കഴിഞ്ഞയാഴ്ച, സെപ്തംബർ 9 -ന് രാത്രിയോടെ, പാകിസ്താനിലെ ലാഹോർ സിയാൽകോട്ട് ഹൈവേയിലുള്ള ഗുർജൻപുര ടോൾ പ്ലാസയ്ക്കപ്പുറം ആളൊഴിഞ്ഞ ഇടത്തുവെച്ച് രണ്ടു ക്രിമിനലുകൾ ചേർന്ന് ഒരു വീട്ടമ്മയെ അവരുടെ രണ്ടു കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്ത വാർത്ത പാകിസ്ഥാനെ ഞെട്ടിച്ചുകളഞ്ഞ ഒന്നായിരുന്നു. ഈ ഫ്രഞ്ച് വനിത, ലാഹോറിൽ നിന്ന്, രണ്ടു കുഞ്ഞുങ്ങൾക്കൊപ്പം, ഗുർജൻവാലയിലുള്ള തന്റെ ബന്ധുഗൃഹത്തിലേക്ക് പോവുകയായിരുന്നു. ഇവർ ഡ്രൈവ് ചെയ്തിരുന്ന കാറിൽ ഇന്ധനം തീർന്നതുകൊണ്ടോ അതോ മറ്റെന്തോ മെക്കാനിക്കൽ തകരാറു സംഭവിച്ചതിനാലോ, ടോൾ പ്ലാസ പിന്നിട്ട് കുറച്ചു ദൂരം സഞ്ചരിച്ച ശേഷം കാർ ഹൈവേയിൽ ആളൊഴിഞ്ഞ ഒരിടത്തുവെച്ച് ഓഫായി നിന്നുപോയി. 

കാറിൽ വെച്ചുതന്നെ തന്റെ ബന്ധുവിനെ വിളിച്ച് അവർ വിവരം പറഞ്ഞു. തങ്ങൾ യുവതിക്കടുത്തേക്ക് പുറപ്പെടുകയാണ് എന്ന് പറഞ്ഞ ബന്ധുക്കൾ, വണ്ടിക്ക് അകത്തുകയറി വാതിൽ ലോക്ക് ചെയ്തിരിക്കാനും, പൊലീസ് ഹൈവേ ഹെൽപ്പ് ലൈനിൽ വിളിച്ച് അതുവരെ അവിടെ സുരക്ഷിതരായിരിക്കാൻ വേണ്ട സഹായം അഭ്യർത്ഥിച്ചു കൊള്ളാനും ബന്ധുക്കൾ പറഞ്ഞു. എന്നാൽ, ഈ ബന്ധു സ്വന്തം കാറോടിച്ച് യുവതിക്കരികിൽ എത്തിയപ്പോൾ കണ്ടത് വസ്ത്രങ്ങൾ എല്ലാം കീറിപ്പറിഞ്ഞ്, ചോരയിൽ കുളിച്ച് കിടക്കുന്ന യുവതിയെയും, അവളെ കെട്ടിപ്പിടിച്ച് ആകെ ഭയന്നുവിറച്ചിരിക്കുന്ന രണ്ടു കുഞ്ഞുങ്ങളെയുമാണ്. 

യുവതിയിൽ നിന്ന് കിട്ടിയ വിവരം ഇപ്രകാരമാണ്. ബന്ധു വന്നെത്താൻ വേണ്ടി കാറിൽ കാത്തിരുന്നപ്പോൾ, അതുവഴി വന്ന സായുധരായ രണ്ടു പേർ, ആ യുവതിയുടെ കാറിന്റെ ചില്ലുകൾ തല്ലിത്തകർത്ത ശേഷം അവരെയും കുഞ്ഞുങ്ങളെയും റോഡരികിലെ കരിമ്പിൻ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി, അവിടെ വെച്ച് ആ കുഞ്ഞുങ്ങൾ നോക്കി നിൽക്കെ ഇരുവരും ചേർന്ന് തോക്കുചൂണ്ടി ഭയപ്പെടുത്തി ശേഷം ആ യുവതിയെ മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു.  അതിനു ശേഷം യുവതിയിൽ നിന്ന് അവരുടെ കയ്യിലുണ്ടായിരുന്ന പണവും സ്വർണ്ണാഭരണങ്ങളും ഫോണും എല്ലാം കവർന്ന ശേഷം അവർ സ്ഥലം വിടുകയാണ് ഉണ്ടായത്. ലാഹോർ ഡിഫൻസ് ഹൗസിങ് കോളനിയിലെ താമസക്കാരിയായ ആ യുവതിയുടെ ഭർത്താവ് വിദേശത്താണ് താമസം. 

ഈ സംഭവത്തെ തുടർന്ന്, ലാഹോർ കാപ്പിറ്റൽ സിറ്റി പൊലീസ് ഓഫീസർ ആയ ഉമർ ഷെയ്ഖ് നടത്തിയ ചില പരാമർശങ്ങളാണ് പാകിസ്ഥാനിലെ ജനങ്ങളെ തെരുവിലേക്കിറങ്ങാൻ പ്രേരിപ്പിച്ചത്. ഈ സംഭവം നടന്നതിന് പിന്നാലെ പൊലീസ് ഓഫീസർ നടത്തിയ പത്ര സമ്മേളനത്തിൽ, ആ ഓഫീസർ ഇരയായ വീട്ടമ്മ, 'ഇങ്ങനെ ഒരു അസമയത്ത്,അത്ര പന്തിയല്ലാത്തോരു സ്ഥലത്ത്' അവർ വന്നുപെട്ടതാണ് ഇങ്ങനെ ഒരു സംഭവമുണ്ടാവാൻ കാരണമായത് എന്നാക്ഷേപിച്ചിരുന്നു. മാത്രവുമല്ല, ഇത്തരം ഒരു യാത്രക്ക് കുഞ്ഞുങ്ങളുമൊത്ത് ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെടും മുമ്പ് വണ്ടിയുടെ കണ്ടീഷൻ ശരിയല്ലേ എന്ന് കൂട്ടബലാത്സംഗത്തിന് ഇരയായ വീട്ടമ്മ ശ്രദ്ധിക്കേണ്ടതായിരുന്നു എന്നും ഓഫീസർ പരാമർശിച്ചിരുന്നു. "സ്ത്രീകളെ ഇങ്ങനെ പാതിരാത്രിക്ക് ശേഷം ഇറങ്ങി നടക്കാൻ അനുവദിക്കുന്ന സമൂഹത്തെയാണ് പഴിചാരേണ്ടത്" എന്നായിരുന്നു ഉമർ ഷെയ്ഖ് പറഞ്ഞത്. ഇതാണ് ജനങ്ങളെ പ്രതിഷേധത്തിലേക്ക് നയിച്ചത്. 

 

 

ഇങ്ങനെ നിരുത്തരവാദിത്തപരമായ പരാമർശങ്ങൾ നടത്തി ഇരയായ സ്ത്രീയെ അപമാനിച്ചതിന് ഉമർ ഷെയ്‌ഖിനെ പൊലീസ് ചീഫ് സ്ഥാനത്തുനിന്ന് നീക്കണം എന്ന് പല മനുഷ്യാവകാശ സംഘടനകളും പറഞ്ഞു ."നാട്ടിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ഇറങ്ങി നടക്കാൻ സാഹചര്യമുണ്ടാക്കേണ്ട പൊലീസ് ചീഫ് ഉമർ ഷെയ്ഖ് തന്നെ അവരെ കഴിഞ്ഞ ദിവസം ഉണ്ടായതു പോലെയുള്ള അതിക്രമങ്ങൾക്ക് ഇരയായ ശേഷം വിക്ടിം ഷെയ്‌മിങ്ങിനു വിധേയമാക്കുന്നത് ഒട്ടും ആശാസ്യമായ സാഹചര്യമല്ല." എന്ന് ലീഗൽ എയ്ഡ് സെൽ ഡയറക്ടർ അസ്മ ജഹാംഗീർ പറഞ്ഞു. എന്തെങ്കിലും അതിക്രമങ്ങൾ ഉണ്ടായാൽ ഉടനെ അതിന്റെ കുറ്റം സ്ത്രീകൾ ധരിച്ച വസ്ത്രത്തിന്റെയും അവരുടെ പെരുമാറ്റത്തിന്റെയും പുറത്ത് ചാർത്തുന്ന പാകിസ്ഥാനിലെ പുരുഷാധിപത്യപരമായ സമീപനങ്ങൾക്ക് അറുതിയുണ്ടാവേണ്ട കാലം അതിക്രമിച്ചു എന്ന് 'ഔറത്ത് മാർച്ച് ലാഹോർ' എന്ന സംഘടനയുടെ പ്രതിനിധി ഹിബ അക്ബറും പ്രതികരിച്ചു. 

ഈ സംഭവത്തോട് പ്രതികരിച്ചു കൊണ്ട് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞത് ഇതുപോലുള്ള കുറ്റകൃത്യങ്ങളിൽ കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ കെമിക്കലുകൾ പ്രയോഗിച്ച് എന്നെന്നേക്കുമായി ഷണ്ഡീകരിക്കുന്നതിനുവേണ്ട നിയമങ്ങൾ കൊണ്ടുവരുന്നതിനെപ്പറ്റി പാർലമെന്റ് ചിന്തിക്കുന്നുണ്ട് എന്നാണ്. എന്നാൽ, ഇങ്ങനെയുള്ള സംഭവങ്ങൾക്ക് കാരണം സമൂഹത്തിൽ അരാജകത്വം നിറയുന്നതും, അശ്ലീലതകൾ നാൾക്കുനാൾ കൂടി വരുന്നതുമാണ് എന്ന അഭിപ്രായം തന്നെയാണ് ഇമ്രാൻ ഖാനും ഉള്ളത്. 

 

 

ഷഫ്കത്ത് അലി, ആബിദ് അലി എന്നീ രണ്ടു യുവാക്കളാണ് ഈ ബലാത്സംഗക്കേസിലെ പ്രതികൾ എന്ന് ലാഹോർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഷഫ്കത്ത് അലി പൊലീസ് പിടിയിൽ ആയിട്ടുണ്ട്, രണ്ടാം പ്രതി ആബിദിനുവേണ്ടി പൊലീസ് അന്വേഷണം ത്വരിതഗതിയിൽ ആക്കിയിട്ടുണ്ട്.  നിരവധി സംഘങ്ങളായി തിരിഞ്ഞ് വ്യാപകമായ അന്വേഷണം നടക്കുകയാണ് പാകിസ്ഥാനിൽ.  രാജ്യത്ത് നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങൾക്ക് പിന്നിൽ കുറ്റവാളികളുടെ ലൈംഗിക തൃഷ്ണയുടെ ആധിക്യത്തിനോ, ഇരകളുടെ വസ്ത്രധാരണത്തിലെ അശ്ലീലത്തിനോ പങ്കില്ല എന്നും പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള പൊലീസിന്റെ കഴിവുകേടുമാത്രമാണ് ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ സംഭവങ്ങൾക്ക് പിന്നിലെന്നും രാജ്യത്തെ വനിതാവകാശ സംഘടനകൾ പറയുന്നു.