യുവാൽ നോഅ ഹരാരി - ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നതിൽ വെച്ച് ഏറ്റവും പ്രസിദ്ധരായ ചരിത്രകാരന്മാരിൽ ഒരാൾ. ചരിത്രാതീതകാലം മുതൽക്കുള്ള മനുഷ്യന്റെ വളർച്ചയെ അടിസ്ഥാനപ്പെടുത്തി ഈ ഇസ്രായേലി ഗ്രന്ഥകാരൻ എഴുതിയിട്ടുള്ള കൃതികളായ Sapiens: A Brief History of Humankind (2014), Homo Deus: A Brief History of Tomorrow (2016), 21 Lessons for the 21st Century (2018) എന്നീ പുസ്തകങ്ങൾ ഏറെ ജനപ്രിയമാണ്. ചരിത്രത്തെയും സാങ്കേതികതയെയും ഇഴചേർത്തുകൊണ്ടുള്ള അനുപമമായ തന്റെ രചനാശൈലിയിലൂടെ അദ്ദേഹം നമ്മോട് മനുഷ്യൻ എന്ന നിലയിലുള്ള നമ്മുടെ ഭൂതകാലത്തെയും, വർത്തമാനത്തെയും ഭാവിയെയും പറ്റി സംവദിക്കുമ്പോൾ അതിന് രസമേറെയാണ്.  

ഇന്നലെ ഇന്ത്യ ടുഡേ സംഘടിപ്പിച്ച 'ഇ കോൺക്ലേവ് കൊറോണാ സീരിസി'ൽ ഹരാരി നടത്തിയ സംവാദം അതിന്റെ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായ ഒന്നായിരുന്നു. നോവൽ കൊറോണാ വൈറസ് എന്ന മഹാമാരിയുടെ കൊടുങ്കാറ്റ് ഈ ഭൂമിയെ കടന്നു പോയ്ക്കഴിയുമ്പോൾ,  നമ്മുടെ ലോകം എങ്ങനെ ഉണ്ടായിരിക്കും എന്ന പ്രസക്തമായ ചോദ്യത്തെയാണ് അദ്ദേഹം  തന്റെ സെഷനിൽ മുഖ്യമായും വിശകലനം ചെയ്തത്. ആ സംവാദത്തിലെ പ്രസക്തമായ ഭാഗങ്ങളിലൂടെ.

ഒരു മഹാമാരിയെ നേരിടുന്ന കാര്യത്തിൽ,  നമ്മൾ ഇന്ന് മുൻകാലങ്ങളെക്കാൾ ഏറെ മെച്ചപ്പെട്ട ഒരു അവസ്ഥയിലാണുള്ളത് എന്ന് ഹരാരി പറഞ്ഞു. ആ പോരാട്ടം എങ്ങനെ വേണമെന്ന കാര്യത്തിൽ  ഇന്ന് നമുക്ക്  എല്ലാ വിധ ശാസ്ത്രീയ പരിജ്ഞാനവുമുണ്ട്. പകർച്ചവ്യാധികൾ എങ്ങനെ പടരുന്നു എന്ന കാര്യത്തിൽ വ്യക്തമായ ധാരണകൾ ഇന്ന് ശാസ്ത്രലോകത്തിനുണ്ട്. പണ്ടേപ്പോലെ ഇരുട്ടിൽ തപ്പുകയല്ല നാമിന്നു ചെയ്യുന്നത്. എന്നാൽ, ഇന്ന് നമ്മുടെ പക്കൽ വന്നു ചേർന്നിട്ടുള്ള, ശാസ്ത്ര സാങ്കേതിക വിദ്യ പകർന്നു നൽകിയ, ആ 'ശക്തി' എത്രമാത്രം ഉത്തരവാദിത്തബോധത്തോടെ വിനിയോഗിക്കാൻ നമുക്ക് സാധിക്കും എന്നുള്ളതാണ് യഥാർത്ഥ ചോദ്യം. 

അമേരിക്ക മഹാമാരിയെ നേരിട്ടതിൽ കാണിച്ച കെടുകാര്യസ്ഥത 

2014 -ൽ എബോള പടർന്നു പിടിച്ചപ്പോൾ അതിനെതിരായ പോരാട്ടത്തെ മുന്നിൽ നിന്ന് നയിച്ചത് അമേരിക്ക നേരിട്ടാണ്. ആ പ്രതിസന്ധിയെ അതിജീവിക്കാൻ വേണ്ടതെല്ലാം തന്നെ അന്ന് വളരെ സ്തുത്യർഹമായ രീതിയിൽ തന്നെ അമേരിക്ക ചെയ്യുകയുണ്ടായി. 2008 - ൽ ആഗോളമാന്ദ്യം വന്നപ്പോഴും ലോകത്തെ അതിൽ നിന്ന് കരകയറ്റാൻ വേണ്ടത് മുന്നിട്ടുനിന്നു ചെയ്തത് അമേരിക്കയായിരുന്നു. ഇന്നത്തെ സ്ഥിതി വ്യത്യസ്തമാണ്. അങ്ങനെ ഒരു റോൾ ഏറ്റെടുക്കാൻ ഇന്ന് അമേരിക്കക്ക് ഒട്ടും താത്പര്യമില്ല. അവർ ഇന്ന്, 'അമേരിക്ക ഫസ്റ്റ്' എന്ന സ്വാർത്ഥ ചിന്താഗതിയുമായിട്ടാണ് മുന്നോട്ടു നീങ്ങുന്നത്. പക്ഷേ, അമേരിക്ക ഫസ്റ്റായിട്ടുള്ളത്  ലോകത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലാണ്. മരിച്ച രോഗികളുടെ എണ്ണത്തിലാണ് എന്നുമാത്രം.ഒരു മഹാമാരി വരുമ്പോൾ അതിനെ അതിജീവിക്കാൻ വേണ്ടി ഒരു വാക്സിൻ വികസിപ്പിച്ചെടുക്കണമെങ്കിൽ ഏറ്റവും നല്ല മാർഗം, ലോകരാഷ്ട്രങ്ങളുടെ എല്ലാം വിഭവങ്ങളെ ഒന്നിച്ചു ചേർത്ത് ഒറ്റക്കെട്ടായി ഒരു പരിശ്രമം നടത്തുന്നതാണ്. പരസ്പരം മത്സരിക്കുന്നതല്ല. കൊവിഡ്  ലോകത്ത് ഉണ്ടാക്കാൻ പോകുന്ന സാമ്പത്തിക ആഘാതത്തെ നേരിടണമെങ്കിലും ഒന്നിച്ചുള്ള പരിശ്രമങ്ങൾ ആവശ്യമാണ്. ഒരു ആഗോള സാമ്പത്തിക പദ്ധതി മുന്നോട്ടു വച്ചില്ലെങ്കിൽ നമ്മളെ കാത്തിരിക്കുന്നത് ആഗോള സാമ്പത്തിക മാന്ദ്യമായിരിക്കും. 

അമേരിക്കയുടെ പോരാട്ടവീര്യത്തിലും കാര്യക്ഷമതയിലുമുള്ള ലോകത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.  "നോക്കൂ.. സ്വന്തം നാട്ടിലൊരു പ്രശ്നം വന്നപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ മിഴിച്ചു നിന്നവരാണ് അമേരിക്ക. അവരാണോ ഇനി ലോകത്തെ നയിക്കാൻ പോവുന്നത്..?"എന്നാണ് ഈ കൊറോണക്കാലത്ത് മാലോകർ പരസ്പരം പറയുന്നത്. 

യഥാർത്ഥ പ്രശ്നം ചർച്ച ചെയ്യപ്പെടണം 

ഈ മഹാമാരിയുടെ തുടക്കത്തിൽ ചൈനയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളെപ്പറ്റി ചർച്ചകൾ നടക്കേണ്ടതുണ്ട്. ചൈന കുറേക്കൂടി ഉത്തരവാദിത്ത ബോധത്തോടെയും സുതാര്യതയോടെയും ലോകത്തോട് പെരുമാറിയിരുന്നെങ്കിൽ ഇന്ന് മറ്റുള്ള രാജ്യങ്ങൾ ഈ പെടാപ്പാടു പെടില്ലായിരുന്നു. ഇന്ന് ചൈന മറ്റു രാജ്യങ്ങളെ അവരുടെ പ്രതിസന്ധികൾ മറികടക്കാൻ വേണ്ടി സഹായിച്ചുകൊണ്ടിരിക്കുന്നു എന്നത് തീർച്ചയായും സന്തോഷം പകരുന്ന കാഴ്ച തന്നെ. എന്നാൽ ഏതെങ്കിലും ഒരു രാജ്യത്തെയോ, ഒരു നേതൃശക്തിയേയോ ഒന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ വിശ്വാസത്തിലെടുക്കാൻ സാധിക്കില്ല എന്ന യാഥാർഥ്യം ലോകരാഷ്ട്രങ്ങൾ തിരിച്ചറിഞ്ഞാൽ നന്നായിരുന്നു. നമുക്ക് വേണ്ടത് ആഗോളതലത്തിലുള്ള ഒരു ഐക്യഭാവമാണ്.

മനുഷ്യ ശരീരത്തിലേക്ക് വിളിക്കാതെ വിരുന്നുവന്ന വൈറസ് അല്ല പ്രശ്നക്കാരൻ, അത് നമ്മൾ മനുഷ്യരുടെ ഉള്ളിൽ നമ്മൾ പോറ്റിവളർത്തുന്ന ചെകുത്താന്മാർ തന്നെയാണ്. ഈ മഹാമാരിക്കിടയിലും മറ നീക്കി പുറത്തുവരുന്നത് നമ്മുടെ വെറുപ്പ് തന്നെയാണ്. സഹജീവികളോടുള്ള വെറുപ്പ്,  ഇതരമതസ്ഥരോടുള്ള വെറുപ്പ്, മറ്റു രാജ്യങ്ങളോടുള്ള വെറുപ്പ്. ഈ വെറുപ്പിനെ യഥാസമയം ചികിത്സിച്ചുമാറ്റിയില്ലെങ്കിൽ നമ്മൾ ഇനി വരുന്ന കാലത്ത് നമ്മളെ ഒന്നിച്ചു നിർത്തേണ്ട ആ സമൂഹപ്രജ്ഞയിലാണ് വിഷം കലർത്തുന്നത്. 

മഹാമാരിയുടെ മറവിൽ അധികാരികൾ നടത്തുന്ന നിരീക്ഷണത്തെപ്പറ്റി 

മഹാമാരിയോടൊപ്പം വന്നിറങ്ങുന്ന ആദ്യത്തെ വിപത്ത് 'നിരീക്ഷണ'ങ്ങളാണ്. മുമ്പ് സർക്കാർ നിരീക്ഷണങ്ങൾ നിങ്ങളുടെ തൊലിപ്പുറമേ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുമ്പത്തെ സർക്കാരുകൾക്ക് അറിയേണ്ടിയിരുന്നത് നമ്മൾ എവിടെപ്പോയി, ആരെ കണ്ടു, ആരോടൊക്കെ എന്ത് മിണ്ടി എന്നൊക്കെയായിരുന്നെങ്കിൽ  ഇപ്പോഴത്തെ സാഹചര്യത്തിൽ, ഗവൺമെന്റുകൾ നിങ്ങളുടെ ശരീരത്തിനുള്ളിൽ എന്താണെന്ന് പോലും അറിയാൻ തത്പരരാണ്.

മുൻകാലങ്ങളിൽ ഗവണ്മെന്റുകൾക്ക് നിങ്ങൾ ഏത് വീഡിയോ ആണ് ഓൺലൈൻ കാണുന്നത് എന്നറിയാൻ സാധിച്ചിരുന്നു എങ്കിലും നമ്മുടെ മനോവിചാരങ്ങൾ അറിയാനുള്ള കഴിവില്ലായിരുന്നു. വരാനിരിക്കുന്ന കാലം നമ്മുടെ ശരീരോഷ്മാവ്, ഹൃദയമിടിപ്പ്, ഒക്കെ ബയോമെട്രിക് സർവൈലൻസിനു വിധേയമാക്കിക്കൊണ്ട് നമ്മൾ എന്ത് ചിന്തിക്കുന്നു എന്നുപോലും മനസ്സിലാക്കിയെടുക്കാൻ സർക്കാരുകൾക്ക് സാധിക്കും വിധത്തിലുള്ള നിരീക്ഷണസംവിധാനങ്ങളാണ്.

നമ്മളെ നിരീക്ഷിക്കാൻ ചുമതലപ്പെട്ടിരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥന്, വരും കാലങ്ങളിൽ നമ്മുടെ ഉള്ളിലെ കോപം, സങ്കടം, സന്തോഷം, ആനന്ദം ഒക്കെ നിരീക്ഷിച്ചറിയാൻ സാധിക്കുന്ന അവസ്ഥ സംജാതമാവാൻ പോവുകയാണ്. അത് നമ്മെ നയിക്കാൻ പോവുന്നത് ജോർജ് ഓർവെൽ സ്വപ്നം പോലും കാണാതിരുന്ന ഒരു സമഗ്രാധിപത്യവ്യവസ്ഥയിലേക്കാണ്. 
ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുമ്പോൾ തന്നെ ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്ക് ഭംഗം വരാതെ കാക്കാനും സാധിക്കും. സാധിക്കണം..! അതിനുള്ള വഴി സംവിധാനത്തിൽ ഉണ്ടായിരിക്കണം. ഇത്തരം മഹാമാരികൾ വരുമ്പോൾ അവയെ ട്രാക്ക് ചെയ്യാനും മോണിറ്റർ ചെയ്യാനും ഒക്കെ സാങ്കേതിക വിദ്യയുടെ സഹായം വേണ്ടി വരും നമുക്ക്. ഈ ആരോഗ്യ സംബന്ധിയായ നിരീക്ഷണങ്ങൾ നടത്താൻ വേണ്ടി വേറിട്ടൊരു ആരോഗ്യ അതോറിറ്റി തന്നെ ഉണ്ടാവേണ്ടതുണ്ട്. നിരീക്ഷണം വൺവേ ആകരുത്. പൗരന്മാരെ നിരീക്ഷിക്കാൻ സർക്കാരുകൾക്കുള്ളത്ര അവകാശം തന്നെ സർക്കാരുകളെ ഓഡിറ്റിങ്ങിനു വിധേയരാക്കാൻ പൗരന്മാർക്കും അവകാശമുണ്ടായിരിക്കണം. 

ഏകാധിപത്യമല്ല ഫലപ്രദമായ പരിഹാരം 

ഇന്ന് വല്ലാത്ത ഒരു അസുരക്ഷിതത്വം ജനതയെ ചൂഴ്ന്നു നിൽക്കുന്ന കാലമാണ്. മഹാമാരി ജീവനെടുക്കുമോ എന്ന ഭയം ഒരു ഭാഗത്ത്. ലോക്ക് ഡൌൺ കാരണം ഉണ്ടാകുന്ന സാമ്പത്തിക ആഘാതം കാരണം തൊഴിൽ നഷ്ടമുണ്ടാകുമോ എന്ന ആശങ്ക മറ്റൊരു ഭാഗത്ത്. അങ്ങനെ വരുമ്പോൾ പലർക്കും തോന്നും, ശക്തനായ, എല്ലാം അറിയുന്നൊരു ഭരണാധികാരി, മുന്നിൽ നിന്ന് നയിച്ചെങ്കിൽ നന്നായിരുന്നേനെ എന്ന്. അങ്ങനെ ഇച്ഛാശക്തിയുള്ള ഒരു നേതൃത്വത്തിനുവേണ്ടി തങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങൾ വേണ്ടെന്നു വെക്കാൻ പോലും താത്കാലികമായെങ്കിലും ജനം ഈ സാഹചര്യത്തിൽ തയ്യാറായേക്കും. ഈ ഗതികെട്ട അവസ്ഥ ഏറെ ദയനീയമാണ്. അതേ സമയം അത്യന്തം അപകടകരവുമാണത്. കാരണമെന്തെന്നാൽ, താത്കാലികമായി നിങ്ങൾ പണയം വെക്കുന്ന നിങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങൾ പിന്നീട് തിരികെ നൽകാനോ, നമ്മൾ കയറ്റി ഇരുത്തിയ സിംഹാസനങ്ങൾ കാലിയാക്കാനോ ഒന്നും സ്വേച്ഛാധിപതികൾ, രോഗഭീഷണി അടങ്ങിയാലും തയ്യാറായി എന്നുവരില്ല. അവർ എന്നും രാജ്യത്ത് അടിയന്തരാവസ്ഥ നിലനിർത്താൻ ശ്രമിക്കും. അധികാരം തങ്ങളിൽ തന്നെ കേന്ദ്രീകരിച്ചു നിർത്താനും. ഒന്നല്ലെങ്കിൽ മറ്റൊരു കാരണം പറയും എന്നുമാത്രം. പിന്നെ, രണ്ടാമത്തെ കാര്യം, മഹാമാരികളെ നേരിടുന്നകാര്യത്തിൽ സ്വേച്ഛാധിപത്യം ജനാധിപത്യക്രമങ്ങളെക്കാൾ ഭേദമാണ് എന്നത് വെറും തെറ്റിദ്ധാരണ മാത്രമാണ്. ഒരാൾ മാത്രമാണ് അധികാരത്തിൽ ഉള്ളതെങ്കിൽ തീരുമാനം വളരെ എളുപ്പത്തിൽ എടുക്കാം എന്നത് ശരിതന്നെ. എന്നാൽ ആ തീരുമാനം തെറ്റാണെങ്കിൽ അയാൾ അത് ഒരിക്കലും സമ്മതിക്കില്ല. തന്നെ ആ തെറ്റിന്റെ പേരിൽ എതിർക്കുന്ന, തെറ്റ് ലോകത്തോട് വിളിച്ചു കൂവുന്ന ന്യൂനപക്ഷത്തെ അടിച്ചമർത്താൻ വേണ്ടി അയാൾ തന്നിലേക്ക് വീണ്ടും അധികാരത്തെ കേന്ദ്രീകരിക്കും. ജനാധിപത്യങ്ങളിൽ നിരവധി പേരുടെ ഇടപെടൽ ഏതൊരു തീരുമാനത്തിലും ആവശ്യമുണ്ട്. അതുകൊണ്ട് പെട്ടെന്നൊരാളുടെ തിരുമണ്ടൻ തീരുമാനം ഒരുകാരണവശാലും നടപ്പിലാകില്ല. അതുകൊണ്ട് പ്രതിസന്ധി ഘട്ടങ്ങളിൽ പോലും ജനാധിപത്യം തന്നെയാണ് ഏകാധിപത്യത്തേക്കാൾ മെച്ചം. ഉദാ. ചൈന ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ചതിന്റെ മാതൃക പലയിടത്തും ചർച്ചക്ക് വിധേയമാക്കുന്നുണ്ട്. ചൈനയുടെ ഫലസിദ്ധിക്ക് കാരണം അവിടത്തെ ഏകാധിപത്യപരമായ ഭരണക്രമമാണ് എന്നതും എടുത്തു ഗണിക്കപ്പെടുന്നു. എന്നാൽ, ചൈനയോളം തന്നെ ഫലപ്രദമായി ഈ മഹാമാരിയെ നേരിട്ട മറ്റുരാജ്യങ്ങളാണ്, ദക്ഷിണ കൊറിയ, തായ്‌വാൻ, ന്യൂസിലൻഡ് എന്നിവ. ഇവയൊക്കെത്തന്നെ, തങ്ങളെ ഗ്രസിച്ച ഈ മഹാമാരിയെ ചൈനയേക്കാൾ നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്തവരാണ്. അവിടെ ഒക്കെയും നിലവിലുള്ളത് ജനാധിപത്യങ്ങൾ തന്നെയാണ്. 

മതത്തോടുള്ള ജനങ്ങളുടെ സമീപനം മാറും 

മതങ്ങളോടും മതനേതാക്കളോടുമുള്ള ജനങ്ങളുടെ നിലപാടുകൾ മാറാൻ സാധ്യത കാണുന്നുണ്ട് എന്നും ഹരാരി പറഞ്ഞു. " ഈ മതനേതാക്കളുടെയും പുരോഹിതന്മാരുടെയും ഒരു കാര്യം. അവർക്ക് മഹാമാരികളെ തടുത്തു നിർത്താനുള്ള കഴിവില്ല. ആകെയുള്ള കഴിവ് ന്യായം പറച്ചിലിൽ മാത്രമാണ്. എന്തെങ്കിലുമൊക്കെ വാഗ്ദാനങ്ങൾ നൽകുക. അവ നിറവേറാത്ത പക്ഷം വിശ്വസനീയമായ ന്യായീകരണങ്ങൾ നിരത്തുക. ഇതായിരുന്നു കഴിഞ്ഞ കുറേക്കാലമായിട്ടുള്ള  രീതി. ആ നേതാക്കൾ ഇപ്പോൾ കൊറോണാ വൈറസ് എങ്ങനെ പടർന്നു, എന്തുകൊണ്ട് മനുഷ്യർക്ക് ഇങ്ങനെ അസുഖങ്ങൾ വന്നു, ഇനിയും ഇങ്ങനെ എത്രകാലം എന്നതൊക്കെ സംബന്ധിച്ച കെട്ടുകഥകൾ ചമയ്ക്കുന്ന തിരക്കിലാണ്. എല്ലാം അടങ്ങുമ്പോൾ അവർ അത്തരം കഥകളുമായി രംഗത്തു വരും. അന്ന് അതൊക്കെ വിശ്വാസത്തിൽ എടുക്കാനും ആളുകളുണ്ടാകും. എന്നാൽ, നിങ്ങളുടെ രോഗത്തെ തിരിച്ചറിഞ്ഞ് അതിനുള്ള മരുന്ന് നിങ്ങൾക്ക് നൽകുന്ന ശാസ്ത്രജ്ഞനെയും, നിങ്ങളോട് കെട്ടുകഥകൾ പറഞ്ഞു നിങ്ങളെ മുട്ടുന്യായങ്ങൾ നിരത്തി കബളിപ്പിക്കുന്ന മത നേതാവിനെയും മുന്നിൽ നിർത്തി ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാൻ പറഞ്ഞാൽ അതിൽ ശാസ്ത്രജ്ഞനെ തെരഞ്ഞെടുക്കുന്നതാകും എല്ലാവർക്കും നല്ലത്. " അദ്ദേഹം തുടർന്നു 

കൊവിഡിനോടുള്ള ഇന്ത്യയുടെ പ്രതികരണത്തെപ്പറ്റി 

ഇന്ത്യയുടെ കൊവിഡ് പ്രതിരോധ നയത്തെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ,  "ഇന്ത്യയെപ്പറ്റി പറയാൻ ഞാനൊരു ഇന്ത്യാ വിദഗ്ദ്ധനോ, ഇവിടെ നടക്കുന്ന കാര്യങ്ങളെപ്പറ്റി അഗാധമായ അറിവുള്ളവനോ അല്ല. എന്നാലും, ഇന്ത്യാ നേരിടുന്നത് വലിയൊരു പ്രതിസന്ധിയാണ് എന്ന് ഞാൻ കരുതുന്നു. മുൻകാലങ്ങളിലെ മഹാമാരികൾ ഇന്ത്യയെ വല്ലാതെ വലച്ചിട്ടുള്ളവയാണ്. 1918 -ലെ സ്പാനിഷ് ഫ്ലൂ ഇന്ത്യയെ തുലച്ചു കളഞ്ഞ ഒന്നാണ്. ഇന്ത്യാ ഗവൺമെന്റിന്റെ പ്രതികരണം വീണ്ടും വിധമാണോ എന്ന് പറയാനും മാത്രം വിവരങ്ങൾ എന്റെ പക്കലില്ല. എനിക്ക് ഇവിടത്തെ സാഹചര്യത്തെപ്പറ്റി കൃത്യമായ ധാരണയില്ല. എന്നാലും എനിക്ക് ഇവിടത്തെ ജനങ്ങളോട് പറയാനുള്ളത് ഒന്നുമാത്രമാണ്. സഹജീവികളോടുള്ള വെറുപ്പുകൊണ്ടല്ല രോഗത്തെ നേരിടേണ്ടത്. മറ്റുള്ള രാജ്യങ്ങളോടും, സ്വന്തം രാജ്യത്തെ വ്യത്യസ്ത സമൂഹങ്ങൾക്കിടയിലും ഐക്യം നിലനിർത്തിക്കൊണ്ടാണ്" "അടുത്തിടെ എന്റെ കണ്മുന്നിൽ വന്ന ചില വാർത്തകൾ ഏറെ വിഷമിപ്പിക്കുന്നതാണ്. ചിലർ ഈ മഹാമാരി ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ ഗൂഢാലോചനയാണ് എന്നമട്ടിൽ പ്രതികരിച്ചു കാണുന്നു. വിശേഷിച്ച് മുസ്ലിംകളുടെ. കൊവിഡ് ബാധ ഒരു ഭീകരാക്രണമാണ് എന്ന് വരെ പറഞ്ഞവരുണ്ട്. ആ പറയുന്നത് ശുദ്ധ ഭോഷ്കാണ്. അത് വളരെയധികം അപകടകരമായ ഒരു പ്രസ്താവനയാണ്.   നമ്മുടെ സമൂഹത്തിന് ഇനിയും വെറുപ്പ് താങ്ങാനുള്ള ശേഷിയില്ല. നമുക്ക് ഇനിയാവശ്യം മനുഷ്യർക്കിടയിലെ ഐക്യമാണ്. സഹജീവികൾക്കിടയിലെ സ്നേഹമാണ്. അതുമാത്രമാണ് പരിഹാരം. " ഹരാരി പറഞ്ഞു