ബലാത്സംഗം ചെയ്യുന്നവർക്ക് എന്ത് ശിക്ഷയാണ് നൽകേണ്ടത്? ഈ ചോദ്യം വർഷങ്ങളായി പൊതുമണ്ഡലത്തിൽ നിരന്തരം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്.  ‌ഇന്ത്യയിൽ ഓരോദിവസവും ശരാശരി 92 ബലാത്സംഗങ്ങൾ നടക്കുന്നുണ്ട് എന്നാണ് ഏകദേശ കണക്ക്. അതായത് ഓരോ മണിക്കൂറിലും മൂന്നു സ്ത്രീകൾ വീതം ബലാത്സംഗം ചെയ്യപ്പെടുന്നു എന്നർത്ഥം. ബലാത്സംഗത്തിനുള്ള ശിക്ഷാവിധികളിൽ കാലാനുസൃതമായ മാറ്റങ്ങൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വന്നുകൊണ്ടിരിക്കുന്നുണ്ട്. ബലാത്സംഗം പോലെ ഹീനമായ ഒരു കുറ്റകൃത്യത്തെ തടയാനും, അതിനിരയാകുന്നവർക്ക് നീതി ലഭ്യമാക്കാനും നമ്മുടെ ചട്ടങ്ങൾ എത്രമാത്രം ഫലപ്രദമാണ് എന്ന കാര്യത്തിൽ ഭിന്നാഭിപ്രായമുള്ളവരുണ്ട്. ചൈനയിൽ ബലാത്സംഗികൾക്കുള്ള ശിക്ഷ മരണമാണ്. ഇന്ത്യയിലാകട്ടെ ഐപിസി/സിആർപിസി എന്നിവയിലെ വകുപ്പുകൾ പ്രകാരം ബലാത്സംഗത്തിന് കഠിനതടവാണ് ശിക്ഷയായി വിധിക്കാറുള്ളത്. ഇര കൊല്ലപ്പെട്ട, അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രം വധശിക്ഷയിലും കാര്യങ്ങൾ എത്തിച്ചേരാറുണ്ട്. 

ഇക്കാര്യത്തിൽ, ആഫ്രിക്കൻ നീതിന്യായ വ്യവസ്ഥയുടെ തന്നെ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയേക്കാവുന്ന ഒരു നിയമം നിർമിച്ചിരിക്കുകയാണ് നൈജീരിയയിലെ കടുന എന്ന സംസ്ഥാനം. ഈ ആഴ്ച പാസ്സാക്കപ്പെട്ട നിയമം പ്രകാരം ഇനി ബലാത്സംഗം  ചെയ്തു എന്ന്‌ സംശയാതീതമായി തെളിയുന്ന പക്ഷം കുറ്റവാളികളെ കാത്തിരിക്കുന്നത് ശസ്ത്രക്രിയ വഴിയുള്ള ഷണ്ഡീകരണമാണ്. റേപ്പിസ്റ്റുകളുടെ ലിംഗവും വൃഷണവും അടക്കം ഛേദിച്ചു കളയാനാണ് പുതിയ നിയമം അനുശാസിക്കുന്നത്. പതിനാലുവയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാനും ഈ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബലാത്സംഗം ചെയ്യുന്നത് സ്ത്രീ ആണെങ്കിൽ അവരുടെ ഫാലോപ്പിയൻ നാളികൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യും. 

"ഞങ്ങളുടെ കുഞ്ഞുങ്ങളെ ഈ നീചന്മാരിൽ നിന്ന് രക്ഷിക്കാൻ ഇത്തരത്തിലുള്ള കടുത്ത നിയമങ്ങൾ നിർമിക്കാതെ തരമില്ല" എന്ന് ഈ നിർണായക ബിൽ നിയമാക്കുന്ന നടപടിയിൽ ഒപ്പുവെച്ച ശേഷം കടുന ഗവർണർ, നാസിർ അഹമ്മദ് എൽ-രുഫായി മാധ്യമങ്ങളോട് പറഞ്ഞു. നൈജീരിയയിൽ ഈ വർഷം ജനുവരിക്കും മേയ്ക്കും ഇടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് എണ്ണൂറിൽ അധികം ബലാത്സംഗ കേസുകളാണ്. 

ബലാത്സംഗം ചെയ്താൽ, പിടിക്കപ്പെട്ട്  ദിവസങ്ങൾക്കകം വധശിക്ഷ കിട്ടും എന്ന ഭയമുണ്ടെങ്കിൽ പിന്നെ അതിനു മുതിരുന്നവരുടെ എണ്ണം പയ്യെ കുറഞ്ഞുവരും എന്ന് പലരും ധരിക്കുന്നു. എന്നാൽ, ബലാത്സംഗം പോലുള്ള കുറ്റങ്ങൾക്ക് വധശിക്ഷ കൊണ്ടുവരുന്നത് അബദ്ധമാകും എന്ന് കരുതുന്നവരുമുണ്ട്. കാരണം, ബലാത്സംഗശേഷം സ്ത്രീയെ വെറുതെ വിട്ടാൽ അത് വിചാരണ ശക്തമാക്കാനുള്ള സാധ്യത വർധിപ്പിക്കുകയും, തദ്വാരാ പ്രതിക്ക് വധശിക്ഷ വാങ്ങിത്തരുകയും ചെയ്യും എന്ന അവസ്ഥവരും. അത് പ്രതികൾ ബലാത്സംഗത്തിന് ശേഷം അതിനിരയാകുന്ന സ്ത്രീകളെ കൊന്നുകളയുന്ന അവസ്ഥയുണ്ടാക്കുമെന്ന് അവർ വാദിക്കുന്നു. 

പല കേസുകളിലും സമൂഹത്തിൽ നിന്നും, കുറ്റത്തിന് ഇരയാകുന്നവരുടെ ബന്ധുക്കളിൽ നിന്നുമെല്ലാം കടുത്ത സമ്മർദ്ദമാണ് ജുഡീഷ്യറിയുടെമേൽ ഉണ്ടാകാറുള്ളത്. ബലാത്സംഗം പോലുള്ള ക്രൂരമായ കുറ്റങ്ങൾക്ക് വധശിക്ഷയും ഷണ്ഡീകരണവും  പോലുള്ള കടുത്ത ശിക്ഷകൾ നൽകിയാൽ മാത്രമേ കുറ്റകൃത്യത്തിന് ഇരയാകുന്ന വ്യക്തിക്ക് അർഹിക്കുന്ന നീതി കിട്ടുന്നുള്ളൂ എന്ന് കരുതുന്നവരും കുറവല്ല. നൈജീരിയയിലെ ഈ പുതിയ നിയമം അവിടത്തെ സ്ത്രീ സുരക്ഷിതത്വം മെച്ചപ്പെടുത്തുമോ എന്നത് വരും  വർഷങ്ങളിലെ കുറ്റകൃത്യങ്ങളിൽ കുറവുണ്ടാകുന്നുണ്ടോ എന്ന കണക്കുകൾ പരിശോധിച്ചാൽ മാത്രമേ അറിയാൻ സാധിക്കൂ.