വേള്‍ഡ് ബാങ്ക് കണ്‍സള്‍ട്ടന്‍റായ ശ്രേയ രണ്ട് വര്‍ഷം മുമ്പാണ് സൈക്കോളജിയില്‍ പി എച്ച് ഡിക്ക് ചേരുന്നത്. ചേര്‍ന്നപ്പോഴാണ് അമ്മയ്ക്കും മകള്‍ക്കും ഒരുമിച്ച് പി എച്ച് ഡി പൂര്‍ത്തിയാക്കണമെന്ന് തോന്നുന്നത്. രണ്ടുപേരുടെയും വിഷയങ്ങള്‍ വ്യത്യസ്തമായിരുന്നുവെങ്കിലും രണ്ടുപേരും ഒരുപോലെ പരിശ്രമിച്ചു, ശ്രേയ കൂടുതല്‍ പരിശ്രമിച്ചു. 

മാര്‍ച്ച് 15.. മാല ദത്തയുടെ വലിയൊരു സ്വപ്നം പൂവണിഞ്ഞു. 34 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളേജ് ജീവിതം അവസാനിപ്പിച്ച മാലയ്ക്ക് പി.എച്ച്.ഡി കിട്ടി. തീര്‍ന്നില്ല, ഈ ദിവസത്തിന് മാലയുടെ ജീവിതത്തില്‍ വേറൊരു പ്രത്യേകത കൂടിയുണ്ട്. അവരുടെ മകള്‍ ഇരുപത്തിയെട്ടുകാരി ശ്രേയ മിശ്രയ്ക്കും അതേ ദിവസം തന്നെയാണ് പി എച്ച് ഡി കിട്ടിയത്. 

പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ എക്കണോമിക് സര്‍വീസ് ഓഫീസറായി ജോലി ചെയ്യുകയാണ് മാല. 1985 -ല്‍ ഡെല്‍ഹി സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ നിന്നും എക്കണോമിക്സില്‍ ബിരുദാനന്തര ബിരുദം ലഭിച്ചപ്പോള്‍ തന്നെ മാലയ്ക്ക് പി എച്ച് ഡി നേടണമെന്ന മോഹമുണ്ടായിരുന്നു. 

2012 -ല്‍ മകളുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയോടനുബന്ധിച്ച് താല്‍ക്കാലികമായി ജോലിയില്‍ നിന്നും അവധിയെടുത്തു മാല. ആ സമയത്താണ് അവര്‍ പി എച്ച് ഡിക്ക് രജിസ്റ്റര്‍ ചെയ്യുന്നത്. പിന്നീട്, സ്റ്റഡി ലീവെടുത്ത് വളരെ ഗൗരവമായി ഗവേഷണം തുടര്‍ന്നു. 

വേള്‍ഡ് ബാങ്ക് കണ്‍സള്‍ട്ടന്‍റായ ശ്രേയ രണ്ട് വര്‍ഷം മുമ്പാണ് സൈക്കോളജിയില്‍ പി എച്ച് ഡിക്ക് ചേരുന്നത്. ചേര്‍ന്നപ്പോഴാണ് അമ്മയ്ക്കും മകള്‍ക്കും ഒരുമിച്ച് പി എച്ച് ഡി പൂര്‍ത്തിയാക്കണമെന്ന് തോന്നുന്നത്. രണ്ടുപേരുടെയും വിഷയങ്ങള്‍ വ്യത്യസ്തമായിരുന്നുവെങ്കിലും രണ്ടുപേരും ഒരുപോലെ പരിശ്രമിച്ചു, ശ്രേയ കൂടുതല്‍ പരിശ്രമിച്ചു. 

കഴിഞ്ഞ വര്‍ഷമാണ് രണ്ടുപേരും തീസിസ് സമര്‍പ്പിക്കുന്നത്. ''മക്കളുടെ പ്രായമുള്ള ഒരുപാട് കുട്ടികള്‍ക്കൊപ്പം പഠിക്കാനായി എന്നത് വളരെ സന്തോഷം തരുന്ന ഒന്നാണ്. പ്രൊഫസര്‍മാര്‍ എന്നെ മാഡം എന്നാണ് വിളിച്ചിരുന്നത്. മകളുടെ കൂടെ കോണ്‍വൊക്കേഷന്‍ ഡേയില്‍ പങ്കെടുക്കണമെന്നതായിരുന്നു പ്രചോദനം'' - മാല പറയുന്നു. 

ഡെല്‍ഹി യൂണിവേഴ്സിറ്റി അധികൃതര്‍ പറയുന്നത്, യൂണിവേഴ്സിറ്റിയില്‍ ആദ്യമായാണ് ഒരു അമ്മയും മകളും ഒരുമിച്ച് പി എച്ച് ഡി നേടുന്നത് എന്നാണ്. കോണ്‍വൊക്കേഷന്‍ ചടങ്ങ് നവംബര്‍ 19 -നായിരുന്നു. പക്ഷെ, അതില്‍ പങ്കെടുക്കാനായില്ല. അതുകൊണ്ട് രണ്ടുപേരും യൂണിവേഴ്സിറ്റിയില്‍ ചെന്ന് മാര്‍ച്ച് 15 -നാണ് സര്‍ട്ടിഫിക്കേറ്റ് വാങ്ങുന്നത്. കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ രണ്ടുപേരും ഒരുമിച്ച് പങ്കെടുത്തിരുന്നുവെങ്കില്‍ അത് വലിയ വാര്‍ത്ത ആയേനെ എന്നാണ് യൂണിവേഴ്സിറ്റി അധികൃതര്‍ പറഞ്ഞത്. എന്നാല്‍, വീട്ടുകാര്‍ ഇതിലനുഭവിക്കുന്ന സന്തോഷം തന്നെ വളരെ വലുതാണെന്നാണ് മാലയും മകള്‍ ശ്രേയയും പറയുന്നത്.