ഡാരൻ, ജെസീക്ക, ഹാർവി അവർ ഒരു ഐഡിയൽ ഫാമിലി ആയിരുന്നു. ഹാർവിയുടെ ഒന്നാം പിറന്നാൾ അവരൊന്നിച്ചാണ് ആഘോഷിച്ചത്. അന്ന് അവർ ഒന്നിച്ചൊരു ഫോട്ടോയും എടുത്തിരുന്നു. പിറന്നാൾ ആഘോഷിച്ച് മൂന്നാം നാൾ വീട്ടിനുള്ളിൽ വെച്ച് ഡാരൻ കുഴഞ്ഞു വീണു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. എന്തായിരുന്നു മരണകാരണം എന്ന് ഡോക്ടർമാർക്ക് കൃത്യമായി പറയാനായിട്ടില്ല. എന്തായാലും അതോടെ, ജെസീക്കയുടെ ജീവിതത്തിലെ വെളിച്ചമാണ് കെട്ടുപോയത്. 

33  വയസ്സേ ഉണ്ടായിരുന്നുള്ളൂ ഡാരന് മരിച്ചു പോവുമ്പോൾ. അതിനു ശേഷം ജെസീക്കയ്ക്ക് ഒറ്റയ്ക്ക് വളർത്തേണ്ടി വന്നു ഹാർവിയെ. മകന്റെ മനസ്സിൽ നിന്നും അച്ഛന്റെ ഓർമ്മകൾ വിട്ടുപോവാതിരിക്കാൻ, എല്ലാ ഞായറാഴ്ചയും ജെസീക്ക ഹാർവിയുമായി സെമിത്തേരിയിൽ വരും. അവിടെ അവന്റെ അച്ഛന്റെ പേര് കൊത്തിവെച്ചിട്ടുള്ള ഒരു കല്ലറയുണ്ട്. അവിടെ പൂക്കൾ കൊണ്ടുവെച്ച് അവരിരുവരും കുറേനേരം കൂട്ടിരിയ്ക്കും, ഡാരനോട് മിണ്ടും. 

അച്ഛനെപ്പറ്റി ഹാർവി ചോദിക്കുമ്പോഴൊക്കെ അച്ഛനില്ല എന്ന് അവ്യക്തമായി സൂചിപ്പിക്കാനുള്ള ധൈര്യമേ ജെസീക്കയ്ക്കുള്ളൂ. ' നിന്റെ അച്ഛൻ മരിച്ചു പോയി മകനേ..' എന്ന് അറുത്തുമുറിച്ച് പറയാൻ അവൾക്കാവുന്നില്ല. പലകുറി ഹാർവിയോട് ആ സത്യം പറയാൻ ആഞ്ഞതാണ് ജെസീക്ക. പക്ഷേ, ഇത്തിരിയില്ലാത്ത ആ കുഞ്ഞിനോട് മരണത്തെക്കുറിച്ച് പറഞ്ഞാൽ അവന് എന്ത് മനസ്സിലാവാനാണ്. പറഞ്ഞില്ല അവൾ. 

ഹാർവി ഇപ്പോഴും എല്ലാ ഞായറാഴ്ചയും ആ കല്ലറയ്ക്കുമുകളിൽ വന്നിരുന്ന് അച്ഛനോട് മിണ്ടും. പുതിയൊരു കാർ സമ്മാനമായി കിട്ടിയാൽ അവൻ അടുത്ത ഞായറാഴ്ചയാവാൻ കാത്തുകാത്തിരിക്കും. അത് അച്ഛനെ കാണിച്ചാലേ അവനു സമാധാനമാവൂ. ആ കാറിന്റെ  വിശേഷങ്ങളോരോന്നും അവൻ അച്ഛനെ പറഞ്ഞു കേൾപ്പിക്കും. 

ജെസീക്കക്ക് ഹാർവിയുടെ നിഷ്കളങ്കമായ ഈ സംസാരങ്ങളും കളിയും കാണുമ്പോൾ ചിരിയും കരച്ചിലും ഒരുമിച്ചു വരും. ഇങ്ങനെയെങ്കിലും അച്ഛനോട് അവൻ ഇടപെട്ടോട്ടെ എന്ന് കരുതി അവൾ അവനെ തിരുത്താൻ നിൽക്കില്ല. അവന് നഷ്ടപ്പെട്ട അച്ഛനെപ്പറ്റി ഓർക്കുമ്പോൾ, ജെസീക്കയുടെ കണ്ണുകൾ നിറയുകയും ചെയ്യും. അവൻ അച്ഛന്റെ നെഞ്ചിൽ കുത്തിമറിയുമ്പോൾ, അവൾ കണ്ണടച്ചിരുന്നു കരയും.. 

അവന്റെ ഈ കളിയുടെയും വർത്തമാനത്തിന്റെയും ഒക്കെ ഫോട്ടോകളും വീഡിയോകളും ഒക്കെ ജെസീക്ക എടുത്തു സൂക്ഷിക്കുന്നുണ്ട്. ഒക്കെ മനസ്സിലാവുന്ന പ്രായമാവുമ്പോൾ, കണ്ണും കാതും ഒക്കെ ഉറച്ചു കഴിഞ്ഞാൽ അവനെ ഇതൊക്കെ കാണിച്ചു കൊടുത്ത് എല്ലാം പറഞ്ഞു മനസ്സിലാക്കണം. 

അച്ഛൻ തങ്ങളുടെ ജീവിതത്തിൽ ഇല്ല എന്ന് ഹാർവിക്കറിയാം. പക്ഷേ, അച്ഛൻ മരിച്ചതാണ് എന്നറിയാനുള്ള പക്വത അവനായിട്ടില്ല. മരണം എന്നാൽ എന്തെന്ന് ആ കുഞ്ഞിനറിയാറായിട്ടില്ല.  ഇപ്പോൾ അവൻ അച്ഛന്റെ ചിത്രങ്ങൾ കണ്ടും, കല്ലറയിൽ വന്നിരുന്നു മിണ്ടിപ്പറഞ്ഞ്‌മുള്ള ഈ ജീവിതം കൊണ്ട് ഹാപ്പിയാണ്. പോവുന്നിടത്തോളം അതങ്ങനെ തന്നെ പോട്ടെ എന്ന് ജെസീക്ക കരുതുന്നു. ഒന്നും തകിടം മറിക്കാനുള്ള മനക്കരുത്ത് അവൾക്കില്ല. 

ഹാർവിക്ക്  വയസ്സ് രണ്ടേ ആയുള്ളൂ എങ്കിലും ആൾ സ്മാർട്ടാണ്. സെമിത്തേരിയിലേക്കുള്ള വഴിയിലേക്ക് തിരിയുമ്പോഴേ അവൻ വണ്ടിക്കുള്ളിൽ കുത്തിമറിഞ്ഞു ചിരിക്കാൻ തുടങ്ങും... ഡാഡി... ഡാഡി... എന്ന് പറയാൻ തുടങ്ങും. അവിടെ എത്തിയാൽ, "ഡാഡീ... സീ മൈ ന്യൂ കാർ..." എന്നും പറഞ്ഞുകൊണ്ട് അവൻ ചാടിയിറങ്ങി ഓടും അവന്റെ അച്ഛന്റെ അടുത്തേക്ക്.

ഹാർവിക്ക്  അച്ഛന്റെ ഏതാണ്ടൊരു ഓർമയും ഉണ്ടെന്നു ജെസീക്കയ്ക്ക് തോന്നാറുണ്ട്. കാരണം വെളുത്ത മുടിയുള്ള ആരെക്കണ്ടാലും അവൻ അച്ഛനാണോ എന്ന് ചോദിക്കും ജെസീക്കയോട്. ഇനിയങ്ങോട്ടുള്ള യാത്രയിലും അവനു കൂട്ടുനടക്കാനുള്ള ശക്തി പകർന്നു കിട്ടാൻ ജെസീക്ക നിത്യം ദൈവത്തോട് പ്രാർത്ഥിക്കുന്നു.