ഡ്രൈവർ ഏഴ് രൂപ സ്വീകരിച്ചില്ല, അത് തനിക്ക് തിരികെ തന്നുവെന്നും ഒരു രൂപാ പോലും അധികമായി സ്വീകരിക്കാൻ തയ്യാറായിരുന്നില്ല എന്നും പോസ്റ്റിൽ പറയുന്നു.
ടാക്സി ഡ്രൈവർമാരെ കുറിച്ച് പലരും പരാതി പറയാറുണ്ട്. മിക്കവാറും അധികം ചാർജ്ജ് ഈടാക്കുന്നതിനായിരിക്കും ഇത്. എന്നാൽ, അതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് പൂനെയിൽ നിന്നുള്ള ഒരു യുവാവ്. മുംബൈയിൽ വച്ച് തനിക്കുണ്ടായ അനുഭവമാണ് ഇയാൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. കാബ് ഡ്രൈവറുടെ സത്യസന്ധതയെ കുറിച്ചാണ് പോസ്റ്റ്. അന്ധേരി വെസ്റ്റിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവാവ്. എന്നാൽ, യാത്രയ്ക്ക് ശേഷം അധികം തുക നൽകിയപ്പോൾ കൃത്യം കാശ് മാത്രമാണ് കാബ് ഡ്രൈവർ സ്വീകരിച്ചത് എന്നാണ് പോസ്റ്റിൽ പറയുന്നത്.
ലക്ഷ്യസ്ഥാനത്തെത്തിയപ്പോൾ ഇയാൾ 110 രൂപ ഡ്രൈവർക്ക് നൽകി. എന്നാൽ, 103 രൂപ ആയിരുന്നു ടാക്സി ചാർജ്ജ്. ബാക്കി ഏഴ് രൂപ വേണ്ട. വെച്ചോളൂ എന്ന് പറഞ്ഞപ്പോൾ ഡ്രൈവർ ആ പണം സ്വീകരിക്കാൻ തയ്യാറായില്ല എന്നും അത് തനിക്ക് തിരികെ നൽകി എന്നുമാണ് യുവാവ് പറയുന്നത്. ആദിത്യ കൊണ്ടവാർ എന്ന യാത്രക്കാരനാണ് സംഭവം എക്‌സിൽ (ട്വിറ്റർ) ഷെയർ ചെയ്തത്. ഡ്രൈവറുടെ സത്യസന്ധതയെയും പ്രൊഫഷണലിസത്തെയും പ്രശംസിച്ചു കൊണ്ടാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
ഡ്രൈവർ ഏഴ് രൂപ സ്വീകരിച്ചില്ല, അത് തനിക്ക് തിരികെ തന്നുവെന്നും ഒരു രൂപാ പോലും അധികമായി സ്വീകരിക്കാൻ തയ്യാറായിരുന്നില്ല എന്നും പോസ്റ്റിൽ പറയുന്നു. നിരവധിപ്പേർ പോസ്റ്റിന് കമന്റുകൾ നൽകി. ഇത്തരം ഡ്രൈവർമാരെ കണ്ടുമുട്ടുക എന്നത് വളരെ അപൂർവമായ കാര്യമാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാൽ, അതേസമയം തന്നെ വെറും ഏഴ് രൂപ ടിപ്പായി കൊടുക്കാൻ മടിയില്ലേ? അത്രയും മോശം ടിപ്പ് ആയതുകൊണ്ടായിരിക്കും ടാക്സി ഡ്രൈവർ അത് സ്വീകരിക്കാൻ തയ്യാറാവാതെയിരുന്നത് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.


