കാണാതാവലിന്‍റെ കഥകള്‍ നാം പലപ്പോഴും പലയിടത്തുനിന്നുമായി കേള്‍ക്കാറുണ്ട്. ചില മനുഷ്യരൊക്കെ എന്ത് സംഭവിച്ചു, എങ്ങോട്ട് പോയി എന്നതിനെ കുറിച്ച് യാതൊരു വിവരവും കിട്ടാറില്ല. ഇവരുടെയൊന്നും മൃതദേഹവും കിട്ടാറില്ല. അതുകൊണ്ടുതന്നെ എന്താണ് സംഭവിച്ചതെന്നറിയുകയും സാധ്യമല്ലായിരുന്നു. അത്തരത്തിലുള്ള ചില കാണാതാവലുകളാണിവ.

മാര്‍ട്ടിന്‍ ഫാമിലി (ഒറിഗോണ്‍ -1958): മാര്‍ട്ടിന്‍ കുടുംബത്തിന് എന്താണ് സംഭവിച്ചതെന്നത് എക്കാലവും നിഗൂഢമായി തുടരുന്ന ഒന്നാണ്. വീട്ടിലേക്ക് കാറോടിച്ച് വരികയായിരുന്നു ഈ കുടുംബം. ക്രിസ്മസ് അലങ്കാരത്തിനാവശ്യമായ വസ്‍തുക്കള്‍ ശേഖരിക്കുന്നതിനായിപ്പോയതായിരുന്നു അവര്‍. അതില്‍ കെന്നത്ത് മാര്‍ട്ടിന്‍ എന്ന അമ്പത്തിനാലുകാരന്‍, അയാളുടെ ഭാര്യ 48 -കാരിയായ ബാര്‍ബറ മാര്‍ട്ടിന്‍, അവരുടെ മൂന്ന് പെണ്‍മക്കളായ ബാര്‍ബറ ബാര്‍ബി (14), വെര്‍ജീനിയ (13), സൂസന്‍ (11) എന്നിവരാണുണ്ടായിരുന്നത്.

അവരുടെ മൂത്ത മകന്‍ ആ സമയം സ്ഥലത്തില്ലായിരുന്നു. കൊളംബിയ നദിക്കടുത്തുവെച്ചാണ് കുടുംബത്തെ കാണാതെയാവുന്നത്. ഇവരുടെ കാര്‍ നദിയിലേക്ക് പതിച്ചതാണ് എന്നാണ് കരുതുന്നത്. എന്നാല്‍, മൃതദേഹമൊന്നും തന്നെ കണ്ടെടുക്കാനായിരുന്നില്ല. കുറേ മാസങ്ങള്‍ക്കുശേഷം സൂസന്നിന്‍റെയും വെര്‍ജീനിയയുടെയും മൃതദേഹങ്ങള്‍ കണ്ടുകിട്ടി. അതും 30 മൈല്‍ അകലെ നിന്നാണ് മൃതദേഹം കിട്ടിയത്. യഥാര്‍ത്ഥത്തില്‍ മാര്‍ട്ടിന്‍ കുടുംബത്തിന് എന്താണ് സംഭവിച്ചതെന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിന്നും നിഗൂഢതയായി അവശേഷിക്കുന്നു. 

ബോബി ദന്‍ബര്‍ (ലൂസിയാന 1912): അമേരിക്കക്കാരനായ ഈ നാലുവയസ്സുകാരനെ കാണാതായതും തിരിച്ചുകിട്ടിയതും അന്ന് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍, ഈ കുട്ടിയും പിന്നീട് കണ്ടെത്താനാവാത്തവരുടെ കൂട്ടത്തില്‍ തന്നെ പെടുകയാണുണ്ടായത്. എങ്ങനെയെന്നല്ലേ, തിരിച്ചുകിട്ടിയത് ബോബിയെ അല്ലായെന്ന് പിന്നീട് ഡിഎന്‍എ ടെസ്റ്റില്‍ തെളിയുകയായിരുന്നു. ലൂസിയാനയിലെ പെഴ്സി ദന്‍ബര്‍, ലെസ്സീ ദമ്പതികളുടെ മകനായിരുന്നു ബോബി. 1912 ആഗസ്‍തില്‍ ഇവരുടെ കുടുംബം അടുത്ത തടാകത്തിലേക്ക് ഒരു ഫിഷിംഗ് ട്രിപ്പ് നടത്തി. ആ യാത്രക്കിടെയാണ് ബോബിയെ കാണാതാവുന്നത്. അന്ന് പത്രങ്ങളിലെല്ലാം കുട്ടിയെ അന്വേഷിച്ചുകൊണ്ടുള്ള വാര്‍ത്ത വന്നു. എട്ട് മാസത്തെ അന്വേഷണങ്ങള്‍ക്കുശേഷം അധികൃതര്‍ ബോബിയുടെ രൂപസാദൃശ്യമുള്ള ഒരു കുഞ്ഞിനെ കണ്ടെത്തി. 

മിസിസിപ്പിയിലുള്ള വാൾട്ടര്‍, ജൂലിയ ആൻഡേഴ്സൺ എന്നിവരുടെ കയ്യിലായിരുന്നു കുഞ്ഞ്. അത് ആന്‍ഡേഴ്സണ്‍ കുടുംബത്തിന്‍റെ കുഞ്ഞാണെന്ന് അവര്‍ പറഞ്ഞുവെങ്കിലും അത് സമ്മതിക്കാന്‍ ആരും തയ്യാറായില്ല. കേസ് കോടതിയിലെത്തി ആന്‍ഡേഴ്സണ്‍ കുടുംബത്തിന് ഒരു വക്കീലിനെ വയ്ക്കാനുള്ള പണമുണ്ടായിരുന്നില്ല. ഒടുവില്‍ അത് ബോബിയാണെന്നും ദര്‍ബന്‍ കുടുംബത്തിന് കുട്ടിയെ കൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അവന്‍ ബോബിയായി ജീവിതകാലം മുഴുവനും ദര്‍ബന്‍ കുടുംബത്തോടൊപ്പം കഴിയുകയും ചെയ്തു. എന്നാല്‍, 2004 -ലെ ഡിഎന്‍എ പരിശോധനയില്‍ മിസിസിപ്പിയില്‍ നിന്നും കണ്ടെത്തി ബോബിയെന്ന് കരുതിയ കുട്ടിക്ക് ദര്‍ബന്‍ കുടുംബവുമായി ഒരു ബന്ധവുമില്ലെന്ന് കണ്ടെത്തുകയുണ്ടായി. യഥാര്‍ത്ഥ ബോബി എവിടെയാണ് എന്നത് അപ്പോഴും കണ്ടെത്താനായില്ല. 

ബില്ലി ഗാഫ്‍നി (ന്യൂയോര്‍ക്ക്, 1927): നാലുവയസ്സുകാരനായ ബില്ലി ഗാഫ്‍നി മൂന്നു വയസ്സുകാരനായ തന്‍റെ കൂട്ടുകാരനൊപ്പം അപാര്‍ട്‍മെന്‍റിന് പുറത്ത് കളിക്കുകയായിരുന്നു. കുറച്ച് നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ട് കുട്ടികളെയും കാണാതായി. മൂന്നുവയസ്സുകാരനെ കുറച്ച് കഴിഞ്ഞപ്പോള്‍ അപാര്‍ട്‍മെന്‍റിന്‍റെ ടെറസിന് മുകളില്‍ കണ്ടെത്തി. ചാരനിറത്തിലുള്ള മീശയുള്ള ഒരാളാണ് ബില്ലിയെ തട്ടിക്കൊണ്ടുപോയതെന്ന് അവന്‍ പറയുകയുണ്ടായി. ആ കുഞ്ഞിന്‍റെ വിരണത്തിലുള്ളയാള്‍ക്ക് സീരിയല്‍ കില്ലറായ ആല്‍ബര്‍ട്ട് ഫിഷുമായി നല്ല സാമ്യമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അയാള്‍ കുറ്റം സമ്മതിച്ചുവെങ്കിലും ബില്ലിയുടെ മൃതദേഹമോ അവശിഷ്‍ടങ്ങളോ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. 

മേരി ആഗ്നസ് (ഇല്ലിനോയിസ്, 1930): രണ്ടാമത്തെ വയസ്സിലാണ് മേരി മൊറോണി ആഗ്നസിനെ കാണാതെയാവുന്നത്. മാന്ദ്യകാലമായിരുന്നു അത്. മേരിയുടെ വീട്ടുകാരും ദാരിദ്ര്യത്തിലായിരുന്നു. ആയിടയ്ക്കാണ് സോഷ്യല്‍ വര്‍ക്കറാണെന്ന് പറഞ്ഞ് ജൂലിയ ഓട്ടിസ് എന്ന് സ്വയം പരിചയപ്പെടുത്തി ഒരു സ്ത്രീ വരുന്നത്. മേരിയുടെ അമ്മ കാതറീന്‍റെ സങ്കടങ്ങളും പരാധീനതകളുമെല്ലാം കേട്ട് കഴിഞ്ഞപ്പോഴാണ് ജൂലിയ പറയുന്നത്, മേരിയെ കാലിഫോര്‍ണിയയിലേക്ക് കൊണ്ടുപോയി താന്‍ നോക്കിക്കൊള്ളാമെന്നും അവള്‍ക്ക് നല്ല ആഹാരവും മറ്റും കൊടുത്ത് അവളെ തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയിലാക്കി മാറ്റാമെന്നുമാണ്. അതിനുശേഷം തിരികെയെത്തിക്കാമെന്നും പറഞ്ഞു. എന്നാല്‍, കാതറീന്‍ അതിനെ എതിര്‍ത്തു. ജൂലിയ പക്ഷേ വിട്ടില്ല, തിരികെ കൊണ്ടുവന്നാക്കുമെന്ന് സത്യം ചെയ്തു. കാതറീന്‍റെ ഭര്‍ത്താവിന് നല്ലൊരു ജോലിയും വാഗ്ദ്ധാനം ചെയ്തു. അവളുടെ മാന്യമായ വേഷവും സംസാരരീതിയുമെല്ലാം കണ്ടപ്പോള്‍ അവളെ വിശ്വസിച്ച കാതറീന്‍ ഒടുവില്‍ മേരിയെ വിട്ടയച്ചു. എന്നാല്‍, പിന്നീടൊരിക്കലും ജൂലിയയോ മേരിയോ തിരികെയെത്തിയില്ല. 

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മേരിയുടെ വീട്ടുകാരെ തേടി ഒരു കത്ത് വന്നു. 'ഞാന്‍ നിങ്ങളുടെ കുഞ്ഞിനെ കാലിഫോര്‍ണിയയിലേക്ക് കൊണ്ടുപോവുകയാണ്. അവളെ പരിചരിക്കുന്നതിനായി ഒരു പ്രത്യേകം നഴ്സിനെ തന്നെ നിയമിച്ചിട്ടുണ്ട്. രണ്ട് മാസം കഴിഞ്ഞാല്‍ ഞങ്ങള്‍ തിരികെ വരും. അപ്പോള്‍ നിങ്ങള്‍ക്കവളെ നോക്കാം. അവളൊട്ടും കരയുന്നില്ല. അവളൊരു രാജകുമാരിയെപ്പോലെയായിട്ടുണ്ട്. അവളെ കുറിച്ചോ ഒന്നിനെ കുറിച്ചോ ആശങ്കപ്പെടേണ്ട. നിങ്ങള്‍ക്കീ കത്ത് കിട്ടുമ്പോഴേക്കും ഞങ്ങള്‍ യാത്രയിലായിരിക്കും' എന്നായിരുന്നു അതിലെഴുതിയിരുന്നത്. ജൂലിയ ഓട്ടിസ് എന്ന പേരില്‍ അവര്‍ക്ക് ലഭിച്ച അവസാന സന്ദേശം അതായിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ജൂലിയയുടെ കസിനാണ് എന്ന് പരിചയപ്പെടുത്തിക്കൊണ്ട് ആലിസ് ഹെന്‍ഡേഴ്സണ്‍ എന്ന പേരിലൊരു കത്ത് വന്നു. അതില്‍ താന്‍ ജൂലിയയുടെ കസിനാണ് എന്നാണ് എഴുതിയിരുന്നത്. ജൂലിയയുടെ ഭര്‍ത്താവും കുഞ്ഞും മരിച്ചുപോയി എന്നും അതിനാല്‍ അവള്‍ സ്നേഹത്തിന് വേണ്ടി ദാഹിക്കുകയാണെന്നും എഴുതിയിരുന്നു. പിന്നീടൊരിക്കലും ആലിസിന്‍റെ പേരിലും കത്ത് വന്നില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത് ജൂലിയ എന്ന പേരിലും ആലീസ് എന്ന പേരിലും എഴുതിയിരിക്കുന്നത് ഒരേയാളാണ്, സമാനമായ കയ്യക്ഷരമാണ് എന്നാണ്. ഏതായാലും മേരിയെ കുറിച്ചോ ജൂലിയയെ കുറിച്ചോ പിന്നീട് ഒരു വിവരവും കിട്ടിയില്ല. 

എവലിന്‍ ഹാര്‍ട്ട്‍ലി (വിസ്കോന്‍സിന്‍ 1953): ഒക്ടോബര്‍ 24 -ന് അടുത്ത വീട്ടിലെ പ്രൊഫസറുടെ 20 മാസം പ്രായമുള്ള കുട്ടിക്ക് ബേബിസിറ്ററായി പോയതാണ് എവലിന്‍. വൈകുന്നേരം അവളുടെ അച്ഛന്‍ പ്രൊഫസറുടെ വീട്ടിലേക്ക് തുടരെ ഫോണ്‍ വിളിച്ചുവെങ്കിലും ആരും എടുത്തില്ല. ഇതേത്തുടര്‍ന്ന്, അദ്ദേഹം നേരെ അങ്ങോട്ട് ചെല്ലുന്നു. എന്നാല്‍, വീട്ടിലെ എല്ലാ വാതിലുകളും അടച്ചിരുന്നു. അവിടെ ബലപ്രയോഗം നടന്നപോലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ടിരുന്നു. കൂടാതെ, എവലിന്‍റെ കണ്ണട തകര്‍ന്ന നിലയില്‍ കാണാമായിരുന്നു. ചോരപ്പാടുകളുമുണ്ടായിരുന്നു.

എത്ര അന്വേഷിച്ചിട്ടും എവലിനെ കണ്ടെത്താനായില്ല. അന്വേഷണം ആരംഭിച്ചു. ചില ശബ്‍ദങ്ങള്‍ കേട്ടുവെന്നും, കാറ് കാണ്ടുവെന്നും മറ്റും അയല്‍ക്കാരില്‍ ചിലരെല്ലാം പറഞ്ഞു. സംശയത്തിന്‍റെ പേരില്‍ ഒന്നുരണ്ടുപേരെ ചോദ്യം ചെയ്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.