മുസഫർനഗർ എന്ന പേരുകേട്ടാൽ നമുക്കാദ്യം ഓർമ വരിക ഒരു വലിയ ഹിന്ദു മുസ്‌ലിം ലഹളയുടെ ദൃശ്യങ്ങളാണ്. അവിടെ ലദ്ദേവാലയിലേക്ക് പോകുന്ന വഴിയിൽ ഒരു ചെറിയ നാലും കൂടിയ മുക്കുണ്ട്. അവിടെ നിന്ന് അകത്തേക്കൊരു ഗലിയും. ഇരു വശത്തും കോൺക്രീറ്റിന്റെ ഇരുനിലക്കെട്ടിടങ്ങൾ. അകത്തേക്ക് നടക്കുംതോറും ചുരുങ്ങിച്ചുരുങ്ങി മൂന്നോ നാലോ അടി മാത്രമാകും വഴിയുടെ വീതി. ആ ഇടുങ്ങിയ ഗലിയുടെ ആളൊഴിഞ്ഞ ഒരു മൂലയ്ക്കലായി ഒരു ചെറിയ അമ്പലമുണ്ട്. അത് തൊണ്ണൂറുകളുടെ തുടക്കം വരെ അതിനുചുറ്റും പാർത്തിരുന്ന ഹിന്ദുക്കൾ വെച്ചാരാധിച്ചിരുന്ന ഇടമാണ്. ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ട ശേഷം നാട്ടിലെങ്ങും ലഹളകൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ ലദ്ദേവാലയിലുമുണ്ടായി ചില്ലറ ലഹളകൾ. അതോടെ ഇവിടെ താമസിച്ചിരുന്ന ഹിന്ദു കുടുംബങ്ങൾ പ്രാണഭയം മൂത്ത്, എല്ലാം ഇട്ടെറിഞ്ഞ് ജീവനും കൊണ്ടോടും വഴി, തങ്ങളുടെ അമ്പലത്തിന്റെ ശ്രീകോവിൽ തുറന്ന് മൂർത്തിയെയും കൂടെക്കൂട്ടി. അതോടെ ആ അമ്പലം അനാഥമായി.

അങ്ങനൊരു സംഭവം  നടന്നിട്ട് വർഷം ഇരുപത്താറു കഴിഞ്ഞിരിക്കുന്നു. അവിടമിപ്പോൾ നമ്മുടെ നാടിനാകെ മാതൃകയാണ്. തങ്ങളുടെ ഹിന്ദു സഹോദരർ എന്നെങ്കിലും തിരിച്ചുവരും എന്ന പ്രതീക്ഷയിൽ ആ ചുറ്റുവട്ടത്ത് താമസിക്കുന്ന മുസ്ലീങ്ങൾ ചേർന്നുകൊണ്ട് ഇത്രയും കാലമായി പരിപാലിച്ചു പോരുകയാണ് ആ ആരാധനാലയം. മാറാലയ്‌ക്കോ ചിതലിനോ ഒന്നും വിട്ടുകൊടുക്കാതെ, എല്ലാ ദീപാവലിക്കും പെയിന്റടിച്ച് പുത്തനാക്കി, ഇടക്കൊക്കെ ഒന്ന് കഴുകിയിറക്കി, അലഞ്ഞു തിരിഞ്ഞു നടക്കുന്ന പട്ടികളോ പശുക്കളോ ഒന്നും കേറിക്കൂടാതെ അവർ ആ അമ്പലത്തെ പരിപാലിക്കുന്നു.
 
മുസ്‌ലിങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ് ലദ്ദേവാല. അവിടെ ജനിച്ചു വളർന്ന മെഹർബാൻ അലി എന്ന അറുപതുകാരൻ ഇന്നും ആ ദിവസം ഓർക്കുന്നുണ്ട്, " ജിതേന്ദർ കുമാർ എന്നൊരു സ്നേഹിതനുണ്ടായിരുന്നു എനിക്ക്. ലഹള തുടങ്ങിയപ്പോൾ അവനും കുടുംബവും പോകാനൊരുങ്ങി. ഞാൻ തടയാൻ നോക്കിയിട്ടും അവർ നിന്നില്ല. പറഞ്ഞു എന്നോട്, എന്നെങ്കിലും ഒരു ദിവസം സ്വന്തം വീട്ടിലേക്കുതന്നെ തിരിച്ചു വരുമെന്ന്. ഞാൻ ഇന്നും കരുതുന്നത് അവനും കുടുംബവും എന്നെങ്കിലും ഒരു ദിവസം തിരിച്ചു വരും എന്നുതന്നെയാണ്. എന്നെപ്പോലെ പലരുടെയും സ്നേഹിതൻമാർ ഇങ്ങനെ പോയിട്ടുണ്ട്. അവർ തിരിച്ചുവരുമ്പോൾ, നിങ്ങളെന്തേ ഞങ്ങളുടെ അമ്പലം കാടുകേറി നശിക്കാൻ വിട്ടതെന്ന് ചോദിച്ചാൽ ഞങ്ങളെന്തുപറയും..? അതാണ് ഞങ്ങൾ പാമ്പിനും പല്ലിക്കും ഒന്നും വിട്ടുകൊടുക്കാതെ അത് ഇന്നും പരിപാലിക്കുന്നത്.." അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
 
ലദ്ദേവാലയിൽ താമസിക്കുന്ന 35 മുസ്‌ലിം കുടുംബങ്ങൾ അവിടെയുണ്ടായിരുന്ന ഇരുപതോളം ഹിന്ദു കുടുംബങ്ങളുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. ചുരുങ്ങിയത് അമ്പത് വർഷത്തെ പഴക്കമെങ്കിലും കാണും ആ അമ്പലത്തിന്. അന്ന് മുതലേ തന്നെ അവിടെ താമസിച്ചു പോന്നിരുന്നവരാണ് ആ ഹിന്ദുക്കളും. " എല്ലാക്കൊല്ലവും ദീപാവലിക്ക് തൊട്ടുമുമ്പ് ഞങ്ങൾ ഇവിടുള്ളവർ പിരിവിട്ട് പെയിന്റുവാങ്ങി, എല്ലാവരും ചേർന്ന് അമ്പലത്തിന്റെ ചുവരുകൾ മുടങ്ങാതെ വെള്ളവലിക്കും. ഇടയ്ക്കിടെ ഉളിലുള്ള പൊടിയൊക്കെ അടിച്ച് വൃത്തിയാക്കും. ഒക്കെ, എന്നെങ്കിലും അവർ തിരിച്ചുവന്നാൽ അമ്പലം പഴയപോലെ അവരെ തിരിച്ചേൽപ്പിക്കാൻ വേണ്ടി മാത്രമാണ്..." സഹീർ അഹമ്മദ് എന്ന മറ്റൊരു യുവാവ് പറഞ്ഞു.