ചരിത്രത്തിൽ ഇസ്‍ലാമിക സ്ത്രീകളെ രാഷ്ട്രീയാധികാര ശ്രേണിയിൽ നിന്നും മാറ്റിനിർത്തപ്പെട്ടവരായിട്ടാണ് പലപ്പോഴും ചിത്രീകരിച്ചിട്ടുള്ളത്. ഇതില്‍നിന്നും വ്യത്യസ്തമായി ഭോപ്പാലിന്‍റെ 1819 മുതലുള്ള ചരിത്രം പരിശോധിച്ചാൽ 100 വർഷത്തിലേറെ കാലം ഭരിച്ചിരുന്നത് മുസ്‍ലിം സ്ത്രീകളാണ് എന്ന് കാണാനാവും. കാര്യക്ഷമതയും ധൈര്യവും വിവേകവും ഇവരെ ഒരുപാടുവർഷം സിംഹാസനം അലങ്കരിക്കാൻ പ്രാപ്‍തരാക്കി. ഭോപ്പാലിലെ ഈ ബീഗങ്ങളെ നവാബ് ബീഗം എന്നാണ്  വിളിച്ചിരുന്നത്. വളരെയേറെക്കാലം ഭരണം കയ്യാളിയിരുന്നവരായിരുന്നു ഈ സ്ത്രീകളെല്ലാം.

ഭോപ്പാലിന്‍റെ സിംഹാസനത്തിന് അവകാശിയായ ആബിദ സുൽത്താന്‍റെ ആത്മകഥ Memoirs of a Rebel Princess അവരൊരു യഥാര്‍ത്ഥ ഫെമിനിസ്റ്റാണ് എന്ന് അടയാളപ്പെടുത്തുന്നതാണ്. നാം സ്ഥിരം കണ്ടുപഴകിയ അടിച്ചമർത്തപ്പെട്ട ഒരു മുസ്ലീം സ്ത്രീയുടെ പരിവേഷമല്ല അവര്‍ക്ക്. മറിച്ച് അവരുടെ വിവാഹജീവിതത്തെക്കുറിച്ചും 'നല്ല' ഭാര്യയാകാനുള്ള കഴിവില്ലായ്‍മയെക്കുറിച്ചും അവര്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. ആബിദ സുൽത്താൻ തീർത്തും ഒരു വിപ്ലവകാരിയായിരുന്നു. മുടി വളർത്താത്ത, സാക്സഫോൺ വായിക്കുന്ന, സ്വന്തമായി ഒരു ബാൻഡ് ഉള്ള, കാറിൽ ചുറ്റിക്കറങ്ങുന്ന തന്‍റേടിയായ ഒരു സ്ത്രീയുടെ പ്രതിരൂപമായിരുന്നു അവർ. അതേസമയം ഇസ്ലാമിനോട് പൂർണ പ്രതിബദ്ധതയും പുലർത്തിയിരുന്നു. ഒരിക്കൽ അവരുടെ മകനെ കൊണ്ടുപോകുമെന്ന് ഭർത്താവ് പ്രഖ്യാപിച്ചപ്പോൾ, അവര്‍ അവരുടെ പോക്കറ്റിൽ സൂക്ഷിച്ച പിസ്റ്റൾ ഉപയോഗിച്ച് അയാളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.  

ഭോപ്പാലിലെ ബീഗങ്ങൾ പണ്ടേ സ്ത്രീശാക്തീകരത്തിന്‍റെ വക്താക്കളായിരുന്നു. അബിദ ബീഗത്തിന്റെ മുത്തശ്ശി നവാബ് ഷാജഹാൻ ബീഗത്തിന്‍റെ 1872 -ല്‍ എടുത്ത ഫോട്ടോയിൽ പ്രശസ്ത ഫാഷൻ മാഗസിനുകളിലെ കവർ ഷൂട്ടിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഒരു ബൂട്ട് ധരിച്ച സ്ത്രീ ക്യാമറയിലേക്ക് നോക്കുന്നതായി കാണാം. 

അലിഗഡിലെ മുസ്ലീം സർവകലാശാലയ്ക്ക് ധനസഹായം നൽകുക, 1920 -കളുടെ തുടക്കത്തിൽ ദില്ലിയിൽ പെൺകുട്ടികൾക്കായി ഒരു സ്‍കൂൾ ആരംഭിക്കുക തുടങ്ങി ശ്രദ്ധേയമായ പല കാര്യങ്ങളും അവർ ചെയ്‍തു. അക്കാലത്ത്, ഒരു ഭരണാധികാരി സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി സമയവും പണവും ചെലവഴിക്കുന്നത് അസാധാരണമായിരുന്നു. മുസ്‌ലിം പുരുഷന്മാർക്ക് പാശ്ചാത്യ വിദ്യാഭ്യാസം നൽകുന്നതിന് പ്രാധാന്യം കല്പിച്ചിരുന്ന ഒരു സമയത്ത്, ഈ നവാബ് ബീഗങ്ങൾ സ്ത്രീകളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഭോപ്പാലിലെ നവാബ് ബീഗങ്ങൾ യുദ്ധപ്രഭുക്കന്മാരുടെ ആധിപത്യമുള്ള ഒരു ഭരണകൂടത്തിനെതിരെ പോരാടുകയും ഭരിക്കുകയും ചെയ്തവരാണ്. പുരുഷാധിപത്യത്തിന്‍റെ  ലോകത്ത് സ്ത്രീസമത്വത്തിന്‍റെ പാഠം രചിക്കാന്‍ ആവുംവിധം ശ്രമിച്ചവരാണവര്‍. 

 

(ചിത്രത്തില്‍ ഷാ ജഹാന്‍ ബീഗം)