റെ ദയവുകൊണ്ട് വധശിക്ഷ ജീവപര്യന്തമാക്കിക്കിട്ടിയിട്ടുള്ളത് 30 പേർക്കാണ്. ആഭ്യന്തര വകുപ്പിൽ നിന്ന് ഇക്കാര്യത്തിൽ നിർദേശങ്ങൾ ഉണ്ടാകുമെങ്കിലും, ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പ്രസിഡന്റ് തന്നെയാണ്.

2012 -ൽ പ്രണബ് മുഖർജി പ്രസിഡന്റായപ്പോൾ ഏറെക്കാലമായി തീരുമാനമെടുക്കാതിരുന പല ദയാഹർജികളിലും തീരുമാനമെടുത്തിരുന്നു. അദ്ദേഹം പരിഗണിച്ച 32 ദയാഹർജികളിൽ നാലെണ്ണത്തിൽ മാത്രമാണ് വധശിക്ഷ ഇളവുചെയ്തു നൽകിയത്. ബാക്കി 28 എണ്ണത്തിലും വധശിക്ഷ നിലനിർത്തി. കെആർ നാരായണൻ, എപിജെ അബ്ദുൽ കലാം, പ്രതിഭാ പാട്ടീൽ തുടങ്ങിയവരുടെ കാലം മുതൽ തീർപ്പാക്കാതെ രാഷ്ട്രപതിയുടെ മേശപ്പുറത്തു കിടന്നിരുന്ന പല ദയാഹർജി ഫയലുകളിലും പ്രണബ് മുഖർജി ഇറങ്ങും മുമ്പ് തീരുമാനമുണ്ടാക്കിയിരുന്നു. പ്രണബ് മുഖർജി തള്ളിയവയുടെ കൂട്ടത്തിൽ, മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബിന്റെയും, 1986 -ലെ ഒരു കുടുംബത്തിലെ പതിമൂന്നുപേരെ കൊന്ന ഗുർമീത് സിംഗിന്റെയും, പാർലമെന്റ് ആക്രമണക്കേസിലെ അഫ്സൽ ഗുരുവിന്റെയും യാക്കൂബ് മേമനെയും ഒക്കെ ഹർജികളും ഉണ്ടായിരുന്നു.  പരിഗണിച്ചതിൽ 87 ശതമാനവും തള്ളി പ്രണബ് മുഖർജിയും കാർക്കശ്യത്തിൽ മുന്നിൽ നിന്നു.

ആർട്ടിക്കിൾ 72 നൽകുന്ന സവിശേഷാധികാരം

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 72 ആണ് രാഷ്‌ട്രപതിക്ക് സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ച ഒരാൾക്ക് ആ ശിക്ഷ ജീവപര്യന്തമായി വെട്ടിക്കുറക്കാനുള്ള അധികാരം നൽകുന്നത്. കേന്ദ്രമന്ത്രിമാരുടെ ഒരു സമിതിയാണ് രാഷ്ട്രപതിക്ക് വേണ്ട ഉപദേശം നൽകുന്നത്. ദയാഹർജികൾ വിശദമായി പഠിച്ച് പ്രസിഡന്റിന് ഉപദേശം നൽകാനുള്ള ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രിക്കുമുണ്ട്. അതാത് സംസ്ഥാനങ്ങളിലെ ഗവർണർമാർ വഴിയാണ് പ്രസിഡന്റിന് ദയാഹർജി സമർപ്പിക്കേണ്ടത്. 

Follow Us:
Download App:
  • android
  • ios