ഇത് റഷ്യൻ ചരിത്രത്തിലെ ഏറ്റവും ഭീതിദമായ അധ്യായങ്ങളിൽ ഒന്നാണ്. ഇത് ഒരു ഹൈവേയുടെ കഥയാണ്. ഈ ദേശീയ പാതയുടെ പേര് R504 കോളിമ ഹൈവേ എന്നാണ്. ഈ പാത മഞ്ഞുകാലത്തും, കടുത്ത വരൾച്ചക്കാലത്തും ഒഴിച്ച് മറ്റെല്ലാ സമയത്തും ചെളിപിടിച്ച് സഞ്ചാരത്തിന് യോഗ്യമല്ലാത്ത പരുവത്തിലാണുണ്ടാവുക. തണുപ്പുകാലത്ത് ഐസ് ഉറഞ്ഞും, കടുത്ത വേനലിൽ ചെളിയിലെ വെള്ളം വറ്റിയും പാത സഞ്ചാരയോഗ്യമാകും. 

ഏറെ വിജനമായ ഒരു പ്രദേശത്തുകൂടിയാണ് ഈ പാത കടന്നുപോവുന്നത്. ഇതുവഴിപോകുന്ന ഡ്രൈവർമാർ തങ്ങളുടെ വാഹനങ്ങളുടെ എഞ്ചിനുകൾ ഒരിക്കലും സ്വിച്ചോഫ് ചെയ്യാറില്ല. കാരണം, എന്തെങ്കിലും കാരണവശാൽ രണ്ടാമതും സ്റ്റാർട്ടായില്ല എന്നുണ്ടെങ്കിൽ, പിന്നെ ആ മഞ്ഞിൽ അവിടെത്തന്നെ കിടന്നു തണുത്തുവിറച്ചു ചാവേണ്ടി വരും അവർക്ക്.  എന്നാൽ ഈ പാതയ്ക്ക് റഷ്യയിൽ, "എല്ലുവരിപ്പാത" എന്ന് പേരുവീഴാൻ കാരണം ഡ്രൈവർമാരുടെ ഈയൊരു ശീലമല്ല. അതിനുള്ള കാരണങ്ങൾ സോവിയറ്റ് യൂണിയന്റെ രാഷ്ട്രീയ ചരിത്രത്തിലാണ് നമുക്ക് കണ്ടെത്താനാവുക. 

റഷ്യക്കാർ മറക്കാൻ ആഗ്രഹിക്കുന്ന ചരിത്രത്തിലെ അനീതികളുടെ ഒരു കാലഘട്ടവുമാണ് സ്റ്റാലിന്റെ ഭരണകാലത്തെ ഗുലാഗ് പീഡനങ്ങൾ. നിർബന്ധിതമായി, കടുത്ത പണികൾ, വിപരീത കാലാവസ്ഥയിൽ, തടവുകാരെക്കൊണ്ട് എടുപ്പിക്കുകയാണ് ഗുലാഗിലെ പതിവ് പീഡന രീതികൾ. അതിനായി റഷ്യ എന്ന വിശാലമായ രാജ്യത്തിന്റെ വിശാലമായ മണ്ണിൽ നിരവധി ഗുലാഗ് ക്യാമ്പുകൾ സ്റ്റാലിന്റെ കാലത്ത് പൊന്തിവന്നിരുന്നു. അക്കൂട്ടത്തിൽ ഒരെണ്ണം വടക്കു പടിഞ്ഞാറൻ റഷ്യയിൽ, കോളിമ നദിയുടെ തീരത്തായി സ്റ്റാലിൻ പടുത്തുയർത്തി. ഈ ഗുലാഗ് ക്യാമ്പ് അനൗപചാരികമായി അറിയപ്പെട്ടിരുന്നത് കോളിമ ക്യാമ്പ് എന്നായിരുന്നു. 

ഈ പേര് റഷ്യൻ സാഹിത്യത്തിൽ പ്രസിദ്ധമായത് വാൾറാം ശാലമോവ് എന്ന എഴുത്തുകാരൻ ഈ കോളിമ ക്യാമ്പിലെ അന്തേവാസിയായി കഴിഞ്ഞ്, അതിനെ അതിജീവിച്ച് 'കോളിമ ടെയ്ൽസ്' എന്നപേരിൽ തന്റെ ഗുലാഗിലെ ഓർമ്മകൾ കടലാസിലേക്ക് പകർത്തിയപ്പോഴാണ്. ഈ ഓർമ്മക്കുറിപ്പുകളിലാണ് സ്റ്റാലിന്റെ ഗുലാഗ് ക്യാമ്പുകളിലെ ദുരനുഭവങ്ങൾ ഏറ്റവും മർമ്മഭേദകമായ രീതിയിൽ പകർത്തപ്പെട്ടിട്ടുള്ളത്. 

റഷ്യയിലെ ഏറ്റവും കടുത്ത ശൈത്യങ്ങളിലൊന്ന് കോളിമയിലെതാണ്. ശീതകാലത്ത് പുറത്തെ തണുപ്പ് -50 ഡിഗ്രി സെൽഷ്യസ് വരെ താഴാറുണ്ട് ഇവിടെ. ഈ തണുപ്പത്തും ഇരുമ്പയിര് കുത്തിക്കുഴിച്ചും, കോരിയും, റേഡിയോ ആക്റ്റീവ് ധാതുക്കളുടെ വരെ ഖനനം നടത്തിയും ഗുലാഗിലെ തടവുകാരെ ഗുലാഗ് ക്യാമ്പിലെ മേസ്തിരിമാർ നിർദാക്ഷിണ്യം പുറംപണിക്ക് നിയോഗിച്ചിരുന്നു. ഖനനവേലകളിൽ ഏറ്റവും കടുപ്പം സ്വർണ ഖനനമായിരുന്നു. കാരണം, കുഴിച്ചു പുറത്തെടുക്കുന്ന സ്വർണ്ണം കോളിമ നദിയിലെ വെള്ളത്തിൽ കഴുകിയെടുക്കണമായിരുന്നു. ശൈത്യം കഠിനമായ സമയങ്ങളിൽ അവർക്ക് അത് ഏറെ പ്രയാസങ്ങൾ സൃഷ്ടിച്ചു. കാരണം, ഒന്നാമത് അവർക്ക് ക്യാമ്പിൽ വേണ്ടത്ര ഭക്ഷണം കൊടുക്കാറില്ലായിരുന്നു. രണ്ട്, പുറത്തെ തണുപ്പിനെ തടയാനുള്ള വസ്ത്രങ്ങൾ അവർക്ക് നൽകിയിരുന്നില്ല. വെള്ളം നനയുന്ന അവരുടെ കയ്യുറകളിൽ ഇപ്പോഴും ഈർപ്പം നിലനിന്നിരുന്നു. ഈ ഈർപ്പം, അവരുടെ കൈരലുകളിൽ ഫ്രോസ്റ്റ് ബൈറ്റ് ഉണ്ടാക്കി. ഡിസ്ട്രോഫി മുതൽ ക്ഷയം വരെയുള്ള പലവിധ വ്യാധികളാൽ ഗുലാഗിലെ തടവുകാർ പ്രയാസപ്പെട്ടു. അവർക്ക് ചികിത്സ പോലും അക്കാലത്ത് നിഷേധിക്കപ്പെട്ടു. പലരും അകാലത്തിൽ മരിച്ചു. 

പ്രദേശത്തെ ഖനികളിലേക്കുള്ള പാതകളുടെ നിർമാണവും ഗുലാഗിലെ തടവുകാരുടെ ചുമതലയായിരുന്നു. ഈ പ്രദേശത്തേക്കുള്ള 3000 കിലോമീറ്റർ നീണ്ട റെയിൽ റോഡ് പാതകൾ നിർമിച്ചത് ഈ തടവുകാരാണ്. ഈ പാതയെ റഷ്യൻ ഗവണ്മെന്റ് വിളിച്ചത് കോളിമ ട്രാക്റ്റ് എന്നായിരുന്നു എങ്കിലും, "എല്ലുവരിപ്പാത" എന്ന ഇരട്ടപ്പേര് താമസിയാതെ പ്രതിഷേധ സ്വരമെന്നപോലെ ജനസാമാന്യം സ്വീകരിച്ചു. ഈ റോഡ് നിർമിക്കാൻ 1932 മുതൽ 1952 വരെയുള്ള മൂന്നു പതിറ്റാണ്ടുകളെടുത്തു. ഇക്കാലത്ത് ഏഴുലക്ഷത്തോളം രാഷ്ട്രീയ തടവുകാർ ഗുലാഗ് നിർബന്ധിത വേല തടങ്കൽ പാളയങ്ങളിൽ അടയ്ക്കപ്പെട്ടിരുന്നു എന്നാണ് ഗവണ്മെന്റിന്റെ കണക്ക്. ഇവരിൽ ഒന്നേകാൽ ലക്ഷത്തോളം പേർ ഈ പാതയിലും, അതെത്തിച്ചേരുന്ന ഖനികളിലും, തടവുകാരെപ്പാർപ്പിച്ചിരുന്ന ഗുലാഗ് തടങ്കൽ പാളയത്തിലും ഒക്കെയായി ഇക്കാലത്തിനിടെ മരിച്ചു മണ്ണടിഞ്ഞു എന്നും സർക്കാർ കണക്കുകൾ തന്നെ പറയുന്നു .