Asianet News MalayalamAsianet News Malayalam

പെരിയാർ കടുവാ സങ്കേതത്തില്‍ പുതിയ ഇനം മത്സ്യങ്ങളും തുമ്പികളും; സര്‍വേ റിപ്പോർട്ട്

പെരിയാറിന്‍റെ കൈവഴിയായ മ്ലാപ്പാറ ഭാഗത്തും മുല്ലയാറിന്‍റെ കൈവഴിയായ രണ്ടാറ്റിൻകര ഭാഗത്തും പമ്പാനദിയിലെ മൂഴിക്കൽ ഭാഗത്തുമാണ് മത്സ്യങ്ങളുടെ പരമാവധി വൈവിധ്യം കണ്ടെത്തിയത്. 

New species of fish and odonates discovered in Periyar Tiger Reserve
Author
First Published May 27, 2024, 2:58 PM IST


രോ ദേശത്തിന്‍റെ വൈവിധ്യം നിശ്ചയിക്കുന്നത് അവിടെ ജീവിക്കുന്ന മനുഷ്യര്‍ മാത്രമല്ല. അതില്‍ അതിസൂക്ഷ്മ ജീവികള്‍ മുതല്‍ വെള്ളത്തിലും കരയിലും വായുവിലും ജീവിക്കുന്ന മറ്റെല്ലാ ജീവജാലങ്ങളും ഉള്‍പ്പെടുമ്പോഴാണ് ആ വൈവിധ്യം പൂര്‍ണ്ണമാകുക. എങ്കില്‍ മാത്രമേ അതത് പ്രദേശത്തെ ആവാസ വ്യവസ്ഥ അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ സജീവമാവുകയുള്ളൂ. ഏറ്റവും പുതിയ പഠനങ്ങള്‍, തുമ്പികള്‍ കാലാവസ്ഥാ വ്യതിയാനത്തെ വളരെവേഗം തിരിച്ചറിയുന്നതായി രേഖപ്പെടുത്തുന്നു. ഈ തിരിച്ചരിവ് വേണമെങ്കില്‍ നമ്മുക്ക് ചുറ്റും എത്രയിനം തുമ്പികള്‍ ഉണ്ടെന്നും ഇതിനകം എത്രയിനം തുമ്പി വൈവിധ്യങ്ങളെ നഷ്ടപ്പെട്ടെന്നുമുള്ള കണക്കുകള്‍ ആവശ്യമാണ്. മെയ് 16 മുതൽ 19 വരെ പെരിയാർ ടൈഗർ റിസർവിൽ (പിടിആർ) നടന്ന ആദ്യത്തെ അക്വാട്ടിക് മൾട്ടി-ടാക്‌സ സർവേയിൽ നാല് പുതിയ ഇനം തുമ്പികളെയും അമ്പത്തിയാറ് ഇനം മത്സ്യങ്ങളെ രേഖപ്പെടുത്തി. 1940-കൾക്ക് ശേഷം നടത്തിയ പിടിആര്‍ നടത്തിയ പഠനങ്ങളിൽ നിന്നുള്ള ഏറ്റവും ഉയർന്ന രേഖപ്പെടുത്തലാണിതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പെരിയാർ, മുല്ലയാർ, പമ്പാ നദീതടങ്ങളിലെ അരുവികളും പെരിയാർ തടാകവും ഉൾപ്പെടുന്ന പെരിയാർ ടൈഗർ റിസർവിന്‍റെ വിവിധ ആവാസ വ്യവസ്ഥകളില്‍ വ്യാപിച്ച് കിടക്കുന്ന 21 ബേസ് ക്യാമ്പുകളിൽ നിന്നുള്ള ജലജന്തു വൈവിധ്യത്തെ കുറിച്ചായിരുന്നു പഠനം നടന്നത്. 

New species of fish and odonates discovered in Periyar Tiger Reserve

(Anaciaeschna martini by Manoj Sethumadavan,)

കേരളത്തിലെ മത്സ്യ വൈവിധ്യത്തില്‍ 30 ശതമാനത്തോളം പെരിയാർ ടൈഗർ റിസർവിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പെരിയാര്‍ റിസര്‍വില്‍ നിന്ന് മാത്രം ഇതുവരെ ഒമ്പത് മത്സ്യ ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ക്ലാരിയാസ് ഗാരിപിനസ് (Cyprinus carpio / African Catfish ) സൈപ്രിനസ് കാർപിയോ ( Cyprinus carpio / Common Carp), ഓറിയോക്രോമിസ് മോസാംബിക്കസ് (Oreochromis mossambicus / Mosambique Tilapia), ഓറിയോക്രോമിസ് നിലോട്ടിക്കസ് (Oreochromis niloticus / Nile Tilapia), എന്നീ വിദേശ ഇനങ്ങളെയും ഈ സര്‍വ്വയില്‍ പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. 

പെരിയാറിന്‍റെ പോഷക നദികളില്‍ കുറഞ്ഞത് ഏഴ് പുതിയ ഇനം മത്സ്യങ്ങളെങ്കിലും കണ്ടെത്താനുള്ള സാധ്യതയുണ്ടെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇതിന് കൂടുതല്‍ സൂക്ഷ്മമായ പഠനം ആവശ്യമാണ്. പെരിയാറിന്‍റെ കൈവഴിയായ മ്ലാപ്പാറ ഭാഗത്തും മുല്ലയാറിന്‍റെ കൈവഴിയായ രണ്ടാറ്റിൻകര ഭാഗത്തും പമ്പാനദിയിലെ മൂഴിക്കൽ ഭാഗത്തുമാണ് മത്സ്യങ്ങളുടെ പരമാവധി വൈവിധ്യം കണ്ടെത്തിയത്. 

Euphaea cardinalis Endemic Abraham Samuel

(Euphaea cardinalis Endemic Abraham Samuel)

ഈ മേഖലയില്‍ നടന്ന ഓഡോണേറ്റ് (തുമ്പി) സർവേയില്‍ നാല് പുതിയ സ്പീഷീസുകളെ കണ്ടെത്തി. ഇതോടെ പെരിയാര്‍ റിസര്‍വിലെ ഓഡോണേറ്റ് സ്പീഷിസുകളുടെ എണ്ണം 120 ആയി ഉയര്‍ന്നു. കേരളത്തിലെ ഏതെങ്കിലും സംരക്ഷിത പ്രദേശങ്ങളിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന തുമ്പി വര്‍ഗങ്ങളുടെ എണ്ണമാണിത്. കാലാവസ്ഥ വ്യതിയാനം ഏറ്റവും ആദ്യം ബാധിക്കുന്ന ജീവി വര്‍ഗ്ഗമാണ് തുമ്പികള്‍. 

കേരളത്തിലെ ഓഡോണേറ്റ് വൈവിധ്യത്തിന്‍റെ 63 ശതമാനവും പശ്ചിമഘട്ടത്തിലെ 55 ശതമാനം വര്‍ഗ്ഗങ്ങളെയും പെരിയാര്‍ റിസര്‍വില്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.  1897-ലെ അനാസിയസ്‌ചന മാർട്ടിനി സെലിസ് (Anaciaeschna martini Selys), 1842 -ലെ ബ്രാച്ചിഡിപ്ലാസ് സോബ്രിന (Brachydiplax sobrina / Rambur), 1921 -ലെ ഇഡിയോണിക്‌സ് കൊറോണ ഫ്രേസർ (Idionyx corona Fraser), 1931  -ലെ ഇഡിയോണിക്‌സ് മിനിമ ഫ്രേസർ (Idionyx minima Fraser) എന്നിവയാണ് നാല് പുതിയ കൂട്ടി ചേര്‍ക്കപ്പെട്ടവ. ഗവി-ആനത്തോട് മേഖലയിലാണ് തുമ്പി വൈവിധ്യം ഏറ്റവും കൂടുതൽ കണ്ടെത്തിയത്. 

New species of fish and odonates discovered in Periyar Tiger Reserve

(Merogomphus tamaracherriensis Fraser, 1931)

പശ്ചിമഘട്ട പ്രാദേശിക ഇനങ്ങളായ യൂഫേയ കാർഡിനാലിസ് (Euphaea cardinalis /Fraser,  1924), മെറോഗോംഫസ് താമരചെറിയൻസിസ് ഫ്രേസർ, 1931, എസ്മെ മുഡിയൻസിസ് ഫ്രേസർ, 1931, പ്രോട്ടോസ്റ്റിക്റ്റ ഗ്രേവ്‌ലി ലെയ്‌ഡ്‌ലാവ് (Merogomphus tamaracherriensis Fraser, 1915),  പ്രോട്ടോസ്റ്റിക്‌റ്റ ഷോലൈ (Protosticta sholai ) എന്നീ ഇനങ്ങളെ 2020 ല്‍സുബ്രഹ്മണ്യനും ബാബു സംഘങ്ങള്‍ കണ്ടെത്തിയ ഇനങ്ങളാണ്. 

സൂക്ഷ്മ-ദേശീയ മത്സ്യ ഇനങ്ങളുടെ സാന്നിധ്യത്തിലുണ്ടായ വര്‍ദ്ധനവ് പെരിയാർ ടൈഗർ റിസർവ് മാനേജ്മെന്‍റ് ഇടപെടലുകളുടെ വിജയമാണ് റിപ്പോര്‍ട്ട് അവകാശപ്പെട്ടു. പുതുതായി കണ്ടുമുട്ടിയ ജീവി വര്‍ഗ്ഗങ്ങളുടെ കൂടുല്‍ പഠനങ്ങള്‍ക്കായി പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത്തരം തദ്ദേശീയ ഇനങ്ങള്‍ സംരക്ഷണത്തിന് വേണ്ടി, ഡാറ്റയുടെ പ്രാധാന്യത്തെക്കുറിച്ച് ഡോ. പാട്ടീൽ സുയോഗ് സുഭാഷ് റാവു, ഐഎഫ്എസ് (ഡെപ്യൂട്ടി ഡയറക്ടർ, ഈസ്റ്റ് ഡിവിഷൻ, PTR) എടുത്തു പറഞ്ഞു. ആഗോളതാപനത്തിന്‍റെയും കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും വശങ്ങൾ മനസ്സിലാക്കുന്നതിന് പ്രത്യേകിച്ച് അകശേരുക്കളെ സംബന്ധിച്ച് ഇത്തരം കൂടുതൽ സർവേകൾ ആവശ്യമാണെന്ന് പിടിആർ ഈസ്റ്റ് ഡിവിഷൻ അസിസ്റ്റന്‍റ് ഫീൽഡ് ഡയറക്ടർ പി.ജെ.സുഹൈബ് പറഞ്ഞു. ഫീൽഡ് ഡയറക്ടറും ചീഫ് കൺസർവേറ്ററുമായ പ്രമോദ് പി. പി. ഐഎഫ്എസ്സിന്‍റെ നിർദ്ദേശപ്രകാരമാണ് സംയുക്ത ജലജീവി സർവ്വേ നടത്തിയത്.

New species of fish and odonates discovered in Periyar Tiger Reserve

(Hypselobarbus periyarensis)

ഐയുസിഎൻ ഡ്രാഗൺഫ്‌ളൈ സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പ് അംഗം ഡോ. കലേഷ് എസ്., വിനയൻ പി നായർ, തിരുവനന്തപുരത്തെ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയിലെ ഡോ. എബ്രഹാം സാമുവൽ എന്നിവരുടെ നേതൃത്വത്തിലാണ് ഓഡോണേറ്റ് ഡാറ്റാ സർവേയും ഡാറ്റ സമാഹരണവും നടത്തിയത്. കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാലയിലെ ഡോ. രാജീവ് രാഘവൻ, ഐയുസിഎൻ ഫ്രഷ് വാട്ടർ ഫിഷ് സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പിൻന്‍റെ സൗത്ത് ഏഷ്യ ചെയർ, ഡോ. ബിജുകുമാർ (കേരള സർവകലാശാല), ഡോ. അൻവർ അലി (കുഫോസ്), ഡോ. സി. പി. ഷാജി, തുടങ്ങിയവര്‍ മത്സ്യങ്ങളുടെ ഡാറ്റാ ശേഖരണത്തിന് നേതൃത്വം നല്‍കി.  

സിബി കെ.ഇ (റേഞ്ച് ഫോറസ്റ്റ് ഓഫീസർ, തേക്കടി), അഖിൽ ബാബു (റേഞ്ച് ഫോറസ്റ്റ് ഓഫീസർ പെരിയാർ), അജയഘോഷ് എൻ.കെ (റേഞ്ച് ഫോറസ്റ്റ് ഓഫീസർ വള്ളക്കടവ്), റെനി ആർ പിള്ള (ജിപാറ്റി ഡയറക്ടർ, നേച്ചർ എഡ്യൂക്കേഷൻ, കോട്ടയം), രമേഷ് ബാബു (കൺസർവേഷൻ ബയോളജിസ്റ്റ്, പിടിസിഎഫ്), സേതു പാർവതി (നേച്ചർ എഡ്യൂക്കേഷൻ ഓഫീസർ, പിടിസിഎഫ്) എന്നിര്‍ സര്‍വേയുടെ ഏകോപനം നടത്തി. ഒപ്പം ദക്ഷിണേന്ത്യയിൽ നിന്നുള്ള 75 ഓളം വിദഗ്ധരും പെരിയാർ കടുവാ സങ്കേതത്തിലെ മത്സ്യത്തൊഴിലാളി ഇക്കോ ഡെവലപ്‌മെന്‍റ് കമ്മിറ്റി അംഗങ്ങളും സര്‍വേയില്‍ പങ്കെടുത്തു. 

Latest Videos
Follow Us:
Download App:
  • android
  • ios