'നെപ്പോ കിഡ്സ് അവരുടെ ആഡംബരജീവിതം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നു. എന്നാൽ, അതിനുള്ള പണം എവിടെ നിന്നാണ് വരുന്നത് എന്ന് പറയുന്നില്ല' എന്നായിരുന്നു മറ്റൊരു പോസ്റ്റ്.

നേപ്പാളിൽ ജെൻ സി പ്രക്ഷോഭത്തിന് പിന്നാലെ പ്രധാനമന്ത്രി രാജിവച്ചത് ഇന്നലെയാണ്. സോഷ്യൽ മീഡിയാ നിരോധനത്തിന് പിന്നാലെ തുടങ്ങിയ സമരമാണ് പ്രധാനമന്ത്രിയുടെ രാജിവരെയും എത്തിച്ചേർന്നത്. ഒമ്പതാം തീയതി തന്നെ സോഷ്യൽ മീഡിയാ നിരോധനം പിൻവലിച്ചെങ്കിലും തെരുവിലിറങ്ങിയ യുവാക്കൾ സമരം അവസാനിപ്പിക്കാൻ തയ്യാറായില്ല. പ്രധാനമന്ത്രിയുടെ രാജി വരെ സമരം തുടരുമെന്നായിരുന്നു അറിയിച്ചത്. പിന്നാലെ, ഇന്നലെ കെ പി ശർമ്മ ഒലി രാജിവച്ചു.

എന്നാൽ, സോഷ്യൽ മീഡിയാ വിലക്കിനും വളരെ നാളുകൾക്ക് മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ നേപ്പാളിലെ 'നെപ്പോ കിഡ്സി'നെ കുറിച്ച് സജീവമായി ചർച്ചകൾ ഉയർന്നിരുന്നു. യുവാക്കൾ തൊഴിലില്ലായ്മ കൊണ്ടും, ദാരിദ്ര്യം കൊണ്ടും പൊറുതിമുട്ടുന്ന രാജ്യത്ത് മന്ത്രിമാരുടെയും ഉന്നത ഉദ്യോ​ഗസ്ഥരുടെയും മക്കൾ ആഡംബരജീവിതം നയിക്കുകയാണ് എന്നും ഇത് ജനങ്ങളുടെ നികുതിപ്പണമാണ് എന്നും ആരോപിച്ചുകൊണ്ട് നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നെപ്പോ കിഡ്സ് എന്ന വാക്കുപയോ​ഗിച്ചാണ് മന്ത്രിമാരുടെയും ഉന്നത ഉദ്യോ​ഗസ്ഥരുടെയും മക്കളെ അഭിസംബോധന ചെയ്തിരുന്നത്.

#NepoKid, #NepoBabies, #PoliticiansNepoBabyNepal തുടങ്ങിയ ടാ​ഗുകളിലെല്ലാം സോഷ്യൽ മീഡിയയിൽ വീഡിയോ ഷെയർ ചെയ്യപ്പെട്ടിരുന്നു. 'കുടിയേറ്റക്കാരായ തൊഴിലാളികളുടെ വിയർപ്പിലൂടെ നാട്ടിലേക്ക് അയക്കുന്ന, നികുതിദായകർ തങ്ങളുടെ കഠിനാധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണത്തിൽ നിന്നും അഴിമതിക്കാരായ മാതാപിതാക്കൾ മോഷ്ടിച്ച വലിയ തുകകൾ കൊണ്ടാണ് മക്കൾ ഈ ആഡംബരജീവിതം നയിക്കുന്നത്' എന്നാണ് ഒരു പോസ്റ്റിൽ കുറിച്ചിരുന്നത്.

'നേതാക്കളുടെ മക്കൾക്ക് നല്ലൊരു ഭാവിയുണ്ട്, ഞങ്ങൾക്കോ' എന്ന് മറ്റൊരു പോസ്റ്റ് ചോദിക്കുന്നു. 'നെപ്പോ കിഡ്സ് അവരുടെ ആഡംബരജീവിതം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നു. എന്നാൽ, അതിനുള്ള പണം എവിടെ നിന്നാണ് വരുന്നത് എന്ന് പറയുന്നില്ല' എന്നായിരുന്നു മറ്റൊരു പോസ്റ്റ്.

'രാഷ്ട്രീയക്കാരുടെ മക്കളെ കാണുമ്പോൾ, നികുതിദായകരുടെ പണമാണ് അവരുടെ ആഡംബര കാറുകൾക്കും, വിദേശത്തെ വിദ്യാഭ്യാസത്തിനും, ലൈഫ്‍സ്റ്റൈലിനും ഉപയോ​ഗിക്കുന്നതെന്ന് തോന്നുന്നു. അതേസമയത്ത് സാധാരണക്കാരായ യുവാക്കൾ വിദേശത്ത് കഠിനാധ്വാനം ചെയ്യാൻ നിർബന്ധിതരാവുകയാണ്' എന്നായിരുന്നു മറ്റൊരു പോസ്റ്റ്.

അതേസമയം, പ്രധാനമന്ത്രിയുടെ രാജിയും സർക്കാരിന്റെ പതനവും പലതരത്തിലുള്ള ഗൂഡാലോചനാ സിദ്ധാന്തങ്ങൾക്കും വഴിവച്ചിട്ടുണ്ട്. ശ്രീലങ്കയിലും ബം​ഗ്ലാദേശിലും സംഭവിച്ച അതേ കാര്യമാണ് നേപ്പാളിലും സംഭവിച്ചത് എന്നതാണ് പ്രധാനമായും ചർച്ചയാവുന്ന ഒരു കാര്യം.