Asianet News MalayalamAsianet News Malayalam

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഇത്ര ഭീകരമായി മാറുന്നത് എന്തു കൊണ്ടാണ്?

ഏകദേശം 22  ഡിഗ്രിക്കുമേൽ ചെരിവുള്ള മലമ്പ്രദേശങ്ങളിലാണ് ഉരുൾ പൊട്ടുക പതിവ്. അല്ലെങ്കിലേ പ്രശ്നബാധിതമായ മലകളിൽ നിന്നും കെട്ടിടനിർമ്മാണാവശ്യങ്ങൾക്കായി  കൂടുതൽ മണ്ണെടുപ്പ് നടത്തുന്നതും പാറപൊട്ടിക്കുന്നതും ഒക്കെ ഉരുൾപൊട്ടലിനുള്ള സാധ്യത ഇരട്ടിപ്പിക്കുന്നു. 

mudslide reason
Author
Thiruvananthapuram, First Published Aug 9, 2019, 4:14 PM IST

ഴക്കാലം വന്നതോടെ ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ ദുരന്തങ്ങളുടെ വാർത്തകളും വരികയായി. വയനാട്ടിൽ മേപ്പാടിയിലും പുത്തുമലയിലും അടക്കം പലയിടങ്ങളിൽ ഉരുൾപൊട്ടി ഒഴുകിയിറങ്ങിയ മണ്ണ് കനത്ത നാശനഷ്ടങ്ങൾ വരുത്തി. നിരവധിപേരെ കാണാതായി. കൃത്യസമയത്ത് നടത്തിയ രക്ഷാപ്രവർത്തനം ചിലരുടെ ജീവൻ രക്ഷിച്ചു. മലപോലെ ഒലിച്ചുപാഞ്ഞുവന്ന മണ്ണിനടിയിൽപ്പെട്ട്  ചിലർക്ക് ജീവൻ നഷ്ടമായി. എല്ലാ മഴക്കാലത്തും പതിവായി ഉണ്ടാകുന്ന ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെടാതെ കാക്കാൻ മുൻകരുതലുകൾ ഒന്നുമില്ലേ? 

ജീവനും സ്വത്തിനും ഭീഷണിയാവുന്ന ഉരുൾപൊട്ടലുകൾക്ക് തടയിടാൻ ശാസ്ത്രത്തിന് ഉപാധികളൊന്നുമില്ലെന്നോ? എങ്ങനെയാണ് മലയോളം മണ്ണ് മഴയൊന്നു കനക്കുമ്പോഴേക്കും ഒലിച്ചിറങ്ങി താഴേക്ക് പോരുന്നത്? ഉരുൾപൊട്ടലും മണ്ണിടിച്ചിലും  പ്രകൃതിയിൽ കണ്ടുവരുന്ന പ്രതിഭാസങ്ങളാണ്. ഇവയ്ക്കു കാരണം മനുഷ്യരുടെ ഇടപെടൽ മാത്രമാണോ എന്ന് ചോദിച്ചാൽ, എല്ലായ്പ്പോഴും അല്ല എന്ന് പറയേണ്ടി വരും. കാരണം, മനുഷ്യർ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത കാടുകൾക്കുള്ളിലും ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും അപകടങ്ങളുണ്ടായ ചരിത്രമുണ്ട്. ഉരുൾ പൊട്ടലിന്റെ ശാസ്ത്രീയമായ വിശദീകരണങ്ങളിലേക്ക്. 

ഉരുൾ പൊട്ടുന്നതെങ്ങനെ? 

ഉരുൾപൊട്ടലിന് പ്രധാനകാരണം ഒരു നിഷ്കർഷയുമില്ലാത്ത കയ്യേറ്റങ്ങളും പരിസ്ഥിതി ലോലമായ പ്രദേശങ്ങളിൽ നടത്തപ്പെടുന്ന അനധികൃത നിർമ്മാണങ്ങളുമാണ്. ഹൈറേഞ്ചുകളിൽ ജനങ്ങൾ ചെന്ന് താമസമാക്കുന്നതോടെ അവിടേക്ക് പുതിയ പുതിയ ടാർ റോഡുകളുംനിർമ്മിക്കപ്പെടുന്നു. ഈ റോഡുകളിൽ പലതും അവിടത്തെ സ്വാഭാവികമായ നീർച്ചാലുകളെ തടയുന്നു. നമ്മുടെ നാട്ടിലെ പറമ്പുകളുടെ ഏറ്റവും മുകളിലെ അടുക്ക് (layer) കല്ലും മണ്ണും പാറകളും ഒക്കെ ഇടകലർന്നതാണ്. അതിനു താഴെയായി പിന്നെയും പലപല അടുക്കുകളായിട്ടാണ് ഭൂമിയിലെ മണ്ണിന്റെ കിടപ്പ്. ഏറ്റവും മുകളിലെ ഈ ഒരു അടുക്കിലാണ് മഴ പെയ്യുമ്പോൾ വെള്ളമിറങ്ങുന്നത്. മഴ പെയ്യുമ്പോൾ മണ്ണിൽ വന്നു വീഴുന്ന വെള്ളത്തിന്റെ നല്ലൊരംശവും നീർച്ചാലുകളായി ഒഴുകി തോടുകളിലും അരുവികളും ഇറങ്ങി, പോഷകനദികളിൽ ചെന്നു പതിച്ച്, പുഴകളിൽ ചെന്നുചേർന്ന് ഒടുവിൽ കടലിൽ ചെന്നെത്തുകയാണ് പതിവ്. പെയ്തിറങ്ങുന്ന മഴയെ മൊത്തം ആഗിരണം ചെയ്യാനുള്ള ശേഷിയൊന്നും നമ്മുടെ ഭൂവൽക്കത്തിനില്ല.

mudslide reason

സ്വാഭാവികമായ നീർച്ചാലുകൾ ബ്ലോക്കാവുമ്പോൾ അധികമായി പെയ്തിറങ്ങുന്ന മഴ ആ പ്രദേശങ്ങളിലെ മണ്ണിനുള്ളിലേക്ക് ഇറങ്ങുന്നു. അത് നിലംപൊത്തും. മൺസുഷിരജലമർദ്ദം (pore water pressure) വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഈ ജലമർദ്ദം ഉപരിതലത്തിലെ മണ്ണിന് താങ്ങാനാകുന്നതിലും കൂടുതലാകുമ്പോൾ ആ വെള്ളം മണ്ണിന്റെ ഉപരിതലം ഭേദിച്ച് പുറത്തേക്ക് കുത്തിയൊഴുകുന്നു. ഒപ്പം കല്ലും മണ്ണും പാറയും ഒക്കെ ഒഴുകിവരും. നമുക്ക് ഊഹിക്കാനാവുന്നതിലും എത്രയോ ശക്തിയുണ്ട് മലപോലെ ഒഴുകിവരുന്ന ഈ പ്രവാഹത്തിന്. വന്മരങ്ങളെ കടപുഴക്കിക്കൊണ്ടുള്ള ആ വരവിൽ പെട്ടുപോയാൽ ഒരായുസ്സിന്റെ അദ്ധ്വാനം കൊണ്ട് നമ്മൾ കെട്ടിപ്പൊക്കിയ മണിമാളികകളെല്ലാം നിമിഷനേരം കൊണ്ട് തകർന്നടിയും. കൃഷികൾ നശിക്കും. വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങും. നമ്മുടെ പ്രിയപ്പെട്ടവരെ ഞൊടിയിട കൊണ്ട് നമുക്ക് നഷ്ടമാകും. 

ഏകദേശം 22  ഡിഗ്രിക്കുമേൽ ചെരിവുള്ള മലമ്പ്രദേശങ്ങളിലാണ് ഉരുൾ പൊട്ടുക പതിവ്. അല്ലെങ്കിലേ പ്രശ്നബാധിതമായ മലകളിൽ നിന്നും കെട്ടിടനിർമ്മാണാവശ്യങ്ങൾക്കായി  കൂടുതൽ മണ്ണെടുപ്പ് നടത്തുന്നതും പാറപൊട്ടിക്കുന്നതും ഒക്കെ ഉരുൾപൊട്ടലിനുള്ള സാധ്യത ഇരട്ടിപ്പിക്കുന്നു. 

ഉരുൾ പൊട്ടുന്നത് തടയാൻ ഒരേയൊരു മാർഗ്ഗമേയുള്ളൂ. മലഞ്ചെരിവുകളിൽ വീഴുന്ന മഴയ്ക്ക് ഒഴുകിപ്പോകാനുള്ള സ്വാഭാവികമായ മാർഗ്ഗങ്ങൾ ഒരുക്കുക. മഴക്കാലമാകും മുമ്പുതന്നെ കൈത്തോടുകളും നീർച്ചാലുകളും ആഴം കൂട്ടി വൃത്തിയാക്കി, തടസ്സമില്ലാതെ തയ്യാറാക്കി നിർത്തുക. പരിസ്ഥിതി ലോലപ്രദേശങ്ങളിൽ പ്രകൃതിക്ക് ദോഷം ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുക.

മണ്ണിടിച്ചിലിന്റെ കാരണം 

നമ്മുടെ നാട്ടിൽ നടക്കുന്ന മണ്ണിടിച്ചിലിന്റെ മുഖ്യകാരണങ്ങൾ വനനശീകരണവും കുന്നുകളിൽ സ്വാഭാവികമായ മരങ്ങൾ വെട്ടിമാറ്റി വേരിറക്കമില്ലാത്ത നാണ്യവിളകൾ നിർമിക്കുന്നതുമാണ്. വരൾച്ച-പേമാരി-വരൾച്ച എന്നതാണ് നമ്മുടെ നാട്ടിലെ മഴയുടെ ഒരു രീതി. ഏറെനാൾ മഴപെയ്യാതെ വരണ്ടുകിടക്കുന ഭൂമിയിലേക്ക് പെട്ടെന്ന് പെരുമഴ പെയ്തിറങ്ങുമ്പോൾ അത് മേൽമണ്ണിനെ ദ്രവിപ്പിക്കുന്നു. അത് മരങ്ങൾ കുറഞ്ഞ ചെരിവുകളിൽ മണ്ണിടിച്ചിലിന് ഇടയാക്കുന്നു. 

mudslide reason

ഗുരുത്വബലം മണ്ണിനെ പരീക്ഷിക്കുന്ന കുന്നിൻ ചെരിവുകളിൽ മരങ്ങളുടെ വേരുകളാണ് മണ്ണിനെ ചേർത്തുപിടിച്ചു നിർത്തുന്നത്. കല്ലും പാറയും മണ്ണും ഒക്കെ തമ്മിലുള്ള ഒരു ഘർഷണത്തിന്റെ പുറത്താണ് മരങ്ങൾ കുറവുള്ള കുന്നുകളുടെ മേലേ അടുക്കിലെ മണ്ണ് ഗുരുത്വത്തെ അതിജീവിച്ച് പിടിച്ചുനിൽക്കുന്നത്. ഈ മരങ്ങൾ വെട്ടിത്തെളിക്കുമ്പോൾ മണ്ണിനടിയിൽ വേരുകൾ ഉണങ്ങി ദ്രവിച്ചുപോകുന്നു. അതോടെ ആ ഒരു ഗ്രിപ്പ് നഷ്ടമാകുന്നു. അതിനുശേഷം നാട്ടിൽ പെരുമഴ പെയ്യുമ്പോൾ, ഈ മണ്ണിന്റെ ഭാരം വർധിക്കുന്നു. മണ്ണിന്റെ അടുക്കുകളിൽ രൂപം കൊള്ളുന്ന ചെളി ഒരു ലൂബ്രിക്കന്‍റിന്റെ ഫലം ചെയ്യുന്നു. ഒടുവിൽ ഭൂഗുരുത്വം അടുക്കുകൾക്കിടയിലെ ഘർഷണത്തെ അതിജീവിക്കുന്ന ആയ നിമിഷം മുകളിലെ ഒരടുക്ക് മണ്ണ് അതിലെ കല്ലും പാറയും സഹിതം കുന്നിൻ ചെരിവിലൂടെ ഒലിച്ചിറങ്ങി താഴ്വരയിലേക്ക് പതിക്കുന്നു. 

ഉരുൾപൊട്ടലും മണ്ണിടിച്ചിലും കേരളത്തിന് ഏൽപ്പിക്കുന്ന ആഘാതങ്ങൾ 

കേരളം പോലെ  അതിസാന്ദ്രമായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു സംസ്ഥാനത്ത് ഇത്തരത്തിൽ ഒരു പ്രതിഭാസം ജനങ്ങളുടെ ജീവനും സ്വത്തിനും വളരെയധികം നാശനഷ്ടമുണ്ടാക്കുന്ന ഒന്നാണ്. വർഷാവർഷം ഈ കണക്കിൽ കോടികളുടെ നാശനഷ്ടമുണ്ടാകുന്നുണ്ട് സംസ്ഥാനത്ത്. വിലയേറിയ എത്രയോ ജീവൻ ഈ പ്രകൃതി ദുരന്തങ്ങളിൽ പൊലിഞ്ഞുപോകുന്നു. വർഷം ചെല്ലുന്തോറും ഉരുൾ പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും തീവ്രത കൂടി വരിക മാത്രമാണ് ചെയ്യുന്നത്. ഇനിയെങ്കിലും നമ്മൾ ബോധവാന്മാരായി ഇത്തരത്തിലുള്ള പ്രാകൃതിക പ്രതിഭാസങ്ങളെ ചെറുക്കാനുള്ള വഴികൾ അന്വേഷിച്ച് നടപ്പിലാക്കേണ്ടതുണ്ട്. 

Follow Us:
Download App:
  • android
  • ios