കുടുംബവുമായി ചർച്ച ചെയ്യാതെയാണ് മകൻ മരണശേഷം ബീജം സംരക്ഷിക്കേണ്ടതില്ല എന്ന സമ്മതപത്രത്തിൽ ഒപ്പിട്ടത് എന്ന് ആരോപിച്ചു കൊണ്ടാണ് ഇപ്പോൾ അമ്മ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
തന്റെ കുടുംബ പരമ്പര നിലനിർത്താൻ മരിച്ചുപോയ മകന്റെ ഫെർട്ടിലിറ്റി സെൻററിൽ സൂക്ഷിച്ചിരിക്കുന്ന ബീജം വിട്ടു നൽകണമെന്ന ആവശ്യവുമായി അമ്മ രംഗത്ത്. മുംബൈ ഹൈക്കോടതിയിലാണ് ഫെർട്ടിലിറ്റി സെന്ററിനെതിരെ അമ്മ പരാതി നൽകിയിരിക്കുന്നത്.
ക്യാൻസർ രോഗബാധിതനായി മരിച്ച മകൻ കീമോ തെറാപ്പിക്ക് മുൻപായാണ് തൻറെ ബീജം സൂക്ഷിക്കാൻ ഫെർട്ടിലിറ്റി സെന്ററിനെ ഏൽപ്പിച്ചത്. എന്നാൽ, താൻ മരിച്ചാൽ ബീജം സൂക്ഷിക്കേണ്ടതില്ല എന്ന് ഇദ്ദേഹം സെന്ററിന് നിർദ്ദേശം നൽകിയിരുന്നു.
അതേസമയം മകന്റെ മരണശേഷം ആ ബീജം തനിക്ക് വിട്ടു നൽകാൻ ഫെർട്ടിലിറ്റി സെൻറർ അധികൃതർ തയ്യാറാകുന്നില്ല എന്നതാണ് അമ്മയുടെ പരാതി. ഹർജി കോടതിയിൽ പരിഗണിക്കുന്നത് വരെ ബീജം സൂക്ഷിക്കാൻ ബോംബെ ഹൈക്കോടതി ഒരു ഇടക്കാല ഉത്തരവിൽ നഗരം ആസ്ഥാനമായുള്ള ഒരു ഫെർട്ടിലിറ്റി സെന്ററിനോട് നിർദ്ദേശിച്ചിരിക്കുകയാണ് ഇപ്പോൾ.
ജൂലൈ 30 -നാണ് ഹർജി കോടതിയിൽ പരിഗണിക്കുക. അതുവരെ ബീജം കൃത്യമായ രീതിയിൽ സംരക്ഷിച്ചില്ലെങ്കിൽ അത് ഫലശൂന്യമാകുമെന്ന് ജൂൺ 25 -ന് ജസ്റ്റിസ് മനീഷ് പിതാലെയുടെ ബെഞ്ച് നിരീക്ഷിച്ചു. ഇതേ തുടർന്നാണ് ഫെർട്ടിലിറ്റി സെന്ററിന് ബീജം സൂക്ഷിക്കാൻ കോടതി നിർദ്ദേശം നൽകിയത്.
2021 -ലെ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (റെഗുലേഷൻ) ആക്ടിലെ വ്യവസ്ഥകൾ പ്രകാരം ഒരു വ്യക്തിയുടെ മരണശേഷം ബീജം എങ്ങനെ സംരക്ഷിക്കണം എന്നതുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങൾ ഹർജി ഉയർത്തുന്നുവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഫെബ്രുവരിയിൽ മരിക്കുമ്പോൾ പുരുഷൻ അവിവാഹിതനായിരുന്നു.
മകൻറെ മരണശേഷം ഭാവി നടപടികൾക്കായി സാമ്പിൾ ഗുജറാത്ത് ആസ്ഥാനമായുള്ള ഒരു സെന്ററിലേക്ക് മാറ്റാൻ അനുമതി നൽകണമെന്ന് അമ്മ മുംബൈ ആസ്ഥാനമായുള്ള ഫെർട്ടിലിറ്റി സെന്ററിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഫെർട്ടിലിറ്റി സെന്റർ ബീജം വിട്ടു നൽകാൻ തയ്യാറായില്ല. പകരം കോടതിയുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ തങ്ങൾക്ക് ബീജം വിട്ടു നൽകാൻ കഴിയൂവെന്ന് അവർ അമ്മയെ അറിയിച്ചു.
അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (ART) ക്ലിനിക്കുകളെ നിയന്ത്രിക്കാനുള്ള പുതിയ നിയമപ്രകാരം കോടതിയുടെ അനുമതിയില്ലാതെ ബീജം വിട്ട് നൽകുന്നത് കുറ്റകരമാണെന്ന് ഫെർട്ടിലിറ്റി ക്ലിനിക് അധികൃതർ പറയുന്നു. ദുരുപയോഗം തടയുക, ഇത്തരം ക്ലിനിക്കുകളുടെ സേവനങ്ങൾ തേടുന്ന വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് പുതിയ നിയമം.
കുടുംബവുമായി ചർച്ച ചെയ്യാതെയാണ് മകൻ മരണശേഷം ബീജം സംരക്ഷിക്കേണ്ടതില്ല എന്ന സമ്മതപത്രത്തിൽ ഒപ്പിട്ടത് എന്ന് ആരോപിച്ചു കൊണ്ടാണ് ഇപ്പോൾ അമ്മ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ബീജം ഉപേക്ഷിക്കരുതെന്നും തന്റെ കുടുംബത്തിൻറെ പരമ്പര നിലനിർത്താൻ അതിൻറെ അവകാശം തനിക്ക് വിട്ടു നൽകണമെന്നുമാണ് അമ്മയുടെ ആവശ്യം.


