കാര്‍ബണ്‍ഡൈ ഓക്സെഡ് പിടിച്ചെടുക്കാനുള്ള തിമിംഗലങ്ങളുടെ കഴിവ് പരിമിതം; പുതിയ പഠനങ്ങള്‍ വേണമെന്ന് ആവശ്യം
കാര്‍ബണ്‍ പിടിച്ചെടുക്കാന്‍ തിമിംഗലങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ടെന്ന കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ശാസ്ത്രജ്ഞര്‍ രംഗത്തെത്തി.

ഓരോ ജീവിവര്‍ഗ്ഗത്തിനും ഈ ഭൂമിയില്‍ അതിന്‍റെതായ കടമകള്‍ നിര്‍വഹിക്കാനുണ്ട്. കടലിലായാലും കരയിലായാലും അത് ഒരു പോലെ നിര്‍വഹിക്കപ്പെടുമ്പോഴാണ് ഭൂമി സന്തുലിതമായി മുന്നോട്ട് നീങ്ങുക. ഒരു ജീവി വര്‍ഗ്ഗം മറ്റ് ജീവി വര്‍ഗ്ഗങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുമ്പോഴാണ് ഈ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടുകയും അത് ഭൂമിയുടെ നിലവില്‍പ്പിനെ തന്നെ നേരിട്ട് ബാധിക്കുകയും ചെയ്യുന്നത്. പുരോഗതി എന്ന ആശയത്തെ വ്യവസായ വത്കരണവുമായി ബന്ധിപ്പിച്ച മനുഷ്യന്‍, തന്‍റെ ഭൗതിക സാഹചര്യങ്ങള്‍ മാത്രം മെച്ചപ്പെടുത്താനാണ് എന്നും ശ്രമിച്ചിരുന്നത്. ഇത് ഭൂമിയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ പ്രതികൂലമായി ബന്ധിച്ചു. ഇതിന്‍റെ ഫലമായി ഭൂമയില്‍ താപനില വര്‍ദ്ധിക്കുകയും കാലാവസ്ഥാ വ്യതിയാനം ശക്തമാക്കുകയും ചെയ്തു.
പിന്നാലെയാണ് കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രണ വിധേയമാക്കുന്നതിനെ കുറിച്ച് ശാസ്ത്ര ലോകം ചിന്തിച്ച് തുടങ്ങിയത്. കാര്‍ബണ്‍ മൂലകങ്ങള്‍ പുറം തള്ളപ്പെടുന്നത് ഇതിന് പ്രധാന കാരണമായി കണ്ടെത്തുകയും ഇതേ തുടര്‍ന്ന് കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കാനും അത് വഴി കാര്‍ബണ്‍ ന്യൂട്രലാകാനും ലോക രാജ്യങ്ങള്‍ ഉടമ്പടികള്‍ ആരംഭിച്ചു. ഇതേ സമയം ശാസ്ത്രസമൂഹം ഭൂമിയില്‍ കാര്‍ബണ്‍ സ്വാംശീകരിക്കുന്ന പ്രകൃതിദത്ത ശ്രോതസുകളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. വൃക്ഷങ്ങള്‍ ഇടതിങ്ങിയ വനങ്ങള്‍ക്ക് കാര്‍ബണ്‍ സ്വാംശീകരിക്കാന്‍ കഴിയുമെന്ന് കണ്ടെത്തല്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും കടലിലെ ആല്‍ഗകള്‍ക്കും ചെറു പായല്‍ സസ്യങ്ങള്‍ക്കും വനങ്ങളെക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ സ്വാംശീകരിക്കാന്‍ കഴിയുമെന്ന് ഇതിനിടെ ശാസ്ത്ര സമൂഹം കണ്ടെത്തി.
പിന്നാലെ ഈ രംഗത്ത് നചത്തിയ മറ്റൊരു കണ്ടുപിടിത്തം ഏറെപ്പേരുടെ ശ്രദ്ധനേടിയിരുന്നു. കരയിലും കടലിലും വച്ച് ഏറ്റവും വലിയ ജീവകളായ തിമിംഗലങ്ങള്‍ക്ക് കാര്‍ബണ്‍ഡൈ ഓക്സൈഡ് (CO2) പിടിച്ചെടുക്കാനുള്ള കഴിവ് യഥാർത്ഥത്തിൽ കരുതപ്പെട്ടിരുന്നതിനേക്കാള്‍ ഏറെയാണെന്നായിരുന്നു ആ പഠനം സൂചിപ്പിച്ചത്. ഈ കണ്ടെത്തലോടെ തിമിംഗലങ്ങളുടെ സംരക്ഷണത്തിന് കൂടുതല്‍ ശക്തമായ കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നും അതിനാല്‍ തിമിംഗലങ്ങളെ 'കാലാവസ്ഥാ രക്ഷകരായി' ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ അവതരിപ്പിച്ചു.
കൂളര്‍ ഘടിപ്പിച്ച ഓട്ടോ റിക്ഷ; യഥാര്‍ത്ഥ കസ്റ്റമര്‍ കെയര്‍ ടേക്കറെന്ന് നെറ്റിസണ്‍സ് !
ചില സസ്തനികൾക്ക് കാർബൺ ഉദ്‌വമനം ആഗിരണം ചെയ്യാനുള്ള കഴിവ് അമൂല്യമാണ്. ആഫ്രിക്കൻ ആനകൾ, വെളുത്ത കാണ്ടാമൃഗങ്ങൾ, ആഫ്രിക്കൻ എരുമകൾ എന്നിവയും ഈ ഗണത്തില്‍പ്പെടുന്നു. ആഗോളതാപനത്തിന്‍റെ പ്രത്യാഘാതങ്ങൾ പരിമിതപ്പെടുത്തുന്നതിൽ തിമിംഗലങ്ങളും നല്ല സഖ്യകക്ഷികളാണെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് തിമിംഗലങ്ങൾ കാർബണ്‍ സ്വാംശീകരിച്ച അളവില്‍ വലിയ തോതിലുള്ള വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ഇതില്‍ തന്നെ കൂനന്‍ തിമിംഗലങ്ങള്‍ പ്രാദേശികമായും ആഗോളമായും അന്തരീക്ഷത്തിൽ നിന്ന് കാർബൺ നീക്കം ചെയ്യുന്നതെങ്ങനെയെന്നായിരുന്നു ഗവേഷകർ നിരീക്ഷിച്ചത്. എന്നാല്‍ ഈ വാദത്തെ എതിര്‍ത്ത് ഒരു സംഘം ശാസ്ത്രജ്ഞര്‍ അടുത്തിടെ രംഗത്തെത്തി.
ആഗോള കാർബൺ പ്രവാഹത്തിൽ തിമിംഗലങ്ങളുടെ സംഭാവന അന്തരീക്ഷ കാർബൺ ഫലപ്രദമായി കുറയ്ക്കുന്നതില്‍ വളരെ ചെറുതാണെന്നാണ് സമുദ്ര ശാസ്ത്രജ്ഞനായ ഡോ ഒലാഫ് മെയ്നെക്കെ ഒരു വാർത്താക്കുറിപ്പിൽ വിശദീകരിച്ചത്. അദ്ദേഹം പറയുന്നത് തിമിംഗലങ്ങൾ CO2 വേർതിരിക്കലിന് സഹായിക്കുമെങ്കിലും അത് അടുത്തിടെ രേഖപ്പെടുത്തിയ പോലെ വലിയ തോതിലുള്ള മാറ്റം കൊണ്ടുവരില്ലെന്നാണ്. ഇത്തരമൊരു പ്രത്യാശ വച്ച് പുലര്‍ത്തുന്നത് കാലാവസ്ഥാ വ്യതിയാനം ഒഴിവാക്കുന്നതിനുള്ള അടിയന്തിര നീക്കങ്ങള്‍ക്ക് കൂടുതൽ കാലതാമസം സൃഷ്ടിക്കുകയായിക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. തിമിംഗലങ്ങളുടെ വംശനാശം തടയുന്നത് കടലിലെ ജൈവികാവസ്ഥയെ വീണ്ടെടുക്കുന്നതിന് സഹായകരമായേക്കാം. അത് സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണവും പ്രതിരോധവും വര്‍ദ്ധിപ്പിക്കുകയും അത് വഴി സ്വാഭാവിക കാര്‍ബണിനെ സ്വാംശീകരിക്കുന്നതിനെ സഹായിക്കുകയും ചെയ്തേക്കാമെന്നും എന്നാല്‍ തിമിംഗലങ്ങള്‍ കാര്‍ബണ്‍ സ്വാംശീകരിക്കുന്നതില്‍ പ്രത്യേകമായ കഴിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാലസോര്‍; രക്ഷകരായ അമ്മയും മകനും പിന്നെ അലയാന്‍ വിധിക്കപ്പെട്ടൊരു അമ്മയും