കഴിഞ്ഞ തിങ്കളാഴ്ച, അഥവാ ജൂൺ 29 എന്ന ദിവസത്തിന് കാർഗിലിലെ ദ്രാസ് നിവാസികൾക്ക് ഒരു പ്രത്യേകതയുണ്ട്. അന്ന് അവർ ഇന്നും ഏറെ സ്നേഹിക്കുന്ന ഒരു സൈനിക ഓഫീസറുടെ രക്തസാക്ഷിത്വ ദിനമാണ്. ലഡാക്ക് പോലെ ഏത് നിമിഷവും ഒരു ആക്രമണം ഉണ്ടായേക്കാവുന്ന ഏറെ  തീവ്രവാദബാധിതമായ പ്രദേശത്തെ ഈ ഹിൽ സ്റ്റേഷന് പറയാനുള്ളത് പക്ഷേ, ഒരു സൈനികനും അവിടത്തെ ഒരു കൊച്ചു പെൺകുട്ടിയും തമ്മിലുള്ള സൗഹൃദത്തിന്റെ ഒരിക്കലും മറക്കാനാവാത്ത കഥയാണ്. ഇനി പറയാൻ പോകുന്നത് ആ അപൂർവ സൗഹൃദത്തിന്റെ ഹൃദയസ്പർശിയായ കഥയാണ്. 

സൈനികരുടെ ജീവത്യാഗങ്ങളെപ്പറ്റിയുള്ള നിരവധി വീരകഥകൾ നമ്മൾ കേട്ടിട്ടുണ്ട്. കാർഗിൽ യുദ്ധത്തിൽ ശത്രുവിനോട് ധീരമായി പോരാടി ഷഹീദായ ഒരുപാട് ചെറുപ്പക്കാരുണ്ട്.  ഇനി പറയാൻ പോകുന്ന കഥയും അത്തരത്തിൽ ഒരു ധീരസൈനികന്റെ തന്നെ കഥയാണ്. പിറന്ന നാടിനുവേണ്ടി പോരാടുന്നതിനിടെ  തലയോട്ടി തുളച്ചുകൊണ്ട് കടന്നുപോയ ഒരു സ്നൈപ്പർ ബുള്ളറ്റ് ജീവനെടുത്ത ഈ പോരാളി കാർഗിലിന്റെ മടിത്തട്ടിൽ കിടന്നാണ് മരിച്ചത്. എന്നാൽ, ഈ കഥ ആ പോരാട്ടത്തിന്റെ വീരാപദാനങ്ങൾ മാത്രം എണ്ണിപ്പറയാനുള്ളതല്ല. രാജ്യാതിർത്തികളുടെ പേരുപറഞ്ഞുള്ള യുദ്ധങ്ങൾക്കും, മതങ്ങളുടെ പേരിലുള്ള  കലാപങ്ങൾക്കും ഒക്കെ അതീതമായി ഈ ഭൂമിയിൽ ഇന്നും ഉറവ വറ്റാതെ അവശേഷിക്കുന്ന 'മനുഷ്യത്വം' എന്ന ഒരു വിശിഷ്ടവസ്തുവിനെപ്പറ്റിയാണ്. യുദ്ധഭൂമിയിലെ  സേവനകാലത്തിനിടെ, ഒരു സൈനിക ഓഫീസർ തദ്ദേശവാസിയായ ഒരു കൊച്ചുപെൺകുട്ടിയുമായി പങ്കിട്ട  അപൂർവസൗഹൃദത്തെപ്പറ്റിയാണ്. 

1999 ജൂൺ 29, സമയം രാത്രി രണ്ടുമണി. കാർഗിലിൽ നോൾ ഏരിയ (Knoll Area). ഒരു വലിയ പാറക്കല്ലിന്റെ മറവിൽ പതുങ്ങിയിരിക്കുകയാണ് ലെഫ്റ്റനന്റ് വിജയന്ത് ഥാപ്പർ . കടുത്ത വെടിവെപ്പ് നടന്നുകൊണ്ടിരിക്കുന്നു. പാകിസ്താനി സൈനികർ കയ്യേറിയിരുന്ന രണ്ടു പോസ്റ്റുകൾ തിരിച്ചുപിടിച്ചു കഴിഞ്ഞു ഥാപ്പറും സംഘവും. മൂന്നാമത്തെ പോസ്റ്റ് കണ്മുന്നിലുണ്ട്. പക്ഷേ, ഉയരത്തിന്റെ മേൽക്കൈ പാക്കിസ്ഥാനി സൈനികർക്കുണ്ട്. അവർ മലമുകളിൽ ഇരുന്നുകൊണ്ട് തങ്ങളുടെ യന്ത്രത്തോക്കുകളാൽ തീതുപ്പിക്കൊണ്ടിരിക്കുന്നു. വിശ്രമമില്ലാതെ ഗർജ്ജിച്ചുകൊണ്ടിരിക്കുന്ന ആ യന്ത്രതോക്കിനെ എന്നെന്നേക്കുമായി നിശ്ശബ്ദമാക്കണമെന്ന് ലെഫ്റ്റനന്റ് ഥാപ്പർ മനസ്സിലുറപ്പിച്ചു. ഒരു സൈനികൻ എന്ന നിലയിൽ ഥാപ്പറിന്റെ തലച്ചോർ അയാളെ സുരക്ഷിതമായി പോരാടാൻ അനുശാസിക്കുന്നുണ്ട്. 'പാറക്കെട്ടിന്റെ മറ വിട്ടിറങ്ങിക്കൂടാ, അപകടമാണ് ' എന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ തലച്ചോർ പറയുന്നു. അതേസമയം, ഥാപ്പറിന്റെ ഹൃദയം ആ മെഷീൻ ഗണ്ണിന്റെ ഓരോ തീപ്പൊരിക്കുമൊപ്പം  തുടിക്കുകയും ചെയ്യുന്നു. എന്നും ഹൃദയത്തിന്റെ വിളികൾക്കുമാത്രം ചെവികൊടുക്കുന്നവനായിരുന്നു ലെഫ്റ്റനന്റ് ഥാപ്പർ എന്ന് ബാരക്കിൽ എല്ലാവർക്കും  അറിവുള്ളതാണ്. ആ നിമിഷത്തിലും അയാൾ ഹൃദയത്തിന്റെ വിളിക്ക് മാത്രം കാതോർത്തു. പാറക്കെട്ടിന്റെ സുരക്ഷിതത്വത്തിൽ നിന്നും ചാടിവെളിയിലിറങ്ങി, തന്റെ എ കെ 47  അസോൾട്ട് റൈഫിളെടുത്ത് , മലമുകളിൽ യന്ത്രത്തോക്കിന്റെ ഗർജ്ജനം കേട്ട ദിക്കിലേക്ക് തുരുതുരാ വെടിയുതിർത്തു. 

എന്നാൽ തൊട്ടപ്പുറത്ത് മറ്റൊരു മലമുകളിലായി ഒരു പാക്ക് സ്നൈപ്പർ കൂടി സ്ഥാനമുറപ്പിച്ചിട്ടുണ്ട് എന്ന കാര്യം അവർക്കറിയില്ലായിരുന്നു. അതൊരു  നിലാവുള്ള രാത്രിയായിരുന്നു. വെടിയൊച്ച കേട്ട് ആ സ്നൈപ്പർ  തന്റെ  തോക്കിന്റെ ദൂരദർശിനിയുടെ  വ്യൂ ഫൈൻഡറിലൂടെ താഴെ താഴ്വരയിലേക്ക് നോക്കി. അവിടെ ആ മൈതാനത്ത് ഒരു 'കവറു'മില്ലാതെ നിന്ന് വെടിയുതിർക്കുന്ന ലെഫ്റ്റനന്റ് ഥാപ്പർ അയാളുടെ കണ്ണിൽപ്പെട്ടു. അയാൾ ഉന്നം നോക്കി. സാവകാശം ആലോചിച്ചുറപ്പിച്ച്, കാഞ്ചിയിൽ വിരലമർത്തി. 

ആ സ്നൈപ്പർ ഗണ്ണിൽ നിന്നും പാഞ്ഞുവന്ന വെടിയുണ്ട, ഥാപ്പറിന്റെ ഇടത്തേ ചെന്നിയിലൂടെ തുളച്ചുകയറി, വലത്തേ കണ്ണിലൂടെ പുറത്തുപോയി. ഥാപ്പർ സ്ലോമോഷനിൽ മുട്ടുകുത്തി താഴെ വീണു. ഒലിച്ചിറങ്ങിയ ചോരയിൽ അദ്ദേഹത്തിന്റെ ജാക്കറ്റ് നനഞ്ഞു കുതിർന്നിരുന്നു എങ്കിലും, ആ ദേഹത്ത് ഈ  വെടിയുണ്ട ഏൽപ്പിച്ച മുറിവല്ലാതെ വേറെ ഒരു പോറൽ പോലും ഏറ്റിരുന്നില്ല. 

അന്നത്തെ മിഷൻ ഒരു പക്ഷേ, തന്റെ അവസാനത്തെ മിഷൻ ആയേക്കും എന്നൊരു ഉൾവിളി ആ ഓഫീസർക്കുണ്ടായിരുന്നു എന്ന് തോന്നുന്നു. അതുകൊണ്ടാവും, തന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി ഒരു കത്തെഴുതി തന്റെ 'ബെഞ്ച് മേറ്റ്' പ്രവീൺ തോമറിനെ ഏൽപിച്ചിട്ടാണ് വിജയന്ത് പോന്നത്. 'തിരിച്ചെത്തിയാൽ കത്ത് കീറിക്കളയണം, ഇല്ലെങ്കിൽ വീട്ടിലേക്ക് അയച്ചു കൊടുക്കണം..' ഇതായിരുന്നു അദ്ദേഹം സഹപ്രവർത്തകന് നൽകിയിരുന്ന നിർദ്ദേശം. 

 ആകാശനീലിമയുള്ള ഒരു എയർമെയിൽ കവറിൽ അടക്കം ചെയ്ത് സ്വന്തം മകൻ തങ്ങൾക്കായി ബാക്കിവെച്ചുപോയ ആ കത്ത് ഇന്നും വിജയന്തിന്റെ മാതാപിതാക്കൾ ഒരു നിധിപോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അമ്മ തൃപ്താ ഥാപ്പർ ഇന്നും ഇടയ്ക്കിടെ ആ കത്തെടുത്ത് പൊടിതട്ടി വായിക്കും. 

'ഡിയറസ്റ്റ് പപ്പാ, മമ്മാ, ബേർഡി ആൻഡ് ഗ്രാനി..,

ഈ കത്ത് നിങ്ങളെത്തേടി എത്തുമ്പോഴേക്കും ഒരു പക്ഷേ ഞാൻ സ്വർഗ്ഗത്തിൽ മാലാഖമാർക്കൊപ്പമിരുന്ന് നിങ്ങളെ ഉറ്റുനോക്കുന്നുണ്ടാവും. എനിക്ക് ഒരു സങ്കടവുമില്ല കേട്ടോ..! ഇനിയൊരു ജന്മമുണ്ടെങ്കിലും എനിക്ക് ഇന്ത്യൻ സൈന്യത്തിൽ ചേർന്ന് സ്വന്തം നാടിനുവേണ്ടി പോരാടണം എന്നുതന്നെയാണ്. സാധിക്കുമെങ്കിൽ ഇവിടെ വരണം. നിങ്ങളുടെയൊക്കെ ഭാവിക്കായി ഇന്ത്യൻ സൈന്യം എത്ര ത്യാഗോജ്വലമായിട്ടാണ് പോരാടുന്നത് എന്ന് നിങ്ങൾക്കു കാണാം. 

പറ്റുമെങ്കിൽ നിങ്ങൾ  ഏതെങ്കിലും അനാഥാലയത്തിലേക്ക് എന്റെ ഓർമ്മയ്ക്ക് മാസാമാസം കുറച്ചു പണം നൽകണം. പിന്നെ, റുക്‌സാനയ്ക്ക് അവളുടെ സ്‌കൂൾഫീസിനുള്ള പൈസയും മുടങ്ങാതെ അയച്ചുകൊടുക്കണം. എനിക്ക് എന്റെ 'ഡേർട്ടി ഡസ'ന്റെ കൂടെ ചേരാനുള്ള സമയമായി. എന്റെ സംഘത്തിൽ 12  പേരാണുള്ളത്, അവരെപ്പറ്റിയാണ് പറഞ്ഞത്. അപ്പോൾ പോട്ടെ.. പിന്നെക്കാണാം..

എന്ന് സ്വന്തം 

റോബിൻ  '


സൈനികരെ ആരാധനയോടെ കണ്ടിരുന്ന ബാല്യം  

ലെഫ്റ്റനന്റ് വിജയന്ത് ഥാപ്പർ വീട്ടുകാർക്ക് 'റോബിൻ' ആയിരുന്നു. അനുജന്റെ വിളിപ്പേരായിരുന്നു ബേർഡി. ഒരു ദിവസം റോബിൻ ബേർഡിയെ 'ഒരു കൂട്ടം കാണിച്ചുതരാം' എന്നും പറഞ്ഞ് വിളിച്ചുകൊണ്ടുപോയി. തിരിച്ചു വന്നപ്പോൾ ബേർഡി അമ്മയോട്  ചേട്ടന്റെ പറ്റിപ്പിനെപ്പറ്റി പരാതി പറഞ്ഞു. എന്തോ വലിയ കാര്യം കാണിച്ചുതരാം എന്ന് പറഞ്ഞ് ആരുടെയോ വീടാണത്രേ റോബിൻ അവനെ കാണിച്ചുകൊടുത്തത്. ആരുടെ വീട് എന്ന് ചോദിച്ചപ്പോഴാണ് റോബിൻ ആ അത്ഭുതത്തിന്റെ രഹസ്യം വെളിപ്പെടുത്തിയത്. അത് പരം വീർ ചക്ര അരുൺ ഖേത്രപാലിന്റെ വീടായിരുന്നു. 
'ലെഫ്റ്റനന്റ് വിജയന്ത് ഥാപ്പർ, കുട്ടിക്കാലത്ത് '

ആ വീടിന്റെ അകം കാണാനൊന്നും അന്ന് കഴിഞ്ഞില്ല അവർക്ക്. ചുറ്റിനും നടന്നു കണ്ട് തിരിച്ചുപോരും മുമ്പ് റോബിൻ തന്റെ ചെവിയിൽ പറഞ്ഞ ഒരു രഹസ്യം ഓർക്കുമ്പോൾ ഇന്നും ബേർഡിയുടെ കണ്ണുകൾ നിറഞ്ഞൊഴുകും. " നോക്കിക്കോടാ ബേർഡീ.. ഒരു ദിവസം, ഇതുപോലെ ആളുകൾ നമ്മുടെ വീടും കാണാൻ വരും.. " റോബിൻ എന്ന പയ്യൻ വലുതായി പട്ടാളത്തിൽ ലെഫ്റ്റനന്റായി, കാർഗിൽ യുദ്ധത്തിൽ വീരചരമം പ്രാപിച്ചതോടെ ആ വാക്കുകൾ സത്യമായി. ഇന്ന് അദ്ദേഹത്തിന്റെ വീട് ഒന്ന് കാണാൻ വേണ്ടി മാത്രം പലരും വരാറുണ്ട്. 

ലെഫ്റ്റനന്റ് ഥാപ്പറിന്റെ കമ്പനി ഗ്വാളിയോറിൽ നിന്നും കുപ്‍വാര വരെ ഒരു സ്‌പെഷ്യൽ ട്രെയിനിലാണ് പോയത്. അതിന് തുഗ്ലക്കാബാദിൽ അൽപനേരം 'ഹാൾട്ട് ' ഉണ്ടായിരുന്നു. റോബിൻ അച്ഛനെയും അമ്മയെയും വിളിച്ചുവരുത്തി. അവർ ഒരു കേക്കും കൊണ്ടാണ് വന്നത്. അത് മുറിച്ച് ഒരു കഷ്ണം അമ്മ മകന്റെ വായിൽ വെച്ച് കൊടുത്തതും ഗ്രീൻ സിഗ്നൽ തെളിഞ്ഞു. വണ്ടി സ്റ്റേഷൻ വിട്ടു. അന്ന് തങ്ങളെ നോക്കി ബോഗിയുടെ വാതിൽക്കൽ നിന്ന് കൈ വീശിയ മകനെ ഇനി കാണുന്നത് ദേശീയ പതാകയിൽ പൊതിഞ്ഞാവും എന്നോർക്കാൻ ആ അച്ഛനമ്മമാർക്കായില്ല. 

കുപ്‌വാരയിൽ റുക്‌സാനയുമായുള്ള സൗഹൃദം 

താഴ്‌വരയിൽ ഥാപ്പറിന്റെ പോസ്റ്റിങ് കുപ്‍വാരയിലായിരുന്നു. അവിടത്തെ 'ഖാഡി' എന്നുപേരായ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലായിരുന്നു ഇന്ത്യൻ സൈനികർക്ക് താമസം ഒരുക്കിയിരുന്നത്. സ്‌കൂളിന്റെ തൊട്ടടുത്തുള്ളൊരു കുഞ്ഞുകുടിലിൽ ഒരു കശ്മീരി കുടുംബം താമസമുണ്ടായിരുന്നു. ആ കുടിലിനു പുറത്ത് ഏത് സമയവും സ്‌കൂളിലേക്കും കണ്ണുനട്ട് നിൽക്കുന്ന റുക്‌സാന എന്ന ഒരു മൂന്നുവയസ്സുകാരി മുസ്ലിം പെൺകുട്ടിയുണ്ടായിരുന്നു. കുഞ്ഞുങ്ങളോട് വലിയ സ്നേഹമായിരുന്നു റോബിന്. അദ്ദേഹം അവളുടെ കുടുംബവുമായി പരിചയം സ്ഥാപിച്ചു. അവളുടെ അമ്മ, തന്റെ സങ്കടത്തിന്റെ കെട്ട് റോബിന്റെ മുന്നിൽ തുറന്നു. ഭീകരവാദികളും പട്ടാളക്കാരും തമ്മിലുള്ള വൈരത്തിനിടയിൽ പൊലിഞ്ഞ ജന്മമായിരുന്നു റുക്‌സാനയുടെ അച്ഛന്റേത്. തങ്ങളുടെ വിവരങ്ങൾ പട്ടാളക്കാർക്ക് ചോർത്തിക്കൊടുക്കുന്ന ഒരു മുഖ്ബിർ ( ഒറ്റുകാരൻ) ആണയാൾ എന്ന സംശയത്തിന്റെ പുറത്ത് ഭീകരവാദികൾ അവളുടെ മുന്നിലിട്ട് അദ്ദേഹത്തെ വെടിവെച്ചുകൊന്നുകളഞ്ഞു. ആ സംഭവത്തിന് ദൃക്‌സാക്ഷിയാകേണ്ടി വന്നതിന്റെ മാനസികാഘാതത്തിൽ അവൾക്ക് സംസാരശേഷി നഷ്ടമായിപ്പോയിരുന്നു. ഒരക്ഷരം മിണ്ടാതെ ചിരിക്കാതെ നിൽക്കുന്ന ആ പെൺകുഞ്ഞ് റോബിന്റെ ഹൃദയം അലിയിച്ചു. 

ലെഫ്റ്റനന്റ് വിജയന്ത് ഥാപ്പറിന് ആ കുഞ്ഞിനോട് വല്ലാത്തൊരു വാത്സല്യമായിരുന്നു. കാണുമ്പോഴൊക്കെ അദ്ദേഹം അവൾക്കുനേരെ കൈ വീശും. വണ്ടി നിർത്തി ചോക്ളേറ്റ് കൊടുക്കും അവൾക്ക്. നാട്ടിൽ അമ്മയ്ക്ക് കത്തെഴുതി,  " അമ്മേ, എനിക്കിവിടെ മൂന്നുവയസ്സുള്ള ഒരു ഇഷ്ടക്കാരിയുണ്ട്. അവൾക്കായി അമ്മ അവിടെ നല്ലൊരു സൽവാർ കമ്മീസ് തയ്പ്പിച്ച് വെക്കണം.." 

റോബിന്റെ അച്ഛൻ കേണൽ  വി എൻ ഥാപ്പർ തന്റെ പത്നിയോടൊപ്പം എല്ലാ വർഷവും മുടങ്ങാതെ കാർഗിലിലെ  ദ്രാസ് സന്ദർശിക്കാറുള്ളതാണ്. തങ്ങളുടെ മകൻ അന്ത്യശ്വാസം വലിച്ച ആ രണഭൂമിയിലേക്കുള്ള പോക്ക് അവർക്കൊരു തീർത്ഥ യാത്രയാണ്. കശ്മീരിലെത്തുമ്പോൾ, അവർ എല്ലാക്കൊല്ലവും മുടങ്ങാതെ കുപ്‌വാരയിലേക്കും പോകും. അവിടെച്ചെന്ന്, മകന്റെ ആ കുഞ്ഞു സ്നേഹിതയെ കാണും. റുക്‌സാനയിന്ന് ആ പഴയ കൈക്കുഞ്ഞല്ല..! അവൾ മുതിർന്നു. വയസ്സ് ഇരുപത്തിരണ്ടായി. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്നു. പോകുമ്പോഴെല്ലാം അവർ റുക്‌സാനയ്ക്ക് എന്തെങ്കിലും സമ്മാനങ്ങളും കൊണ്ടുപോകും. അവൾ തിരിച്ച് കേണൽ അങ്കിളിനും ആന്റിയ്ക്കും ഒരു പെട്ടി കശ്മീരി ആപ്പിളും കൊടുക്കും. കഴിഞ്ഞ കൊല്ലം അവർ റുക്‌സാനയ്ക്ക് നൽകിയത് ഒരു ലാപ്ടോപ്പ് ആയിരുന്നു. അവളുടെ വിവാഹം തീരുമാനിക്കുന്ന സമയത്ത് മകൻ റോബിന്റെ പേർക്ക് നല്ലൊരു വിവാഹ സമ്മാനവും കൊടുക്കുമെന്ന് അമ്മ  പറയുന്നു. 

 ലെഫ്റ്റനന്റ് വിജയന്ത് ഥാപ്പർ ഷഹീദായ യുദ്ധം 'ദ ബാറ്റിൽ ഓഫ് നോൾ  & ത്രീ പിംപിൾസ് ' ( Battle of  Knoll & Three Pimples ) എന്നാണ് അറിയപ്പെടുന്നത്. റോബിൻ ആ യുദ്ധത്തിൽ പ്രകടിപ്പിച്ച അസാമാന്യമായ ധീരതയുടെ പേരിൽ   മരണാനന്തരം രാഷ്ട്രം 'വീർ ചക്ര' നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.  ഒടുവിലത്തെ പോരാട്ടത്തിനായി പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മകൻ തനിക്കെഴുതിയ കത്തിനുള്ള മറുപടിയിൽ അച്ഛൻ കേണൽ വി എൻ ഥാപ്പർ ഇങ്ങനെ കുറിച്ച്, " മോനേ.. നിന്റെ ജീവത്യാഗം വരും തലമുറയിലെ നിരവധി കുട്ടികൾക്ക് പ്രചോദനമാകും. നിന്നെ വളർത്തി വലുതാക്കി രാജ്യത്തിനു വേണ്ടി സമർപ്പിച്ച അച്ഛനമ്മമാർ എന്ന നിലയിൽ ഞങ്ങൾക്കത് ഏറെ അഭിമാനം പകരുന്നു, അതേ സമയം, ചെറുപ്പം പ്രായത്തിൽ ഒരു മകൻ നഷ്ടപ്പെട്ട അച്ഛനും അമ്മയും എന്ന നിലയിൽ ഞങ്ങൾക്ക് ഒരിക്കലും തീരാത്ത പ്രാണസങ്കടവും..! "

 

* കടപ്പാട് : ബിബിസി, രചന ബിഷ്ട്ട് റാവത്ത് എഴുതിയ 'കാർഗിൽ, ദി അൺടോൾഡ് സ്റ്റോറീസ് ഫ്രം ദ വാർ' എന്ന പുസ്തകം.