ജീവജാലങ്ങള്‍ ഒട്ടുമില്ലാത്ത ഏതെങ്കിലും ഇടം ഭൂമിയിലുണ്ടോ? ഇല്ലെന്നായിരിക്കും മിക്കവരുടെയും ഉത്തരം. എന്നാല്‍ അറിയുക, അത്തരമൊരു ഇടം ഉണ്ട്.  ഭൂമിയില്‍ ജീവജാലങ്ങളുടെ സാന്നിദ്ധ്യം ഇല്ലാത്ത ഒരിടം ഇതാ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ആവാസവ്യവസ്ഥയുടെ പരിമിതികളെ കുറിച്ച് അറിയാന്‍ ഈ പുതിയ കണ്ടെത്തല്‍ നമ്മെ സഹായിക്കും.

എത്യോപ്യയിലെ ഡാലോള്‍ ജിയോതര്‍മല്‍ ഫീല്‍ഡിലെ ചൂടും, ഉപ്പും കലര്‍ന്ന ഹൈപ്പര്‍ ആസിഡ് കുളങ്ങളിലാണ് ഒരുതരത്തിലുമുള്ള സൂക്ഷ്മജീവികളുടെ സാന്നിദ്ധ്യവും ഇല്ലാത്തത്. നേച്ചര്‍ ഇക്കോളജി ആന്‍ഡ് എവലൂഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സ്പാനിഷ് ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലേത്  (FECYT) ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളിലെ ഗവേഷകര്‍ ചേര്‍ന്നാണ് ഈ പഠനം നടത്തിയത്.  

ഡാലോളിലെ ഈ ഉപ്പ് നിറഞ്ഞ കുളങ്ങള്‍ അഗ്‌നിപര്‍വ്വത ഗര്‍ത്തത്തിനു മുകളില്‍ വ്യാപിച്ചുകിടക്കുന്നു. അഗ്‌നിപര്‍വ്വതത്തിന്റെ ചൂട്, വെള്ളം തിളച്ചു മറിയാന്‍ കാരണമാവുകയും അതില്‍ നിന്നും നിരന്തരം വിഷവാതകങ്ങള്‍ പുറത്തു വരാന്‍ കാരണമാവുകയും ചെയ്യുന്നു.  ശൈത്യകാലത്ത് പോലും 45 ഡിഗ്രി സെല്‍ഷ്യസ് കവിയുന്ന ഇത്, ഭൂമിയിലെത്തന്നെ ഏറ്റവും ചൂടേറിയ പ്രദേശമാണ്.

ഈ സ്ഥലത്തു അനവധി ഉപ്പു തടാകങ്ങളും, ആസിഡ് തടാകങ്ങളും ഉണ്ട്. അതിന്റെ പിഎച്ച് തോത് സ്‌കെലില്‍ 0 (വളരെ അസിഡിക്) മുതല്‍ 14 വരെയാണ് (വളരെ ക്ഷാര) കാണിക്കുന്നത്. ഈ അതിതീവ്ര അന്തരീക്ഷത്തില്‍ ചില സൂക്ഷ്മാണുക്കള്‍ക്ക് ജീവിക്കാനാകുമെന്നു നേരത്തെ നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യകാല ചൊവ്വയുടെ ഉപരിതലവുമായാണ് ഇതിനെ ഗവേഷകര്‍ ഉപമിക്കാറുള്ളത്.

''എന്നാല്‍ ഇതിനു വിപരീതമായി, കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ചു നടത്തിയ വിശദമായ പഠനത്തില്‍, ഈ ഉപ്പും ചൂടുമുള്ള ഹൈപ്പര്‍ ആസിഡ് കുളങ്ങളിലോ അല്ലെങ്കില്‍ അതിനടുത്തുള്ള മഗ്‌നീഷ്യം സമ്പുഷ്ടമായ കുളങ്ങളിലോ സൂക്ഷ്മജീവികളില്ലെന്ന് ഞങ്ങള്‍ കണ്ടെത്തി, -പഠനമ നടത്തിയ സംഘത്തിലെ ലോപ്പസ് ഗാര്‍സിയ പറഞ്ഞു.

മരുഭൂമിയിലും  ഹൈഡ്രോ തെര്‍മല്‍ പ്രദേശത്തിന് ചുറ്റുമുള്ള ഉപ്പുവെള്ള മലയിടുക്കുകളിലും ഒരുതരം ഉപ്പിനെ സ്‌നേഹിക്കുന്ന സൂക്ഷ്മാണുക്കളുടെ വലിയതോതിലുള്ള സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ ഉയര്‍ന്ന ആസിഡ്, ഉപ്പ് കലര്‍ന്ന കുളങ്ങളിലും, അതിന്റെ സമീപത്തുള്ള ഡാലോളിലെ മഗ്‌നീഷ്യത്താല്‍ സമ്പുഷ്ടമായ കറുപ്പ്, മഞ്ഞ തടാകങ്ങളിലും അവയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല.  ''കാറ്റും മനുഷ്യ സന്ദര്‍ശകരും കാരണം ഈ പ്രദേശത്ത് സൂക്ഷ്മജീവികള്‍ വ്യാപിക്കാനുള്ള സാഹചര്യം തീവ്രമാകുന്നു. എന്നിട്ടും അവയുടെ വ്യാപനം ഇല്ലെന്നത് തീര്‍ത്തു ആശ്ചര്യമുളവാകുന്നതാണ് ,''- ലോപ്പസ് ഗാര്‍സിയ പറഞ്ഞു.