എമ്മ കോറിൻ, ജാക്ക് ഓ'കോണൽ, മാത്യു ഡക്കറ്റ് എന്നിവരാണ് അഡാപ്റ്റേഷനിൽ അഭിനയിക്കുക. എന്നായിരിക്കും റിലീസ് എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതുപോലെ തന്നെ ഇതുവരെ ഒരു ട്രെയിലറും ലേഡി ചാറ്റര്‍ലിയുടെ കാമുകന് വേണ്ടി ഇറങ്ങിയിട്ടില്ല.

പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ തന്നെ കോളിളക്കം സൃഷ്ടിച്ച നോവലായിരുന്നു ഡി.എച്ച്. ലോറൻസിന്റെ 'ലേഡി ചാറ്റർലി'യുടെ കാമുകൻ. ഇപ്പോഴിതാ ലേഡി ചാറ്റർലിയുടെ കാമുകൻ സിനിമയാവുകയാണ് എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ഡിഎച്ച് ലോറൻസിന്റെ ശ്രദ്ധേയമായ നോവൽ, ലേഡി ചാറ്റർലിയുടെ കാമുകന്‍ സിനിമയാക്കാനുള്ള പദ്ധതി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു കഴിഞ്ഞു. അഭിനയിക്കുന്നത് മറ്റാരുമല്ല, എമ്മ കോറിൻ!

അരയ്ക്കു താഴെ തളര്‍ന്ന ക്ലിഫോര്‍ഡ് പ്രഭുവിന്റെ ഭാര്യയായ ലേഡി ചാറ്റര്‍ലി പ്രഭ്വിയും മെല്ലേഴ്‌സ് എന്ന തോട്ടക്കാരനും തമ്മിലുള്ള പ്രണയവും രതിയും വിവരിക്കുന്ന നോവലാണിത്. ലൈം​ഗിക ഉള്ളടക്കം കൊണ്ടും പ്രഭുവിന്റെ ഭാര്യയും തോട്ടക്കാരനും തമ്മിലുള്ള ബന്ധം എന്നതുകൊണ്ടും വലിയ വിവാദമായ നോവലാണിത്. 1928 -ലാണ് ആദ്യമായി ഇത് സ്വകാര്യമായി ഇറ്റലിയിൽ പ്രസിദ്ധീകരിക്കുന്നത്. പിന്നീട് 1929 -ൽ ഫ്രാൻസിലും ആസ്ട്രേലിയയിലുമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. അപ്പോഴും യുകെയിൽ ഇത് പരസ്യമായി ഇറങ്ങിയില്ല. 

മാത്രവുമല്ല, അസഭ്യസംസാരങ്ങളുള്ളതും അശ്ലീല ഉള്ളടക്കമുള്ളതുമാണ് നോവൽ എന്ന് കാണിച്ച് പുസ്തകം പ്രസിദ്ധീകരിച്ച പെൻ​ഗ്വിൻ ബുക്കിന് കോടതി കയറേണ്ടി വന്നു. എന്നാൽ, കേസ് പെൻ​ഗ്വിൻ ബുക്സ് ജയിച്ചു. അധികം വൈകാതെ മൂന്ന് മില്ല്യൺ കോപ്പികളാണ് പുസ്തകം വിറ്റഴിഞ്ഞത്. പലരും രഹസ്യമായിട്ടാണ് ലേഡി ചാറ്റർലിയുടെ കാമുകൻ വായിച്ചു തീർത്തത്. അത്രയേറെ ലൈം​ഗിക പരാമർശങ്ങളും വിവരണങ്ങളും ഉള്ള കൃതിയായിരുന്നു അത്. ലേഡി ചാറ്റര്‍ലിയുടെയും മെല്ലേഴ്‍സണിന്‍റെയും രതിയുടെ സൂക്ഷ്‍മവിവരങ്ങള്‍ അതേപടി വിവരിച്ചിട്ടുണ്ട് കൃതിയില്‍. മെല്ലേഴ്‍‍സിന്‍റെ ശരീരത്തിലെ അംഗങ്ങളെ ലേഡി ചാറ്റര്‍ലി പ്രഭ്വി ഒന്നൊന്നായി തൊട്ടറിയുന്നതെങ്ങനെ എന്നുപോലും അതില്‍ തുറന്നെഴുതുന്നുണ്ട്. അന്ന് വിവാദമായെങ്കിലും ഇന്നും വിവർത്തനമടക്കം ലേഡി ചാറ്റർലിയുടെ കാമുകൻ ലഭ്യമാണ്.

ഏതായാലും, ഓഗസ്റ്റിലാണ്, നെറ്റ്ഫ്ലിക്സ് ലേഡി ചാറ്റർലിയുടെ കാമുകന്റെ ഒരു അഡാപ്റ്റേഷൻ വരാന്‍ പോകുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ചത്. 'സംവിധായകൻ ലോറെ ഡി ക്ലർമോണ്ട്-ടോണറുടെ ഈ റൊമാൻസ് നാടകം തോട്ടം തൊഴിലാളിയുമായി തീവ്രമായ ബന്ധത്തിൽ ഏർപ്പെടുന്ന വിവാഹിതയായ ഒരു സ്ത്രീയെക്കുറിച്ചുള്ള ഡിഎച്ച് ലോറൻസ് നോവലിന്റെ പുനരാവിഷ്കാരമാണ്' എന്നും നെറ്റ്ഫ്ലിക്സ് ട്വീറ്റ് ചെയ്തു. 

Scroll to load tweet…

എമ്മ കോറിൻ, ജാക്ക് ഓ'കോണൽ, മാത്യു ഡക്കറ്റ് എന്നിവരാണ് അഡാപ്റ്റേഷനിൽ അഭിനയിക്കുക. എന്നായിരിക്കും റിലീസ് എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതുപോലെ തന്നെ ഇതുവരെ ഒരു ട്രെയിലറും ലേഡി ചാറ്റര്‍ലിയുടെ കാമുകന് വേണ്ടി ഇറങ്ങിയിട്ടില്ല. ലൈം​ഗികത കൊണ്ട് കോളിളക്കം സൃഷ്ടിച്ച നോവലാണ് ലേഡി ചാറ്റർലിയുടെ കാമുകൻ. എന്നാൽ, ലൈം​ഗിക ഉള്ളടക്കങ്ങൾ നെറ്റ്ഫ്ലിക്സിന് ഒരു പുതുമയല്ലാത്തത് കൊണ്ട് തന്നെ ലേഡി ചാറ്റർലിയുടെ കാമുകൻ അവിടെ വിവാദങ്ങൾ ഉണ്ടാക്കില്ലെന്ന് പ്രതീക്ഷിക്കാം. വിക്ടോറിയൻ സദാചാരങ്ങളെ വെല്ലുവിളിച്ച് വിവാദമായിത്തീർന്ന പുസ്തകത്തിന്റെ ആരാധകർ ലോകത്തിന്റെ പല ഭാ​ഗങ്ങളിലും ഇപ്പോഴും നിരവധിയുണ്ട്. അതുകൊണ്ട് തന്നെ ഈ അഡാപ്റ്റേഷനും സ്വീകരിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.