ആധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ച് കൃഷി ചെയ്യുന്ന കര്‍ഷകര്‍ നല്ല ലാഭമുണ്ടാക്കുന്നു. ഇപ്പോള്‍ കാര്‍ഷിക ശാസ്ത്രജ്ഞന്‍മാര്‍ വളരെ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവുണ്ടാക്കാന്‍ കഴിയുന്ന വിത്തുകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കാണ്‍പൂരിലെ ചന്ദ്രശേഖര്‍ ആസാദ് യൂണിവേഴ്‌സിറ്റി ആന്റ് ടെക്‌നോളജി ഇത്തരത്തില്‍ വികസിപ്പിച്ചെടുത്ത തക്കാളിയാണ് നാംധാരി-4266

നാംധാരി -4266

സാധാരണ തക്കാളിച്ചെടിയില്‍ നിന്ന് നമുക്ക് കിട്ടുന്നത് 400 മുതല്‍ 600 വരെ ക്വിന്റല്‍ വിളവ് ഹെക്ടറില്‍ നിന്ന് കിട്ടുമ്പോള്‍ ഈ പുതിയ തക്കാളി വളര്‍ത്തിയാല്‍ ഒരു ഹെക്ടറില്‍ നിന്ന് 1200 ക്വിന്റല്‍ മുതല്‍ 1400 ക്വിന്റല്‍ വരെ വിളവെടുക്കാന്‍ കഴിയും. നാംധാരി-4266 എന്നാണ് ഈ തക്കാളി അറിയപ്പെടുന്നത്.

ഹോര്‍ട്ടിക്കള്‍ച്ചര്‍ വിഭാഗം കണ്ടെത്തിയ ഈ പുതിയ ഇനം കര്‍ഷകര്‍ക്കിടയില്‍ പുത്തന്‍പ്രതീക്ഷകള്‍ നല്‍കുമെന്ന് ഇവര്‍ കരുതുന്നു.

അസുഖങ്ങളില്ല, കീടങ്ങളില്ല

സാധാരണ തക്കാളി വളര്‍ത്തുമ്പോള്‍ കള പറിക്കാനും ഉഴുതുമെതിക്കാനും ജലസേചനത്തിനും വളപ്രയോഗത്തിനും മാത്രമായി ഏകദേശം 50,000 രൂപയോളം ഒരു ഹെക്ടറില്‍ ചെലവഴിക്കേണ്ടി വരുന്നു.

നാംധാരി-4266 എന്ന ഇനം തക്കാളി പോളിഹൗസിലും കൃഷി ചെയ്യാം. 45 ദിവസം കൊണ്ട് വിളവെടുക്കാന്‍ പാകമാകുന്ന തക്കാളിച്ചെടിയില്‍ അസുഖങ്ങളും കീടങ്ങളും ബാധിക്കുന്നില്ലെന്നതും പ്രത്യകതയാണ്

നഴ്‌സറി തയ്യാറാക്കല്‍

സെപ്റ്റംബറിലും ഒക്ടോബറിലുമാണ് ഈ ഇനം തക്കാളി കൃഷി ചെയ്യുന്നത്. ഡിസംബറിന്റെയും ഫെബ്രുവരിയുടെയും ഇടയിലുള്ള കാലയളവില്‍ തക്കാളി വിളഞ്ഞ് പാകമാകും.

ചകിരിച്ചോറ്, പെര്‍ലൈറ്റ്, വെര്‍മിക്കുലൈറ്റ് എന്നിവ യോജിപ്പിച്ച് മണ്ണില്‍ ചേര്‍ത്താല്‍ തക്കാളിക്ക് നല്ല പോഷകം ലഭിക്കും. ഈ ഇനത്തിന് നനയ്ക്കാനായി കൂടുതല്‍ വെള്ളം ഉപയോഗിക്കേണ്ടി വരുന്നില്ല. ഡ്രിപ് ഇറിഗേഷന്‍ വഴി എളുപ്പത്തില്‍ ചെയ്യാം.

തക്കാളി കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍

തക്കാളിക്ക് നല്ല വെയില്‍ ആവശ്യമാണ്. ഉയരം കുറഞ്ഞ ഇനം തക്കാളിയില്‍ വിളവ് കുറവായിരിക്കും. ബലമില്ലാത്ത തണ്ടോടുകൂടിയ തക്കാളിയില്‍ നിന്ന് നല്ല വിളവ് ലഭിക്കും. ഒരു മീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ തക്കാളി വളരും.

സാധാരണ തക്കാളിക്ക് യോജിച്ചത് മണലും കളിമണ്ണും കലര്‍ന്ന പശിമരാശി മണ്ണാണ്. കേരളത്തില്‍ കൃഷി ചെയ്യുന്ന ഇനങ്ങളാണ് ശക്തി, മുക്തി, അനഘ, വെള്ളായണി, വിജയ് എന്നിവ. വിജയ് എല്ലാ സമയത്തും കൃഷി ചെയ്യുന്നു.

ബാക്റ്റീരിയല്‍ വാട്ടത്തെ ചെറുക്കുന്ന തക്കാളിയാണ് പൂസാ റൂബി, മംഗള, പൂസ 120, എച്ച്.എസ് 102, എസ് 12 , സി.എ 1 എന്നിവ.

മുളപ്പിക്കുന്ന രീതി

സാധാരണയായി വിത്ത് തവാരണകളില്‍ പാകി മുളപ്പിച്ചെടുത്ത് നടുകയാണ് ചെയ്യുന്നത്. വേപ്പിന്‍ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി പൊടിച്ചാണ് വിത്ത് മുളപ്പിക്കേണ്ടത്. രാത്രി തുണിയില്‍ നനച്ചുവെച്ച വിത്ത് രാവിലെ വെള്ളം തോരാന്‍ വെക്കണം.

മണ്ണില്‍ വിതറുന്നത് വൈകുന്നേരമായിരിക്കണം. അതിന് മുകളില്‍ ചെറിയ ലെയറായി പൊടിമണ്ണ് വിതറണം. ദിവസവും സ്‌പ്രേ രൂപത്തില്‍ നനയ്ക്കണം. മൂന്ന് ദിവസമായാല്‍ മുളയ്ക്കും.

മുളച്ചുവന്നാല്‍ ശക്തിയായി വെള്ളമൊഴിക്കരുത്. തൈകള്‍ പെട്ടെന്ന് വളരാന്‍ കടലപ്പിണ്ണാക്ക് കുതിര്‍ത്ത് ചാണകവെള്ളത്തില്‍ കലക്കി തെളി ഒഴിച്ചുകൊടുക്കണം. തുറസായ സ്ഥലത്താണ് നഴ്‌സറി തയ്യാറാക്കേണ്ടത്. നഴ്‌സറിയില്‍ ചാണകപ്പൊടി ഉപയോഗിക്കുന്നതിന് പകരം ട്രൈക്കോഡെര്‍മ ചേര്‍ത്ത് പരിപോഷിപ്പിച്ച ചാണകമാണ് നല്ലത്. പച്ചില കൊണ്ട് പുതയിട്ട് നനച്ച് മുളപ്പിച്ച് പച്ചില മാറ്റി നഴ്‌സറി തയ്യാറാക്കാം.

മൂന്ന് ദിവസം ഇടവിട്ട് രണ്ട് ശതമാനം വീര്യമുള്ള സ്യൂഡോമോണസ് ലായനി തളിച്ചുകൊടുക്കാം. പത്തിരട്ടി വെള്ളം ചേര്‍ത്ത് ഗോമൂത്രം നേര്‍പ്പിച്ച് ഒഴിച്ചാല്‍ തൈകള്‍ പെട്ടെന്ന് വളരും.

മഴ കനത്തു, തക്കാളി വില കൂടി

കേരളത്തിലേക്ക് തക്കാളി എത്തിക്കുന്ന ഉടുമലൈ,പഴനി,പൊള്ളാച്ചി,ഒട്ടംചത്രം എന്നീ മാര്‍ക്കറ്റുകളില്‍ കനത്ത മഴപെയ്തതിനെത്തുടര്‍ന്ന് തക്കാളിയുടെ വരവ് കുറഞ്ഞതു മൂലം ഇപ്പോള്‍ വിലവര്‍ധിച്ചിരിക്കുകയാണ്. കനത്ത മഴയില്‍ തക്കാളി നശിക്കുന്നത് മൂലം വിപണിയിലെത്തുന്ന തക്കാളിയുടെ വരവ് കുറയുന്നു. വിളവെടുത്ത തക്കാളികള്‍ കൃഷിയിടത്തില്‍ തന്നെ ഉപേക്ഷിക്കുകയാണ് കര്‍ഷകര്‍.