Asianet News MalayalamAsianet News Malayalam

ഇന്ത്യക്കാരെന്നു കേൾക്കുമ്പോൾ മുഖത്ത് വെറുപ്പും ഭയവും മിന്നിമറയുന്ന കാലം വരുമോ?

പല വാർത്തകളും കാണുമ്പോൾ വലിയ നിരാശയും സങ്കടവുമാണ്. കൊല്ലപ്പെടുന്നവരെ കുറിച്ച്, ആക്രമിക്കപ്പെടുന്നവരെ കുറിച്ച് ഒക്കെ ഒത്തിരി നമ്മൾ പറഞ്ഞു, പറഞ്ഞു കൊണ്ടേയിരിക്കുന്നു. 

neelu siby on attacks in the name of god and religion
Author
Thiruvananthapuram, First Published Jul 31, 2019, 5:29 PM IST

ഞാൻ അധികമൊന്നും എന്റെ ജോലിയിൽ സംഭവിക്കുന്ന കാര്യങ്ങൾ ഫേസ്ബുക്കിൽ പറയാറില്ല. രോഗികളുടെ സ്വകാര്യത, അതിനെ നിയന്ത്രിക്കുന്ന നിയമങ്ങൾ, ഇതിനെയൊക്കെ ബാധിക്കുമോ എന്ന ചിന്തയാണ് മുഖ്യ കാരണം. എന്നാലും ഞാൻ അമേരിക്കയിൽ വന്ന് അധികകാലം ആകുന്നതിനു മുമ്പ് എനിക്കുണ്ടായ ചില അനുഭവങ്ങൾ പറയാം. പലതിനെയും കുറിച്ച് എന്നെ ഇരുത്തി ചിന്തിപ്പിച്ചവ.

neelu siby on attacks in the name of god and religion

ഏകദേശം ഒരു 85 വയസ്സുള്ള ഒരു മനുഷ്യൻ ആയിരുന്നു അന്നെന്റെ രോഗി. യഹൂദൻ, holocaust survivor, കുഞ്ഞിലേ അച്ഛനമ്മമാരോടൊപ്പം കോണ്‍സൻട്രേഷൻ ക്യാമ്പിൽ ആയിരുന്നു, കുടുംബത്തിലെ പലരെയും നഷ്ടപ്പെട്ട ആൾ. എന്റെ ഷിഫ്റ്റ് കഴിഞ്ഞു ഞാൻ വീട്ടിൽ പോകാറായി, ബൈ പറയാൻ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക് വേണ്ടി പ്രാർത്ഥിക്കാമെന്ന്. ഞാൻ ശരി, അങ്ങനെ ആകട്ടെ, താങ്ക് യൂ എന്നു പറഞ്ഞു. ഞാൻ ഇന്ത്യയിൽ നിന്നാണെന്ന് നേരത്തെ പറഞ്ഞിരുന്നത് കൊണ്ടാകാം, അയാൾ എന്നോട് ചോദിച്ചു, "നീ ഹിന്ദു ആയത് കൊണ്ട് നിങ്ങളുടെ ടെമ്പിളിൽ പോകുമായിരിക്കും അല്ലെ, പ്രാർത്ഥിക്കാൻ? നീ എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം..." ആളിനെ തെറ്റിദ്ധരിപ്പിക്കണ്ടല്ലോ എന്നു കരുതി ഞാൻ പറഞ്ഞു, ഞാൻ ഹിന്ദു അല്ല, ക്രിസ്ത്യാനി ആണ്. ഒരു നിമിഷം, ഒരേയൊരു നിമിഷം അയാളുടെ മുഖത്ത് കൂടി മിന്നി മറഞ്ഞ ഭാവം വിവരിക്കാൻ പറ്റില്ല. വെറുപ്പ്, ഷോക്ക്, അങ്ങനെ എന്തൊക്കെയോ. ഒന്നു മാത്രം മനസ്സിലാക്കുക, അയാളുടെ മാതാപിതാക്കളെ, ബന്ധുക്കളെ ഇല്ലാതാക്കിയവർ നാസികൾ എന്നു മാത്രമല്ല, ക്രിസ്ത്യാനികൾ എന്നു കൂടി വിളിക്കപ്പെട്ടിരുന്നു. നാസികൾ വന്നത് ക്രിസ്ത്യൻ മതത്തിന്റെ പേരിലാണോ, ക്രിസ്തു മനുഷ്യ സ്നേഹി ആയിരുന്നോ എന്നൊന്നും അവിടെ പ്രസക്തമല്ല.

മറവി രോഗം വന്ന് എല്ലാ ഓർമകളും പോയ 90 വയസ്സൊക്കെ കഴിഞ്ഞ ഒരു സ്ത്രീ ഒരു രാത്രി മുഴുവൻ നിലവിളിക്കുന്നത് കേട്ടിട്ടുണ്ട്, വിവരിക്കാൻ പറ്റാത്ത ദു:സ്വപ്നങ്ങളുടെ നടുക്കടലിൽ ആയിരുന്നു അവർ ആ രാത്രി. ഒന്നും ചെയ്യാൻ പറ്റാതെ നിസ്സഹായരായി നിൽക്കേണ്ടി വന്നു അന്ന് ഞങ്ങൾക്ക്. പോളണ്ടിൽ നിന്നുള്ള, കത്തോലിക്ക വിശ്വാസി ആയ, എന്റെ സഹപ്രവർത്തക പോളിഷ് പറയുന്നത് ആണ് അവർ കേട്ടത്. പോളണ്ടിലെ കത്തോലിക്കരുടെ പോളിഷും യഹൂദരുടെ പോളിഷും തമ്മിൽ വ്യത്യാസമുണ്ടത്രേ, അവരുടെ കുടുംബത്തെ നാസികൾക്ക് ഒറ്റുകൊടുത്ത പോളിഷ് അയൽക്കാരെ, അവരെ കോണ്‍സണ്‍ട്രേഷൻ ക്യാമ്പിൽ മർദിച്ച പോളിഷ് ഗാർഡുകളെ അവരുടെ ഉപബോധ മനസ്സ് ഓർത്തെടുത്തു. അള്‍ഷിമേഴ്സ് രോഗത്തിന്‍റെ -സ്ട്രോക്കിന്റെ പുകമറയ്ക്കുള്ളിൽ കൂടി.

ഇരകൾ മുന്നിൽ നിന്ന് നിലവിളിക്കുമ്പോൾ എന്റെ മതം, ദൈവം ഇതല്ല എന്നു പറഞ്ഞു ന്യായീകരിക്കുന്നതിന് ഒരു പ്രസക്തിയുമില്ല. കാരണം അവരുടെ മുന്നിൽ ചെന്ന നിങ്ങളുടെ മതം, ദൈവം ഇങ്ങനെ ആയിരുന്നു സുഹൃത്തേ... ഒന്നേ ചെയ്യാനുള്ളൂ, തല കുനിച്ചു നിൽക്കുക. കുറ്റവാളികൾക്ക്, വംശീയ ഉന്മൂലനം ആസൂത്രണം ചെയ്യുന്നവർക്ക് തക്കതായ ശിക്ഷ കിട്ടണം എന്ന് വ്യവസ്ഥിതിയോട് ആവശ്യപ്പെടുക. പ്രതിരോധം തീർക്കുന്നവരോടൊപ്പം നിൽക്കുക. എന്നാൽ, ഒരുപക്ഷെ കാലം നിങ്ങൾക്ക്, നമുക്ക് മാപ്പ് തന്നേക്കും.

പല വാർത്തകളും കാണുമ്പോൾ വലിയ നിരാശയും സങ്കടവുമാണ്. കൊല്ലപ്പെടുന്നവരെ കുറിച്ച്, ആക്രമിക്കപ്പെടുന്നവരെ കുറിച്ച് ഒക്കെ ഒത്തിരി നമ്മൾ പറഞ്ഞു, പറഞ്ഞു കൊണ്ടേയിരിക്കുന്നു. എന്നിട്ടും, സ്ഥിതിഗതികൾ കൂടുതൽ കൂടുതൽ മോശമാവുകയാണ് എന്ന് തോന്നുന്നു. ഞാൻ അതുകൊണ്ട് ഈ പറയുന്നത് ഭൂരിപക്ഷത്തിന്റെ പ്രിവിലേജുകളിൽ അഭിരമിക്കുന്നവരോടാണ്. അത് ഏതെങ്കിലും ഒരു മതവിശ്വാസിയോടല്ല. ഇന്ന് ഉന്നാവ് കേസിലെ അതിജീവിക്കുന്ന പെണ്‍കുട്ടിയെ കുറിച്ച്, ജയ് ശ്രീറാം വിളിക്കാത്തതിന് കത്തിച്ചു കൊന്ന 15 വയസ്സുകാരൻ കുഞ്ഞിനെ കുറിച്ചൊക്കെയുള്ള പോസ്റ്റുകളിൽ ചില കമന്റുകൾ കണ്ടു. പല മതത്തിൽ പെട്ടവർ, തങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്ന ആത്മവിശ്വാസത്തിന്റെ അഹങ്കാരവുമായി.

അവരും എന്നെയും നിങ്ങളെയും പോലുള്ള മനുഷ്യർ ആയിരിക്കണം, കുടുംബവും സുഹൃത്തുക്കളും ഒക്കെയുള്ളവർ. പക്ഷേ, ഒരു വ്യത്യാസം, ബാക്കിയുള്ളവന്റെ വേദന കാണാൻ, അവരുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കാൻ കഴിവില്ല. പിശാചാണോ മനുഷ്യനാണോ സമൂഹത്തിൽ ജയിക്കാൻ പോകുന്നത് എന്നത് ഈ കഴിവിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. നമുക്ക് അപരന്റെ വേദന കാണാൻ കഴിയുന്നുണ്ടോ? എനിക്ക് വേദനിച്ചു എന്നു പറയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ ആ കണ്ണുനീരിന്റെ ആഴം? എന്നാൽ ഈ പ്രതികരണങ്ങൾ കണ്ടിട്ട് പേടി തോന്നുന്നു. പൈശാചികത നമ്മുടെ സമൂഹത്തില്‍ വേരാഴ്ത്തിയിരിക്കുന്നു.  Simone Weil  -ന്‍റെ വാക്കുകള്‍ കടമെടുത്താല്‍, ഒരു തിന്മയോടുള്ള നമ്മുടെ പ്രതികരണം അതിനു വളമിടുന്ന രീതിയിലാവരുത് ("Never react to an evil in such a way as to augment it"). ഒരു പൈശാചികതയോട് പ്രതികരിക്കുന്നത് ഒരിക്കലും അതിന് ആക്കം കൂട്ടുന്ന രീതിയിലാകരുത്  ഓർത്തിരിക്കേണ്ട കാലമാണ് അതിവേഗം മുന്നിലേക്ക് വരുന്നത്.

ഇന്ത്യക്കാർ എന്നു കേൾക്കുമ്പോൾ മുഖത്ത് മിന്നി മറയുന്ന വെറുപ്പിനെ, ഭയത്തിനെ ആണ് കാലം നമ്മുടെ മക്കൾക്കായി കാത്തു വെച്ചിരിക്കുന്നത്. ആലോചിക്കാൻ കഴിയുന്നുണ്ടോ, നിങ്ങളുടെ മക്കളെ കണ്ട്, കേട്ട്, അതുമാത്രം കാരണം ഒരാൾ രാത്രി മുഴുവൻ നിലവിളിക്കുന്നത്? India, you are fast becoming the stuff of nightmares.

Follow Us:
Download App:
  • android
  • ios