Asianet News MalayalamAsianet News Malayalam

14 വയസ്സുമാത്രം പ്രായമുള്ള 19 കുട്ടികളുമായി ലോക്ക് ഡൗണ്‍ കാലത്ത് ഒരു ഭാരത പര്യടനം...

ഡ്യൂട്ടി ലിസ്റ്റിൽ ഉണ്ടായിരുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി തടിതപ്പിയപ്പോൾ അടുത്തടുത്ത പേരുകാരെല്ലാം ഒരുനിമിഷം കൊണ്ട് ക്യാമ്പസിൽ നിന്ന് ഓടിയകന്നപ്പോൾ ധൈര്യപൂർവ്വം ഈ ദൗത്യം ഏറ്റെടുത്തത് നവോദയാ ജീവിതം പകർന്നു നൽകിയ കരുത്തും ഇതുവരെ പഠിപ്പിച്ച കുഞ്ഞുങ്ങളും അവരുടെ രക്ഷിതാക്കളും നമ്മിൽ ഏൽപ്പിച്ച വിശ്വാസവും കൊണ്ടു മാത്രമാണ്.

navodaya teacher shares her travelling experience from up to kerala with her students
Author
Thiruvananthapuram, First Published Jun 5, 2020, 12:36 PM IST

ലോക്ക് ഡൗൺ കാലത്ത് വിജനവീഥിയിലൂടെ ഒരു ഭാരത പര്യടനം... ഉത്തർപ്രദേശ് മുതൽ കേരളം വരെ 19 വിദ്യാർത്ഥികളുമായി ബസ്സിൽ യാത്ര ചെയ്‍ത ഒരു നവോദയ അദ്ധ്യാപികയുടെ  അനുഭവക്കുറിപ്പുകൾ. മായാദേവി എഴുതുന്ന കുറിപ്പ്.  

navodaya teacher shares her travelling experience from up to kerala with her students       
                   
ദേശീയോദ്ഗ്രഥനത്തിന്‍റെ ഭാഗമായി രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലേക്ക് ഒരു വർഷക്കാലം പഠിക്കാൻ പോയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ ലോക് ഡൗൺ കാലത്ത് അതതു വിദ്യാലയങ്ങളിൽ കുടുങ്ങിപ്പോയത് വലിയ സങ്കട വാർത്തയായിരുന്നു. 177 വിദ്യാലയങ്ങളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളും പ്രാദേശിക ഭാഷാധ്യാപകരുമാണ് ഇപ്രകാരം ലോക്ക് ഡൗൺ കാലത്ത് വെക്കേഷൻ വിദ്യാലയ വളപ്പിൽ കഴിച്ചു കൂട്ടാൻ നിർബന്ധിതരായത്.   

പിന്നീട് നവോദയ സമിതിയുടെ ശക്തമായ ഇടപെടലുകൾക്കൊടുവിൽ കേന്ദ്ര  സർക്കാരിന്‍റെ അനുമതിയോടെ കുട്ടികളെ അവരവരുടെ നാടുകളിൽ തിരിച്ചെത്തിക്കാൻ തീരുമാനമായി. ഒന്നരമാസത്തെ കാത്തിരിപ്പിന് വിരാമമായി. കൊവിഡ് കാലത്ത് അതിസാഹസികമായ ഒരു വിജനവീഥിയിലൂടെയുള്ള ഒരു ഭാരത പര്യടനം തന്നെയായിരുന്നു അത്. എന്നെപ്പോലെ കുട്ടികളോടൊപ്പം യാത്ര ചെയ്‍ത അധ്യാപക സുഹൃത്തുക്കൾക്ക് ഈ  അനുഭവസാക്ഷ്യം സമർപ്പിക്കുന്നു. ഏറെ വ്യത്യസ്തമായിരിക്കില്ല അവരുടെ കഥയും ഹമീ നവോദയ ഹോ!           

ഉത്തർപ്രദേശിലെ അമേഠി നവോദയ വിദ്യാലയത്തിൽ കൊവിഡ് കാലത്ത് നാട്ടിലെത്താനാകാതെ കുടുങ്ങിപ്പോയ 19 മലയാളി കുട്ടികളും രണ്ട് അദ്ധ്യാപകരും ഭീതിദമായ കൊവിഡ് ലോക്ക് ഡൗൺ കാലത്ത് "ആപ് ജഹാം ഹോ വഹീം രഹോ, ബാഹർ നഹീ നികൽ നാ" എന്ന്  പ്രധാനമന്ത്രി ഓരോ തവണ ഓർമ്മിപ്പിക്കുമ്പോഴും മനസ്സിൽ തീമഴയായിരുന്നു. സ്വന്തം നാട്ടിലെത്തുക എന്നത് ഏതൊരാളെയും പോലെ മനസ്സിനെ വല്ലാതെ കൊതിപ്പിക്കുന്നുണ്ടായിരുന്നെങ്കിലും കുട്ടികളെ നാട്ടിലെത്തിക്കുക എന്ന വലിയ ദൗത്യത്തിനു മുന്നിൽ സ്വന്തം ആഗ്രഹം നിസ്സാരമായിരുന്നു. തരക്കാരോടൊപ്പം ടിവി കണ്ടും കളിച്ചും ചിരിച്ചും കണ്ണിമാങ്ങാ പെറുക്കിയും നടന്ന അവർക്ക് ടീച്ചറും സാറും ഉണ്ടല്ലോ എപ്പോഴായാലും എത്താം എന്ന വിചാരമായിരുന്നു. മഹാമാരി സമയത്ത് മക്കൾ അകലെയായതിന്‍റെ നൊമ്പരം രക്ഷിതാക്കളുടെ വേവലാതിയായി.     
 
ഒടുവിൽ നീണ്ട 45 ദിവസങ്ങൾക്കുശേഷം തീവണ്ടിയാത്രക്ക് അനുവാദം ലഭിക്കാത്തതിനാൽ കുട്ടികളെ ബസ്സിൽ നാട്ടിലെത്തിക്കാൻ പദ്ധതി തയ്യാറായി. നാട്ടിലെത്താം എന്ന ചിന്ത എല്ലാവരുടെയും മുഖത്ത് സന്തോഷത്തിന്‍റെ വെളിച്ചം വീശി. എന്നാൽ നീണ്ട ആറു ദിവസം ബസ്സിലിരുന്ന് യാത്ര ചെയ്യണം. ഇടക്ക് പുറത്തിറങ്ങാനോ എന്തെങ്കിലും വാങ്ങിക്കഴിക്കാനോ പാടില്ല, ശൗചാലയാലയങ്ങൾ പോലും സൂക്ഷിച്ച് തെരഞ്ഞെടുക്കണം. അങ്ങനെ നവോദയ വിദ്യാലയ സമിതിയുടെ നീണ്ട നിർദ്ദേശ പട്ടിക വന്നു. മാസ്‍ക്, സാനിറ്റൈസർ, കൈയ്യുറകൾ അങ്ങിനെ മുൻപരിചയമില്ലാത്ത ചില അലങ്കാര വസ്തുക്കൾ വേറെയും.

മെയ് 7 -ന് രാവിലെ അഞ്ച് മണിക്ക് ഉത്തർപ്രദേശ് റോഡ് ട്രാൻസ്പോർട്ടിന്‍റെ നീളമുള്ള ഒരു എ.സി. ബസ്സ് വിദ്യാലയാങ്കണത്തിൽ എത്തി. കാക്കിയണിഞ്ഞ രണ്ട് ഡ്രൈവർമാരും നീല യൂണിഫോമണിഞ്ഞ ഒരു ക്ലീനറും ഒപ്പം. ലോക് ഡൗണിൽ പെട്ട് വീട്ടിൽ പോകാനാകാതെ ക്യാമ്പസിൽ കുടുങ്ങിപ്പോയ ചില അദ്ധ്യാപക അനധ്യാപകരും കുടുംബാംഗങ്ങളും ഞങ്ങളെ യാത്രയാക്കാനെത്തി. പ്രിൻസിപ്പാൾ പച്ചക്കൊടി വീശി ബസ്സിന് യാത്രാനുമതി നൽകി. തിരിഞ്ഞുനോക്കുമ്പോൾ ഞങ്ങളുടെ നീണ്ട യാത്രയും അതിൽ നേരിടാൻ പോകുന്ന വൈഷമ്യങ്ങളും കാലേക്കൂട്ടി കണ്ടതിൽ കുണ്ഠിതപ്പെട്ട് നിൽക്കുന്ന രഞ്ജൻ സാറും, സ്വതസിദ്ധമായ നിറചിരിയുമായി കൈവീശി നിൽക്കുന്ന നവീൻ സാറും നേർത്ത സങ്കടത്താൽ കണ്ണുതുടക്കുന്ന മേട്രൻ ഇന്ദ്രാവതി മാഡവും ഇനി എനിക്കും ഇവിടെ നിന്ന് രക്ഷപ്പെടാമല്ലോ എന്ന ആശ്വാസത്തോടെ പുഞ്ചിരിച്ച് കൈ വീശി നിൽക്കുന്ന കൗൺസിലർ ഹർഷിതയും കൺമുന്നിൽ നിന്ന് പിന്നിലേക്ക് ഓടിമറഞ്ഞു. 

navodaya teacher shares her travelling experience from up to kerala with her students

 

അപ്പോഴാണ് കഴിഞ്ഞ ഒരു മാസക്കാലമായി മലയാളി കുട്ടികൾ ഭക്ഷണം കൊടുത്തു സ്നേഹിച്ചു വളർത്തിയ പ്രീതി എന്ന നായ്‍ക്കുട്ടി ബസ്സിന്‍റെ പിന്നാലെ ഓടി വരുന്നത് കണ്ണിൽപ്പെട്ടത്. ആ കാഴ്ച കുട്ടികളുടെ കണ്ണുകളെയും ഈറനണിയിച്ചു. യുപിക്കാരി പട്ടിയെ മലയാളം പഠിപ്പിക്കുകയും മലയാളത്തിൽ നിർദ്ദേശങ്ങൾ നൽകി പരിപാലിക്കുകയും ചെയ്‍തതും ദേശീയോദ്ഗ്രഥനത്തിന്‍റെ ഒരു പുതിയ വശം... ഏറെ ദൂരം പിന്നാലെയോടി ദയനീയമായ നോട്ടത്തോടെ പകച്ചു നിൽക്കുന്ന പ്രീതിയുടെ ചിത്രം ഹർഷിത മൊബൈലിൽ പകർത്തി വാട്ട്സ്ആപ്പിൽ അയച്ചു തന്നു.
 
യാത്രയുടെ ഒന്നാം ദിവസം... തികച്ചും അസാധാരണവും വ്യത്യസ്‍തവും അതേസമയം അതിസാഹസികവുമായ ഒരു യാത്രക്കാണ് തങ്ങൾ തയ്യാറായിരിക്കുന്നത് എന്ന് അറിയാമെങ്കിലും സഹപ്രവർത്തകരും കുട്ടികളും ഭർത്താവും മകളും ഒപ്പമുണ്ടായിരുന്നതിനാൽ വലിയ ഭയമൊന്നും തോന്നിയില്ല. എന്നാൽ, സ്‍കൂളിനു പുറത്തു കടന്നപ്പോഴാണ് കാര്യത്തിന്‍റെ തീക്ഷ്‍ണത വ്യക്തമായത്. കണ്ണെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന ഗോതമ്പുപാടങ്ങൾ ശൂന്യമായിരുന്നു, വഴിയോരങ്ങളും ഗ്രാമവീഥികളും തികച്ചും ശൂന്യം. അങ്ങനെ വിജനമായ റോഡിലൂടെ സ്വപ്‍നസമാനമായ ഒരു യാത്ര. ഞങ്ങളുടെ ബസ്സല്ലാതെ ഒരു ഇരുചക്ര വാഹനമോ ഒരു കാൽ നടയാത്രക്കാരനോ വഴിയോരങ്ങളിൽ കാണാനായില്ല.

“ഖർ മേം രഹോ, ഖർ മേം രഹോ ഖർ മേഹീ രഹോ ബാഹർ നഹീ നികൽ നാ” പ്രധാനമന്ത്രിയുടെ നിർദ്ദേശം ഭാരത ജനത നെഞ്ചേറ്റിയിരിക്കുന്നു. സാമ്പത്തികമായും സാങ്കേതികമായും മുൻപന്തിയിൽ നിൽക്കുന്ന വൻകിട രാജ്യങ്ങൾ ഒരു നിസ്സാരവൈറസ്സിനു മുന്നിൽ മുട്ടുമടക്കിയപ്പോൾ നമ്മുടെ രാജ്യത്തിന് ആ ഒരവസ്ഥ ഉണ്ടാവാതിരിക്കാനുള്ള സർക്കാർ മുൻകരുതലുകളെ പാലിക്കാൻ തയ്യാറായ ജനങ്ങളോട്, ഉത്തരവാദപ്പെട്ട അധികാരികളോട്, സുരക്ഷാ ഉദ്യോഗസ്ഥരോട്, ആരോഗ്യ പ്രവർത്തകരോട് ശുചീകരണത്തൊഴിലാളികളോട് ഒക്കെ കൃതജ്ഞത തോന്നി. ഒപ്പം ഈ ദൗത്യത്തിൽ ഒട്ടും ആഗ്രഹിക്കാതെയാണെങ്കിലും വന്നുപെട്ടതിൽ കൃതാർത്ഥതയും. ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ആകാംക്ഷയും ഭയവുമായി ഈ കൊവിഡ് കാലത്ത് അതിസാഹസികമായ ഒരു ബസ് യാത്ര. 

navodaya teacher shares her travelling experience from up to kerala with her students

 

14 വയസ്സു മാത്രം പ്രായമുള്ള 19 കുട്ടികൾ... അവരോടൊപ്പം ഞാനും പ്രജീഷ് സാറും ജ്യോതി മാഡവും പാണ്ഡേ ജിയും (കുക്ക്) രണ്ട് ഡ്രൈവർമാരും ഒരു സഹായിയും. കൊറോണ വൈറസ് തികച്ചും വിജനമാക്കിയ റോഡുകളിലൂടെ ഇടക്കിടെ ചെക്ക് പോസ്റ്റുകളിൽ നിര്‍ത്തി കാര്യങ്ങൾ വ്യക്തമാക്കിയും അനുവാദം വാങ്ങിയും ഉള്ളിൽ നുരഞ്ഞുപൊന്തുന്ന വിഷമങ്ങളും വേദനയും ഉത്തരവാദിത്വത്തിനു വഴിമാറിക്കൊടുക്കുമ്പോൾ, കുട്ടികൾ ഭയക്കാതിരിക്കാൻ, വേവലാതിപ്പെടാതിരിക്കാൻ പ്രജീഷ് മനപ്പൂർവ്വം പറയുന്ന തമാശകൾ ഒരു ആശ്വാസമായി. ചിരി വരാതിരുന്നിട്ടും മനപ്പൂർവ്വം ചിരിക്കാൻ ശ്രമിച്ചു. അസൗകര്യങ്ങൾക്കുമുന്നിൽ ചിലപ്പോഴൊക്കെ പൊട്ടിത്തെറിച്ചു, ഈ ദൗത്യം ഒരു നിയോഗമെന്നോണം ഏറ്റെടുക്കുമ്പോൾ ഒന്നേ ഓർത്തുള്ളു എങ്ങനെയും കുട്ടികളെ രക്ഷിതാക്കളുടെ സുരക്ഷിത കരങ്ങളിൽ എത്തിക്കണം.

ഡ്യൂട്ടി ലിസ്റ്റിൽ ഉണ്ടായിരുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി തടിതപ്പിയപ്പോൾ അടുത്തടുത്ത പേരുകാരെല്ലാം ഒരുനിമിഷം കൊണ്ട് ക്യാമ്പസിൽ നിന്ന് ഓടിയകന്നപ്പോൾ ധൈര്യപൂർവ്വം ഈ ദൗത്യം ഏറ്റെടുത്തത് നവോദയാ ജീവിതം പകർന്നു നൽകിയ കരുത്തും ഇതുവരെ പഠിപ്പിച്ച കുഞ്ഞുങ്ങളും അവരുടെ രക്ഷിതാക്കളും നമ്മിൽ ഏൽപ്പിച്ച വിശ്വാസവും കൊണ്ടു മാത്രമാണ്. ഈ കൊവിഡ് കാലത്ത് നമുക്ക് എന്തെല്ലാം ലഭിച്ചു എന്നല്ല, കൊറോണ വൈറസ് നമ്മെ ബാധിച്ചില്ല എന്നതാണ് പ്രധാനം. അങ്ങനെ ഉണ്ടാവാതിരിക്കാനാണ് നമ്മുടെ ശ്രമം. അദൃശ്യനായ ശത്രുവിനെ ആയുധമില്ലാതെ നേരിടുകയാണ്. ചെല്ലുന്നിടത്തെല്ലാം ഞങ്ങൾക്ക് കൊവിഡുണ്ടോ എന്ന് അവർക്ക് സംശയം. അവിടെ വൈറസ് ബാധയുണ്ടോ എന്ന് ഞങ്ങൾക്കും. 

ഇത്ര വിചിത്രമായ സാഹചര്യത്തിൽ  ജീവിതത്തിലാദ്യമായി 12 മണിക്കൂർ തുടർച്ചയായി ബസ്സിൽ ഇരുന്നു യാത്ര ചെയ്യുകയാണ്. ഇത് ഒരുദിവസം കൊണ്ടു തീരുന്നില്ല. തുടർച്ചയായി 7 ദിവസം! ഒരു 50 വയസ്സുകാരിയുടെ ശാരീരിക അസ്വസ്ഥതകൾ കൊവിഡ് കാലത്ത് കുഞ്ഞുങ്ങൾക്കു വേണ്ടി മാറ്റി വയ്ക്കുമ്പോൾ ആഗ്രഹിച്ചത് ഒന്നു മാത്രം ഏവരുടെയും പ്രാര്‍ത്ഥനകളും വിശ്വാസവും ഒപ്പമുണ്ടാവണം.

എന്നാൽ രക്ഷിതാക്കളുടെ പരാതി പറച്ചിലും കുറ്റപ്പെടുത്തലുകളും യാത്രയിലുടനീളം ഞങ്ങളെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. ഈ കൊറോണ കാലത്ത് കുറ്റപ്പെടുത്തലുകൾക്കും പരാതി പറച്ചിലുകൾക്കും തീർത്തും സ്ഥാനമില്ല. എന്നുമാത്രമല്ല, അത് ഞങ്ങളുടെ ആത്മവിശ്വാസം കെടുത്തിയുമില്ല. ഏറ്റെടുത്ത ജോലി കഴിയുന്നത്ര ഭംഗിയായി നിർവ്വഹിക്കുക മാത്രമാണ് കരണീയം എന്ന് മനസ്സിനെ പറഞ്ഞു മനസ്സിലാക്കി. എല്ലാ ആരോഗ്യ പ്രവർത്തകരെയും സുരക്ഷാ പ്രവർത്തകരെയും നമിച്ചുകൊണ്ട് ഞങ്ങളും ഈ എളിയ ദൗത്യവുമായി... എല്ലാം വരുന്നിടത്ത് വച്ച് കാണാം. എല്ലാം സഹിക്കാനും ക്ഷമിക്കാനമുള്ള കഴിവ് ജഗദീശ്വരൻ എല്ലാവർക്കും നൽകട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് യാത്ര തുടർന്നു.

navodaya teacher shares her travelling experience from up to kerala with her students

 

സ്‍കൂളിൽ നിന്ന്  വി.പി. മാഡം (നീതാ ഉപാധ്യായ) ബസ്സിൽ കഴിക്കാനായി കരുതി ഏൽപ്പിച്ച ബിസ്ക്കറ്റുകളും ആപ്പിളും പൂരിയും സബ്‍ജിയും യാത്രയിലുടനീളം ഞങ്ങളെ സന്തോഷിപ്പിച്ചു. പാണ്ഡേ ജീ സമയാസമയങ്ങളിൽ എല്ലാം വിളമ്പിത്തന്നു കൊണ്ടിരുന്നത് യാത്രയിലെ മുഷിച്ചിൽ ഏറെക്കുറെ ശമിപ്പിച്ചു. യാത്ര ചെയ്യാനുള്ള ഭക്ഷണം ചിലപ്പോഴൊക്കെ ഭക്ഷിക്കാൻ വേണ്ടി യാത്ര ചെയ്യുന്നത് പോലെ തോന്നിപ്പിച്ചു. ഒപ്പമില്ലെങ്കിലും മനസ്സുകൊണ്ട് ഒപ്പം യാത്ര ചെയ്യുന്ന പ്രിയ മിത്രങ്ങൾ സാന്നിദ്ധ്യവും സാമീപ്യവും  സാന്ത്വനവുമായി. 'അലഹബാദിലൂടെ യാത്ര ചെയ്യുകയാണ് ഇപ്പോൾ നിന്‍റെ കന്‍റോൺമെന്‍റിന്‍റെ മുന്നിലൂടെയാണ് പോകുന്നത്' എന്നു പറഞ്ഞപ്പോൾ എന്നെ കാണിക്കാനായി ആറ് മാസം മാത്രം പ്രായമായ കുഞ്ഞിനെയും ഭാര്യയെയും അമ്മയെയും കൂട്ടി ജിപ്സിയിൽ ഓടിയെത്തിയ മേജർ അജിത്, പ്രിയ ശിഷ്യൻ വീണ്ടും നവോദയ ജീവിതത്തിന്‍റെ മാധുര്യമേറുന്ന ഓർമ്മകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി...
 
കുട്ടികൾക്ക് കഴിക്കാൻ തരാൻ ലോക്ക് ഡൗൺ സമയത്ത് ഒന്നും ലഭിക്കില്ല എന്നറിയാവുന്നകൊണ്ട് ആ നവോദയൻ വീട്ടിൽ  ഉണ്ടായിരുന്ന ചിപ്സും ബിസ്കറ്റുമൊക്കെയായാണ് എത്തിയത്. ബസ്സിനുള്ളിൽ കയറി ലോക്ക് ഡൗൺ സമയത്ത് പാലിക്കേണ്ട മര്യാദകളെ കുറിച്ചും സോഷ്യൽ ഡിസ്റ്റൻസിംഗിനെ കുറിച്ചുമൊക്കെ പറഞ്ഞു മനസ്സിലാക്കാൻ ആ ചുരുങ്ങിയ സമയം അജിത് വിനിയോഗിച്ചു. മേജറിന്‍റെ അപ്രതീക്ഷിതമായ എൻട്രി കുട്ടികളെ ആവേശഭരിതരാക്കി.
യു.പി.യിൽ നിന്ന് ബസ്സ് മദ്ധ്യപ്രദേശിലേക്ക് മയ്യർ വഴി കടന്നുകയറുന്നത് ഇരുവശവും ചെങ്കൽ പാറകൾ അരിഞ്ഞുണ്ടാക്കിയ റോഡിലൂടെ ആയിരുന്നു, ഉത്തർപ്രദേശിന്‍റെ സമതല ഭൂവിൽ നിന്ന് -ഗംഗാതട ഭൂവിലെ എക്കൽ മണ്ണിൽ നിന്ന്- മദ്ധ്യപ്രദേശിന്‍റെ ചാരനിറമുള്ള, നിമ്‍നോന്നതങ്ങളിലേക്ക് ബസ്സ് പാഞ്ഞുകയറിയത് ഉച്ചമയക്കത്തിലായ ഞാൻ അറിഞ്ഞിരുന്നില്ല.

ഹെയർ പിൻ വളവുകളും കുത്തുകയറ്റവും ബസ്സിനെ വല്ലാതെ ഇളക്കിമറിച്ചപ്പോൾ കുട്ടികളുടെ ആർപ്പുവിളികൾ എന്‍റെ ഉച്ചമയക്കത്തെ ശല്യപ്പെടുത്തി. പുറത്തേക്ക് നോക്കിയപ്പോൾ അവിടവിടെ കാണുന്ന ഉയരം കുറഞ്ഞ കുറ്റിമരങ്ങൾ മോളു നഴ്സറി ക്ലാസ്സുകളിൽ ക്രയോൺസ് കൊണ്ടു വരച്ചിരുന്ന കൊച്ചു മരച്ചിത്രങ്ങളെ ഓർമ്മിപ്പിച്ചു.  

അലഹബാദ്, ബനാറസ് സത് ന, റീവ എന്നിവിടങ്ങളിലൂടെ കഴിച്ചും കുടിച്ചും ശൂന്യതയുടെ ആഴമളന്നും ഞങ്ങൾ വൈകുന്നേരം 5 മണിയോടെ കട്‍നി നവോദയ വിദ്യാലയത്തിൽ എത്തിച്ചേർന്നു. അന്ന് രാത്രിവാസം നിശ്ചയിക്കപ്പെട്ടിരുന്നത് അവിടെയായിരുന്നു. പുറത്തുനിന്നു വന്നവരെ പരിശോധനക്കുശേഷം മാത്രമേ അകത്തുപ്രവേശിപ്പിക്കാവൂ എന്ന് കർശന നിർദ്ദേശമുള്ളതിനാൽ ഞങ്ങളെ അകത്തു കടക്കാൻ ചൗക്കീദാർ സമ്മതിച്ചില്ല. അടുത്തുള്ള പ്രൈമറി ഹെൽത്ത് സെന്‍ററിൽ തെർമൽ സ്‍കാനിംഗ് നടത്തിയതിനു ശേഷമാണ് പ്രവേശിച്ചത്. യാത്രാ ക്ഷീണം നന്നേയുണ്ടായിരുന്നതിനാൽ ഭക്ഷണം കഴിച്ചെന്നു വരുത്തി എല്ലാവരും ഉറങ്ങാൻ പോയി. ഭക്ഷണം കഴിക്കുമ്പോൾ, കർക്കശക്കാരനായ പ്രിൻസിപ്പാൾ  തങ്ങളെ പ്രൈമറി ഹെൽത്ത് സെന്‍ററിൽ പരിശേധനക്കയച്ചതിനെക്കറിച്ച് ഞങ്ങളുടെ പ്രിൻസിപ്പാളിനോട് പരാതി പറഞ്ഞതിൽ രോഷം കൊണ്ടതൊന്നും ഞങ്ങൾ കാര്യമായി ശ്രദ്ധിച്ചതേയില്ല. 

130 കോടി ജനങ്ങൾ ഭയവിഹ്വലരായി വീടടച്ചിരുന്ന് ലോക് ഡൗൺ പാലിക്കുമ്പോൾ, വിധിവൈപരീത്യത്താൽ ഭാരതപര്യടനത്തിനിറങ്ങി പുറപ്പെടേണ്ടി വന്ന ഞങ്ങളുടെ ഗതികേട് അദ്ദേഹത്തിന് മനസ്സിലാകാത്തത് ഞങ്ങളുടെ കുഴപ്പമല്ലല്ലോ എന്ന് ഡോർമിറ്ററിയിലേക്ക് പോകും വഴി ഞാനോർത്തു. കട് നി നവോദയയിൽ നിന്ന്  ആവശ്യത്തിന് ആഹാരസാധനങ്ങളും മറ്റും പാക്ക് ചെയ്‍തുതരാൻ മെസ് ജോലിക്കാർക്ക് പേരറിയാത്ത പ്രിൻസിപ്പാൾ നിർദ്ദേശം നൽകിയിരുന്നിരിക്കണം.

ഏഴ് മണിയോടെ ഞങ്ങൾ അടുത്ത ഡെസ്റ്റിനേഷൻ ആയ നാഗ്‍പൂർ നവോദയയിലേക്ക് യാത്ര പുറപ്പെട്ടു. ജബൽപൂർ -നാഗ്‍പൂർ ഹൈവേയിലൂടയുള്ള യാത്ര തികച്ചും  അവിസ്‍മരണീയമായിരുന്നു. ഇരുവശത്തും തേക്കിൻകാടുകൾ ഇലപൊഴിഞ്ഞ് കാണപ്പെട്ടു. നേർരേഖ പോലെ ലോകത്തിന്‍റെ അവസാനം വരെ നീണ്ടുകിടക്കുന്ന ഹൈവേ -വിജനമായ ഹൈവേ!

ഇന്ത്യാമഹാരാജ്യത്ത്  ഈ ഒരു വണ്ടിയും അതിലുള്ള ഞങ്ങൾ കുറേ മനുഷ്യജീവികളും മാത്രമേ ഉള്ളൂ എന്ന തോന്നൽ ഉളവാക്കി. വഴിനീളെ അടഞ്ഞ ഷോറൂമുകളും കെട്ടിടങ്ങളും. തങ്ങൾക്കുള്ളതെല്ലാം ഒരു മാറാപ്പിലൊതുക്കി ലോക്ക് ഡൗൺ നിയമങ്ങളൊന്നും പാലിക്കാതെ ഒറ്റക്കും കൂട്ടമായും പാലായനം ചെയ്യുന്ന തൊഴിലാളി വർഗ്ഗം... മുന്നിലുള്ള പാതയല്ലാതെ മറ്റൊന്നും അവർ കാണുന്നുണ്ടായിരുന്നില്ല. കുറേദിവസം പണിയൊന്നും ഇല്ലാതിരുന്നതിനാൽ കൈയിൽ കാശില്ലാത്തവർ, വണ്ടിക്കൂലിക്ക് പണമില്ലാത്തതിനാൽ നടക്കാൻ നിർബന്ധിതരായവർ. ലക്ഷ്യത്തിലെത്തുമോ ഇടക്ക് കൊറോണ എന്ന ഭീകരൻ കീഴ്പ്പെടുത്തുമോ എന്ന് നിശ്ചയമില്ലാതെ  നടന്നുനീങ്ങുന്ന അവരുടെ മുഖത്തെ നിസ്സംഗഭാവം  മനസ്സിലെവിടെയോ ഉടക്കിവലിക്കുന്നുണ്ടായിരുന്നു. 

ലോകമത്രയും നടന്നു താണ്ടാനുള്ള നിശ്ചയദാർഢ്യവും ആർജ്ജവവും അവരുടെ മുഖത്ത് ദൃശ്യമായിരുന്നു. ബ്രഹ്മപുരി - ഗാഡ്‍ചിറോളി വഴി 460 കിലോ മീറ്റർ സഞ്ചരിച്ച് ഞങ്ങൾ വൈകുന്നേരം ആറ് മണിയോടെ നാഗ്‍പൂര്‍ നവോദയ വിദ്യാലയത്തിൽ എത്തിച്ചേർന്നു. കട് നിയിൽ നിന്നും വ്യത്യസ്‍തമായി ഊഷ്‍മളമായ സ്വീകരണം തന്നെയാണ് ഞങ്ങൾക്കവിടെ ലഭിച്ചത്. മാഡം സറീന ഖുറേശി റംസാൻ നോമ്പിന്‍റെ ക്ഷീണം പോലും മറന്ന് നിറഞ്ഞ ചിരിയുമായി ഞങ്ങളെ കാത്തു നിന്നിരുന്നു. ഒപ്പം മാഡത്തിന്‍റെ സ്റ്റാഫംഗങ്ങൾ പ്രഭാകരനും നിശാനും... ഹോസ്റ്റലിനകത്ത് കുട്ടികൾ കുറെ കല്ലുകൾ പെറുക്കി കൂട്ടിയിരുന്നു. തുറന്നിട്ട വാതിലിലൂടെ രണ്ടു കുരങ്ങൻമാർ അകത്തു കടന്നപ്പോഴാണ് കല്ലുകൾ എന്തിനായിരുന്നു എന്ന് മനസ്സിലായത്.

മാസ്ക് ധരിച്ച് ചായയും ബിസ്ക്കറ്റുമായി വന്ന നിശാൻ രാത്രിയിൽ പുറത്തിറങ്ങരുത് എന്ന് താക്കീത് നൽകിയാണ് പോയത്. കൊടും ചൂടായിരുന്നു മഹാരാഷ്ട്രയിലെ ആ രാത്രിക്ക്. തികച്ചും ഒരു കാളരാത്രി. മെഷ് അടിച്ചിരുന്ന ജനലുകൾ തുറന്നിട്ടിരുന്നെങ്കിലും പുലിയും കടുവയും കുരങ്ങന്മാരും നവോദയയുടെ ബൗണ്ടറികൾ പൊട്ടിച്ച് അകത്തു കടന്ന പേടിപ്പെടുത്തുന്ന കഥകൾ പ്രഭാകരൻ പറഞ്ഞതായിരുന്നു മനസ്സുനിറയെ. മഹാരാഷ്ട്രയിലെ ഹോട്ട് സ്പോട്ടായ നാഗ്‍പൂർ നവോദയയിൽ നിന്നും അടുത്ത ഡസ്റ്റിനേഷനിലേക്കുള്ള യാത്ര രാവിലെ 6.30 -ന് തന്നെ ആരംഭിച്ചു. ഖുറേശി മാഡത്തിന്‍റെ നിർദ്ദേശപ്രകാരം നെയ് പൊറാട്ടയും വെണ്ടക്ക സബ് ജി ( ഭിണ്ടി ഫ്രൈ ) -യും ഒക്കെ പാക്കു ചെയ്‍തുതന്നു മെസ്സ് ജോലിക്കാർ. എന്നാൽ, അടുത്ത ഡസ്റ്റിനേഷനായ വാറംഗലിലേക്ക് ഞങ്ങളുടെ ഡ്രൈവർ തെരഞ്ഞെടുത്ത റോഡ് ദുർഘടം പിടിച്ചതായിരുന്നു.

ഹൈവേയിലൂടെ സുഖകരമായി സഞ്ചരിച്ചു വന്ന ബസ്സ് ഏതോ ഒരു ജംഗ്ഷനിൽ വച്ച് വഴിമാറി കാനനപാതയിലേക്ക് പ്രവേശിച്ചു. പിന്നീടങ്ങോട്ട് കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെയുള്ള നരകയാത്രയായിരുന്നു. ഇരുവശവും ഉണങ്ങി ഇലപൊഴിഞ്ഞു നിൽക്കുന്ന ശുഷ്ക മരങ്ങൾക്കിടയിലൂടെയുള്ള യാത്ര ഭൂമിയുടെ അറ്റത്തേക്കെന്നോണം നീണ്ടുനീണ്ടു പോയി. ബസ്സ് യാത്രയിൽ വെല്ലുവിളിയായേക്കാമെന്ന് ഞാൻ കരുതിയിരുന്ന പോലെ തന്നെ സംഭവിച്ചു. മൂത്രശങ്ക... യുപിയിലെ വിജനമായ റോഡിലൂടെ ഞങ്ങൾ വരുമ്പോൾ കുട്ടികൾക്ക് മൂത്രശങ്ക. ആൺകുട്ടികൾ വഴിയരികിൽ കാര്യം സാധിച്ച് തൃപ്‍തരായി. പെൺകുട്ടികൾ? ടീച്ചർ ടീച്ചർ എന്ന് വിളിച്ചുകൊണ്ട് എന്നെ നോക്കുകയാണ് അവർ. ഈശ്വരാ, എന്താ ചെയ്യുക? വല്ലാത്ത ധർമ്മസങ്കടം... ഞാൻ ഡ്രൈവറോട് കാതിൽ കാര്യമറിയിച്ചു. 'മാഡം ഇനി ഈ വിജന പാതയിൽ ഒരു മറവുള്ള സ്ഥലം ഉണ്ടാകാൻ ബുദ്ധിമുട്ടാണ് എന്തുചെയ്യും?' ഡ്രൈവർ.

രണ്ടും കൽപ്പിച്ച് ഞങ്ങളെ അവിടെയിറക്കി വണ്ടി മുന്നോട്ട് നിര്‍ത്തിയിടാൻ ഡ്രൈവർക്ക് നിർദ്ദേശം കൊടുത്തു. വണ്ടിയിൽ നിന്ന് ഇറങ്ങി കുട്ടികളെയും കൊണ്ട് ഒരു ഓട്ടമായിരുന്നു തേക്കിൻകാടായിരുന്നെങ്കിലും നമ്മുടെ നാട്ടിലെ പോലെ കാതലുള്ള തേക്കുമരങ്ങളല്ല ഇവിടെ വണ്ണം കുറഞ്ഞ് ഉയരം കൂടിയവ. ഇലപൊഴിഞ്ഞ് ഉണങ്ങി നിൽക്കുന്നു. ചീവീടുകളുടെ നിര്‍ത്താതെയുള്ള കരച്ചിൽ സൈലന്‍റ് വാലിയെ ഓർമ്മിപ്പിച്ചു. കുന്നുകൂടിക്കിടക്കുന്ന കരിയിലകൾ ചവിട്ടിപ്പൊട്ടിച്ച് മൺപുറ്റുകൾ നിറഞ്ഞ ആ മരക്കൂട്ടത്തിനിടയിലൂടെ ഞാനും കുഞ്ഞുങ്ങളും നടന്നു... അല്ല ഓടുകയായിരുന്നു... ഒരു മറവും കാണാതെ കുട്ടികൾ എന്നെ ദയനീയമായി നോക്കി. പെട്ടെന്ന് ദൂരെ പനയോല കൊണ്ടു മറച്ച ഒരു ഷെഡ്ഡ് കണ്ണിൽ പെട്ടു. ഞങ്ങൾ അങ്ങോട്ടു പറക്കുകയായിരുന്നു. ഏതോ ആവശ്യത്തിന് ആരോ കെട്ടിയ 3 വശം മറച്ച ആ മറപ്പുര ഞങ്ങൾ വാഷ്  റൂം ആക്കി. എല്ലാ കുട്ടികളും കാര്യം സാധിച്ചു. ആ മറപ്പുരയിൽ അതിനേക്കാൾ അത്യാവശ്യക്കാരിയായ ഞാനും കാര്യം സാധിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ കുറെ മൂത്രപ്പാടുകൾ വേദനയുടെ, ആശ്വാസത്തിന്‍റെ... മാധവിക്കുട്ടി പറഞ്ഞതുപോലെ, പ്രസവം കഴിഞ്ഞ ആശ്വാസം. 

കുട്ടികളെയും കൊണ്ട് തിരിച്ചു നടക്കുമ്പോൾ കാട്ടിലേക്ക് പോയ ഞങ്ങളെ കാത്ത് ചേട്ടൻ പാതിവഴി വരെ വന്നു നിൽക്കുന്നുണ്ടായിരുന്നു. പെണ്ണായി പിറന്നതിൽ ഒരിക്കലും വിഷമം തോന്നിയിട്ടില്ലാത്ത എനിക്ക് അന്നാദ്യമായി അല്‍പം സ്വയനിന്ദ തോന്നാതിരുന്നില്ല. ആൺ വർഗ്ഗത്തിനോട് അല്‍പം കുശുമ്പും നേരിയ അസൂയയും. മൂത്രാനുഭവത്തിന്‍റെ ആശ്വാസത്തിൽ എല്ലാവരും ഉറങ്ങിപ്പോയി. ഒടുവിൽ വാറംഗലിൽ എത്തിയപ്പോൾ  രാത്രി 8 മണി. തലേന്നു രാത്രിയിലെ കൊടുങ്കാറ്റിലും മഴയിലും വൃക്ഷങ്ങൾ കടപുഴകി വീണതിനാൽ വൈദ്യുതി പാടെ നിലച്ചിരുന്നു. നവോദയ വിദ്യാലയത്തിനു മുന്നിൽ റാന്തൽ വിളക്ക് ഉയർത്തിപ്പിടിച്ചുനിന്ന ചൗക്കീദാർ ഏതോ പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തെ അനുസ്മരിപ്പിച്ചു. ദിവസേന ഇങ്ങനെ വന്നുപോകുന്ന നവോദയ ടീമുകളെ സ്വീകരിച്ചും സത്കരിച്ചും തളർന്ന പ്രിൻസിപ്പാൾ വൈദ്യുതി  ഇല്ലാതിരുന്നതിനാൽ കൂടുതൽ രോഷാകുലയായി കാണപ്പെട്ടു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ചോറും സാമ്പാറും തൈരും കണ്ടപ്പോൾ ഞങ്ങൾ ആർത്തി പിടിച്ച് വയറു നിറക്കാൻ തുടങ്ങി. തലേദിവസം പെയ്‍ത മഴയുടെ തണുപ്പ് പ്രകൃതി  ഇത്തിരി ബാക്കി വച്ചിരുന്നു. യാത്രയുടെ ക്ഷീണം ഉറക്കത്തിന് വഴിമാറി. പിറ്റേന്ന് വാറംഗൽ നവോദയയിലെ മെസ്സിൽ നിന്നും പൊതിഞ്ഞുതന്ന മഞ്ഞ നിറമുള്ള പുലാവും അച്ചാറും  ഒക്കെയായി വീണ്ടും യാത്ര തുടർന്നു.

ഇക്കുറി  ആലപ്പുഴ നവോദയയിൽ നിന്നും വാറംഗലിലെത്തിയ ഒരു ടൂറിസ്റ്റ്  ബസ്സിലാണ് യാത്ര. വത്സമ്മ ടീച്ചറും മനോജ്, കലാധരൻ എന്നീ രണ്ടു മലയാളി ഡ്രൈവർമാരും തലേന്നുതന്നെ അമേഠി നവോദയയിലെ യു.പി. കുട്ടികളുമായി എത്തിയിരുന്നു. ഇനി ഞങ്ങൾ യു.പി.യിൽ നിന്നു വന്ന  ബസ്സിൽ അവരും അവർ കേരളത്തിൽ നിന്നു വന്ന ബസ്സിൽ ഞങ്ങളും. പുതിയ ബസ്സും വത്സമ്മ ടീച്ചറും... മലയാളി കുട്ടികൾ കുടുതൽ ഉന്മേഷവാന്മാരായി. അമേഠിയിലെ യു.പി. കുട്ടികൾ കേരളവും അവിടുത്തെ കാലാവസ്ഥയും നവോദയ വിദ്യാലയവും തങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും തുടർന്നും അവിടെ പഠിക്കാൻ താല്പര്യമുണ്ടെന്നും സാക്ഷ്യപ്പെടുത്തി. ചെന്നിത്തല നവോദയയും വിക്രമൻ നായർ സാറും വി.പി.മാഡവും മറ്റദ്ധ്യാപകരും അവര്‍ക്ക് നൽകിയ സ്നേഹവാത്സല്യങ്ങളും അവരെ വാചാലരാക്കി. അവർ ചെന്നിത്തല നവോദയയിൽ എത്ര സന്തുഷ്ടരായിരുന്നു എന്ന് അവരുടെ വിടർന്ന മുഖവും നിറപുഞ്ചിരിയും വിളിച്ചു പറയുന്നുണ്ടായിരുന്നു.
          
ഈ അസാധരണ യാത്രയിൽ ആരൊക്കെയോ കൂടെ യാത്ര ചെയ്യുന്നത് പോലെ ഒരു തോന്നലായിരുന്നു. എല്ലാ വാട്ട്സ് ആപ്പ് ഗ്രൂപ്പുകാരും പ്രാർത്ഥനകളോടെ പിൻതുടർന്നു. ചിലർ  വിളിച്ചു ചോദിക്കുന്നു. എവിടെ എത്തി? ആഹാരം കഴിച്ചോ? എത്ര മനോഹരമായ അനുഭവം.. ഇത്  അത്ര വലിയ കാര്യമൊന്നുമല്ലെന്നറിയാം. എന്നാലും ഒരു അസാധാരണ സാഹചര്യമായതുകൊണ്ട്  ഒരു ഭീതിയോ അനിശ്ചിതത്വമോ ഒക്കെയുണ്ട്. മാസ്കൊക്കെ വച്ച്, അകലം പാലിച്ച്, സാനിറ്റൈസർ കൊണ്ട് ഇടക്കിടെ കൈ കഴുകി... എന്തോ  നമുക്കങ്ങിനെയൊന്നും ഇതുവരെ പരിചയമില്ലല്ലോ. വിജന വീഥിയിലൂടെയുള്ള ഈ ഭാരത പര്യടനം വല്ലാത്ത ഒരനുഭവവും അനുഭൂതിയും തന്നെയാണ്. നിസ്സാരനായ ഒരു വൈറസ്, പലതിൽ നിന്നും നമ്മെ അകറ്റുകയും പഴയതിലേക്ക് പലതിലേക്കും നമ്മെ അടുപ്പിക്കുകയും ചെയ്തു. ഒരുപാട് നഷ്ടങ്ങളും ഒരുപാടു നേട്ടങ്ങളും തിരിച്ചറിവുകളും തിരുത്തലുകളും. എല്ലാം നല്ലതിനാവട്ടെ... നഷ്ടപ്പെട്ടവരുടെ ദു:ഖങ്ങൾ നികത്താനും സാധിക്കുന്നില്ല ഏതായാലും വല്ലാത്ത ഒരു സംഭ്രമ കാലം തന്നെ.  

ഗ്രീഷ്മത്തിന്‍റെ കൊടുംചുവപ്പ്  പേറിയ വാകമരങ്ങൾ വഴിനീളെ ഓടിമറയുന്നുണ്ടായിരുന്നു. പാടങ്ങളിലെല്ലാം ചുവന്ന മണ്ണ് ഉഴുതുമറിച്ചിട്ടിരുന്നു. ആന്ധ്രയിലെ കൊടുംചൂടിൽ നിന്ന് ബാംഗ്ലൂരിലെ കുളിർമയിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ മനസ്സും ശരീരവും ആർദ്രമായതുപോലെ. ബസ്സ് ഗേറ്റ് കടന്ന് ബാംഗ്ലൂർ നവോദയ സ്‍കൂളിനകത്ത് എത്തിയപ്പോൾ  മറ്റൊരു സന്തോഷം- അതിരില്ലാത്ത സന്തോഷം! നിറപുഞ്ചിരിയുമായി ഞങ്ങളെ കാത്ത് നിൽക്കുന്നു പ്രിൻസിപ്പൾ കണ്ണൻ സാർ. കൊട്ടാരക്കര നവോദയയിൽ ചുരുങ്ങിയ കാലം മാത്രമേ ഒരുമിച്ചു ജോലി ചെയ്തിരുന്നുള്ളുവെങ്കിലും ലിസ്റ്റിൽ എന്‍റെ പേര് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. പിന്നെയങ്ങോട്ട് ഞങ്ങളെ സൽക്കരിക്കാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കിയില്ല. ചപ്പാത്തിയും ചോറും രസവും ദാലും മാത്രമല്ല. ചൂടുപാലും മൈസൂർ പാക്കും തന്ന് ഞങ്ങളുടെ മനസ്സും ഹൃദയവും നിറച്ചു. മികച്ച അധ്യാപകനുള്ള അവാർഡ് വാങ്ങിയിരുന്ന അദ്ദേഹം കുട്ടികൾ ഭക്ഷണം കഴിച്ചു കഴിയുന്നതുവരെ ഞങ്ങളോടൊപ്പം ഇരുന്നു. അദ്ദേഹത്തിന് നന്ദി പറയാൻ വാക്കുകളില്ല.

ആ ആതിഥേയന്‍റെ പ്രവർത്തന മികവ് ഡോർമിറ്ററിയിലും ദൃശ്യമായി. കുറേസമയം കാലുതൂക്കിയിട്ട് ബസിലിരുന്നതിനാൽ നന്നെ ക്ഷീണിച്ച ഞാന്‍ വീട്ടിലായിരുന്നെങ്കിൽ നന്നായി ഒന്നുറങ്ങാമായിരുന്നു. ഡോർമിറ്ററിയിലെ കല്ലുമെത്തയിൽ എങ്ങനെ കിടക്കും എന്നൊക്കെ ആവലാതിപ്പെട്ടാണ് ഹോസ്റ്റലിൽ പ്രവേശിച്ചത്. എന്‍റെ ആശങ്കകളെ അസ്ഥാനത്താക്കി, പൂപോലെ പതുപതുത്ത മെത്തയും സൗകര്യങ്ങളും ഒരുക്കി ഞങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു കണ്ണൻ സാർ. ഏതോ ജെൽ പുരട്ടി മോളു കാലുകൾ ഉഴിയവേ ഉറക്കത്തിലേക്ക് വഴുതിവീണ ഞാൻ രാവിലെ വൽസമ്മ ടീച്ചർ വിളിച്ചപ്പോഴാണറിഞ്ഞത്. കർണ്ണാടകത്തിന്‍റെ കുളിർമ്മയും കണ്ണൻ സാറിന്‍റെ ഹൃദ്യമായ സ്വീകരണവും എല്ലാ ആലസ്യങ്ങളും ഇല്ലാതാക്കിയ പോലെ. കുളിച്ച് തയ്യാറായി പ്രഭാത ഭക്ഷണത്തിനു ചെന്നപ്പോഴും വീണ്ടും ആശങ്ക എന്താണാവോ കഴിക്കാൻ? വിശന്നിട്ട് വയ്യ. വലിയ കടലാസുദോശയും തേങ്ങാ ചട്നിയും. കടലപ്പരിപ്പും  അരച്ചിട്ടുണ്ടെന്നു തോന്നുന്നു. വലിയ ചുമന്ന മുളക് ഒന്നോടെ കടുകുവറുത്തിട്ട ചമ്മന്തി കൂട്ടി നാല് ദോശ കഴിച്ചു. 

മഞ്ഞ സാരിയുടുത്ത് ചന്ദനക്കുറിയിട്ട മെലിഞ്ഞ സുന്ദരിയായ CA (കാറ്ററിംഗ് അസിസ്റ്റന്‍റ്)... ആദ്യമായാണ് ഒരു നവോദയയിൽ ഒരു സ്ത്രീ കാറ്ററിംഗ് അസിസ്റ്റന്‍റായി കാണുന്നത്. കന്നടയും ഹിന്ദിയും ഇംഗ്ലീഷും കലർത്തി ഹൃദ്യമായ ചിരിയോടെ നമ്മുടെ അടക്കാമരപ്പാള ചെത്തിയുണ്ടാക്കിയ തളികയിൽ തളികയോളം വട്ടത്തിൽ വിളമ്പിയ ദോശക്കും ചമ്മന്തിക്കും അമ്മ രുചിയായിരുന്നു. നാല് മണിക്ക് കൗസല്യാ സുപ്രജാ രാമ എന്ന അലാറം വച്ച് എഴുന്നേറ്റു. പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ച് മെസ്സിൽ ആഹാരം കഴിക്കാനെത്തി. ഏലക്കായിട്ട ചുടുചായക്ക് നാടിന്‍റെ വ്യത്യസ്‍ത രുചി. ഇത്ര നാൾ ഇഞ്ചി ചതച്ചിട്ട കുറുക്കു ചായയാണല്ലോ കുടിച്ചിരുന്നത്. അനസൂയ മാഡം (സി. എ മാഡത്തിന്‍റെ പേര് ഇതിനോടകം ഞാൻ കണ്ടുപിടിച്ചിരുന്നു.) അല്ലം ഉറക്കച്ചടവോടെയാണെങ്കിലും നിറഞ്ഞ ചിരിയോടെ കൈകൂപ്പി നിൽക്കുന്നുണ്ടായിരുന്നു. മെസ്സ് ജോലിക്കാർക്ക് ആഹാരം പാക്കിങ്ങിനിടെ നിർദ്ദേശം നൽകിക്കൊണ്ട് മാഡം എന്‍റെയടുത്തെത്തി ചോദിച്ചു, 'മാഡം ഇതിനു മുമ്പ് എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ?' ഉവ്വ് ഒരു കുട്ടിയെ SGFI പരിശീലനത്തിന് എത്തിക്കാൻ 17 വർഷം മുമ്പ് ഞാൻ ഇവിടെ വന്നിരുന്നു. ചിന്തകൾ 17 വർഷം പുറകിലേക്ക് ഊളിയിട്ടു. ഓർമ്മകളുടെ ഡസ്റ്റ് ബിന്നിൽ നിന്ന് ഞാൻ... ശരിയാണ് മാഡത്തിനെ ഞാൻ അന്നു കണ്ടിട്ടുണ്ട്. അന്ന് മുഖത്ത് ഇത്ര ചുളിവുകൾ ഉണ്ടായിരുന്നില്ല. 17 വർഷം മാഡത്തിനെ കുറെയൊക്കെ മാറ്റിയിട്ടുണ്ട്. ഒന്നര വയസ്സു മാത്രം പ്രായമുള്ള മോളുമായിട്ടാണ് അന്ന് ഞാൻ എസ്കോർട്ട് ഡ്യൂട്ടി ചെയ്തത്.
അന്ന് ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്ന എനിക്കും കുഞ്ഞിനും15 ദിവസക്കാലം സമയാസമയങ്ങളിൽ എല്ലാം എത്തിച്ചു തന്നിരുന്നത് മാഡമാണ്.

ഞാൻ 15 ദിവസം അവിടെ താമസിച്ചിരുന്നെങ്കിലും മാഡത്തിനെ ഒരു തവണ മാത്രമെ കണ്ടുള്ളു. അത് ഞാൻ തിരിച്ചു പോരുന്ന ദിവസം ‘പാപ്പക്ക്  മിൽക്ക്' എന്ന് പറഞ്ഞ് ഒരു കുപ്പിയിൽ പാലും എനിക്ക് വഴിയിൽ കഴിക്കാൻ പൊറോട്ടയും ആലു ഫ്രൈയുമായി വന്നതൊക്കെ പെട്ടെന്ന് എന്‍റെ മനസ്സിലേക്ക് ഓടിക്കയറി വന്നു. അന്ന് മാഡം സി.എ ആണെന്നൊന്നും എനിക്കറിയില്ലായിരുന്നു. മാത്രമല്ല ചെറിയ കുട്ടിയുമായി ഡ്യൂട്ടി ചെയ്യേണ്ടി വന്നതിന്‍റെ സങ്കടത്തിലുമായിരുന്നു ഞാൻ. ഓർമ്മകൾ പിടിച്ചുകുലുക്കിയപ്പോൾ പിന്നെ ഒന്നും ഓർത്തില്ല സാമൂഹ്യ അകലവും കൊവിഡും ഒന്നും... ഞാൻ മാഡത്തിന്‍റെ രണ്ടു കൈയ്യും കൂട്ടി പിടിച്ചു. ഞാൻ ഇതെല്ലാം ഓർക്കുന്നതോടൊപ്പം പറയുകയും ചെയ്യുന്നുണ്ടായിരുന്നു. ഈ ആകസ്‍മിക രംഗങ്ങൾ കണ്ട് അത്ഭുതസ്‍തബ്ധരായി നിന്ന കുട്ടികളുടെ നടുവിൽ നിന്ന് മകളെ വിളിച്ച് അഭിനന്ദിച്ച് ആശീർവദിച്ച് അനസൂയ മാഡം പുഞ്ചിരി തൂകി നിന്നു... മാഡത്തിന്‍റെ സ്നേഹോഷ്‍മളമായ പെരുമാറ്റവും ഞങ്ങളുടെ വണ്ടി നീങ്ങുമ്പോൾ കൈവീശിയുള്ള നില്‍പും മനസ്സിൽ നിന്നും മായുന്നില്ല. ആ സമയത്ത് കയ്യിൽ മൊബൈൽ ഇല്ലാതിരുന്നല്ലോ ഒരു പിക് എടുക്കാൻ എന്നു ഞാൻ പല തവണ സങ്കടപ്പെട്ടു. ഒരുദിവസം മുഴുവൻ ഉണ്ടായിരുന്നിട്ടും ഓർമ്മകൾ വൈകിയാണല്ലോ വന്നത് എന്ന് എന്‍റെ ഓർമ്മശക്തിയെ പഴിച്ചു. സാരമില്ല, ഇനി എന്നെങ്കിലും വരുമ്പോൾ മാഡത്തിനെ കാണാം എന്ന് മനസ്സിനെ സമാധാനിപ്പിച്ചു.

രാത്രി ഇതുപോലെ വന്ന പല ടീമുകളെ സ്വീകരിച്ചതിന്‍റെ ആലസ്യത്തിൽ ഉറങ്ങിപ്പോയ കണ്ണൻ സാറിനെ ഞാൻ മനപ്പൂർവ്വം വിളിച്ചില്ല. നേരിൽ യാത്ര പറയാൻ സാധിക്കാത്തതിന്‍റെ വിഷമം മനസ്സിനെ മുറിപ്പെടുത്തി. അങ്ങനെ ഞങ്ങൾ ബാംഗ്ലൂർ നവോദയയോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ മനസ്സ് കൊവിഡ് കാലയാത്രയിലെ ഈ നല്ല അനുഭവങ്ങളെ - വീണ്ടും താലോലിക്കാൻ തുടങ്ങി. സുഖകരമായ കാറ്റ് എന്‍റെ ഓർമ്മകളെയും ഒപ്പം എന്നെയും നനുത്ത ഒരു മയക്കത്തിലേക്ക് തള്ളിയിട്ടു. കുട്ടികൾ ഏതോ ത്രില്ലർ മൂവി ആവേശത്തോടെ കാണുകയാണ്. വണ്ടി നല്ല സ്പീഡിൽ തന്നെ ഓടിക്കൊണ്ടിരിക്കുന്നു. പ്രസിദ്ധീകരിക്കാൻ പോകുന്ന വിജനതയിലെ ഭാരത പര്യടനത്തെ കുറിച്ചായിരുന്നില്ല എന്‍റെ ചിന്തകൾ. കൊവിഡിനു മുൻപ്, കൊവിഡിനു പിൻപ് എന്ന് വിഭജിക്കാൻ പോകുന്ന നമ്മുടെ വർത്തമാനകാലത്തെ, നമ്മെ കാത്തിരിക്കുന്ന അതിഭയങ്കരമായ ദാരിദ്ര്യത്തെയും രൂക്ഷമായ ഞെരുക്കത്തെയും പറ്റി, താല്ക്കാലികമായി തടസ്സപ്പെട്ട നിരവധി പേരുടെ ജീവനോപാധികളെപ്പറ്റി, ഇനി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന വിദേശ മലയാളികളെപ്പറ്റി, അവർ എഴുതാൻ മടിക്കുന്ന ജീവിത സങ്കടങ്ങളെപ്പറ്റി... അങ്ങനെ ചിന്തകൾ കാടുകയറുന്നു.

എന്നാണിതിനൊരവസാനം, എന്നാണിനിയൊരു സമാധാനം... ഞാൻ ഏറ്റെടുത്ത ഈ ചെറിയ ദൗത്യത്തെ ചിലരെങ്കിലും പർവ്വതീകരികുമ്പോൾ എനിക്ക് ചിലപ്പോഴൊക്കെ ലജ്ജയും തോന്നുന്നുണ്ട്. ഈ കാലം എല്ലാവർക്കും പുതിയ വേറിട്ട അനുഭവം തന്നെയല്ലേ. അപ്രതീക്ഷിതമായി കടന്നുവന്ന ഒരു കുഞ്ഞ് വൈറസ്, അസാമാന്യനായ മനുഷ്യബുദ്ധിയുടെ അതിരുകൾ നിർണ്ണയിക്കുമ്പോൾ അമ്മ പറഞ്ഞു കേട്ടിട്ടുള്ള യുദ്ധകാല പഞ്ഞക്കഥകൾ ഓർമ്മ വരുന്നു.

ഞങ്ങൾ കേരളത്തിലെത്തും. കുട്ടികൾ അമ്മത്തണലിൽ കൂടണയും. പക്ഷേ ഞാൻ എഴുതുന്ന ഈ ചെറുകുറിപ്പുകൾ വായിക്കാനുള്ള ഒരവസ്ഥയിലാവുമോ നമ്മൾ ഉണ്ടാവുക? എങ്ങനെയായിരിക്കും നമ്മളീ കൊവിഡ് കാലത്തെ അടയാളപ്പെടുത്തുക? വരും തലമുറക്ക് പറഞ്ഞ് കൊടുക്കുക? ഓരോരുത്തരുടെയും അനുഭവ പാഠങ്ങൾ വ്യത്യസ്തമാണല്ലോ... എന്തോ മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്ന പോലെ. വണ്ടിയിലിരുന്നു ഞാൻ കുറിച്ചു. ഇത്രയും ദിവസം യാത്ര ചെയ്‍ത പോലെയല്ല ഇനിയുള്ള മണിക്കൂറുകൾ എന്നു മനസ്സിലായി. അമ്മ മടിത്തട്ടിലണയാൻ കുതിക്കുന്ന വാഹനങ്ങളുടെ തിരക്ക്, കേരളത്തിലേക്ക് ഭക്ഷണവുമായി വരുന്ന കൂറ്റൻ ട്രക്കുകളുടെ നീണ്ട നിര. ഇഴഞ്ഞും നിരങ്ങിയും ഞങ്ങളുടെ ബസ്സും ഇടയിൽ വണ്ടി തമിഴ്‍നാട്ടിലൂടെ സേലം ഈ റോഡ് വഴി സഞ്ചരിക്കയാണ് ഡ്രൈവർമാർ
ആലപ്പുഴക്കാരായതിനാൽ ബസ്സിൽ കുത്തിയോട്ടപ്പാട്ടിന്‍റെ ചടുല താളങ്ങൾ... ന്യൂ ജനറേഷൻ പിള്ളേർ, 'ടീച്ചറേ ഇതൊന്നു മാറ്റുമോ? ബ്ലൂടൂത്തിൽ ഞങ്ങളൊരു പാട്ടിട്ടോട്ടെ' കൂട്ടത്തിൽ ഏറ്റവും കുസൃതിയായ ആദികേശ് എന്ന മിടുക്കൻ: ആദിയെ കണ്ണടയുടെ ഇടയിലൂടെ തറപ്പിച്ചു നോക്കിയെങ്കിലും അവന്‍റെ കുറുമ്പു നിറഞ്ഞ മുഖവും ഭാവവും എന്നിലെ കർക്കശക്കാരിയെ സ്നേഹമസൃണയാക്കി. 'കുടുക്കു പൊട്ടിയ കുപ്പായം' എന്ന അവരുടെ  ഫേവററയിറ്റ് പാട്ട് സോഷ്യൽ ഡിസ്റ്റൻസിങ് നിലനിർത്തിക്കൊണ്ടുള്ള ചെറിയ തുള്ളിക്കളിയായി മാറി. കൊറോണ എന്ന ഭീകരൻ അവരെ ഒട്ടും അസ്വസ്ഥരാക്കുന്നില്ലല്ലോ. സമാധാനം.

navodaya teacher shares her travelling experience from up to kerala with her students

 

വണ്ടി കൈകാണിച്ചു നിർത്തി ചില പോലീസുകാർ. ബന്ദികളാക്കിയ ഭീകരരെ പോലെ മുഖാവരണമണിഞ്ഞ ഞങ്ങളെ വരിവരിയായി മഹാപരാധം ചെയ്ത കുറ്റവാളികളെപ്പോലെ അകലം പാലിച്ച് നിര്‍ത്തി. നമുക്കറിയാത്ത ഭാഷയിൽ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു. ഒരു ആരോഗ്യ പ്രവർത്തകൻ തെർമൽ ഡിറ്റക്റ്റർ ഉപയോഗിച്ച് പരിശോധിക്കുന്നതു കണ്ടപ്പോൾ പഴയ ഹിന്ദി സിനിമയിൽ മുഖംമൂടിയണിഞ്ഞ കൊള്ളക്കാരനു നേരെ തോക്കുചൂണ്ടി നിൽക്കുന്ന  അമിതാഭ് ബച്ചനെ ഓർമ്മ വന്നു. അങ്ങിനെ ഞങ്ങൾ  വാളയാർ ചെക്ക് പോസ്റ്റിലെത്തി. ഇ പാസ് ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങൾക്ക് വാളയാറിൽ അധികസമയം തങ്ങേണ്ടി വന്നില്ല. കേരളത്തിലെത്തിയപ്പോൾ മനസ്സ് ബസ്സിനേക്കാൾ വേഗതയിൽ ഓടാൻ തുടങ്ങി. നെടുമ്പാശേരിയിൽ അനുജനും മക്കളും നേന്ത്രപ്പഴവും മറ്റു പലഹാരങ്ങളുമായി എത്തി. നാട്ടിലെത്തി ഉറ്റവരെ കണ്ടപ്പോഴാണ് ശരിക്കും നമ്മൾ നാട്ടിലെത്തി എന്ന് വിശ്വാസം വന്നത്. 

ആലപ്പുഴ നവോദയയിൽ എത്തിയതറിഞ്ഞില്ല. മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു. യാത്രയിലുടനീളം സുഖവിവരങ്ങൾ അന്വേഷിച്ച് പ്രാർത്ഥനകളോടെ ഞങ്ങളോടൊപ്പം യാത്ര ചെയ്ത പ്രിയപ്പെട്ട പ്രിൻസിപ്പാൾ വിക്രമൻ നായർ സാറും വി. പി. മാഡവും നിറഞ്ഞ ചിരിയുമായി  നിൽക്കുന്നു. ഒരുപാടു നാളുകൾക്കു ശേഷം വീട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ മക്കളെ കാണുമ്പോൾ അച്ഛനമ്മമാർക്കുണ്ടാകുന്ന സന്തോഷമാണ് ആ മുഖങ്ങളിൽ വായിക്കാനായത്. 
തികച്ചും വ്യത്യസ്തമായ ഒരു നവോദയാനുഭവം.

പിറ്റേന്ന് കുട്ടികളെ രക്ഷിതാക്കളുടെ സുരക്ഷിത കരങ്ങളിൽ എല്പിച്ച്  ഞാൻ ഭർത്താവും മകളുമൊരുമിച്ച് വീട്ടിലേക്ക്... നമുക്ക് പരിചയമില്ലാത്ത ക്വാറന്‍റൈന്‍ എന്ന മറ്റൊരു പ്രതിഭാസത്തിലേക്ക്. 14 വർഷം വനവാസം എന്നു കേട്ടിട്ടുണ്ട്. 14 ദിവസം ഗ്യഹവാസം ഇതാ ഇത് മറ്റൊരു നിയോഗം. 7 ദിവസത്തെ നീണ്ട ഭാരത യാത്രക്കൊടുവിൽ 14 ദിവസത്തെ ഏകാന്തവാസം തികച്ചും അനിവാര്യം തന്നെ. എല്ലാവർക്കും ഒപ്പമില്ലെങ്കിലും മനസ്സുകൊണ്ട് ഒപ്പം യാത്ര ചെയ്ത പ്രിയപ്പെട്ടവര്‍ക്ക്, അലഹബാദിലൂടെ യാത്ര ചെയ്തപ്പോൾ ഒരു ഫോൺകോളിൽ ഒദ്യോഗിക തിരക്കുകൾ മാറ്റിവച്ച് കാണാൻ ഓടിയെത്തിയ മേജർ അജിത്, ഇടക്കിടെ എവിടെയെത്തിയെന്നറിയാൻ വേവലാതിപ്പെട്ട് വിളിക്കുന്ന എന്‍റെ ശോഭ, നീയെവിടെത്തി? എവിടെത്തി? എന്ന് മെസേജുകൾ അയക്കുന്ന കല, സ്മിത ടീച്ചർ... അങ്ങനെ നിരവധി അനവധി സുഹൃത്തുക്കളും ബന്ധുക്കളും... തിരിച്ചെത്തിയാൽ സ്വീകരണം നൽകാൻ കാത്തുനിൽക്കുന്ന നവാസും വേലുവും, ഒരമ്മയുടെ വാത്സല്യത്തോടെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അനില. എനിക്ക് ഇ. പാസ് ഉണ്ടോ എന്ന് വേവലാതിപ്പെടുന്ന നവാസും ജയചന്ദ്രനും വേലുവും മഹാദേവനും. എനിക്ക് ആശംസകളും പ്രാർത്ഥനകളും നേർന്ന പേരെടുത്തു പറയാത്ത മറ്റെല്ലാവരും യാത്രയിലുടനീളമുണ്ടായ പ്രതിബന്ധങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്നു. നന്ദി എല്ലാവർക്കും.

ഞങ്ങളുടെ കഴിവിൽ വിശ്വസിച്ച് 19  കുട്ടികളുടെ മുഴുവൻ ഉത്തരവാദിത്തവും ഏല്പിച്ച് ലോക് ഡൗൺ കാലത്ത് ഇത്തരമൊരു  സാഹസിക യാത്ര യാഥാർത്ഥ്യമാക്കിയ നവോദയ സമിതി അധികാരികൾക്ക്, അവർ ഞങ്ങളിൽ  അർപ്പിച്ച വിശ്വാസം ഞങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു... നന്ദി വേണ്ടതെല്ലാം ഒരുക്കിത്തന്നതിന്. ഞങ്ങളെ നാട്ടിലെത്തിച്ചതിന്. കൊവിഡ് കാല ദൗത്യത്തിൽ ഭാഗഭാക്കാക്കിയതിന്. യാത്രയിലുടനീളം നിർദ്ദേശങ്ങളും ഉത്ക്കണ്ഠകളും ആശ്വാസവാക്കുകളുമായി ഒപ്പമുണ്ടായതിന്... സാന്ത്വനവും കരുത്തും പകർന്നു തന്നതിന്...
 
ഈ യാത്രക്കുറിപ്പ് എഴുതിക്കഴിയുമ്പോൾ എന്‍റെ ക്വാറന്‍റൈന്‍ കാലവും അവസാനിച്ചു. കുട്ടികളും ഞങ്ങളും കൊറോണ എന്ന ഭീകരന്‍റെ വലയിൽ അകപ്പെട്ടില്ല എന്നതും ഏറെ സന്തോഷം നൽകുന്നു. നന്ദി ഏവരുടെയും പ്രാർത്ഥനകൾക്കും കരുതലുകൾക്കും. ഈ കാലവും നമ്മൾ അതിജീവിക്കും. ഇതൊരു ഓർക്കാൻ സുഖമുള്ള ഓർമ്മയായി ഇടക്കിടെ നമ്മെ തലോടും. അങ്ങനെയാവട്ടെ. ലോകാ സമസ്‍ത സുഖിനോ ഭവന്തു.

Follow Us:
Download App:
  • android
  • ios