ദക്ഷിണാഫ്രിക്കയിൽ നിന്ന് 60,000 വർഷം പഴക്കമുള്ള വിഷം പുരട്ടിയ അമ്പുകൾ ശാസ്ത്രജ്ഞർ കണ്ടെത്തി. ഇരയെ തളർത്താൻ ഉപയോഗിച്ചിരുന്ന ഈ പുരാതന ആയുധങ്ങൾ, ആദിമ മനുഷ്യരുടെ ഉയർന്ന ചിന്താശേഷിയുടെയും ആസൂത്രണ മികവിൻ്റെയും തെളിവാണ്. 

നുഷ്യർ നൂതനമായ വേട്ടയാടൽ ഉപകരണങ്ങൾ ഉപയോഗിച്ചു തുടങ്ങിയത് നമ്മൾ കരുതിയതിനേക്കാൾ വളരെ മുൻപേയാണെന്ന് തെളിയിക്കുന്ന പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു - നതാലിലുള്ള (KwaZulu-Natal) ഉംഹ്ലാതുസാന റോക്ക് ഷെൽട്ടറിൽ (Umhlatuzana Rock Shelter) നിന്നാണ് ഈ അപൂർവ്വ കണ്ടെത്തൽ. ഇവിടെ നിന്നും കണ്ടെത്തിയ ഈ പുരാതന ആയുധങ്ങൾ മനുഷ്യ ചരിത്രത്തെക്കുറിച്ചുള്ള നമ്മുടെ പല ധാരണകളെയും തിരുത്തിക്കുറിക്കുന്നതാണ്. ഇരയെ തളർത്തി പിടികൂടുന്നതിനായി വിഷം പുരട്ടിയ അമ്പുകൾ 60,000 വർഷം മുമ്പ് തന്നെ മനുഷ്യൻ ഉപയോഗിച്ചിരുന്നു. ഇത്തരമൊരു ആയുധമാണ് ഗവേഷക സംഘം കണ്ടെത്തിയത്. സ്വീഡനിലെയും ദക്ഷിണാഫ്രിക്കയിലെയും ഗവേഷകർ ചേർന്ന് നടത്തിയ പഠനം 'സയൻസ് അഡ്വാൻസസ്' ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

കിഴങ്ങിൽ നിന്നും വിഷം

അമ്പുകളിൽ പുരട്ടിയിരുന്ന വിഷം ഇരയെ പെട്ടെന്ന് കൊല്ലുന്നവയായിരുന്നില്ല. പകരം, അവ മൃഗത്തിന്‍റെ വേഗത കുറയ്ക്കുകയും ശരീരത്തെ തളർത്തുകയും ചെയ്യുന്നു. ഇതുമൂലം വേട്ടക്കാർക്ക് ഇരയെ എളുപ്പത്തിൽ പിന്തുടർന്ന് പിടികൂടാൻ സഹായകമായി. പ്ലീസ്റ്റോസീൻ (Pleistocene) കാലഘട്ടത്തിലെ വേട്ടക്കാർക്ക് കാര്യങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനുമുള്ള മികച്ച ബുദ്ധിശക്തി ഉണ്ടായിരുന്നുവെന്ന് ഇത് തെളിയിക്കുന്നതായാണ് ​ഗവേഷകർ പറയുന്നത്. ദക്ഷിണാഫ്രിക്കയിൽ കണ്ടുവരുന്ന 'ബൂഫോൺ ഡിസ്റ്റിക്ക' (Boophone disticha) എന്ന സസ്യത്തിന്‍റെ കിഴങ്ങിൽ നിന്നാണ് ഈ വിഷം മനുഷ്യൻ വേർതിരിച്ചെടുത്തത്. പിൽക്കാലത്തെ പല ഗോത്രവർഗ്ഗക്കാരും ഇതേ വിഷം തന്നെ അമ്പുകളിൽ ഉപയോഗിച്ചിരുന്നതായും ഗവേഷകർ നിരീക്ഷിച്ചു. വെറും 20 മുതൽ 30 മിനിറ്റിനുള്ളിൽ ഒരു എലിയെ കൊല്ലാൻ ഈ വിഷത്തിന് സാധിക്കും. മനുഷ്യരിൽ ഇത് മനംപുരട്ടൽ, കാഴ്ച മങ്ങൽ, പേശി തളർച്ച എന്നിവയ്ക്ക് കാരണമാകുന്നു.

മുമ്പ് കണ്ടെത്തിയ വിഷം പുരട്ടിയ ഏറ്റവും പഴയ അമ്പുകൾക്ക് ഏകദേശം 4,000 മുതൽ 8,000 വർഷം വരെ (മിഡ്-ഹോളോസീൻ കാലഘട്ടം) പഴക്കം മാത്രമേ കണക്കാക്കിയിരുന്നുള്ളൂ. എന്നാൽ ഈ പുതിയ കണ്ടെത്തൽ ഇതിനെ 60,000 വർഷങ്ങൾക്ക് പിന്നിലേക്ക് കൊണ്ടുപോയി. ഈ കണ്ടെത്തൽ കേവലം ഒരു ആയുധത്തിന്‍റെ മാത്രം കഥയല്ല, മറിച്ച് അന്നത്തെ മനുഷ്യരുടെ ഉയർന്ന ചിന്താശേഷിയുടെ തെളിവാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ സ്റ്റോക്ക്ഹോം സർവകലാശാലയിലെ പ്രൊഫസർ സ്വെൻ ഐസക്സൺ ചൂണ്ടിക്കാട്ടുന്നു. ഒരു അമ്പിൽ പുരട്ടുന്ന പദാർത്ഥം മണിക്കൂറുകൾക്കുള്ളിൽ ഇരയെ തളർത്താൻ കഴിയുമെന്ന് ആദിമ മനുഷ്യൻ മനസ്സിലാക്കുന്നത് വലിയൊരു കാര്യമാണ്. ഒരു പ്രവൃത്തി ചെയ്താൽ ഭാവിയിൽ അതിന്‍റെ ഫലം എന്തായിരിക്കുമെന്ന് മുൻകൂട്ടി കാണാൻ 60,000 വർഷം മുമ്പ് തന്നെ അവർക്ക് കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കാലാതീതമായ വിഷം

ചരിത്രാതീത കാലത്തെ (Prehistoric) അമ്പുകളിലും, അതിനുശേഷം വളരെക്കാലം കഴിഞ്ഞ് ഉപയോഗിച്ചിരുന്ന ചരിത്രപരമായ (Historical) അമ്പുകളിലും ഒരേ വിഷത്തിന്‍റെ അംശങ്ങൾ തന്നെ കണ്ടെത്താൻ കഴിഞ്ഞുവെന്നത് വളരെ പ്രാധാന്യമർഹിക്കുന്നു. ഇത് സൂചിപ്പിക്കുന്നത്, പ്രകൃതിയിലെ ഈ പ്രത്യേക വിഷത്തെക്കുറിച്ചുള്ള അറിവും അത് ഉപയോഗിക്കുന്ന രീതിയും പതിനായിരക്കണക്കിന് വർഷങ്ങളായി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിരുന്നുവെന്നാണ്. അമ്പുകളിൽ ഉപയോഗിച്ചിരുന്ന ഈ പദാർത്ഥങ്ങളുടെ രാസഘടനയെക്കുറിച്ച് പഠിച്ചപ്പോൾ ഗവേഷകർക്ക് മറ്റൊരു അത്ഭുതകരമായ കാര്യം മനസ്സിലായി. മണ്ണിൽ പതിനായിരക്കണക്കിന് വർഷങ്ങൾ പുതഞ്ഞു കിടന്നിട്ടും ഈ പദാർത്ഥങ്ങൾ നശിച്ചു പോകാതെ അവയുടെ ഗുണങ്ങൾ നിലനിർത്തി എന്നാണ് ​ഗവേഷകർ പറയുന്നത്. അതായത് ദീർഘകാലം മണ്ണിൽ മാറ്റമില്ലാതെ നിലനിൽക്കാൻ ഈ വിഷത്തിന് കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു എന്ന് ചുരുക്കം.