പച്ച നിറത്തിലുള്ള കണ്ണുകളും കുട്ടിയുടെ നിഷ്ക്കളങ്കമായ ചിരിയും  കേസിന് ജനങ്ങൾക്കിടയില്‍ വലിയ ശ്രദ്ധ നേടിക്കൊടുത്തു. 


ഭിചാരക്രിയകൾക്ക് ശരീരഭാഗങ്ങൾ ഉപയോഗിക്കാനായി ആറ് വയസുകാരിയായ മകളെ മന്ത്രവാദിക്ക് വിറ്റ അമ്മയെയും സുഹൃത്തുക്കളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. അമ്മയെയും സുഹൃത്തുക്കളെയും ദക്ഷിണാഫ്രിക്കന്‍ കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ദക്ഷിണാഫ്രിക്കയില്‍ വലിയ കോളിളക്കം സൃഷ്ടിച്ച കേസില്‍ കുട്ടിയുടെ അമ്മ റാക്വൽ കെല്ലി സ്മിത്ത്, സുഹൃത്തുക്കളായ ജാക്വിന്‍ അപ്പോലിസ്, സ്റ്റീവ് വാന്‍ റിയാന്‍ എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 

റാക്വൽ കെല്ലി സ്മിത്തിന്‍റെ മകളും ആറ് വയസുകാരിയുമായ ജോഷ്‍ലിന്‍ സ്മിത്തിനെ 2024 ഫെബ്രുവരിയിലാണ് ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ കേപ്പ് ടൗണില്‍ വച്ച് മന്ത്രവാദിക്ക് വില്‍ക്കാന്‍ ശ്രമിച്ചത്. പച്ച നിറത്തിലുള്ള കണ്ണുകളും നിഷ്ക്കളങ്കമായ വിട‍ർന്ന ചിരിയോടെയുള്ള ജോഷ്‍ലിന്‍ സ്മിത്തിന്‍റെ ചിത്രങ്ങൾ ദക്ഷിണാഫ്രിക്കയില്‍ കേസിന് വലിയ പൊതുജന ശ്രദ്ധ നേടിക്കൊടുക്കുന്നതിന് കാരണമായി. അന്വേഷണത്തില്‍ ജോഷ്‍ലിന്‍റെ തിരോധാനത്തിന് റാക്വൽ കെല്ലി സ്മിത്തിനും പങ്കുണ്ടെന്ന് തെളിഞ്ഞതായി പോലീസ് പറയുന്നു. 

Scroll to load tweet…

ദക്ഷിണാഫ്രിക്കയിലെ സുലു ജനതയ്ക്കിടെയിലെ പരമ്പരാഗത മന്ത്രവാദികളായ സന്‍ഗോമയ്ക്ക് ജോഷ്‍ലിന്‍ സ്മിത്തിനെ 20,000 റാന്‍റിന് (ഏകദേശം 95,000 രൂപ) റാക്വൽ കെല്ലി സ്മിത്ത് വൽക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി. ജോഷ്‍ലിന്‍റെ കണ്ണും തൊലിയും അടക്കമുള്ള കുട്ടിയുടെ ശരീരഭാഗങ്ങൾ പരമ്പരാഗത ആചാരങ്ങൾക്ക് ഉപയോഗിക്കാന്‍ വേണ്ടിയാണെന്ന് മന്ത്രവാദി പറഞ്ഞതായി ഒരു സാക്ഷി പൊലീസിന് മൊഴി നല്‍കി. അതേസമയം ജോഷ്‍ലിന്‍റെ അമ്മയ്ക്കും സുഹൃത്തുക്കൾക്കും മയക്കുമരുന്ന് വാങ്ങാനുള്ള പണത്തിന് വേണ്ടിയായിരുന്നു വില്പന നടത്തിയതെന്ന വിവരം പൊതു ജനങ്ങൾക്കിടെയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. 

മകളെ പരമ്പരാഗത ആചാരങ്ങൾക്ക് ഉപയോഗിക്കാനായി വിറ്റതില്‍ പശ്ചാത്താപത്തിന്‍റെ ഒരു കണിക പോലും റാക്വൽ കെല്ലി സ്മിത്തിലുണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. എട്ട് ആഴ്ച കൊണ്ടാണ് കേസിന്‍റെ വിചാരണ തീർന്നത്. കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് മൂന്ന് പേരും 10 വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. കോടതിയില്‍ നീണ്ട കരഘോഷത്തിനിടെയായിരുന്നു വിധി പ്രസ്ഥാവിച്ചതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.