മെലനോക്ലാമിസ് ദ്രൗപതി, ശക്തരായ കൊള്ളക്കാരും അതിവേഗ വേട്ടക്കാരുമാണെന്ന് ടുഡു കൂട്ടിച്ചേര്‍ത്തു. റിബൺ വേംസ്, കടൽ പുഴുക്കൾ, ചെറിയ മത്സ്യങ്ങൾ തുടങ്ങിയ ചെറു ജീവികളെ ഇവ വേട്ടയാടി ഭക്ഷിക്കുന്നു. 


ഡീഷ-പശ്ചിമ ബംഗാൾ അതിർത്തിയിലെ ബംഗാൾ ഉൾക്കടലിൽ നിന്ന് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ZSI) ശാസ്ത്രജ്ഞർ തലയില്‍ ആവരണമുള്ള പുതിയ ഇനം കടല്‍ ഒച്ചിനെ കണ്ടെത്തി. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുർമുവിനോടുള്ള ബഹുമാര്‍ത്ഥം ഈ ഒച്ചിന് 'മെലനോക്ലാമിസ് ദ്രൗപതി' എന്ന് പേരിട്ടതായി സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ZSI) ഡയറക്ടർ ധൃതി ബാനർജി പറഞ്ഞു. ഒഡീഷയുടെയും പശ്ചിമ ബംഗാളിന്‍റെയും അതിര്‍ത്തി തീരമായ ഉദയ്പൂർ, ദിഘ തീരത്ത് നിന്നാണ് പുതിയ ഇനം ഒച്ചിനെ കണ്ടെത്തിയത്. രൂപഘടന, ശരീരഘടന, തന്മാത്രാ സ്വഭാവ സവിശേഷതകൾ പരിശോധിച്ചാണ് ശാസ്ത്രജ്ഞര്‍ ഇത് പുതിയ ഇനമാണെന്ന് സ്ഥിരീകരിച്ചതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. പരമാവധി 7 മില്ലീമീറ്ററോളം നീളമുള്ള, തവിട്ട് കലർന്ന കറുപ്പ് നിറവും പിൻഭാഗത്ത് ചുവന്ന നിറത്തോടെയുള്ള പൊട്ടും, ശരീരത്തില്‍ പുറന്തോടുമുള്ള, കശേരുക്കളില്ലാത്ത ഈ ദ്വിലിംഗജീവിയെ സാധാരണയായി വേലിയേറ്റമുള്ള മണല്‍ നിറഞ്ഞ ബീച്ചുകളിലാണ് കാണപ്പെടുന്നത്. 

നവംബറിനും ജനുവരിക്കും ഇടയിലാണ് ഇവയുടെ പുനരുൽപാദനം നടക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ദിഘയിലെ മറൈൻ അക്വേറിയം റീജിയണൽ സെന്‍റര്‍ പ്രസാദ് ചന്ദ്ര ടുഡു പറഞ്ഞതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. മെലനോക്ലാമിസ് ദ്രൗപതി, ലോകമെമ്പാടുമുള്ള മറ്റ് സ്പീഷീസുകളിൽ നിന്ന് വ്യത്യസ്തമായി ഇടതുവശത്ത് പിൻഭാഗത്തായി മാണിക്യവര്‍ണ്ണമാര്‍ന്ന പൊട്ടുള്ള സവിശേഷ ഇനമാണെന്ന് ടുഡു കൂട്ടിച്ചേര്‍ത്തു. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കൊല്‍ക്കത്ത റീജ്യണിലെ എസ്‌കെ സാജൻ, ഗോപാൽപൂലെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റീജിയണൽ സെന്‍ററിലെ സ്മൃതിരേഖ ആചാര്യ, അനിൽ മൊഹപത്ര എന്നിവരും പഠന സംഘത്തിലുണ്ടായിരുന്നു. നിലവില്‍ ഈ മെലനോക്ലാമിസ് ദ്രൗപതിയെ വേലിയറ്റ പ്രദേശത്തെ വെറും മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ നിന്ന് മാത്രമേ കണ്ടെത്തിയിട്ടൊള്ളൂ. 

മെലനോക്ലാമിസ് ദ്രൗപതി, ശക്തരായ കൊള്ളക്കാരും അതിവേഗ വേട്ടക്കാരുമാണെന്ന് ടുഡു കൂട്ടിച്ചേര്‍ത്തു. റിബൺ വേംസ്, കടൽ പുഴുക്കൾ, ചെറിയ മത്സ്യങ്ങൾ തുടങ്ങിയ ചെറു ജീവികളെ ഇവ വേട്ടയാടി ഭക്ഷിക്കുന്നു. സ്വന്തം ആവാസവ്യവസ്ഥയില്‍ ഇവയ്ക്ക് ഏറെ പ്രധാന്യം അര്‍ഹിക്കുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 2021 ഫെബ്രുവരി മുതൽ 2023 മാർച്ച് വരെ പഠനം നീണ്ട് നിന്നു. 145 ഓളം മാതൃകകളെ പഠനത്തിനായി പ്രദേശത്ത് നിന്നും ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ നിരവധി പഠനങ്ങള്‍ക്ക് ശേഷമാണ് ഇത് പുതിയ ഇനമാണെന്ന് തിരിച്ചറിഞ്ഞത്. ഗവേഷണ പ്രബന്ധം പ്രമുഖ മോളസ്കൻ ജേണലായ മൊളൂസ്ക റിസർച്ചിന്‍റെ ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തി.