ഇന്ത്യയിലെയും അമേരിക്കയിലെയും തൊഴിൽ ശീലങ്ങളെ താരതമ്യം ചെയ്ത് അമേരിക്കയിലേക്ക് താമസം മാറിയ രവി ആർ. കുമാർ എന്ന ഇന്ത്യൻ യുവാവ്. അമേരിക്കയിൽ രാവിലെ 6:30-ന് ജോലി തുടങ്ങി 3 മണിക്ക് അവസാനിക്കുന്ന ജോലിസമയമാണ് എന്നാണ് യുവാവ് പറയുന്നത്. 

അമേരിക്കയിലേക്ക് താമസം മാറിയത് തന്റെ കാഴ്ചപ്പാടുകളെ എങ്ങനെ മാറ്റിമറിച്ചുവെന്ന് പങ്കുവെച്ചുകൊണ്ട് ഒരു ഇന്ത്യൻ യുവാവ് പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. രവി ആർ. കുമാർ എന്ന യുവാവാണ് അമേരിക്കയിലെയും ഇന്ത്യയിലെയും പ്രഭാത ദിനചര്യകളെയും തൊഴിൽ ശീലങ്ങളെയും താരതമ്യം ചെയ്തുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടത്. അമേരിക്കയിലെ പല ഓഫീസുകളും രാവിലെ 6:30 -ന് തന്നെ പ്രവർത്തനമാരംഭിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇതിനാൽ ഉച്ചകഴിഞ്ഞ് 3:00 മണിയാകുമ്പോഴേക്കും അവിടുത്തെ ജീവനക്കാർ തങ്ങളുടെ അന്നത്തെ ജോലികളിൽ ഭൂരിഭാഗവും പൂർത്തിയാക്കിയിട്ടുണ്ടാകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ, ഇതിന് വിപരീതമായി, ഇന്ത്യയിലെ ജീവനക്കാർ ഈ സമയത്തായിരിക്കും പലപ്പോഴും ഓഫീസുകളിൽ കൃത്യമായി ഒന്നിരുന്ന് വരുന്നത് തന്നെ; ചായ കുടിച്ചും വാർത്തകൾ നോക്കിയും ജോലിയിൽ കൃത്യമായ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ ഇരിക്കുന്ന സമയമാണിതെന്നും അദ്ദേഹം കുറിച്ചു. തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ, ഇരു രാജ്യങ്ങൾക്കും അതിന്റേതായ സവിശേഷതകൾ പഠിപ്പിച്ചുതരാനുണ്ടെന്നാണ് രവി കുമാർ പറയുന്നത്. ഇന്ത്യ തന്നെ വികാരങ്ങളെയും ആത്മബന്ധങ്ങളെയും കുറിച്ച് പഠിപ്പിച്ചപ്പോൾ, അമേരിക്ക സമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പഠിപ്പിച്ചതെന്ന് അദ്ദേഹം എഴുതി.

View post on Instagram

നമ്മുടെ സാഹചര്യങ്ങളിൽ നിന്ന് നല്ല കാര്യങ്ങൾ ഉൾക്കൊള്ളാനും ഇരു രാജ്യങ്ങളോടും ബഹുമാനം കാണിക്കാനും അദ്ദേഹം തന്റെ ഫോളോവേഴ്സിനോട് പറയുന്നു. അതേസമയം, ഈ പോസ്റ്റിന് അനുകൂലമായും പ്രതികൂലമായും സോഷ്യൽ മീഡിയയിൽ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. നേരത്തെയുള്ള ജോലിസമയം ഉച്ചകഴിഞ്ഞുള്ള സമയം മറ്റു കാര്യങ്ങൾക്കായി മാറ്റിവെക്കാൻ സഹായിക്കുമെന്ന് പറഞ്ഞ് ചിലർ ഈ ശൈലിയെ പ്രശംസിച്ചപ്പോൾ, ഇന്ത്യയുടെ തിരക്കുപിടിച്ചതും എന്നാൽ ഊഷ്മളവുമായ സംസ്കാരത്തെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.