Asianet News MalayalamAsianet News Malayalam

കക്ഷികൾ കഴുവേറ്റപ്പെട്ടിട്ടും പകവിടാതെ നിർഭയ കേസിലെ പ്രതിഭാഗം വക്കീൽ, അഡ്വ. അജയ് പ്രകാശ് സിംഗ്

ഇന്നലെ രാത്രി കോടതിക്ക് പുറത്തു വെച്ച് അഡ്വ. എ പി സിംഗ് മാധ്യമപ്രവർത്തകരോട് ചോദിച്ചു, " സംഭവം നടന്ന അന്ന് രാത്രി 12.30 -ന് നിർഭയ ആരുടെ കൂടെയായിരുന്നെന്ന് അമ്മ ആശാദേവിക്ക് വല്ല നിശ്ചയവും ഉണ്ടായിരുന്നോ?" 

nasty comments from adv. a p singh, the defence lawyer regarding Nirbhayas mother Asha devi after the final verdict
Author
Delhi, First Published Mar 20, 2020, 12:11 PM IST

"എന്റെ കക്ഷികളെ അടുത്തൊന്നും കഴുവേറ്റാൻ നിങ്ങൾക്ക് കഴിയും എന്ന് ധരിക്കണ്ട..." ജനുവരി 31 -ന് പട്യാല ഹൗസ് കോടതിയുടെ കോണിപ്പടികൾ വെച്ച് കണ്ടപ്പോൾ പ്രതിഭാഗം വക്കീലായ അഡ്വ. അജയ് പ്രകാശ് സിംഗ് എന്ന എ പി സിംഗ് കലുഷിതമായ  മുഖത്തോടെ നിർഭയയുടെ അമ്മ ആശാ ദേവിയോട് പറഞ്ഞ വാക്കുകളാണിത്. 

2012 -ൽ നടന്ന കുറ്റത്തിന് ദിവസങ്ങൾക്കുള്ളിൽ പൊലീസ് പിടിയിലായ പ്രതികളെ രണ്ടു വർഷത്തിനുള്ളിൽ തന്നെ ഹൈക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു എങ്കിലും, അവരുടെ അഭിഭാഷകർ സാധ്യമായ എല്ലാ നിയമ വഴികളിലൂടെയും ആ വിധി നടപ്പിലാക്കാതിരിക്കാൻ വേണ്ടി പണിപ്പെട്ടുകൊണ്ടിരുന്നു. അതിനോട് കീഴ്പ്പെടാതെ പൊരുതിക്കൊണ്ട് ആ അമ്മ കോടതി കയറിയിറങ്ങി. 2019 -ൽ സാധ്യമായ നിയമ പരിരക്ഷകൾ എല്ലാം പ്രതികൾ പരീക്ഷിച്ചിരുന്നു. 2020 ജനുവരിയിൽ ആദ്യത്തെ വാറണ്ട് പുറത്തിറങ്ങിയ ശേഷം, അതിനെ വളരെ  വിദഗ്ധമായ ഒരു സാങ്കേതിക കാരണം പറഞ്ഞ് മുടക്കിയതിന്റെ ചാരിതാർത്ഥ്യത്തിലായിരുന്നു അഡ്വ. എ പി സിംഗ് നിർഭയയുടെ അമ്മയോട് അങ്ങനെ പറഞ്ഞത്. നാലിൽ മൂന്നു കുറ്റവാളികളുടെയും, പവൻ ഗുപ്ത, അക്ഷയ് കുമാർ സിംഗ്, വിനയ് ശർമ്മ എന്നിവരുടെ, വക്കാലത്ത് ഏറ്റെടുത്തത് അയാളായിരുന്നു. മുകേഷ് കുമാറിന്റെ മാത്രം വക്കാലത്ത് വൃന്ദ ഗ്രോവർ എന്ന മുൻ അമിക്കസ് ക്യൂരിക്കും. എന്തായാലും, പിന്നീട് ഓരോ തവണയും ഓരോ മുടക്കുന്യായം പറഞ്ഞ് രണ്ടാമത്തെയും മൂന്നാമത്തെയും ഒക്കെ വാറണ്ടുകൾ അയാൾ മുടക്കികൊണ്ടിരുന്നു. അപ്പോഴൊക്കെയും ആ അമ്മയെ കാണുമ്പൊൾ അയാളുടെ മുഖത്ത് അന്നത്തെ അതേ ഭാവമായിരുന്നു. 

nasty comments from adv. a p singh, the defence lawyer regarding Nirbhayas mother Asha devi after the final verdict

 

എന്നാൽ, നാലാമത്തെയും അവസാനത്തെയും വാറണ്ടിൽ മാർച്ച് 20  എന്ന മരണത്തീയതി കുറിച്ചപ്പോൾ ആശാദേവിക്ക് സത്യത്തിൽ നിറഞ്ഞ പ്രതീക്ഷകൾ ആയിരുന്നു. ഇന്നലെ പകലും അഡ്വ. എ പി സിംഗ് തന്നെക്കൊണ്ടാവുന്ന എല്ലാ കളികളും കളിച്ചു നോക്കിയിട്ടും അതിനൊന്നും കോടതിയുടെ വിശ്വാസം ആർജ്ജിക്കാനോ വാറണ്ട് റദ്ദാക്കുവാനോ സാധിച്ചില്ല. രണ്ടു ശ്രമങ്ങളാണ് അയാൾ നടത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ഹൈക്കോടതിയിലും, പാതിരാത്രിക്ക് സുപ്രീം കോടതിയിലും. രാത്രി ഏറെ വൈകി, കൃത്യം പറഞ്ഞാൽ രണ്ടരമണിവരെ അയാൾ അതിനുവേണ്ടി സുപ്രീം കോടതിയിലും രജിസ്ട്രാറുടെ വീട്ടിലും ഒക്കെയായി പാഞ്ഞു നടന്നു. പക്ഷേ, അയാളുടെ അവസാനത്തെ ഹർജിയും കോടതിയിൽ നിലനിന്നില്ല. ഒടുവിൽ ഇത്രയും നാളായി കഴുമരത്തിനു വിട്ടുകൊടുക്കാതെ പിടിച്ചുവെച്ചുകൊണ്ടിരുന്ന തന്റെ കക്ഷികളുടെ ജീവൻ ഇന്നുരാവിലെ തിഹാർ ജയിലിൽ പൊലിയുന്നത് തടയാൻ സാധിക്കാതെ നിസ്സഹായനായി നിൽക്കേണ്ടി വന്നു അയാൾക്ക്. 

അഡ്വ. അജയ് പ്രകാശ് സിംഗ് എന്ന 46 -കാരൻ  ലഖ്‌നൗ സർവകലാശാലയിൽ നിന്ന് നിയമം പഠിച്ചിറങ്ങിയത്തിനു ശേഷം 1997 മുതൽ സുപ്രീം കോടതിയിൽ കേസുകൾ നടത്തുന്നയാളാണ്. 2012 -ൽ സാകേത് കോടതിയിൽ നിർഭയ കേസ് വിചാരണ തുടങ്ങിയപ്പോൾ ആ വക്കാലത്ത് ഏറ്റെടുത്തതിന്റെ പേരിലാണ് എ പി സിംഗ് പ്രസിദ്ധനാകുന്നത്. സത്യം പറഞ്ഞാൽ, കുപ്രസിദ്ധനാകുന്നത്. ഒരു പക്ഷേ, അത്തരത്തിൽ ഒരു പ്രസിദ്ധി ലക്ഷ്യമിട്ടു തന്നെയാകും അയാൾ  ആ കേസ് ഏറ്റെടുത്തതും. 

തന്റെ അമ്മയാണ് ഈ കേസിന്റെ വക്കാലത്ത് ഏറ്റെടുക്കാൻ തന്നെ നിർബന്ധിച്ചത് എന്നാണ് സിഎൻഎൻ ന്യൂസ് 18 -നു നൽകിയ ഒരു അഭിമുഖത്തിൽ എ പി സിംഗ് പറഞ്ഞത്. " അക്ഷയിന്റെ ഭാര്യ അയാളെ കാണാൻ വേണ്ടി ബിഹാറിലെ അവരുടെ ഗ്രാമത്തിൽ നിന്ന് തിഹാർ ജയിലിലേക്ക് വന്നപ്പോൾ അവിടുള്ള ആരോ ആണ് അവർക്ക് എന്റെ നമ്പർ കൊടുത്തത് എന്ന് തോന്നുന്നു. അവർ നേരെ വന്നു കണ്ടത് എന്റെ അമ്മയെയാണ്.  ടിവി കാണാത്തവരാണ്. ലളിത ജീവിതം നയിക്കുന്നവരാണ് എന്റെ മാതാപിതാക്കൾ. അവർക്ക് നാട്ടിൽ നടക്കുന്ന പ്രതിഷേധങ്ങളെപ്പറ്റിയും, മെഴുകുതിരികൊളുത്തി പ്രകടനങ്ങളെപ്പറ്റിയും ഒന്നുമറിയില്ല. ആ പെൺകുട്ടിയുടെ സങ്കടം കണ്ടപ്പോൾ അമ്മയാണ് എന്നെ നിർബന്ധിച്ചത്. "  ഇങ്ങനെ ഒരു കേസിൽ പ്രതിഭാഗം വക്കാലത്ത് ഏറ്റെടുത്താൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും ജനരോഷത്തെപ്പറ്റിയുമൊക്കെ താൻ അമ്മയോട് സംസാരിച്ചു എങ്കിലും, അവർ തന്നെ നിർബന്ധിക്കുകയായിരുന്നു എന്ന് അഡ്വ. എ പി സിംഗ് പറഞ്ഞു. 

nasty comments from adv. a p singh, the defence lawyer regarding Nirbhayas mother Asha devi after the final verdict

സാകേത് കോടതിയിലാണ് എ പി സിംഗും ഈ കേസും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. ആദ്യം ഏറ്റെടുത്തത് അക്ഷയിന്റെയും വിനായിന്റെയും വക്കാലത്തുകളാണ് .അവർക്ക് ശിക്ഷ കിട്ടുന്നത് തടയാൻ ശ്രമിച്ചിട്ട് നടക്കാതിരുന്നപ്പോൾ പിന്നെ എ പി സിംഗ് ശ്രമിച്ചത് മരിച്ചുപോയ നിർഭയ എന്ന ആ പെൺകുട്ടി  ഒരു മോശം സ്ത്രീ ആണ് എന്ന് തെളിയിക്കാനാണ്.  ആ വാദങ്ങൾ നടത്തിയിട്ട് വർഷം ഏഴു കഴിഞ്ഞിട്ടും തന്റെ പ്രസ്താവനകളിൽ നിന്ന് അഡ്വ. എ പി സിംഗ് ഒരിഞ്ചു പോലും പിന്നോട്ട് പോയിട്ടില്ല. 

" രാത്രി അത്ര വൈകി ഒരു പെൺകുട്ടി ആ ചെറുപ്പക്കാരനോടൊപ്പം എന്ത് ചെയ്യുകയായിരുന്നു എന്ന് ഞാൻ ചോദിയ്ക്കാൻ ആഗ്രഹിക്കുന്നു. ഇത് തെളിവിന്റെ ഭാഗമാണ്. അവർ തമ്മിൽ സഹോദരീസഹോദര ബന്ധം ആയിരുന്നെന്നു, അവർ രാത്രിയിൽ രാഖി കെട്ടാൻ പോയതായിരുന്നു എന്നോ ഒന്നും ഞാൻ പറയുന്നില്ല. അവർ സ്നേഹിതർ ആയിരുന്നിരിക്കാം. ഈ നഗര സംസ്കാരത്തിൽ ഇങ്ങനെയുള്ള സൗഹൃദങ്ങളൊക്കെ വലിയ പരിഷ്‌കാരം ആയിരിക്കാം, എന്നാൽ ഞാൻ വളർന്നുവന്ന സംസ്കാരം എന്നെ അങ്ങനെയല്ല പഠിപ്പിച്ചിട്ടുള്ളത്." പ്രതികളുടെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ നിർഭയയെ കരി വാരിത്തേക്കേണ്ട കാര്യം ഉണ്ടായിരുന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സിംഗ് അന്ന് പറഞ്ഞ മറുപടി ഇതായിരുന്നു. 

2013 -യിൽ എ പി സിംഗ് നടത്തിയ ഈ പ്രസ്താവന വലിയ ജനരോഷമുണ്ടാക്കി. സാകേതിലെ കോടതി മുറിയിൽ വിധി തനിക്കെതിരായി എന്ന് കണ്ടപ്പോൾ സിംഗ് കോടതി മുറിയിൽ വെച്ച് തന്നെ ജഡ്ജിക്കെതിരെ തിരിഞ്ഞു, " നിങ്ങൾ അസത്യത്തിന്റെ കൂടെയാണ് നിലകൊണ്ടത്. രാഷ്ട്രീയ, വോട്ട് ബാങ്ക് സമ്മർദ്ദങ്ങൾക്ക് വഴങ്ങിയുള്ള ഒരു വിധിപ്രസ്താവമാണിത്." എ പി സിംഗ് അന്ന് രോഷം കൊണ്ടു.

nasty comments from adv. a p singh, the defence lawyer regarding Nirbhayas mother Asha devi after the final verdict

കോടതിയിൽ നിന്ന് ഇറങ്ങി വന്നു മാധ്യമങ്ങളെ കണ്ടപ്പോൾ അയാൾ കുറേക്കൂടി കടന്ന ഒരു പ്രസ്താവനയാണ് നടത്തിയത്," എന്റെ മകളോ, സഹോദരിയോ ആണ് വിവാഹത്തിന് മുമ്പ് ഇങ്ങനെ അഴിഞ്ഞാടി നടക്കുകയും വിവാഹപൂർവ ലൈംഗികബന്ധങ്ങളിൽ ഏർപ്പെട്ട് സമൂഹത്തിനു മുമ്പിൽ കുടുംബത്തിന്റെ മാനം കെടുത്തുകയും ഒക്കെ ചെയ്തിരുന്നത് എങ്കിൽ ഞാൻ നേരെ എന്റെ ഫാം ഹൗസിനുള്ളിൽ കൊണ്ടു നിർത്തി എന്റെ കുടുംബക്കാരുടെ മുന്നിൽ വെച്ചുതന്നെ തലയിലൂടെ ഒരു കന്നാസ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നേനെ.." കോളേജിൽ പഠിക്കുന്ന ഒരു മകളും, മകനുമുണ്ട് അഡ്വ. എ പി സിംഗിന്. 

സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിച്ച് താരമായ അഡ്വ. ആളൂരിനെപ്പോലെ ഇന്ന് കൈനിറയെ കേസുകളാണ് അഡ്വ. എ പി സിംഗിനും. സ്വാമി ചിന്മയാനന്ദിനും, ഗുർമീത് റാം റഹീമിനും ഒക്കെ വേണ്ടി സുപ്രീം കോടതിയിൽ കേസുപറയുന്നത് ഇന്ന് സിംഗാണ്. 

 

ആശാദേവി ജഡ്ജിക്കും നിയമപീഠത്തിനും മുന്നിൽ നീതിക്കുവേണ്ടി ഇരുന്നപ്പോൾ, കുറ്റവാളികളുടെ ദൈവം സാക്ഷാൽ അഡ്വ. എ പി സിംഗ് തന്നെയായിരുന്നു. തങ്ങളുടെ മക്കളെ എ പി സിംഗ് കഴുമരത്തിനു വിട്ടുകൊടുക്കില്ല എന്ന് അവസാന നിമിഷം വരെയും അവർ പ്രതീക്ഷിച്ചിരുന്നു. അവരുടെ പ്രതീക്ഷകൾ ശരിയാണ് എന്ന് ആദ്യത്തെ മരണവാറണ്ടു വന്ന അന്ന് മുതൽ, തൂക്കിലേറ്റപ്പെട്ട പ്രഭാതം വരെയും അവരൊക്കെ ധരിക്കുകയും ചെയ്തു. നിയമത്തിന്റെ നൂലാമാലകൾ വളരെ സമർത്ഥമായി, തികഞ്ഞ കുടിലബുദ്ധിയോടെ സിംഗ് പ്രതികൾക്കായി പ്രയോജനപ്പെടുത്തി. അങ്ങനെ ചെയ്യുക വഴി ഒരർത്ഥത്തിൽ കോടതിക്കും, നീതിപീഠത്തിനും നേരെ കൊഞ്ഞനം കുത്തുകയാണ് അയാൾ ചെയ്തത്. അത് തിരിച്ചറിഞ്ഞ ഹൈക്കോടതി ജനുവരി 20 -ന് ഇങ്ങനെ നിരീക്ഷിച്ചു, " പ്രതിഭാഗം അഭിഭാഷകന്റെ പ്രവർത്തനരീതി അത്യന്തം അപലപനീയമാണ്. പ്രതികളുടെ നിർദേശാനുസരണം അവരെ പ്രതിനിധീകരിക്കുക മാത്രമാണ് അഭിഭാഷകന്റെ നിയോഗം എങ്കിലും, കോടതി മര്യാദകളെപ്പറ്റി വക്കീലിന് തികഞ്ഞ ധാരണയുണ്ട് എന്ന് കോടതി കരുതുന്നു."

ഹൈക്കോടതിയുടെ അമർഷപ്രകടനത്തെ തുടർന്ന് ദില്ലി ബാർ കൗൺസിലും അഡ്വ. എ പി സിംഗിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. എന്നിട്ടും എ പി സിംഗ് തന്റെ കോടതിയിലെ തന്റെ കുതന്ത്രങ്ങൾ തുടർന്നുകൊണ്ടിരുന്നു. 
മരണവാറണ്ടുകൾ ഒന്നൊന്നായി റദ്ദാക്കപ്പെടുന്നത് കണ്ട നിർഭയയുടെ അമ്മ ആശാ ദേവി കോടതിയിൽ വെച്ച് വികാരാധീനയായി പറഞ്ഞു, " ഞാൻ ഏഴു വർഷം മുമ്പ് ഈ കോടതിയിൽ തൊഴുതുനിന്നുകൊണ്ടാണ് എന്റെ മകൾക്ക് നീതി നൽകണേ എന്ന് കരഞ്ഞു പറഞ്ഞത്. കൊല്ലം ഏഴു കഴിഞ്ഞിട്ടും ഇന്നും എനിക്ക് അതുതന്നെ ചെയ്യേണ്ടി വരുന്നല്ലോ. എന്തൊരു ഗതികേടാണിത്.." 

ഏറ്റവും ഒടുവിലായി  ഇന്നലെ രാത്രി ഡിവിഷൻ ബെഞ്ച് ജഡ്ജുമാരായ ജസ്റ്റിസ് മൻമോഹന്റെയും ജസ്റ്റിസ് സഞ്ജീവ് നരൂലയുടെയും സമക്ഷത്തിലെത്തിൽ ഹർജി എത്തി. അതിൽ വാദം കേൾക്കുന്നതിനിടെ ബെഞ്ച് അഡ്വ. എ പി സിംഗിനോട് പറഞ്ഞത് ഒന്നുമാത്രം, "പ്രതിഭാഗം വക്കീൽ, നിങ്ങൾ ദയവായി പ്രസക്തമായ കാര്യങ്ങൾ മാത്രം പറയുക, കോടതിയുടെ വിലയേറിയ സമയം പാഴാക്കരുത്." തുടർന്ന് കോടതി ഇങ്ങനെയും നിരീക്ഷിച്ചു, " നമ്മൾ നിങ്ങളുടെ കക്ഷി ദൈവത്തിങ്കലേക്കെത്തുന്നതിന് വളരെ അടുത്താണ്. ദയവായി സമയം പാഴാക്കാതിരിക്കൂ..." 

തനിക്ക് കാര്യങ്ങൾ ഒന്നുകൂടി കൃത്യമായി അവതരിപ്പിക്കാൻ സാവകാശം നൽകണം എന്നായി അഡ്വ. എ പി സിംഗ്. കുറച്ച് ഫോട്ടോ കോപ്പികൾ കൂടി എടുക്കാനുണ്ടായിരുന്നു എന്നും, കൊവിഡ് 19 കാരണം കടകൾ ഒക്കെ അടച്ചുപോയി. ഇനി രാത്രി ഫോട്ടോകോപ്പി എടുക്കാൻ പറ്റില്ല. 'അതുകൊണ്ട് ദയവായി നാളത്തെ ശിക്ഷ നടപ്പിലാക്കാൻ മാറ്റിവെക്കണം' എന്നായിരുന്നു ആ പറഞ്ഞതിന്റെ ധ്വനി. എന്നാൽ ആ വാദങ്ങളൊക്കെയും തള്ളിക്കൊണ്ട് , ഈ കേസിൽ കോടതി നടത്തിയ അവസാന നിരീക്ഷണം ഇതായിരുന്നു, " നിയമത്തിന്റെ പരിരക്ഷ ആവശ്യപ്പെടുന്നവർ ആദ്യം അതിനെ ബഹുമാനിക്കാൻ പഠിക്കണം."

ഒടുവിൽ സുപ്രീം കോടതിയുടെ മുന്നിലും കേസുമായി ചെന്ന് അതൊക്കെ തള്ളപ്പെട്ടു കോടതിക്ക് പുറത്തിറങ്ങിയ അഡ്വ. എ പി സിംഗിനെ മാധ്യമപ്രവർത്തകൾ ചോദ്യങ്ങളുമായി വളഞ്ഞു. അവരോട് എ പി സിംഗ് ചോദിച്ചത് ഇങ്ങനെ, " സംഭവം നടന്ന അന്ന് രാത്രി 12.30 -ന് നിർഭയ ആരുടെ കൂടെയാണ് എന്നുപോലും അമ്മ ആശാദേവിക്ക് വല്ല നിശ്ചയവും ഉണ്ടായിരുന്നോ?" നിർഭയയ്ക്ക് 2012 ഡിസംബർ 16 -ന് രാത്രിയിൽ ഇങ്ങനെയൊക്കെ സംഭവിച്ചതിന് സ്വന്തം മകൾ രാത്രി ഏറെ വൈകി എവിടെയൊക്കെ പോകുന്നു എന്നന്വേഷിക്കാത്ത ആശാദേവിയും ഉത്തരവാദിയാണ് എന്ന് ധ്വനിപ്പിക്കുന്ന അഡ്വ. എ പി സിംഗിന്റെ പ്രസ്താവന സാമൂഹ്യമാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. 

 

Follow Us:
Download App:
  • android
  • ios