നമ്മുടെ സ്വാർത്ഥ താല്പര്യത്തിനായി നമ്മൾ കാട്ടിക്കൂട്ടിയതൊക്കെ നമുക്ക് തന്നെ തിരിച്ചടിയാവുന്ന കാലമാണിത്. ശുദ്ധജലം പോലും കിട്ടാക്കനിയാവുന്ന കാലമാവുമിനി. 

ശുദ്ധജലത്തിന്‍റെ പ്രധാന ഉറവിടങ്ങളാണ് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ചയുള്ള പർവ്വതനിരകൾ. പർവ്വതങ്ങളിലെ ഹിമാനികളും, തടാകങ്ങളും, തണ്ണീർത്തടങ്ങളും ശുദ്ധജലത്തിന്‍റെ പ്രധാന സ്രോതസ്സുകളാണ്. മഞ്ഞുരുകുമ്പോൾ മലനിരകളിൽനിന്ന് ജലം നദികൾ വഴി ഗ്രാമങ്ങളിലും, പട്ടണങ്ങളിലും എത്തുന്നു. ഒരു വെള്ളപ്പുതപ്പുപോലെ മലനിരകളെ മൂടിയിരിക്കുന്ന മഞ്ഞും ഹിമാനികളും ഇങ്ങനെ ഏകദേശം 1.6 ബില്യൺ ജനങ്ങൾക്കാണ് തെളിനീരു നൽകുന്നത്. ഇത് ജനസംഖ്യയുടെ 20 ശതമാനത്തിലധികം വരും. നമ്മൾ കുടിക്കുന്ന വെള്ളംപോലും ചിലപ്പോൾ ഏതെങ്കിലും ഉയർന്ന പർവത സ്രോതസ്സിൽ നിന്നുള്ളതാകാം.

വലിയ അളവിൽ ജലം സൂക്ഷിക്കുവാന്‍ കഴിയുന്ന ഈ പർവ്വതനിരകളെ വാൽവുകളുള്ള വലിയ ജല സംഭരണികകളെന്നു വിളിക്കാം. മഞ്ഞുവീഴുമ്പോൾ ഈ സ്വാഭാവിക ജലസംഭരണികൾ നിറയുന്നു. അതിനുശേഷം ആഴ്‍ചകളും, മാസങ്ങളും ചിലപ്പോൾ വർഷങ്ങളും എടുത്ത് മഞ്ഞ് സാവധാനം ഉരുകാൻ തുടങ്ങുന്നു. പിന്നീട് ഉരുകുന്ന മഞ്ഞ് ശുദ്ധജലമായി നദികളാകുന്ന വാൽവുകളിലൂടെ ജനങ്ങളിലേക്കെത്തുന്നു.

ഉയർന്ന പർ‌വ്വതങ്ങളിൽ‌ വസിക്കുന്നവർ‌ക്ക് സാവധാനത്തിൽ, സ്വാഭാവികമായി മഞ്ഞ് ഉരുകുന്നതാണ് ഗുണകരം. പെട്ടെന്നുള്ള മഴയും മഞ്ഞുരുക്കവും വെള്ളപ്പൊക്കത്തിനോ മണ്ണിടിച്ചിലിനോ കാരണമാകും. മറിച്ച്, സാവധാനത്തിലുള്ള മഞ്ഞുരുക്കം കർഷകർക്കും, മറ്റ് ജനങ്ങൾക്കും കുറഞ്ഞ അളവിൽ, വർഷം മുഴുവൻ ജലം ലഭിക്കുന്നതിന് സഹായകമാവും. ഇൻഡസ് നദി വളരെ പ്രധാനപ്പെട്ട ഒരു ജലശേഖരമാണ്. മരുഭൂമി പോലുള്ള സിന്ധൂ സമതലത്തിൽ 120 ദശലക്ഷം ആളുകൾ താമസിക്കുന്നുണ്ട്. ഉയർന്ന പവ്വതനിരകളിലെ കട്ടിയുള്ള ഹിമാനികളിൽ മഞ്ഞുരുകുമ്പോൾ ഇവർക്ക് ജലം ലഭിക്കുന്നു. ഈ ജലത്തെ പൂർണ്ണമായും ആശ്രയിച്ചാണ് ഇവിടത്തുകാർ കഴിയുന്നത്.

കാലാവസ്ഥാവ്യതിയാനം പർവ്വതങ്ങളുടെ ഈ സ്വാഭാവിക പ്രക്രിയയെ വിനാശകരമായി ബാധിക്കുന്നു. ആഗോളതാപനം ഉയർന്ന പർവതങ്ങൾ താരതമ്യേന കൂടുതൽ വേഗത്തിൽ ചൂടുപിടിക്കുന്നത്തിന് കാരണമാകുന്നു. ഉദാഹരണത്തിന് ഭൂമിയുടെ മറ്റിടങ്ങളിലെ താപനില 1 ഡിഗ്രി സെൽഷ്യസായി ഉയർന്നപ്പോൾ, ഉയർന്ന ഹിമാലയത്തിലെ താപനില ഏകദേശം 2 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. ചെറിയ അളവിലുള്ള താപവ്യതിയാനം പോലും പർവ്വതങ്ങളിലെ ജലനിരക്കിൽ വലിയ അളവിലുള്ള വ്യത്യാസം ഉണ്ടാക്കും.

കാലാവസ്ഥാ വ്യതിയാനം ഉയർന്ന പർവതങ്ങളിലെ ഹിമാനികളുടെ വലിപ്പത്തെയും രൂപത്തെയും ബാധിക്കും, ഒപ്പം വെള്ളത്തിന്‍റെ അളവിനെയും ഇത് ബാധിക്കും. ഇത് ചിലസമയത്ത് ജലം ആവശ്യത്തിൽ കൂടുതൽ ലഭിക്കാനും, ആവശ്യമുള്ള സമയത്ത്  ലഭിക്കാതിരിക്കാനും കാരണമാകുന്നു. ജലക്ഷാമത്തിന് വർദ്ധിച്ചുവരുന്ന ജനസംഖ്യയും ഒരു കാരണമാണ്. വർദ്ധിച്ചുവരുന്ന ജലത്തിന്‍റെ ആവശ്യകതക്ക് വേണ്ടുന്ന പരിഹാരം കാണാൻ സർക്കാർ ശ്രമിക്കാത്തതും, ലോകത്തിന്‍റെ പല ഭാഗങ്ങളിലും ജലത്തിന്‍റെ അവകാശങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയ പിരിമുറുക്കവും പ്രശ്‍നത്തെ കൂടുതൽ വഷളാക്കുന്നു.

എന്നാൽ അടുത്തകാലത്തായി ലഡാക്കിൽ സ്ഥാപിച്ച മഞ്ഞ് സ്‍തൂപങ്ങള്‍ ഇത്തരം ജലക്ഷാമത്തെ പരിഹരിക്കാൻ നല്ലൊരു മാർഗ്ഗമാണ്. ആദ്യം അവർ മഞ്ഞ് സ്‍തൂപങ്ങൾ പണിതു. ചൂടുകാലത്ത് ആ മഞ്ഞ് സ്‍തൂപങ്ങൾ  ഉരുകാൻ തുടങ്ങി. അങ്ങനെ ഗ്രാമങ്ങളില്‍ ചൂടുകാലത്ത് കൃഷിക്ക് ആവശ്യമുള്ള വെള്ളം അതിൽനിന്ന് ലഭിക്കാൻ തുടങ്ങി. ആയിരക്കണക്കിന് കർഷകരെയാണ് ഈ സാങ്കേതികവിദ്യ സഹായിച്ചത്. വർദ്ധിച്ചു വരുന്ന കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാന്‍ ഇതുപോലുള്ള നൂതന ജലസേചന മാർഗ്ഗങ്ങൾ നമ്മൾ കണ്ടെത്തിയേ മതിയാകൂ. ഇല്ലെങ്കില്‍ ഇനി വെള്ളമില്ലാക്കാലത്തേക്കാകും നമ്മുടെ നടപ്പ്.