മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, കലാകാരികള്‍, ഗവേഷകര്‍ തുടങ്ങിയ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങളാണ് ആപ് ദുരുപയോഗം ചെയ്തിരിക്കുന്നത്. 

ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ ശേഖരിക്കു​കയും അവരെ വിൽപനയ്ക്ക് എന്ന് പരസ്യം വയ്ക്കുകയും ചെയ്ത ആപ്പിനെതിരെ വ്യാപക പരാതിയെ തുടര്‍ന്ന് കേസെടുത്തിരിക്കുകയാണ് ഡെല്‍ഹി പൊലീസ്. 'സുള്ളി ഡീല്‍സ്' എന്ന ആപ്പിലാണ് സാമൂഹികമാധ്യമങ്ങളില്‍ നിന്നുമടക്കം ശേഖരിച്ച സ്ത്രീകളുടെ ചിത്രങ്ങള്‍ വച്ചുകൊണ്ട് വില്‍പനയ്ക്ക് എന്ന് പരസ്യം ചെയ്തിരിക്കുന്നത്. ഇതില്‍ ഒരു മലയാളി പെണ്‍കുട്ടിയുടെ ചിത്രവും ഉള്‍പ്പെടുന്നു. പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണ്. എന്നാല്‍, ഇപ്പോള്‍ സംഭവത്തിന് പിന്നിലാരാണ് എന്ന് പറയാനാവില്ല എന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ഞായറാഴ്ചയോടെയാണ് നിരവധി സ്ത്രീകള്‍‌ തങ്ങളുടെ ചിത്രങ്ങള്‍ ഈ ആപ്പിലുള്ളതായി അറിയുന്നത്. ചിത്രം വന്നതിലൊരാളാണ് കൊമേര്‍ഷ്യല്‍ പൈലറ്റായ ഹന ഖാന്‍. സുഹൃത്ത് അയച്ചുതന്ന ട്വീറ്റിലൂടെയാണ് സുള്ളി ഡീല്‍സില്‍ എത്തിച്ചേര്‍ന്നതെന്ന് ഹന പറയുന്നു. ഈ ആപ്പില്‍ നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍ വച്ചുകൊണ്ട് പ്രൊഫൈലുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. 'ഇന്നത്തെ ദിവസത്തെ ഡീല്‍' എന്നും പറഞ്ഞാണ് ഇത്തരത്തില്‍ സാമൂഹികമാധ്യമങ്ങളിൽ നിന്നടക്കം ശേഖരിച്ച മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഹനയുടെ പരിചയത്തില്‍ തന്നെയുള്ള, സുഹൃത്തുക്കളായ ഒരുപാട് മുസ്ലിം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ കണ്ടുവെന്ന് ഹന തന്നെ ബിബിസിയോട് പറയുന്നു. 

Scroll to load tweet…

'83 എണ്ണം ഞാനെണ്ണി. അതില്‍ കൂടുതലും ഉണ്ടാവാം. ട്വിറ്ററില്‍ നിന്നുമാണ് എന്‍റെ ചിത്രം എടുത്തിരിക്കുന്നത്. അതിന് എന്‍റെ യൂസര്‍ നെയിമാണ് നല്‍കിയിരിക്കുന്നത്. 20 ദിവസമായി ഈ ആപ് പ്രവര്‍ത്തിക്കുന്നുണ്ട്. അതെന്‍റെ നട്ടെല്ലിലൂടെ ഒരു തണുത്ത വിറയുണ്ടാക്കി' എന്നാണ് ഹന പറഞ്ഞത്. 'മുസ്ലിം സ്ത്രീകളെ അപമാനിക്കുക, താഴ്ത്തിക്കെട്ടുക എന്ന ഉദ്ദേശത്തോടെയാണ് ആപ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാണ്. എന്‍റെ മതമാണ് അവരെക്കൊണ്ട് ഇങ്ങനെ ചെയ്യിച്ചത്' എന്നും ഹന പറയുന്നു. 

മലയാളിയായ പെൺകുട്ടിയുടെ ചിത്രവും ഇതിലുണ്ട്. തീവ്രവലതുപക്ഷ സംഘടനയാണോ ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

"

ഓപൺ സോഴ്​സ്​ പ്ലാറ്റ്​ഫോമായ ജിറ്റ്​ഹബ്​ വഴിയുള്ള​ ആപ്​ ആണിത്. പരാതികളെ തുടര്‍ന്ന് ഇത് അടച്ചുപൂട്ടിയിട്ടുണ്ട്. 'ഇത്തരം പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ അന്വേഷിച്ചതിനെത്തുടർന്ന് ഞങ്ങൾ ഉപയോക്തൃ അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവച്ചു. ഇതെല്ലാം ഞങ്ങളുടെ നയങ്ങളെ ലംഘിക്കുന്നവയാണ്' എന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. 

മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, കലാകാരികള്‍, ഗവേഷകര്‍ തുടങ്ങിയ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങളാണ് ആപ് ദുരുപയോഗം ചെയ്തിരിക്കുന്നത്. അതില്‍ ചില സ്ത്രീകള്‍ എത്ര ധീരയായിരുന്നിട്ടും അത് തങ്ങളെ അസ്വസ്ഥരാക്കി എന്ന് ബിബിസി -യോട് പറയുകയുണ്ടായി. ചില സ്ത്രീകള്‍ അവ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും പോരാടാന്‍ തന്നെയാണ് ഉറച്ചിരിക്കുന്നത് എന്നും വ്യക്തമാക്കി. ഹന പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. 

ഇതുപോലെ നിരവധി സ്ത്രീകളും വനിതാ കമ്മീഷനും പരാതികളും വിമർശനവുമായി രം​ഗത്തുവന്നതോടെ ഡെൽഹി പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും എന്നാല്‍ ഇതിന് പിന്നിലാരാണ് എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പൊലീസ് പറഞ്ഞതായി ബിബിസി എഴുതുന്നു. 

(ചിത്രം പ്രതീകാത്മകം)