അപകടകാരിയായ ഭീകരസംഘടനയാണ് ഐഎസ്. അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചെയ്യുന്ന എല്ലാ ക്രൂരതകളും പോലെ തന്നെ കടുത്തതാണ് യാത്ര ചെയ്യുമ്പോള്‍ വീട്ടിലുള്ള എല്ലാവരെയും കൂടെക്കൊണ്ടുപോവുക എന്നതും. മിക്കവാറും പാവപ്പെട്ട വീട്ടുകാര്‍ക്ക് എങ്ങോട്ടാണ് തങ്ങളെ കൊണ്ടുപോകുന്നത് എന്നുപോലും അറിയാനാവില്ല. ഇതില്‍ത്തന്നെ പലരും കൊല്ലപ്പെട്ടു. ചിലര്‍ ജീവിച്ചിരിക്കുന്നു. ഈ 70,000 ആളുകളെ, അതില്‍ത്തന്നെ പതിനായിരത്തോളം കുട്ടികളെ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ പലപ്പോഴും തീരുമാനമൊന്നും ആകാറേയില്ല. സിറിയയിലെ തടവില്‍ നിരവധി പേരാണ് തുടര്‍നടപടികളൊന്നുമാവാതെ കഴിയുന്നത്. അവരുടെ വീട്ടുകാരാവട്ടെ എന്നെങ്കിലും തങ്ങളുടെ നാട്ടിലേക്ക് തിരികെപ്പോവാനാകുമെന്ന് പ്രതീക്ഷിച്ച് കഴിയുകയാണ്. അതിലൊരാളാണ് നാഡാ ഫെഡുല്ലയെന്ന പെണ്‍കുട്ടി. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇന്തോനേഷ്യയില്‍നിന്ന് സിറിയയിലേക്ക് ചെല്ലുമ്പോള്‍ അവളുടെ അച്ഛന്‍ അറഫ് ഫെഡുല  വീട്ടിലുള്ളവരെയും കൂടെക്കൂട്ടി. പഠിക്കാന്‍ മിടുക്കിയായിരുന്ന, ഡോക്ടറാവാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടി എത്തപ്പെട്ടതാകട്ടെ സിറിയയിലും. നാഡയോടും അച്ഛന്‍ അറഫ് ഫെഡുലയോടും ബിബിസിക്ക് വേണ്ടി Quentin Sommerville നടത്തിയ അഭിമുഖത്തില്‍നിന്ന്.

 

(നാഡയോട് സംസാരിക്കുന്നു:)

നിങ്ങള്‍ നിങ്ങളുടെ അച്ഛനോട് ക്ഷമിക്കുമോ? 

ക്ഷമിക്കും. കാരണം അദ്ദേഹവും ഒരു മനുഷ്യജീവിയാണ്. എല്ലാ മനുഷ്യരും ഒരു തെറ്റെങ്കിലും ചെയ്യില്ലേ? (കരഞ്ഞുകൊണ്ടാണ് നാഡാ സംസാരിക്കുന്നത്).

(അച്ഛന്‍ ചെയ്‍ത പാപത്തിന്‍റെ ശമ്പളമാണ് ആ പാവപ്പെട്ട പെണ്‍കുട്ടി കൈപ്പറ്റിക്കൊണ്ടിരിക്കുന്നത്. അവളുടെ മുത്തശ്ശിയോടൊപ്പം അവരുടെ കുടുംബത്തെ അയാള്‍ 2015 -ലാണ് സിറിയയിലേക്ക് കൊണ്ടുവന്നത്.)

നിങ്ങള്‍ ഇന്തോനേഷ്യ വിടുമ്പോള്‍ ഇങ്ങനെയൊരിടത്തേക്കായിരിക്കും ഇങ്ങനെയൊരു കാര്യത്തിനായിരിക്കും നിങ്ങളെ കൊണ്ടുവന്നിരിക്കുന്നത് എന്ന് അറിയാമായിരുന്നോ? 

എനിക്കറിയില്ലായിരുന്നു അച്ഛനെന്നെ ഇങ്ങോട്ടായിരിക്കും കൊണ്ടുവരുന്നതെന്ന്. അന്ന് ഞാന്‍ സ്കൂളില്‍ പോയിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു ഡോക്ടറാകണമെന്നായിരുന്നു എന്‍റെ ആഗ്രഹം. പഠിക്കാനെനിക്ക് വളരെ വളരെ ഇഷ്‍ടമായിരുന്നു. 

നമ്മള്‍ ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ച് കേള്‍ക്കുന്നുണ്ട്, അവര്‍ നടത്തുന്ന അക്രമങ്ങളെ കുറിച്ചറിയുന്നുണ്ട്. അവര്‍ തലവെട്ടുന്നത്, അവരുടെ ക്രൂരത, അവരുടെ അക്രമങ്ങള്‍ എല്ലാം... നിങ്ങള്‍ക്ക് ഇതിലേതെങ്കിലും കാണേണ്ടിവന്നിട്ടുണ്ടോ? 

ഞാന്‍ എന്‍റെ വീട്ടുകാരോടൊപ്പം കടയില്‍ പോവുമായിരുന്നു. ചില സമയങ്ങളില്‍... അതേ, അപ്പോള്‍ കാണാറുണ്ട്. കൊലപ്പെട്ടവരുടെ തല, ദേഹങ്ങള്‍ ഒക്കെ... അവ ആളുകള്‍ക്ക് കാണാനായി തെരുവില്‍ തന്നെ പ്രദര്‍ശിപ്പിക്കും. 

തലകള്‍?

തലകള്‍, മാത്രമല്ല ദേഹവും... 

ഈയൊളാരാളാണ് നിങ്ങളിവിടെയെത്തിപ്പെടാന്‍ കാരണമായിത്തീര്‍ന്നത്. നിങ്ങള്‍ക്ക് സ്‍കൂളും പഠനവും ഉപേക്ഷിച്ച് ഇവിടെയെത്തേണ്ടിവന്നതിന് കാരണം നിങ്ങളുടെ അച്ഛനാണ്... നിങ്ങളെ ഡോക്ടറാവാന്‍ സമ്മതിക്കാതെ കൂട്ടിക്കൊണ്ടുവന്നതും അയാളായിരുന്നു?

അതേ...

നിങ്ങള്‍ നിങ്ങളുടെ അച്ഛനോട് ക്ഷമിക്കുമോ? 

യേഹ്... കാരണം, അദ്ദേഹവും ഒരു മനുഷ്യനാണ്. എല്ലാ മനുഷ്യരും തെറ്റ് ചെയ്യുന്നവയാണ്. അദ്ദേഹം എന്നോട് മാപ്പ് പറഞ്ഞുകഴിഞ്ഞു. എന്നോട് ചെയ്‍തതിനെല്ലാം... ചെയ്‍തുപോയ എല്ലാത്തിനും മാപ്പ് പറഞ്ഞു. ഇനിയെങ്കിലും അതില്‍നിന്നെല്ലാം വിട്ട് എല്ലാം ശരിയാക്കിയെടുക്കണമെന്ന് അദ്ദേഹത്തിനുണ്ട്. പക്ഷേ, ഒന്നിനും കഴിയുന്നില്ല. കാരണം, അദ്ദേഹം ജയിലിലാണ്. 

അറഫ് ഫെഡുല (നാഡായുടെ പിതാവ്) സംസാരിക്കുന്നു

ഞാനെന്‍റെ കുടുംബത്തോട് ചെയ്‍ത ഏറ്റവും മോശപ്പെട്ട കാര്യം അവരെയിങ്ങോട്ട് കൊണ്ടുവന്നു എന്നതാണ്. എന്‍റെ കുടുംബത്തിലെ എല്ലാവരെയും ഞാന്‍ സിറിയയിലേക്ക് കൊണ്ടുവന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന് വേണ്ടിയായിരുന്നു അതെല്ലാം. നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെന്തെങ്കിലും തെറ്റ് ചെയ്‍തിട്ടുണ്ടാകില്ലേ? എല്ലാവരും എന്തെങ്കിലുമൊക്കെ തെറ്റ് ചെയ്‍തിട്ടുണ്ടാകില്ലേ സ്വന്തം ജീവിതത്തില്‍? എന്‍റെ ജീവിതത്തില്‍ ഞാന്‍ ചെയ്‍ത ഏറ്റവും വലിയ തെറ്റായിരുന്നു ഇത്. - അറഫ്

അതേ, പക്ഷെ, ഇതൊരു സാധാരണ തെറ്റല്ല... അത് കുര്‍ദ്ദുകളെ കൊന്നൊടുക്കുന്നു... അത് അറബ്‍സിനെ കൊന്നൊടുക്കുന്നു. അത് പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നു. മനുഷ്യര്‍ താമസിച്ചിരുന്ന വീടുകള്‍ അവരില്‍നിന്നും പിടിച്ചെടുക്കുന്നു. അത് യസീദികളെ അടിമകളാക്കുന്നു. 

അതെ... പക്ഷേ, ഞങ്ങള്‍ കോടതിയില്‍ പോവാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ രണ്ട് വര്‍ഷമായി എന്താണ് ഞങ്ങളിവിടെ (തടവില്‍) ചെയ്യുന്നത് എന്നെനിക്ക് മനസിലാവുന്നില്ല. ചിലരൊക്കെ മൂന്ന് വര്‍ഷമായി. ഒരു നടപടികളും നടക്കുന്നില്ല. ഇവിടെ ഇങ്ങനെ ഇട്ടിരിക്കുകയാണ്. 

ഇന്തോനേഷ്യ തിരികെ നിങ്ങളെ സ്വീകരിക്കും എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? 

എനിക്കറിയില്ല... ഇന്തോനേഷ്യയില്‍നിന്നും എന്നെ കാണാന്‍ വരാനോ എന്നോട് സംസാരിക്കാനോ ആരുമില്ല. 

മറ്റുരാജ്യങ്ങള്‍ ഇപ്പോള്‍ ചോദിക്കുന്നതും ഇതേ ചോദ്യം തന്നെയാണ്. ലോകത്തിന് തന്നെ ശത്രുക്കളായ ഈ മനുഷ്യരെ അവര്‍ തിരികെ സ്വീകരിക്കുമോയെന്ന്. 

നാഡായോട്

ഇന്തോനേഷ്യയിലെ ജനങ്ങളോട് നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്? നിങ്ങള്‍ വീട്ടില്‍ പോവാനാഗ്രഹിക്കുന്നുണ്ടോ? 

ഉണ്ട്... ഇവിടെ ശരിക്കും എനിക്ക് മടുത്തു... ഞാന്‍ തളര്‍ന്നു... അതുകൊണ്ട്... ഞങ്ങളോട് ക്ഷമിച്ചാല്‍ ഞങ്ങളെപ്പോഴും അവരോട് നന്ദിയുള്ളവരായിരിക്കും...

(നാട്ടിലെത്താനാവുമോയെന്നറിയാതെ തുടര്‍ജീവിതം എന്താണെന്നറിയാതെ കഴിയുന്ന അനേകം പേരില്‍ ഒരാളാണ്, ഒരാള്‍ മാത്രമാണ് നാഡായെന്ന പെണ്‍കുട്ടി. ഓരോ ഭീകരസംഘടനയും പ്രത്യക്ഷമായും പരോക്ഷമായും ഇല്ലാതാക്കിക്കളയുന്നത് എത്രയോ പേരുടെ ജീവിതമാണ്.)