കുഞ്ഞിന്‍റെ വിയോഗം ഉൾക്കൊള്ളാനാവാതെ, അതിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു അമ്മയാനയുടെ ഹൃദയഭേദകമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ ഉള്ളുലയ്ക്കുന്നത്. 

തീവ്രമായ വികാരങ്ങളും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നതിൽ മനുഷ്യരോട് അങ്ങേയറ്റം സാമ്യമുള്ള ജീവികളാണ് ആനകൾ. സ്വന്തം കുഞ്ഞ് മരണപ്പെട്ടതിനെത്തുടർന്ന്, ആ വിയോഗം ഉൾക്കൊള്ളാനാവാതെ ഒരു അമ്മയാന നടത്തുന്ന ഹൃദയഭേദകമായ പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാൻ പങ്കുവെച്ച 44 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലാണ് ഈ ദയനീയ കാഴ്ചയുള്ളത്.

Add Asianetnews as a Preferred SourcegooglePreferred

തന്റെ കുഞ്ഞിന്റെ മരണം അംഗീകരിക്കാൻ കഴിയാത്ത ആ അമ്മയാന, കുഞ്ഞിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. മരിച്ചുകിടക്കുന്ന കുഞ്ഞിനെ വലിച്ചിഴയ്ക്കാനും എഴുന്നേൽപ്പിക്കാനും ആ അമ്മയാന നടത്തുന്ന നിസ്സഹായമായ ശ്രമങ്ങൾ ഏതൊരാളുടെയും കണ്ണുനനയിക്കുന്നതാണ്. പലപ്പോഴും ഒരു ദിവസം വരെ ഇത്തരത്തിൽ കുഞ്ഞിന്റെ മൃതദേഹവുമായി ആ അമ്മയാനകൾ സഞ്ചരിക്കാറുണ്ടെന്ന് പ്രവീൺ കാസ്വാൻ പറയുന്നു.

'ദുഃഖം മനുഷ്യർക്ക് മാത്രമുള്ള വികാരമല്ല. ആനകളും ഇത് വളരെ ആഴത്തിൽ അനുഭവിക്കുന്നുണ്ട്. അവർ നമ്മെപ്പോലെത്തന്നെയാണ്; ദുഃഖിക്കുന്നു, ഓർമ്മിക്കുന്നു, വിട്ടുപോകാൻ വിസമ്മതിക്കുന്നു' അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചു.

ഈ വീഡിയോ കണ്ട നെറ്റിസൺസ് വലിയ വികാരത്തോടെയാണ് പ്രതികരിക്കുന്നത്. 22 മാസത്തോളം നീളുന്ന ഗർഭകാലത്തെക്കുറിച്ചും ആനകൾ തമ്മിലുള്ള അഗാധമായ സ്നേഹബന്ധത്തെക്കുറിച്ചും പലരും കമന്റ് ചെയ്യുന്നുണ്ട്. 'മരണം ആർക്കും ഒഴിവാക്കാനാവില്ല, എങ്കിലും ഈ കാഴ്ച ഹൃദയഭേദകമാണ്' എന്ന് ഒരാൾ കുറിച്ചു. ആനകളുടെ ബുദ്ധിശക്തിയെയും വികാസത്തെയും കുറിച്ച് പരാമർശിക്കുന്നവരും കുറവല്ല.

Scroll to load tweet…

ആനകൾക്കിടയിൽ ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ ശാസ്ത്രീയമായി തന്നെ നിരീക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. തങ്ങളുടെ വർഗ്ഗത്തിൽപ്പെട്ടവരോ മറ്റോ മരണപ്പെട്ടാൽ ആനകൾ അത് തിരിച്ചറിയുകയും, മൃതദേഹത്തിന് ചുറ്റും നിന്ന് ശബ്ദമുണ്ടാക്കിയും സ്പർശിച്ചും ദുഃഖം പ്രകടിപ്പിക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ മൃതദേഹം പുല്ലും മരച്ചില്ലകളും കൊണ്ട് മൂടാറുമുണ്ട്. മനുഷ്യരെപ്പോലെത്തന്നെ അവർക്കും മരണത്തെക്കുറിച്ചും നഷ്ടത്തെക്കുറിച്ചും ഒരു അവബോധം ഉണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.