ഈ മുസ്ലീം കുടുംബം പഠിപ്പിക്കുന്നൊരു പാഠമുണ്ട്. അത് അതിരില്ലാത്ത സ്നേഹത്തിന്‍റേതാണ്, ഐക്യത്തിന്‍റേതാണ്. തലമുറകളായി ഈ കുടുംബത്തിലെ ആളുകളാണ് ഇവിടെയുള്ള ശിവക്ഷേത്രത്തെ സംരക്ഷിക്കുന്നതും അവിടെ പൂജകളും മറ്റും ചെയ്യുന്നതും. 500 വര്‍ഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. ഗുവാഹട്ടിയിലെ രംഗമഹല്‍ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം.

ഈ പ്രദേശത്തെ ഹിന്ദുക്കളും മുസ്ലീംകളും ഈ ശിവനില്‍ വിശ്വാസമര്‍പ്പിക്കുകയും അവിടെ നടക്കുന്ന പൂജകളിലും ആചാരങ്ങളിലുമൊക്കെ പങ്കുകൊള്ളുകയും ചെയ്യുന്നു. ക്ഷേത്രത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ഹാജി മതിബര്‍ റഹ്മാന്‍ പറയുന്നത്, ഈ ശിവന്‍ തനിക്ക് തന്‍റെ മാതാവിന്‍റെ പിതാവിനെ പോലെയാണ്, അത്രയും പ്രിയപ്പെട്ടതാണ് എന്നാണ്. 

''ഞാനദ്ദേഹത്തെ നാനാ (മാതാവിന്‍റെ പിതാവ്) എന്നാണ് വിളിക്കുന്നത്. ഇത് 500 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ്. ഞങ്ങളുടെ കുടുംബമാണ് ഇവിടുത്തെ കാര്യങ്ങള്‍ നോക്കുന്നത്. ഹിന്ദുവും മുസ്ലീമും ഒരുപോലെ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നു'' - മതിബര്‍ റഹ്മാന്‍ പറയുന്നു. 

മുസ്ലീം ദുആ ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ പൂജ ചെയ്യുന്നു. ക്ഷേത്രത്തിലെത്തുന്നവര്‍ ഈ കുടുംബത്തെ പ്രശംസിക്കുന്നുമുണ്ട്. മറ്റൊന്നിനുമല്ല, ഇത്ര ശ്രദ്ധയോടെയും മനോഹരമായും ക്ഷേത്രം പരിപാലിക്കുന്നതിന്. ഹിന്ദു-മുസ്ലീം ഐക്യത്തിന്‍റെ പ്രതീകം കൂടിയായി ഈ ക്ഷേത്രം മാറുകയാണ്.