'ഇതാണ് കാനഡയിലെ യാഥാർത്ഥ്യം. ഇതിന് നിങ്ങൾ തയ്യാറാണെങ്കിൽ നിങ്ങൾക്ക് ഇങ്ങോട്ട് വരാം. അല്ലെങ്കിൽ ഇന്ത്യ തന്നെയാണ് നല്ലത്' എന്നും യുവതി പറയുന്നു.
വിദേശത്ത് പോയാൽ ഇഷ്ടം പോലെ ജോലിസാധ്യതകൾ, നല്ല സൗകര്യം, നല്ല ജീവിതം... ഇതാണ് പലരും കരുതുന്നത്. എന്നാൽ, കാര്യങ്ങൾ അങ്ങനെ മാത്രമല്ല. നല്ലൊരു ജോലി വാങ്ങാനും നല്ല ജീവിതം നയിക്കാനുമായി വലിയ കഷ്ടപ്പാടുകളും വേണ്ടി വരാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
കാനഡയിൽ നിന്നുള്ളൊരു ഇന്ത്യൻ യുവതിയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. @kanutalescanada എന്ന യൂസർ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്കൊപ്പം നൽകിയിരിക്കുന്ന കാപ്ഷനിൽ പറയുന്നത്, 'ഈ വീഡിയോ കാനഡയിൽ ഇഷ്ടം പോലെ ജോലിയും പണവും ഉണ്ട് എന്ന് കരുതുന്ന തന്റെ ബന്ധുക്കൾക്കും കൂട്ടുകാർക്കും വേണ്ടിയാണ് പോസ്റ്റ് ചെയ്യുന്നത്' എന്നാണ്.
അവിടെ നടക്കുന്നത് ഒരു തൊഴിൽമേള പോലെ എന്തോ ആണ് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. അതിലെ നീണ്ട ക്യൂ ആണ് അവൾ വീഡിയോയിൽ കാണിക്കുന്നത്. ഇന്റേൺഷിപ്പ് ലെവലിലുള്ള ഒരു ജോലിയാണ് ഇത് എന്നും യുവതി പറയുന്നു. അത് മാത്രമല്ല, ആകെ അഞ്ചോ ആറോ പേരെ മാത്രമാണ് അവർ ജോലിക്ക് എടുക്കുന്നത്.
എന്നാൽ, ഇത്രപേരെയേ ജോലിക്ക് വേണ്ടതുള്ളൂ എങ്കിലും നിരവധിക്കണക്കിന് പേരാണ് അവിടെ നീണ്ട ക്യൂവിൽ അവസരം കാത്ത് നിൽക്കുന്നത് എന്ന് വീഡിയോയിൽ നിന്നും മനസിലാവും. 'ഇതാണ് കാനഡയിലെ യാഥാർത്ഥ്യം. ഇതിന് നിങ്ങൾ തയ്യാറാണെങ്കിൽ നിങ്ങൾക്ക് ഇങ്ങോട്ട് വരാം. അല്ലെങ്കിൽ ഇന്ത്യ തന്നെയാണ് നല്ലത്' എന്നും യുവതി പറയുന്നു.
'വിദേശ ജീവിതം എല്ലായ്‌പ്പോഴും ഒരു സ്വപ്നം മാത്രമല്ല, ചിലപ്പോൾ അത് വെറും... നീണ്ട ക്യൂ ആയിരിക്കും' എന്നും യുവതി പറയുന്നു. നിരവധിപ്പേരാണ് യുവതിയുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'പലരും അവിടെ നിന്നുള്ള ഇത്തരം യാഥാർത്ഥ്യങ്ങൾ പങ്കുവയ്ക്കാൻ തയ്യാറാവാറില്ല. അത് പങ്കുവച്ചതിന് നന്ദി' എന്ന് പലരും അഭിപ്രായപ്പെട്ടു.


