മസോണ്‍ വനത്തില്‍ നിന്ന് പുതിയൊരു വിഭാഗം കുരങ്ങിനെ കണ്ടെത്തിയിരിക്കുകയാണ്. മൈകോ മുണ്ടുറുകു എന്നാണ് ഈ കുരങ്ങുവര്‍ഗ്ഗത്തിന് ഗവേഷകര്‍ പേര് നല്‍കിയിരിക്കുന്നത്. മഞ്ഞിന്‍റെ നിറമുള്ള വാലുകളോട് കൂടിയ ഈ കുരങ്ങുകള്‍ മര്‍മോസെറ്റ് ഇനത്തില്‍ പെട്ട കുരങ്ങുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. 18,19 നൂറ്റാണ്ടില്‍ ആമസോണ്‍ കാടുകളില്‍ നടന്ന പഠനത്തിലാണ് മര്‍മോസെറ്റ് വിഭാഗത്തില്‍പെട്ട കുരങ്ങുകളെ കണ്ടെത്തുന്നത്. അന്നത്തെ പഠനത്തില്‍ നിരവധി പോരായ്മകള്‍ പിന്നീട് മനസിലായതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഗവേഷണങ്ങള്‍ നടന്നത്. 

ബ്രസീലിലെ ആമസോണിയന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (National Institute of Amazonian Research) ഗവേഷകനായ റോഡ്രിഗ കോസ്റ്റ ഓജോയും സംഘവുമാണ് ഈ പഠനം നടത്തിയത്. തെക്കുകിഴക്കന്‍ ആമസോണിലെ ടപാജോസ്, ജമാക്സിം നദികള്‍ക്കിടയിലുള്ള വനമേഖലയിലെ ജന്തുജാലങ്ങളെക്കുറിച്ചുള്ള പഠനത്തിലായിരുന്നു ഓജോ. ആ സമയത്താണ് മരക്കൊമ്പിലിരിക്കുകയായിരുന്ന മൂന്ന് കുരങ്ങുകളില്‍ ഓജോയുടെ ശ്രദ്ധ പതിയുന്നത്. അതിലൊരു കുരങ്ങിന്‍റെ നിറവ്യത്യാസം ഓജോയെ ആകര്‍ഷിച്ചു. മറ്റു രണ്ടു കുരങ്ങുകളും മര്‍മോസെറ്റ് വിഭാഗത്തില്‍ പെടുന്നവയാണെങ്കിലും ഈ കുരങ്ങിന് എന്തോ പ്രത്യേകതയുണ്ട് എന്ന് തോന്നിയ ഓജോ കൂടുതല്‍ പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിന്‍റെ ഭാഗമായി ആമസോണ്‍ വനമേഖലയിലേക്ക് യാത്രകള്‍ ചെയ്തു ഓജോ. 2015 മുതല്‍ 2018 വരെയായി എട്ട് തവണയാണ് ഓജോയും സംഘവും ആമസോണ്‍ വനത്തിലെത്തിയത്. 

പേരിന് പിന്നില്‍ 
ആദ്യമായി ഈ കുരങ്ങുവര്‍ഗ്ഗത്തെ കണ്ടതിനെ കുറിച്ച് ഓജോ ഓര്‍ക്കുന്നത് ഇങ്ങനെയാണ്, '''ടപാജോസ് നദിയിലൂടെയുള്ള ഏഴ് ദിവസത്തെ യാത്രക്ക് ശേഷം ഞങ്ങള്‍ ഈ കുരങ്ങുകളെ കണ്ടെത്തിയ സ്ഥലത്ത് എത്തിച്ചേര്‍ന്നു. ആദ്യമായി അതിനെ കണ്ടപ്പോള്‍ എനിക്ക് ആവേശമാണ് തോന്നിയത്. കാരണം, അത് മറ്റ് കുരങ്ങുകളില്‍ നിന്ന് വ്യത്യസ്തമാണ് എന്ന് എനിക്ക് തോന്നിയിരുന്നു. അതിന്‍റെ വാലുകള്‍ വെളുത്തിട്ടായിരുന്നു... അത് അസാധാരണമായിരുന്നു.''

മര്‍മോസെറ്റുകളില്‍ നിന്നും വ്യത്യസ്തമാണ് ഈ കുരങ്ങ് എന്ന് ബോധ്യപ്പെട്ടതോടെ അതിന്‍റെ ഡി എന്‍ എ പരിശോധന നടത്തുന്നതിലേക്കായി ഗവേഷണ സംഘത്തിന്‍റെ ശ്രദ്ധ. ഈ കുരങ്ങുകള്‍ക്ക് വെളുത്ത വാലായിരുന്നു. കൂടാതെ, വെളുത്ത കൈവെള്ളകളും വെളുത്ത കാല്‍പ്പാദങ്ങളും മുട്ടിലെ ഇളം മഞ്ഞ നിറവുമെല്ലാം ഇവയെ മറ്റ് കുരങ്ങുകളില്‍ നിന്നും വ്യത്യസ്തമാക്കിയിരുന്നു. 

ഡി എന്‍ എ പരിശോധനയില്‍ ഇവ മര്‍മോസെറ്റുമായി ബന്ധപ്പെട്ട് കിടക്കുന്നുവെങ്കിലും വേറെ വര്‍ഗ്ഗം ആണെന്ന് കണ്ടെത്തി. അങ്ങനെ അവയ്ക്ക് മൈകോ മുണ്ടുറുകു എന്ന പേരും നല്‍കി. മര്‍മോസെറ്റുകള്‍ക്ക് പൊതുവേ മൈകോ എന്ന പേര് നല്‍കാറുണ്ട്. മുണ്ടുറുകു എന്നത്, ഈ കുരങ്ങ് വര്‍ഗ്ഗത്തെ കണ്ടെത്തിയ പ്രദേശത്തിന് സമീപത്ത് താമസിച്ചുപോരുന്ന ജനവിഭാഗത്തിന്‍റെ പേരാണ് (മുണ്ടുറുകു അമേരിന്ത്യന്‍സ്). 

ജലവൈദ്യുത പദ്ധതിയും ജീവിവര്‍ഗ്ഗത്തിന്‍റെ നിലനില്‍പ്പും

എന്നാല്‍, ആമസോണ്‍ കാടുകളില്‍ ഈ വിഭാഗത്തില്‍ പെട്ട കുരങ്ങുകളുടെയും മറ്റ് ജീവിവര്‍ഗ്ഗങ്ങളുടെയും തന്നെ നിലനില്‍പ്പ് ഭീഷണിയിലാണ് എന്നും ഗവേഷകര്‍ പറയുന്നുണ്ട്. ഈ മേഖലയില്‍ ജലവൈദ്യുത പദ്ധതി നിലവില്‍ വരുന്നുണ്ട്. കൂടാതെ, കൃഷിക്ക് വേണ്ടി വനം നശിപ്പിക്കുന്നതും എല്ലാം ഈ ജീവികളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്നുവെന്നും ഗവേഷകര്‍ പറയുന്നു.  ഓജോ തന്നെ പറയുന്നത്, ഈ ജലവൈദ്യുത പദ്ധതിയും കൃഷി ചെയ്യാനായി വനം കയ്യേറുന്നതും റോഡ് പോലെയുള്ള വികസന പദ്ധതികളുമെല്ലാം ഈ കുരങ്ങുകളുടെ നിലനില്‍പ്പിന് ഭീഷണിയാണ് എന്നാണ്.