അമ്മ വിവാഹാഭ്യര്‍ത്ഥന നിരസിച്ച പക കുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി. കൊടുംക്രൂരത നടന്നത് യുപിയില്‍. ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പൊലീസ് ഏറ്റുമുട്ടലിനൊടുവിൽ കാലിന് വെടിവച്ച് പിടികൂടി.

വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയുടെ രണ്ട് വയസ്സുകാരനായ മകനെ നിലത്തടിച്ച് ക്രൂരമായി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് അതിക്രൂരമായ സംഭവം നടന്നത്. പ്രതിയായ വിരാജ് എന്ന ജിതേന്ദ്ര പഥക്കിനെ (24) പിന്നീട് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ആരവ് എന്ന കുട്ടി, അരാവോൺ സ്വദേശിയും അധ്യാപികയുമായ രതി ദേവിയുടെ (24) മകനാണ്. ഭർത്താവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് രതി കുറച്ചുകാലമായി സ്വന്തം വീട്ടിലായിരുന്നു താമസം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊലീസ് പറയുന്നതനുസരിച്ച്, വിവാഹമോചന നടപടികളുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുന്നതിനായി രതിയും അമ്മ പിങ്കി ദേവിയും ശനിയാഴ്ച ഷിക്കോഹാബാദിൽ എത്തിയിരുന്നു. അഭിഭാഷകനുമായുള്ള കൂടിക്കാഴ്ച വൈകുന്നേരമായിരുന്നതിനാൽ ഇവർ പിങ്കിയുടെ ഒരു സുഹൃത്തിന്റെ വീട്ടിലാണ് തങ്ങിയത്. ബദായൂൺ ജില്ലയിൽ പലചരക്ക് കട നടത്തുന്ന പ്രതി വിരാജ്, രതിയുടെ ഭർത്താവിന്റെ കസിൻ കൂടിയാണ്. വിവാഹമോചനക്കേസിന്റെ കാര്യങ്ങളിൽ സഹായിക്കാനെന്ന വ്യാജേന ഇയാൾ ഈ കുടുംബവുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. ഈ കാലയളവിൽ ഇയാൾ രതിയോട് പലതവണ വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. എന്നാൽ രതി ഇത് നിരസിക്കുകയായിരുന്നു.

ഇവരെ പിന്തുടർന്ന് ഷിക്കോഹാബാദിൽ എത്തിയ വിരാജ്, വിവാഹമോചനം വേഗത്തിലാക്കണമെന്നും തനിക്കൊപ്പം ജീവിക്കണമെന്നും പറഞ്ഞ് രതിയെ വീണ്ടും നിർബന്ധിച്ചു. എന്നാൽ രതിയും അമ്മയും ഇതിന് വഴങ്ങാതിരുന്നതോടെ, മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രതി കുഞ്ഞിനെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഉച്ചയ്ക്ക് രണ്ടരയോടെ, താമസിച്ചിരുന്ന വീട്ടിൽ നിന്നും 50 മീറ്റർ അകലെയുള്ള വിജനമായ വഴിയിലേക്ക് കുട്ടിയെ കൊണ്ടുപോയി കുട്ടിയെ പ്രതി ക്രൂരമായി കൊലപ്പെടുത്തി. പ്രതി കുട്ടിയെ എട്ടു തവണയോളം റോഡിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് ശേഷം മാരകമായി പരിക്കേറ്റ കുട്ടിയെ വീടിന് പുറത്തുപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു. പത്തു മിനിറ്റുകൾക്ക് ശേഷമാണ് കുടുംബാംഗങ്ങൾ കുട്ടിയെ ഗേറ്റിന് സമീപം കണ്ടെത്തുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രതിയെ വിവാഹം കഴിക്കുന്നതിന് കുട്ടി ഒരു തടസ്സമാണെന്ന് കരുതിയാണ് പ്രതി ഈ കൊടുംക്രൂരത ചെയ്തതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Scroll to load tweet…

സംഭവത്തിൽ ഷിക്കോഹാബാദ് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പ്രതിയെ പിടികൂടുന്നതിനായി നാല് പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നതായി എസ്പി (സിറ്റി) രവിശങ്കർ പ്രസാദ് അറിയിച്ചു. മൈൻപുരി റോഡിന് സമീപം ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് വളഞ്ഞത്. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പ്രതി പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസ് തിരിച്ചുവെടിവെയ്ക്കുകയും പ്രതിയുടെ കാലിന് വെടിയേൽക്കുകയും ചെയ്തു. പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.