Asianet News MalayalamAsianet News Malayalam

അഭിനന്ദനെ കരുത്തനാക്കിയത് ഈ അമ്മയാണ്!

മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സിന്റെ മെഡിക്കൽ ഡയറക്ടറായി സേവനമനുഷ്ഠിക്കെ പേർഷ്യൻ ജനതയുടെ പ്രശ്നങ്ങൾ അടുത്തറിയാനും  ജീവിതത്തോടുള്ള അവരുടെ സമീപനമെന്തെന്ന് മനസ്സിലാക്കാനും ഡോ.ശോഭയ്ക്ക് കഴിഞ്ഞു. ഇറാഖി ലാൻഡ് മൈനുകൾക്കിരയായ ഇറാനി യുവാക്കളുടെ ജീവിത തൃഷ്ണ  അവരെ അമ്പരപ്പിച്ചു.

mother of fighter pilot Wing Commander Abhinandan dr. sobha
Author
Thiruvananthapuram, First Published Mar 1, 2019, 12:40 PM IST

അഭിനന്ദൻ വർദ്ധമാൻ എന്ന വിങ്ങ് കമാൻഡറുടെ ധീരതയെപ്പറ്റി ഇന്ന് രാഷ്ട്രം മുഴുവൻ ചർച്ച ചെയ്യുകയാണ്. പോർമുഖത്തെ അദ്ദേഹത്തിന്റെ ധീരതയ്ക്ക് പ്രചോദനമായ  അച്ഛൻ റിട്ട. എയർ മാർഷൽ സിങ്കക്കുട്ടി വർദ്ധമാന്‍ എന്ന മുൻ ഇന്ത്യൻ വ്യോമസേനാ ഓഫീസറുടെ വിശിഷ്ട സേവനങ്ങളെപ്പറ്റിയും  മാധ്യമങ്ങൾ  വളരെ വിശദമായിത്തന്നെ പരാമർശിക്കുന്നുണ്ട്.  ഇതിനിടയിൽ മറന്നുപോവാൻ പാടില്ലാത്ത ഒരു വ്യക്തിത്വമുണ്ട്. അത് അദ്ദേഹത്തിന്റെ അമ്മയുടേതാണ്. 

ഡോ. ശോഭാ വർദ്ധമാൻ എന്നാണ് അഭിനന്ദന്റെ അമ്മയുടെ പേര്. ലോകമെങ്ങും അറിയപ്പെടുന്ന ഒരു ഡോക്ടറാണ് അവർ. ശത്രുരാജ്യത്ത് പിടിക്കപ്പെട്ടിട്ടും, വളരെ വിദ്വേഷകരമായ പെരുമാറ്റങ്ങൾക്കും, ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കും വിധേയനാവേണ്ടി വന്നിട്ടും താൻ വെളിപ്പെടുത്താൻ പാടില്ലാത്ത ഒരക്ഷരം പോലും അദ്ദേഹം അവർക്കുമുന്നിൽ ഉരിയാടിയില്ല. അതിന് അഭിനന്ദൻ കാണിച്ച മനസ്സാന്നിധ്യവും  പരിപക്വതയും ഒരളവുവരെ അദ്ദേഹത്തിലേക്ക് പകർന്നു കിട്ടിയത് തന്റെ അമ്മയിൽ നിന്നുകൂടിയായിരിക്കും.   യുദ്ധങ്ങൾ തകർത്തു തരിപ്പണമാക്കിയ കുപ്രസിദ്ധമായ ലൈബീരിയ, പപ്പുവാ ന്യൂഗിനി, ഇറാഖ്, ഐവറി കോസ്റ്റ്, ഹെയ്തി, ലാവോസ് തുടങ്ങിയ സംഘർഷ ഭൂമികളിൽ പോരാട്ടങ്ങളിൽ പരിക്കേറ്റ് മൃതപ്രായരാവുന്ന പട്ടാളക്കാർക്കും, സിവിലിയൻസിനും വേണ്ട അടിയന്തര വൈദ്യസഹായം നൽകാൻ വേണ്ടി നിലകൊള്ളുന്ന 'മെഡിസിൻസ്  സാൻസ് ഫ്രെണ്ടിയേഴ്‌സ്' (Médecins Sans Frontières - MSF- അതിർത്തികളില്ലാത്ത ഡോക്ടർമാർ എന്ന് ഏകദേശ മലയാളം) എന്ന ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റ് അനുബന്ധ വൈദ്യ സഹായസംഘങ്ങളുടെയും സംഘടനയിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ് കഴിഞ്ഞ പതിനാലുവർഷങ്ങളായി ഡോ. ശോഭ. 

പ്രസിദ്ധമായ മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നുമാണ് ശോഭ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടുന്നത്. അതിനുശേഷം ലണ്ടനിലെ റോയൽ കോളേജ് ഓഫ് സർജൻസിൽ നിന്നും അനസ്തേറ്റോളജിയിൽ എം.ഡി.യും അവർ കരസ്ഥമാക്കി. തുടർന്ന് ആദ്യം കുറച്ചു കാലം ഇന്ത്യയിൽ തന്നെയായിരുന്നു ഡോ.ശോഭ പ്രാക്ടീസ് ചെയ്തിരുന്നത്. 

ഡോ.ശോഭയുടെ സാഹസികമായ അന്താരാഷ്‌ട്ര സേവനങ്ങൾ തുടങ്ങുന്നത് ഐവറി കോസ്റ്റിന്റെ കലാപബാധിതമായ ഉത്തരപ്രവിശ്യയിലെ MSF -നുവേണ്ടിയുള്ള സേവനങ്ങളിലൂടെയാണ്. അന്ന് ഐവറി കോസ്റ്റിൽ നിരന്തരം ആക്രമണങ്ങൾ നടക്കുന്ന കാലമാണ്. എകെ 47 -കളും, മാഷെറ്റെ എന്നറിയപ്പെടുന്ന പ്രത്യേകതരം വാളുകളുമാണ് അവിടെ കാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത്. ആ വർഷം തന്നെ ഡോ. ശോഭയെ ലൈബീരിയയിലേക്കും നിയോഗിക്കപ്പെട്ടു. അവിടെ തെരഞ്ഞെടുപ്പ് തുടങ്ങാൻ കാലമായിരുന്നു. ആഭ്യന്തരകലാപം തീർന്നിട്ടേയുണ്ടായിരുന്നുള്ളൂ. സ്ഥിതിഗതികൾ യുഎന്നിന്റെ നിയന്ത്രണത്തിൽ ആയിരുന്നു എങ്കിലും ഇടയ്ക്കിടെ അക്രമങ്ങൾ പതിവായിരുന്നു. ആകെ അശാന്തമായ അന്തരീക്ഷം. 

രണ്ടാം ഗൾഫ് യുദ്ധം കൊടുമ്പിരിക്കൊണ്ടു നടക്കുന്ന കാലത്ത് ഡോ. ശോഭ ഇറാക്കിലെ സുലൈമാനിയ എന്ന പട്ടണത്തിലായിരുന്നു. അവിടെവെച്ച് ഒരു ചാവേർ ബോംബാക്രമണത്തിൽ നിന്നും ഡോ.ശോഭ കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. യുദ്ധത്തിന്റെ ഭീതിദമായ അനുഭവങ്ങളിൽ നിന്നും മുക്തി നേടിക്കൊണ്ടിരുന്ന അവിടത്തെ ജനങ്ങളെ ഡോ.ശോഭ മാനസിക സ്വാസ്ഥ്യം വീണ്ടെടുക്കാനായി പ്രാണായാമത്തിന്റെ അടിസ്ഥാനമുറകൾ പരിശീലിപ്പിച്ചു. ഡോ.ശോഭയുടെ  ഈ പരീക്ഷണങ്ങൾ അവരെ ജനങ്ങൾക്കിടയിൽ പ്രിയങ്കരിയാക്കി. 

മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സിന്റെ മെഡിക്കൽ ഡയറക്ടറായി സേവനമനുഷ്ഠിക്കെ പേർഷ്യൻ ജനതയുടെ പ്രശ്നങ്ങൾ അടുത്തറിയാനും  ജീവിതത്തോടുള്ള അവരുടെ സമീപനമെന്തെന്ന് മനസ്സിലാക്കാനും ഡോ.ശോഭയ്ക്ക് കഴിഞ്ഞു. ഇറാഖി ലാൻഡ് മൈനുകൾക്കിരയായ ഇറാനി യുവാക്കളുടെ ജീവിത തൃഷ്ണ  അവരെ അമ്പരപ്പിച്ചു. പതിനൊന്നു കൊല്ലത്തോളം തുടർന്ന ആ യുദ്ധം നട്ടെല്ലൊടിച്ചിട്ടും ഇറാനികൾക്ക്, തങ്ങളുടെ അയൽക്കാരായ ഇറാഖികളോട് അവരുടെ ഭരണത്തലവന്റെ തെറ്റായ ഒരു തീരുമാനത്തിന്റെ പേരിൽ തീർത്താൽ തീരാത്ത ശത്രുതയൊന്നും ഉണ്ടായിരുന്നില്ല എന്നും ഡോ.ശോഭ ഓർക്കുന്നു. 

അവിടെ നിന്നും ഉദ്യോഗക്കയറ്റം കിട്ടി ചീഫ് മെഡിക്കൽ ഡയറക്ടർ ആയി പാപ്പുവാ ന്യൂഗിനിയിൽ എത്തിയ ഡോ. ശോഭയ്ക്ക് മുന്നിൽ മൂന്നു വെല്ലുവിളികളായിരുന്നു ഉണ്ടായിരുന്നത്. അടിയന്തര ചികിത്സയിലെ സർജിക്കൽ സേവനങ്ങൾ, ലൈംഗിക പീഡനങ്ങൾക്കുള്ള ചികിത്സകൾ, പിന്നെ എയ്ഡ്സ് സംബന്ധിയായ ചികിത്സകൾ- എല്ലാറ്റിനും നേതൃത്വം കൊടുക്കേണ്ടിയിരുന്നത് അവരായിരുന്നു. പപ്പുവയിൽ സ്ഥിതി വളരെ മോശമായിരുന്നു. സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുന്നത് നിത്യസംഭവമായിരുന്നു. ശാരീരികവും മാനസികവുമായ ക്ഷതങ്ങൾക്കു പുറമെ ആക്രമിക്കപ്പെടുന്ന സ്ത്രീകൾക്ക് എച്ച് ഐ വി, സിഫിലിസ്, ഗൊണേറിയ പോലുള്ള ഗുരുതരമായ ലൈംഗിക രോഗങ്ങളും പിടിപെട്ടിരുന്നു. യാതൊരുവിധ ചികിത്സാ സംവിധാനങ്ങളും അവികസിതമായ ആ രാജ്യത്ത് ഉണ്ടായിരുന്നില്ല. ഇലകൾ കൊണ്ട് ദേഹം മറച്ച്, തലയിൽ  തൂവൽ തൊപ്പിയും ധരിച്ച്, ഉറയിൽ  വാളുകളുമേന്തി  നടക്കുന്ന, ഭൂമിക്കും, പണികൾക്കും, പെണ്ണിനും വേണ്ടി തല്ലുകൂടി പരസ്പരം  കണ്ടം തുണ്ടം വെട്ടുന്ന ക്ഷിപ്രകോപികളായിരുന്നു പപ്പുവാ നിവാസികൾ. അവർക്കിടയിൽ സേവനമനുഷ്ഠിച്ച നാളുകൾ ജീവനും കയ്യിൽ പിടിച്ചുകൊണ്ടുള്ളതായിരുന്നു എന്ന് അവരോർക്കുന്നു. 

ഡോ.ശോഭയുടെ അടുത്ത പോസ്റ്റിങ്ങ്‌ ലാവോസിൽ ആയിരുന്നു. അവിടെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റുന്ന റോഡുകൾ പോലും ഇല്ലായിരുന്നു. തന്റെ 4 വീൽ ഡ്രൈവിൽ ലാവോസിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച ഡോ.ശോഭയ്ക്ക് അവിടത്തെ ആരോഗ്യസംവിധാനത്തിന്റെ അപര്യാപ്തത വളരെപെട്ടെന്ന് തന്നെ മനസ്സിലായി. വിപരീത സാഹചര്യങ്ങളിലും കഴിയുന്നത്ര ജീവനുകൾ രക്ഷിച്ചെടുക്കാൻ അവർക്കായി. 

അടുത്തതായി അവർ ചെന്നത് ഹെയ്തിയിലേക്കായിരുന്നു. 2010 -ലെ  ഭൂകമ്പത്തിൽ മൂന്നുലക്ഷത്തിലധികം പേര് കൊല്ലപ്പെട്ട നാട്. അവിടെയും വളരെ സ്തുത്യർഹമായ സേവനങ്ങളിലൂടെ സ്ഥിതിമെച്ചപ്പെടുത്താൻ ഡോ.ശോഭ ശ്രമിച്ചു. 

അതിനിടെ തന്റെ ഭർത്താവിന് പാരീസിൽ വളരെ പ്രധാനപ്പെട്ട ഒരു അസൈൻമെന്റ് കിട്ടിയപ്പോൾ പ്രോജ്ജ്വലമായ തന്റെ അന്തർദേശീയ കരിയർ ത്യജിച്ച് കൂടെപ്പോവാനും അവർ തയ്യാറാവുകയായിരുന്നു.
 

Follow Us:
Download App:
  • android
  • ios