Asianet News MalayalamAsianet News Malayalam

മ്യാൻമറിൽ അമേരിക്കൻ മാധ്യമപ്രവർത്തകനെതിരെ തീവ്രവാദക്കുറ്റം, ജീവപര്യന്തം തടവുവരെ കിട്ടാവുന്ന കുറ്റം

അദ്ദേഹത്തിന്റെ സഹോദരൻ ബ്രയാൻ ഫെൻസ്റ്റർ റോയിട്ടേഴ്‌സിന് അയച്ച സന്ദേശത്തിൽ പറഞ്ഞു: "ഡാനിക്കെതിരെ ചുമത്തിയ മറ്റ് ആരോപണങ്ങളെക്കുറിച്ചോര്‍ത്ത് ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു." 

Myanmar charged US journalist with terrorism
Author
Myanmar (Burma), First Published Nov 11, 2021, 3:27 PM IST

സൈന്യമാണ് നിലവിൽ മ്യാൻമർ(Myanmar) ഭരിക്കുന്നത്. ഇപ്പോഴിതാ, ഒരു അമേരിക്കൻ പത്രപ്രവർത്തകനെ(American journalist)തിരെ രാജ്യദ്രോഹത്തിനും തീവ്രവാദത്തിനും കുറ്റം ചുമത്തിയിരിക്കുകയാണ്. പരമാവധി ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് മാധ്യമപ്രവര്‍ത്തകനെതിരെ ചുമത്തിയിരിക്കുന്നതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പറയുന്നു. ഫ്രോണ്ടിയർ മ്യാൻമറിന്റെ മാനേജിംഗ് എഡിറ്ററായ ഡാനി ഫെൻസ്റ്ററിനെ(Danny Fenster -37) മെയ് മാസത്തിൽ യാങ്കൂൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരുന്നു. ഫെബ്രുവരിയിൽ നടന്ന അട്ടിമറിക്ക് ശേഷം ഡസൻ കണക്കിന് പ്രാദേശിക മാധ്യമപ്രവർത്തകർ തടവിലാക്കപ്പെട്ടിരുന്നു. 

ചുമത്തിയിരിക്കുന്ന ആരോപണങ്ങളിൽ ഫെൻസ്റ്ററിന്റെ വിചാരണ നവംബർ 16 -ന് ആരംഭിക്കും. സൈന്യത്തിനെതിരായ വിയോജിപ്പ് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനം നടത്തി, നിയമവിരുദ്ധമായ കൂട്ടുകെട്ട്, ഇമിഗ്രേഷൻ നിയമം ലംഘിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി അദ്ദേഹം ഇതിനകം വിചാരണയിലാണ്. എന്നാൽ, പുതിയ കുറ്റങ്ങൾ ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്നത്രയും ഗുരുതരമാണ്. 

സൈനിക നേതാക്കൾ അധികാരം പിടിച്ചെടുത്തതിനെത്തുടർന്ന് ഈ വർഷം ആദ്യം നടന്ന രക്തരൂക്ഷിതമായ പ്രകടനങ്ങളിൽ ആയിരക്കണക്കിന് ആളുകൾ മ്യാൻമറിൽ തടവിലാക്കപ്പെട്ടിരുന്നു. രാഷ്ട്രീയ തടവുകാർക്കായുള്ള അസിസ്റ്റൻസ് അസോസിയേഷൻ പറയുന്നതനുസരിച്ച്, ആങ് സാന്‍ സ്യൂചിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിനെ തുടർന്നുണ്ടായ വിയോജിപ്പിനെതിരെയുള്ള അടിച്ചമർത്തലിനിടെ 1,178 പേർ കൊല്ലപ്പെടുകയും 7,355 പേരെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തി ശിക്ഷിക്കുകയും ചെയ്തു. 

അതിനുശേഷം സൈന്യം രാജ്യത്തെ സ്വതന്ത്ര മാധ്യമങ്ങളെ അടിച്ചമർത്തുകയും ഡസൻ കണക്കിന് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സൈനിക സർക്കാർ കഴിഞ്ഞ മാസം നൂറുകണക്കിന് രാഷ്ട്രീയ തടവുകാരെ വിട്ടയച്ചെങ്കിലും ഫെൻസ്റ്റർ അവരിൽ ഉണ്ടായിരുന്നില്ല. ഫെൻസ്റ്ററിനെ ഉടൻ മോചിപ്പിക്കണമെന്ന് മ്യാൻമർ ഭരണകൂടത്തോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. “ഡാനിയുടെ തടങ്കലിന്റെ അന്യായമായ സ്വഭാവം ലോകത്തിന് കാണാൻ കഴിയും” സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് എഎഫ്‌പിയോട് പറഞ്ഞു. "അദ്ദേഹത്തെ ഇപ്പോൾ വിട്ടയക്കാനുള്ള വിവേകപൂർണ്ണമായ നടപടി ഭരണകൂടം സ്വീകരിക്കണം... തടങ്കലിൽ വയ്ക്കുന്നത് നീണ്ടുപോകുന്നത് അംഗീകരിക്കാനാവില്ല. പത്രപ്രവർത്തനം കുറ്റകരമല്ല" എന്നും അദ്ദേഹം പറയുന്നു. 

അദ്ദേഹത്തിന്റെ സഹോദരൻ ബ്രയാൻ ഫെൻസ്റ്റർ റോയിട്ടേഴ്‌സിന് അയച്ച സന്ദേശത്തിൽ പറഞ്ഞു: "ഡാനിക്കെതിരെ ചുമത്തിയ മറ്റ് ആരോപണങ്ങളെക്കുറിച്ചോര്‍ത്ത് ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു." ഫ്രോണ്ടിയർ മ്യാൻമർ, യാങ്കൂൺ ആസ്ഥാനമായുള്ള ഒരു ഇംഗ്ലീഷ് ഭാഷാ വാർത്താ മാസികയും വെബ്‌സൈറ്റും ആണ്. അത് സൈനിക അട്ടിമറിയെക്കുറിച്ച് വിപുലമായി റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. ഫ്രോണ്ടിയർ മ്യാൻമറിൽ ഒരു വർഷത്തോളം ജോലി ചെയ്തിരുന്ന ഫെൻസ്റ്റർ, മെയ് മാസത്തിൽ തന്റെ കുടുംബത്തെ കാണാൻ രാജ്യത്തിന് പുറത്തേക്ക് പോകാനിരിക്കെയാണ് അറസ്റ്റിലായത്. അന്നുമുതൽ അദ്ദേഹം യാംഗൂണിലെ കുപ്രസിദ്ധമായ ഇൻസെയിൻ ജയിലിലാണ്.

Follow Us:
Download App:
  • android
  • ios