പൂനെ ബുധ്വാര്‍പേട്ടിലെ റെഡ് ലൈറ്റ് ഏരിയയിലെ നിറമുള്ള കര്‍ട്ടനുകള്‍ക്ക് പിന്നിലുണ്ടായിരുന്ന അനേകം പെണ്‍ജീവിതങ്ങളിലൊന്നായിരുന്നു റാണിയുടേതും. ഒരു കുടുംബ സുഹൃത്തിനാല്‍ ചതിക്കപ്പെട്ടാണ് റാണി അവിടെയെത്തിച്ചേര്‍ന്നത്. 

'ഭൂരിഭാഗം പേരും പറയുന്നത് അമ്മയാവുക എന്നത് ഒരു അനുഗ്രഹമാണ് എന്നാണ്. എന്നാല്‍, ഞങ്ങള്‍ അതിനെ കരുതിയിരുന്നത് ശാപമായിട്ടാണ്. പക്ഷെ, അത് തെറ്റാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ഞങ്ങളും ഈ സമൂഹത്തിന്‍റെ ഭാഗമാണ്. നമുക്കും കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള അവകാശമുണ്ട്. എനിക്കും സ്വര്‍ണ്ണ ഹൃദയമുള്ള നല്ലൊരു കുഞ്ഞുണ്ടായിരിക്കുന്നു' - പറയുന്നത് ഒരിക്കല്‍ ലൈംഗിക തൊഴിലാളി ആയിരുന്ന റാണി. 

അമ്മയായിരിക്കാനുള്ള തന്‍റെ അവകാശത്തിന് വേണ്ടി പൊരുതിയ ആളാണ് റാണി.. മുപ്പത്തിരണ്ടുകാരിയായ റാണി യാദൃച്ഛികമായാണ് ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നത്. ആ കുഞ്ഞിനെ പ്രസവിക്കാനും വളര്‍ത്താനുമായി അവള്‍ അതുവരെയില്ലാത്ത കരുത്ത് കാണിച്ചു. ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞതോടെ അവളാകെ ആശങ്കാകുലയായിരുന്നു. ഒരു ലൈംഗിക തൊഴിലാളിയായ തനിക്ക് ഒരു കുഞ്ഞിനെ വളര്‍ത്താന്‍ എളുപ്പമായിരിക്കില്ല എന്ന ഭയം അവളെ പൊതിഞ്ഞു. 

''ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആദ്യം തോന്നിയത് ഭയമാണ്. ഈ ലോകം എന്‍റെ കുഞ്ഞിനോട് എങ്ങനെ പെരുമാറും എന്നോര്‍ത്ത് എനിക്ക് പേടി തോന്നി. ചുറ്റുമുള്ളവരെല്ലാം എന്നോട് ഗര്‍ഭമലസിപ്പിക്കണമെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ഒരു ലൈംഗിക തൊഴിലാളിയായതിനാല്‍ എനിക്ക് അമ്മയാകാനുള്ള യോഗ്യതയില്ലെന്നായിരുന്നു അവരെല്ലാം പറഞ്ഞുകൊണ്ടിരുന്നത്. പക്ഷെ, ഞാന്‍ ഒരു നല്ല അമ്മയാകില്ല എന്ന് പറയാന്‍ അവരൊക്കെ ആരാണ്? അവരാണോ അത് പറയേണ്ടത്. എനിക്ക് ആശയക്കുഴപ്പമായി, വേദന തോന്നി, ഒരു ലൈംഗിക തൊഴിലാളിയുടെ കുഞ്ഞെന്ന നിലയില്‍ എന്‍റെ കുഞ്ഞിന്‍റെ ഭാവി എന്തായിത്തീരുമെന്ന് ഞാന്‍ ആശങ്കപ്പെട്ടു.'' റാണി പറയുന്നു.

അങ്ങനെയാണ് ലൈംഗിക തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സീമ വാഗ്മോഡ എന്ന സാമൂഹ്യപ്രവര്‍ത്തകയെ റാണി സമീപിക്കുന്നത്. സീമയുടെ പിന്തുണയോടെ റാണി തന്‍റെ കുഞ്ഞിന്‍റെ അച്ഛനെ സമീപിച്ചു. അവളുടെ അടുത്ത് സ്ഥിരമായി വന്നുപോകുന്ന ഒരാളായിരുന്നു അത്. അയാള്‍ക്ക് അവളോട് സ്നേഹമുണ്ടായിരുന്നു. 

''നമുക്കറിയാമായിരുന്നു നമുക്ക് രണ്ടുപേര്‍ക്കും പരസ്പരം ഇഷ്ടമാണ് എന്ന്. പക്ഷെ, നമ്മളെപ്പോലെ ലൈംഗികത്തൊഴിലാളികളുടെ ഇടയില്‍ പ്രണയമുണ്ടാകുമെങ്കിലും അവ അവിടെത്തന്നെ വീണുമരിക്കാറാണ് പതിവ്. ആ പ്രണയത്തെ വളര്‍ത്താനുള്ള ധൈര്യമുണ്ടാവില്ല എന്നതു തന്നെയായിരുന്നു അതിന് കാരണം. പക്ഷെ മമ്മയോട് (സീമ) സംസാരിച്ച ശേഷം എന്‍റെ ഭയം ഇല്ലാതായി. അമ്മയാകുന്നതോടെ താന്‍ കൂടുതല്‍ ധൈര്യമുള്ള സ്ത്രീയായി മാറുമെന്ന് എനിക്ക് തോന്നിത്തുടങ്ങിയിരുന്നു. കുഞ്ഞിനെ കുറിച്ച് പറഞ്ഞപ്പോള്‍ കൂട്ടുകാരനും കുഞ്ഞിനെ വളര്‍ത്താമെന്ന് പറഞ്ഞു. വിവാഹിതരാകാനും കുഞ്ഞിനെ ഇവിടെനിന്നും ദൂരെയെവിടെയെങ്കിലും വളര്‍ത്താനും ഞങ്ങള്‍ തീരുമാനിച്ചു. അവിടെനിന്നും രക്ഷപ്പെടാന്‍ മമ്മ നമ്മളെ സഹായിച്ചു. ഇന്ന് നമുക്കൊരു നല്ല ജീവിതമുണ്ട്. പലപ്പോഴും ഇത് സത്യമാണോ എന്നറിയാന്‍ ഞാനെന്നെത്തന്നെ നുള്ളിനോക്കാറുണ്ട്..'' റാണി പറയുന്നു. 

പൂനെയിലേക്ക് എത്തിയത് ഇങ്ങനെ..
പൂനെ ബുധ്വാര്‍പേട്ടിലെ റെഡ് ലൈറ്റ് ഏരിയയിലെ നിറമുള്ള കര്‍ട്ടനുകള്‍ക്ക് പിന്നിലുണ്ടായിരുന്ന അനേകം പെണ്‍ജീവിതങ്ങളിലൊന്നായിരുന്നു റാണിയുടേതും. ഒരു കുടുംബ സുഹൃത്തിനാല്‍ ചതിക്കപ്പെട്ടാണ് റാണി അവിടെയെത്തിച്ചേര്‍ന്നത്. 

അസ്സമിലെ ഒരു ചെറിയ ഗ്രാമത്തിലായിരുന്നു അവള്‍ ജീവിച്ചിരുന്നത്. നല്ലൊരു ജോലി വാങ്ങിത്തരാമെന്ന വാഗ്ദാനം നല്‍കിയാണ് ഒരു കുടുംബസുഹൃത്ത് റാണിയെ പൂനെയിലേക്ക് കൊണ്ടുവരുന്നത്. അവളുടെ കുടുംബം വളരെ പാവപ്പെട്ടതായിരുന്നു. ആ കുടുംബത്തെ രക്ഷിക്കണമെന്നേ അവളുടെ ഉള്ളിലുണ്ടായിരുന്നുള്ളൂ. അന്നവള്‍ക്ക് വെറും 16 വയസ്സായിരുന്നു പ്രായം. ഓരോ രാത്രിയും അവരുടെ കാല് പിടിച്ച് അവള്‍ 'ഞാന്‍ പോയിക്കോട്ടെ' എന്ന് അപേക്ഷിച്ചു കൊണ്ടേയിരുന്നു. പതിയെ പതിയെ, രക്ഷപ്പെടാന്‍ വഴിയൊന്നുമില്ലെന്നായപ്പോള്‍ അവള്‍ നിശബ്ദയായി. 

പക്ഷെ, അതെല്ലാം പഴയ കഥയായിരിക്കുന്നു. ഭര്‍ത്താവും കുഞ്ഞുമൊത്ത് അവളിന്നൊരു പുതിയ ജീവിതം നയിക്കുന്നു. 

എന്നെ സംബന്ധിച്ച് അമ്മയാവുക എന്നത് ഒരു വെല്ലുവിളിയായിരുന്നു. ഏതൊരു അമ്മയും ഇങ്ങനെയേ പറയൂ എന്ന് തോന്നുന്നു. എല്ലാ അമ്മമാരേയും പോലെ എനിക്ക് കഴിയാവുന്നതിലേറ്റവും നല്ലത് തന്നെ എന്‍റെ മകന് നല്‍കണം. എന്‍റെ ഭൂതകാലമോര്‍ത്ത് എനിക്ക് നാണക്കേടില്ല. അവന്‍റെ പ്രായത്തിലുള്ള ഓരോ ആണ്‍കുട്ടികളേയും പോലെത്തന്നെ എന്‍റെ മകനും വളരണമെന്നാണ് എന്‍റെ ആഗ്രഹം. ഞാനൊരു ലൈംഗികത്തൊഴിലാളിയായിരുന്നുവെന്ന് എന്ന് അവനോട് പറയാനാകുമെന്ന് എനിക്കറിയില്ല. അത് ഞാന്‍ തല്‍ക്കാലം മറന്നിരിക്കുകയാണ്. എന്‍റെ ഭര്‍ത്താവ് എല്ലാത്തിലും എന്നെ പിന്തുണക്കുന്നു. എന്‍റെ മകനെന്നെ സ്നേഹിക്കുന്നു. അത് മാത്രമാണ് ഇന്നെന്നെ സംബന്ധിച്ച് പ്രധാനം. 

അഞ്ച് വയസ്സുള്ള മകനെ കുറിച്ചുള്ള ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നും റാണി പറയുന്നു. അവനിടയ്ക്കിടെ റാണിയോട് ചില്ലറപ്പൈസകള്‍ ചോദിക്കും. അവന്‍റെ കുഞ്ഞ് കുടുക്കയിലിട്ടു വയ്ക്കാനാണത്. ഒരു ദിവസം റാണി ഭര്‍ത്താവിനോട് തന്നെ എന്താണ് എവിടെയും കൊണ്ട് പോവാത്തത് എന്ന് പരിഭവം പറഞ്ഞപ്പോള്‍ അവന്‍ തന്‍റെ കുഞ്ഞ് ചില്ലറപ്പെട്ടിയുമായി വന്ന് റാണിയോട് പറഞ്ഞു ,''അമ്മ എന്തിനാണ് അച്ഛനോട് എപ്പോഴുമിങ്ങനെ ചോദിക്കുന്നത്. അമ്മ വിഷമിക്കണ്ട. അമ്മയ്ക്ക് എവിടെയാണ് പോകേണ്ടത് എന്ന് പറയൂ. ഞാന്‍ അമ്മയെ കൊണ്ടുപോകുമല്ലോ'' എന്ന്.

ഒരു ലൈംഗികത്തൊഴിലാളിക്ക് ഭര്‍ത്താവും കുഞ്ഞുമായി നല്ലൊരു ജീവിതമുണ്ടാകില്ലെന്ന് ഒരിക്കല്‍ പറഞ്ഞവരോട്, ഗര്‍ഭമലസിപ്പിക്കാന്‍ പറഞ്ഞവരോട് റാണിയുടെ മറുപടി അവളുടെ ഇപ്പോഴത്തെ ജീവിതമാണ്. 

(കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ)