ലക്ഷദ്വീപ് കടലിൽ നിന്ന് ഇതുവരെ അജ്ഞാതമായിരുന്ന ഒരു പുതിയ മത്സ്യത്തെ ശാസ്ത്രജ്ഞർ കണ്ടെത്തി. എപ്പിഗോണിഡേ എന്ന മത്സ്യകുടുംബത്തിൽപ്പെട്ട ഈ മത്സ്യങ്ങളെ ഡീപ് വാട്ടർ കാർഡിനൽ ഫിഷുകൾ എന്ന് വിളിക്കുന്നു. ലക്ഷദ്വീപിലെ ഡിപാര്‍ട്മെന്‍റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (DST) യു ടി -യിലെ ഡോ. ഇദ്രീസ് ബാബു, മുംബൈ റീജിയണൽ സ്റ്റേഷനിലെ ഐസി‌എആർ-സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. അഖിലേഷ് കെ.വി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ മത്സ്യത്തെ കണ്ടെത്തിയത്.  

ഇന്ത്യൻ ഡീപ് വാട്ടർ കാർഡിനൽ മത്സ്യത്തെ സൂചിപ്പിക്കുന്ന എപിഗോണസ് ഇൻഡിക്കസ് എന്ന പേരും അവർ അതിന് നൽകി. ലക്ഷദ്വീപിലെ ജിഎസ്‍ടി നടത്തിയ ജൈവവൈവിധ്യ സർവേയുടെ ഭാഗമായാണ് ഇതിനെ അവർ കണ്ടെത്തിയത്. ജേണൽ ഓഫ് ഓഷൻ സയൻസ് ഫൗണ്ടേഷന്റെ ഏറ്റവും പുതിയ ലക്കത്തിലാണ്  ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തില്‍ കഴിയുന്ന 14 ഇനം ഡീപ് വാട്ടർ കാർഡിനൽ മത്സ്യങ്ങളെ കുറിച്ച്  മുമ്പ് അറിയാമായിരുന്നെങ്കിലും, 300 മീറ്ററിലധികം ആഴത്തിൽ വസിക്കുന്ന ഇത് പക്ഷേ പുതിയ ഇനമാണ്. മനോഹരമായ തിളങ്ങുന്ന കറുത്ത നിറമുള്ള ഈ മത്സ്യത്തിന്റെ വെൻട്രൽ ഭാഗത്ത് ഫ്ലൂറസെന്റ് നീല നിറമാണുള്ളത്. മുമ്പ് Indian EEZ  -യിൽ കണ്ടിരുന്ന ഡീപ് വാട്ടർ കാർഡിനൽ ഫിഷിൽ നിന്ന് വ്യത്യസ്‍തമാണ് ഇത്. 

ഇന്നും ലക്ഷദ്വീപിലെ സമുദ്ര ജൈവവൈവിധ്യങ്ങൾ വലിയ തോതിൽ പര്യവേക്ഷണം ചെയ്യപ്പെടാതെ കിടക്കുന്നു. മറഞ്ഞിരിക്കുന്ന സമുദ്ര വൈവിധ്യത്തെ കണ്ടെത്താൻ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്. ജിഎസ്ടി യു‌ടി‌എല്ലിന്റെ തുടർന്നുകൊണ്ടിരിക്കുന്ന പര്യവേക്ഷണങ്ങളിൽ വിവിധ ഫൈലമുകളിലുടനീളം നിരവധി പുതിയ ഇനങ്ങളെ കണ്ടെത്തുകയുണ്ടായിട്ടുണ്ട്.