മാനസിക അസ്വാസ്ഥ്യമുള്ള സ്റ്റെഫാൻ കോണിംഗ് ജയിലിലാകുന്നത് ഒരു അപരിചിതനെ കത്തികാണിച്ചു ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിനായിരുന്നു. നീണ്ട കാലത്തേക്ക് ജയിൽവാസം അനുഭവിക്കേണ്ട കുറ്റമാണ് ചെയ്‍തതെങ്കിലും വളരെ കുറച്ചുനാൾ മാത്രമാണ് അയാൾക്ക് ജയിലില്‍ കഴിയേണ്ടി വന്നത്. ആംസ്റ്റർഡാമിലെ വീട്ടിൽ തിരിച്ചെത്തി, ഇപ്പോൾ ജോലിചെയ്‍ത് സമൂഹത്തിൽ മാന്യനായി ജീവിക്കുകയാണ് കോണിംഗ്.

മറ്റുസ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഒരു മനുഷ്യനെ തെറ്റ് ചെയ്‍തതിന്‍റെ പേരിൽ കുറ്റവാളിയായി മുദ്രകുത്തി ഒരുപാട് കാലം ജയിലിലടച്ച് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഡച്ച് സർക്കാർ ഒരുക്കമല്ല. അയാളെ അതിൽനിന്ന് പിന്തിരിപ്പിച്ച് സമൂഹത്തിൽ മാന്യമായ ഒരു സ്ഥാനം ഉണ്ടാക്കി എടുക്കാനാണ് അവിടെ  സർക്കാർ ശ്രമിക്കുന്നത്. നെതർലാൻഡിൽ ആവശ്യമുണ്ടെങ്കിൽ മാത്രം ആളുകളെ ജയിലിലടയ്ക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. കുറ്റവാളികളെ ജയിലിൽ അടച്ചതുകൊണ്ടുമാത്രം സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറയുന്നില്ല. മറിച്ച് കുറ്റകൃത്യത്തിനുള്ള പ്രവണതയെയാണ് തിരുത്തേണ്ടതെന്ന് അവിടത്തെ സർക്കാർ തിരിച്ചറിഞ്ഞു. അങ്ങനെ മാനസിക പ്രശ്‌നങ്ങളുള്ള കുറ്റവാളികൾക്കായി പരിചരണം നൽകുന്ന ഒരു മികച്ച പദ്ധതിയും അവർ ആരംഭിച്ചു. അത് ഒരു വലിയ വിജയമായി മാറി. നോർവേക്കും ബെൽജിയത്തിനും സ്ഥലങ്ങൾ വാടകയ്‌ക്കെടുത്തിട്ടും നെതർലാൻഡിലെ ജയിലുകളിൽ മതിയായ തടവുകാർ ഇല്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

യൂറോപ്പിലെ മൂന്നാമത്തെ ഏറ്റവും കുറവ് തടവുനിരക്കുള്ള രാജ്യമാണ് നെതർലാൻഡ്. 2014 മുതൽ 23 ജയിലുകളാണ് അടച്ചുപൂട്ടിയത്. അതിൽ മിക്കതും ഇപ്പോൾ താൽക്കാലിക അഭയ കേന്ദ്രങ്ങളായും, പാർപ്പിടമായും, ഹോട്ടലുകളായും പ്രവർത്തിക്കുന്നു. നീതിന്യായ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം, 2008 -ൽ 42,000 ആയിരുന്ന തടവ് ശിക്ഷകരുടെ എണ്ണം 2018 ആയപ്പോഴേക്കും അത് 31,000 ആയി കുറഞ്ഞു. ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്‍ത കുറ്റകൃത്യങ്ങൾ 40 ശതമാനമായി കുറഞ്ഞിട്ടുണ്ട്. യുവ കുറ്റവാളികളിൽ മൂന്നിൽ രണ്ട് പേർക്കും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്നില്ല എന്നതും പ്രതീക്ഷ നൽകുന്നു.

ലൈഡൻ സർവകലാശാലയിലെ ക്രിമിനോളജി പ്രൊഫസറായ മിറാൻഡ ബൂൺ കുറ്റവാളികളുടെ സംഖ്യയെകുറിച്ചു പഠിക്കുകയുണ്ടായി. “കഴിഞ്ഞ 13 വർഷത്തിനിടെ ജയിലിലെ അംഗങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. ഇത് അതിശയകരവും പാശ്ചാത്യ ലോകത്ത് സമാനതകളില്ലാത്ത വിജയവുമാണ്" അവർ പറഞ്ഞു.

പിഴ ചുമത്തിയും ഒത്തുതീർപ്പ് വഴിയും ഇവിടെ കുറ്റവാളികളെ ജയിൽ ശിക്ഷയിൽനിന്ന് ഒഴിവാക്കുമെങ്കിലും, ഡച്ച് ജയിലുകളിൽ കുറ്റവാളികൾ കുറയുന്നതിന്‍റെ പ്രധാന കാരണം ടിബിഎസ് എന്നറിയപ്പെടുന്ന ഈ പ്രത്യേക മാനസിക പുനരധിവാസ പദ്ധതി തന്നെയാണ്. “ഈ പരിപാടിക്ക് രണ്ടു പ്രധാന ലക്ഷ്യമാണുള്ളത്. ഒന്നാമത്തേത് കുറ്റകൃത്യം തടയുക, മാനസികരോഗങ്ങൾ, അതുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങൾ എന്നിവയാണ് രണ്ടാമത്തേത്” ഫോറൻസിക് മനഃ ശാസ്ത്രജ്ഞൻ ഹോമോ ഫോക്കർട്ട്സ് പറയുന്നു.

“ഞങ്ങൾ വിഷാദരോഗികളെ മാത്രമല്ല ചികിത്സിക്കുന്നത് മാനസിക വൈകല്യമുള്ളവർ, ഓട്ടിസം ബാധിച്ചവർ, കഠിനമായ പഠന ബുദ്ധിമുട്ടുകളുള്ളവർ, കഠിനമായ വ്യക്തിത്വ വൈകല്യങ്ങളുള്ളവർ, ആസക്തികയുള്ളവർ തുടങ്ങിയവരെയെല്ലാം ഞങ്ങൾ ചികിത്സിക്കുന്നു. സാമ്പത്തിക ഭദ്രതയോ, നല്ല വീടോ, കുടുംബവുമായുള്ള ബന്ധങ്ങളോ ഇല്ലാത്ത അവർ പലപ്പോഴും മാനസികവ്യഥ അനുഭവിക്കുന്നവരാണ്. അവർ ചെയ്ത കുറ്റകൃത്യങ്ങളോ അക്രമമോ ആർക്കും അംഗീകരിക്കാനാകില്ല. എങ്കിലും അവർക്കെല്ലാം പറയാൻ  ഓരോ കഥകളുണ്ട്. വേദനയുടെയും, അപമാനത്തിന്‍റെയും കഷ്ടപ്പാടുകളുടെയും ഒരു ലോകം അവർ നമുക്ക് മുന്നിൽ തുറക്കുന്നു.” ഫോക്കർട്ട്സ് പറയുന്നു.  

പല രാജ്യങ്ങളിലും രണ്ടു രീതിയിലാണ് വിധികല്പിക്കുന്നത്. കുറ്റവാളികൾക്ക് ഒന്നുകിൽ ജയിൽ ശിക്ഷ അനുഭവിക്കാം, അല്ലെങ്കിൽ ഒരു മാനസികരോഗ സ്ഥാപനത്തിൽ പോകാം. എന്നാൽ ഇവിടെ മനസിക അസ്വാസ്ഥ്യമുള്ള ആളുകൾക്ക് പോകാനായി ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി ഒരു മാനസികരോഗ സ്ഥാപനമുണ്ട്. അതാണ് ടി ബി എസ്.  

യുകെയിലോ നെതർലാൻഡിലോ ഉള്ള ആശുപത്രികളിൽ നിന്ന് വ്യത്യസ്തമായി, ടിബിഎസിന് വളരെ വ്യക്തമായ വ്യവസ്ഥകളുണ്ട്. കുറഞ്ഞത് നാല് വർഷം വരെ തടവുശിക്ഷ ലഭിക്കേണ്ട കുറ്റവാളികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക. അതുമാത്രമല്ല കുറ്റം ആവർത്തിക്കാനുള്ള ഉയർന്ന സാധ്യതയുള്ളവരുമായിരിക്കണം. സമൂഹവുമായി കുറ്റവാളികളെ ഇണക്കാനുള്ള കാര്യങ്ങളാണ് അവർ പ്രധാനവും ഇവിടെ ചെയ്യുന്നത്. ഇത് സാധ്യമാകാതിരികയോ, അവർ സഹകരിക്കാൻ വിസമ്മതിക്കുകയോ ആണെങ്കിൽ, അവർക്ക് ഒരു സാധാരണ ആശുപത്രിയിലേക്ക് മാറാം.  

2018 -ൽ 1,300 പേരെ ടിബിഎസ് പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരുന്നു. ആളുകൾ ഈ ചികിത്സാ കേന്ദ്രത്തിൽ താമസിച്ച് അവരുടെ കുറ്റകൃത്യത്തിന് കാരണമായ മാനസിക അവസ്ഥകൾക്കായി ചികിത്സിക്കപ്പെടുന്നു. ഓരോ രണ്ട് വർഷത്തിലും, ചികിത്സ നീട്ടേണ്ടതുണ്ടോ എന്ന് ജഡ്‍ജിമാർ വിലയിരുത്തുന്നു. അവിടെ ശരാശരി താമസം രണ്ട് വർഷമാണ്.

മാനസിക വൈകല്യങ്ങൾ കാരണം മാത്രമല്ല ആളുകളുടെ പശ്ചാത്തലവും ടിബിഎസ് കേസുകൾ പലപ്പോഴും സങ്കീർണ്ണമാക്കുന്നു. "ആളുകൾ ഒരു വശത്ത് അങ്ങേയറ്റം അപകടകാരികളാണ്, അവർ തങ്ങളേയും മറ്റ് ആളുകളേയും വേദനിപ്പിക്കുന്നു. എന്നാൽ മറുവശത്ത് വളരെ വേദനാജനകമായ ഒരു ഭൂതകാലം ഉള്ളവരാണ് അവരിലേറെപ്പേരും. ഇവർ മനോരോഗത്തിന് അടിമയായ ഒരു അമ്മയുടെയും അച്ഛന്‍റെയും ഒപ്പം വളർന്നവരായിരിക്കാം. ഒന്നുമില്ലാതെ, പണമോ ഭക്ഷണമോ ഇല്ലാതെ ഒറ്റപ്പെട്ട് വളർന്നവർ. 'പുറത്ത് തണുപ്പാണ് - നീ ജാക്കറ്റ് എടുത്തോ' എന്നോർമിപ്പിക്കാൻ പോലും ആരുമില്ലാത്തവർ" ആംസ്റ്റർഡാമിലെ ഇൻഫോർസയിലെ സൈക്യാട്രിസ്റ്റും ഡയറക്ടറുമായ മെലിന റാക്കിക് പറയുന്നു. കുട്ടിക്കാലത്ത് നിങ്ങളെ സ്നേഹിക്കാൻ ആരും ഇല്ലെങ്കിൽ സ്നേഹത്തിന്‍റെ കരുതൽ നിങ്ങൾ എങ്ങനെ മനസിലാക്കുമെന്നും അവർ ചോദിക്കുന്നു. 

ആരും കുറ്റവാളികളായി ജനിക്കുന്നില്ല മറിച്ച് സാഹചര്യങ്ങളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത്. ജീവിതത്തിന്‍റെ ക്രൂരതക്ക് മുന്നിൽ ഇടറിപ്പോയവരാണ് കൂടുതലും, ഒരിറ്റ് സ്നേഹവും കരുതലും ഇവരും അർഹിക്കുന്നുണ്ട്. കൃത്യമായ പരിഗണന നല്‍കിയാല്‍ കുറ്റവാളികളും നന്മയുടെ പാതകളിലേക്ക് നടക്കുമെന്നാണ് ഈ ഒഴിഞ്ഞുകിടക്കുന്ന ജയില്‍മുറികള്‍ തെളിയിക്കുന്നത്.