Asianet News MalayalamAsianet News Malayalam

മണ്ണുകൊണ്ടുള്ള മനോഹരമായ സ്കൂള്‍; ഇവിടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം

ഇംഗ്ലീഷ് മീഡിയം സ്കൂളാണിത്. അവിടെ കുഞ്ഞുങ്ങള്‍ക്ക് ബുക്ക്, ബാഗ്, ആവശ്യമായ സ്റ്റേഷനറികള്‍ എല്ലാം സൗജന്യമായി നല്‍കുന്നു. കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്കായി പ്രത്യേകം ക്ലാസുകളും ഇവിടെ നല്‍കുന്നു. 

mud school in coorg
Author
Coorg, First Published Aug 18, 2019, 5:28 PM IST

വിദ്യാഭ്യാസം എന്ന വാക്കിനെ തന്നെ വേറെ ലെവലില്‍ കാണുന്ന ആളുകള്‍. അതിനുപറ്റിയ ഒരു വിദ്യാലയം... എന്ത് മനോഹരമായിരിക്കും അല്ലേ? അങ്ങനെ ഒരു പ്രീ-പ്രൈമറി സ്കൂളാണ് കൂര്‍ഗിലെ സിദ്ധപുര ജില്ലയില്‍ ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. 40 കുട്ടികള്‍ ഇവിടെ സൗജന്യമായി വിദ്യാഭ്യാസം നേടുന്നു. സാമ്പത്തികമായി താഴെനില്‍ക്കുന്ന വീട്ടിലെ കുട്ടികള്‍ക്കാണ് ഇവിടെ സൗജന്യ വിദ്യാഭ്യാസം നല്‍കുന്നത്. 

10 സെന്‍ററുകളിലായി മൂന്നിനും ആറിനും ഇടയിലുള്ള 840 കുട്ടികള്‍ ബില്‍ഡിങ്ങ് ബ്ലോക്ക് എന്ന എന്‍ ജി ഒ -യുടെ കീഴില്‍ സൗജന്യ വിദ്യാഭ്യാസം നേടുന്നുണ്ട്. ജെയിംസ് അംബാട്ട് ആണ് ഇതിന് തുടക്കം കുറിച്ചത്. കൂലിപ്പണിക്കാരുടെയും ചേരിയിലുള്ളവരുടെയും മക്കളെയാണ് ഇവിടെ പഠിപ്പിക്കുന്നത്. ഒന്നാം ക്ലാസില്‍ ചേരുന്നതിന് മുമ്പ് ഇവിടെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുകയും അവിടെ നിന്ന് അത്യാവശ്യം കാര്യങ്ങളെല്ലാം പഠിപ്പിച്ച ശേഷം നേരിട്ട് സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ക്കുകയും ചെയ്യുകയാണ് ഈ കുട്ടികളെ. 

''ഇന്ത്യയിലാകെ ഇങ്ങനെ പ്രീ പ്രൈമറി സ്‍കൂളുകള്‍ നമുക്കുണ്ട്. അവിടെ കുഞ്ഞുങ്ങള്‍ പ്രാഥമികമായി പഠിക്കേണ്ട കാര്യങ്ങളെല്ലാം പഠിക്കുന്നു. സംസാരിക്കാന്‍, അക്ഷരമെഴുതാന്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും ഇവിടെ നിന്ന് പരിശീലനം നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് സ്‍കൂളില്‍ ചേരുമ്പോഴുള്ള ഭയവും മറ്റ് പ്രശ്നങ്ങളും മാറ്റിയെടുക്കാനും ഇവിടെ കുഞ്ഞുങ്ങളെ സഹായിക്കുന്നു.'' ജെയിംസ് പറയുന്നു.

മോണിംഗ് ഗ്ലോറി (Morning Glory) എന്ന് പേരിട്ടിരിക്കുന്ന ഈ എക്കോ-ഫ്രണ്ട്‍ലി സ്കൂളിന്‍റെ നിര്‍മ്മാണവും ശ്രദ്ധേയമാണ്. മാലിന്യങ്ങള്‍ പുനരുപയോഗിച്ചാണ് ഈ സ്കൂള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഈ മണ്‍സ്കൂളില്‍ വേനല്‍ക്കാലത്ത് കനത്ത ചൂടുണ്ടാകില്ല എന്നതും പ്രത്യേകതയാണ്. തണുപ്പ് കാലത്ത് ഇളംചൂടുണ്ടായിരിക്കും ഈ സ്കൂളിന്‍റെ അകത്ത്. 

mud school in coorg

ഇംഗ്ലീഷ് മീഡിയം സ്കൂളാണിത്. അവിടെ കുഞ്ഞുങ്ങള്‍ക്ക് ബുക്ക്, ബാഗ്, ആവശ്യമായ സ്റ്റേഷനറികള്‍ എല്ലാം സൗജന്യമായി നല്‍കുന്നു. കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്കായി പ്രത്യേകം ക്ലാസുകളും ഇവിടെ നല്‍കുന്നു. കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ചടക്കം അവരെ ബോധ്യപ്പെടുത്തുന്നു. പരിസ്ഥിതിയുടെ പ്രാധാന്യത്തെ കുറിച്ചും കുട്ടികള്‍ക്ക് ഇവിടെനിന്ന് പറഞ്ഞുകൊടുക്കുന്നു. കൂടാതെ, ഓരോ വസ്തുക്കളുടെ ഉപയോഗത്തെ കുറിച്ചും പുനരുപയോഗത്തെ കുറിച്ചും പുനചംക്രമണത്തെ കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തുന്നു. 

mud school in coorg

സ്കൂളിന്‍റെ പരിസരത്തെ ചെടികള്‍ക്ക് വെള്ളമൊഴിക്കാനും അവയെ പരിചരിക്കാനുമെല്ലാം കുഞ്ഞുങ്ങളെ ഇവിടെ പഠിപ്പിക്കുന്നുണ്ട്. ജീവിതത്തിലങ്ങോളം കൂടെകൊണ്ടുനടക്കേണ്ട കാര്യങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്നത് കൂടിയാണ് സ്കൂള്‍ ചെയ്യുന്നത്. 

ഒരുകൂട്ടം ആര്‍ക്കിടെക്ടര്‍മാര്‍ ചേര്‍ന്നാണ് സ്കൂള്‍ ഡിസൈന്‍ ചെയ്തത്. എര്‍ത്തിടെക്ട്സ്  സി ഇ ഒ ജോര്‍ജ്ജ് രാമപുരം പറയുന്നത്, ''ഓരോ കുട്ടിയും ദിവസത്തിലെ ഏറിയപങ്കും ചെലവഴിക്കുന്നത് അവരുടെ സ്കൂളുകളിലാണ്. അത് കുട്ടികളെ സ്വാധീനിക്കും. അവിടെവെച്ചുതന്നെ അവര്‍ പ്രകൃതിയോട് അടുക്കേണ്ടതുണ്ട്. കൂടാതെ, കലാപരമായി എന്തെങ്കിലും ഒരുക്കണമെങ്കില്‍ അത് പ്രകൃതിയില്‍ നിന്ന് അകന്ന് വേണ്ട, പ്രകൃതിയിലൂടെതന്നെ മതി എന്നതിന് ഉദാഹരണം കൂടിയായിരുന്നു ഈ സ്കൂള്‍...''

സ്കൂളിലെ ബെഞ്ചായാലും ഡെസ്ക്കായാലും ബ്ലാക്ക് ബോര്‍ഡായാലും എന്തിലും അങ്ങനെ ഒരു ഡിസൈന്‍ കാണാനാകും. അകവും പുറവും വലിയ അന്തരമില്ലാതെയാണ് സ്കൂള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ജനാലകളുടെ വലിപ്പത്തില്‍ പോലും അത് പ്രകടമാണ് എന്നും ജോര്‍ജ്ജ് പറയുന്നു. 

എണ്ണം, അക്ഷരങ്ങള്‍, ശുചിത്വം, നേതൃപരിശീലനം, വ്യക്തിത്വ വികസനം എന്നിവയെല്ലാമാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. ഏതായാലും സ്‍കൂളില്‍ ചേരുമ്പോഴേക്കും പ്രകൃതിയെ കുറിച്ചും അതിന്‍റെ പ്രാധാന്യത്തെ കുറിച്ചും ഈ കുഞ്ഞുങ്ങള്‍ പഠിക്കുമെന്നുറപ്പാണ്. 

Follow Us:
Download App:
  • android
  • ios