Asianet News MalayalamAsianet News Malayalam

ഇനി സീതപ്പഴത്തിന്റെ പുതിയ ഇനവും, മെക്‌സിക്കന്‍ ആത്തച്ചക്കയും പോഷകസമ്പന്നം

മൂന്ന് വര്‍ഷമാകുമ്പോള്‍ സീതപ്പഴം കായ്ക്കും. മഞ്ഞുകാലം വരുമ്പോള്‍ പൂക്കള്‍ കൊഴിയും. പൂവുണ്ടായാല്‍ നാല് മാസങ്ങള്‍ കഴിഞ്ഞാല്‍ കായകള്‍ പാകമാകും. ആഗസ്റ്റ്, നവംബര്‍ മാസങ്ങളിലാണ് സാധാരണ സീതപ്പഴം പാകമാകുന്നത്. കായ പറിച്ചെടുത്താല്‍ ഒരാഴ്ച കൊണ്ട് പഴുക്കും.

new variety of  Variety of Custard Apple
Author
Maharashtra, First Published Jan 12, 2020, 1:03 PM IST

മഹാരാഷ്ട്രയിലെ സോളാപൂര്‍ ജില്ലയിലെ ഗവേഷകനായ കര്‍ഷകന്‍ ഡോ. നവ്‌നാഥ് മല്‍ഹാരി വികസിപ്പിച്ച കസ്റ്റാര്‍ഡ് ആപ്പിളിന്റെ എന്‍.എം.കെ-1 എന്ന ഗോള്‍ഡന്‍ ഇനത്തിന് അടുത്തകാലത്തായി പേറ്റന്റ് ലഭിച്ചിരിക്കുന്നു. ഇദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കും ഈ ഇനത്തില്‍പ്പെട്ട കസ്റ്റാര്‍ഡ് ആപ്പിള്‍ നഴ്‌സറിയില്‍ വളര്‍ത്താനോ തൈകള്‍ വില്‍ക്കാനോ കയറ്റുമതി ചെയ്യാനോ അവകാശമില്ല. ആത്തച്ചക്കയോട് സാമ്യമുള്ള പഴമാണ് സീതപ്പഴം അഥവാ കസ്റ്റാര്‍ഡ് ആപ്പിള്‍. സാധാരണ നമ്മുടെ വീട്ടുവളപ്പില്‍ വളര്‍ത്തുന്ന ആത്തച്ചക്കയെ നമുക്കറിയാം. ചിലയിടങ്ങളില്‍ തേനാമ്പഴം എന്ന പേരിലും ആത്തച്ചക്ക അറിയപ്പെടുന്നു. കസ്റ്റാര്‍ഡ് ആപ്പിളിന്റെ പുതിയ ഇനത്തെക്കുറിച്ചും മെക്‌സിക്കന്‍ ആത്തച്ചക്കയെക്കുറിച്ചുമുള്ള ചില വിവരങ്ങള്‍.

കസ്റ്റാര്‍ഡ് ആപ്പിള്‍ (സീതപ്പഴം)

കടുത്ത ചൂടിലും വളരുന്ന ഫലവര്‍ഗവിളയാണിത്. ആത്തച്ചക്കയുടെ കുടുംബക്കാരനാണിത്. അനോന സ്‌ക്വാമോസ എന്നാണ് ശാസ്ത്രനാമം.

പുതുതായി വികസിപ്പിച്ച എന്‍.എം.കെ-1 എന്ന ഇനത്തില്‍പ്പെട്ട കസ്റ്റാര്‍ഡ് ആപ്പിളിന് നിരവധി ഗുണങ്ങളുണ്ട്. ദഹനപ്രക്രിയ സുഗമമാക്കാനും ബീജങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും ഊര്‍ജം പ്രദാനം ചെയ്യാനും ഓര്‍മശക്തി വര്‍ധിപ്പിക്കാനും കഴിവുള്ള ഘടകങ്ങള്‍ ഇതിലുണ്ട്.

അഞ്ച് ഹൈബ്രിഡ് ഇനങ്ങളും വികസിപ്പിച്ചിട്ടുണ്ട്. എന്‍.എം.കെ-01, എന്‍.എം.കെ-02, എന്‍.എം.കെ-03 അനോന-2, ഫിംഗര്‍പ്രിന്റ്‌സ് എന്നിവയാണ് ഇനങ്ങള്‍. ഇതില്‍ എന്‍.എം.കെ-01 ആണ് പ്രധാനം. ഇതിന് കുരു വളരെ കുറവാണ്. അതുപോലെ പഴുക്കുമ്പോള്‍ വിണ്ടുകീറുകയുമില്ല.

സീതപ്പഴത്തിന് മറ്റനേകം ഇനങ്ങളുണ്ട്. ചുവന്ന സീതപ്പഴം, ബലനഗരി, വാഷിങ്ങ്ടണ്‍, പുരന്ധര്‍ എന്നിവയാണ് അവ. പക്ഷേ എന്‍.എം.കെ -01 ന്റെ സ്വീകാര്യത ഓരോ വര്‍ഷവും കൂടിവരികയാണ്.

ഡോ.നവ്‌നാഥ് മല്‍ഹാരി 35 ഏക്കറിലാണ് കസ്റ്റാര്‍ഡ് ആപ്പിള്‍ തൈകള്‍ നട്ടുവളര്‍ത്തിയത്. അദ്ദേഹത്തിന്റെ മധുബന്‍ ഫാമില്‍ നിന്നും നഴ്‌സറിയില്‍ നിന്നും തൈകള്‍ വില്‍ക്കുന്നുണ്ട്. ഗോര്‍മെല്‍ ഗ്രാമത്തിലുള്ള വലിയ ഫാമില്‍ 7 മാനേജര്‍മാരും 60 തൊഴിലാളികളില്‍ കൂടുതലും ജോലി ചെയ്യുന്നുണ്ട്.

സീതപ്പഴം കേരളത്തില്‍

ചരല്‍ കലര്‍ന്ന മണ്ണിലാണ് നന്നായി വളരുന്നത്. വിത്തുകള്‍ പാകിമുളപ്പിച്ചും തൈകള്‍ നട്ടും കൃഷി ചെയ്യാം. 7 സെ.മീ ആഴത്തില്‍ കുഴിയെടുത്ത് മേല്‍മണ്ണും ചാണകപ്പൊടിയും ചേര്‍ത്ത് നിറച്ചാണ് തൈകള്‍ നടേണ്ടത്. ചാണകപ്പൊടിയും 500 ഗ്രാം വേപ്പിന്‍ പിണ്ണാക്കും സൂപ്പര്‍ ഫോസ്‌ഫേറ്റും മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും ഒരു വര്‍ഷം പ്രായമായ ചെടികള്‍ക്ക് നല്‍കാം.

മൂന്ന് വര്‍ഷമാകുമ്പോള്‍ സീതപ്പഴം കായ്ക്കും. മഞ്ഞുകാലം വരുമ്പോള്‍ പൂക്കള്‍ കൊഴിയും. പൂവുണ്ടായാല്‍ നാല് മാസങ്ങള്‍ കഴിഞ്ഞാല്‍ കായകള്‍ പാകമാകും. ആഗസ്റ്റ്, നവംബര്‍ മാസങ്ങളിലാണ് സാധാരണ സീതപ്പഴം പാകമാകുന്നത്. കായ പറിച്ചെടുത്താല്‍ ഒരാഴ്ച കൊണ്ട് പഴുക്കും.

ഒരു മരത്തില്‍ നിന്ന് ഏകദേശം 60 മുതല്‍ 80 വരെ കായകള്‍ ലഭിക്കും. സീതപ്പഴത്തിന്റെ വേരും ഇലയും കായും വിത്തുമെല്ലാം ഉപയോഗപ്രദമാണ്. പേന്‍ശല്യം കുറയ്ക്കാന്‍ ഈ പഴത്തിന്റെ കുരു പൊട്ടിച്ച് തലയില്‍ തേക്കാം.

മെക്‌സിക്കന്‍ ആത്തച്ചക്ക

മെക്‌സിക്കന്‍ ആത്തച്ചക്കയെക്കുറിച്ച് കേട്ടിട്ടുണ്ടോ? പപ്പായ, കൈതച്ചക്ക, വാഴപ്പഴം, മാമ്പഴം, നാരങ്ങ, പാഷന്‍ ഫ്രൂട്ട് എന്നിവയുടെ രുചി എല്ലാം കൂടി സമ്മേളിച്ചിരിക്കുന്ന പഴമാണിത്. ചെറിമോല എന്ന പേരില്‍ അറിയപ്പെടുന്ന പഴമാണ് മെക്‌സിക്കന്‍ ആത്തച്ചക്ക. അനോന ചെറിമോല എന്നാണ് ശാസ്ത്രനാമം. അനോനേസി സസ്യകുടുംബത്തില്‍പ്പെട്ടതാണ് കക്ഷി. കണ്ടാല്‍ സാധാരണ ആത്തച്ചക്കയെപ്പോലെയുണ്ടെങ്കിലും രണ്ടാളും തമ്മില്‍ വ്യത്യാസമുണ്ട്.

15 ശതമാനം പഞ്ചസാരയും 20 മില്ലിഗ്രാം ജീവകം സിയും മെക്‌സിക്കന്‍ ആത്തച്ചക്കയിലുണ്ട്. കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, കരോട്ടിന്‍, നിയാസിന്‍, മാംസ്യം, കൊഴുപ്പ് തുടങ്ങിയവ മെക്‌സിക്കന്‍ ആത്തയില്‍ അടങ്ങിയിരിക്കുന്നു.

സാധാരണ ഐസ്‌ക്രീം കഴിക്കുന്നതുപോലെ പഴുത്ത ആത്തച്ചക്ക നടുവിലൂടെ മുറിച്ച് കോരിക്കഴിക്കാം. സര്‍ബത്തിലും ഐസ്‌ക്രീമിലും മെക്‌സിക്കന്‍ ആത്ത ഉപയോഗിക്കാം. ഇതിന്റെ വിത്ത് പൊടിച്ചെടുത്ത് തയ്യാറാക്കുന്ന ലായനി മികച്ച കീടനാശിനിയാണ്.

പരമാവധി ഉയരത്തില്‍ വളരുന്ന ഇല പൊഴിക്കുന്ന സ്വഭാവമുള്ള വൃക്ഷമാണിത്. ഇതില്‍ത്തന്നെ വ്യത്യസ്ത ഇനങ്ങളുണ്ട്. പുറംതൊലി മൃദുവായ ഇനമാണ് ലിസ. പുറംതൊലിയില്‍ കുഴികള്‍ പോലെ തോന്നിക്കുന്ന പാടുകളുള്ള ഇനമാണ് ഇംപ്രസ്. പൊതുവേ കനംകുറഞ്ഞ തൊലിയാണ് പിഞ്ചുവ എന്ന ഇനത്തിന്. കടുത്ത തണുപ്പിനെ അതിജീവിക്കുന്ന ഇനമാണ് ഡെലീഷ്യോസ. ഓട്ട് എന്ന ഇനം മറ്റു സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്നു.

വീട്ടുവളപ്പില്‍ കൃഷി ചെയ്യാം

വിത്ത് ഉപയോഗിച്ചും ഒട്ടുതൈകള്‍ നട്ടുവളര്‍ത്തിയും കൃഷി ചെയ്യാം. സ്വാഭാവിക പരാഗണത്തിന് സാധ്യതയില്ലാത്ത ഇനമാണിത്. ആണ്‍-പെണ്‍ ഇനങ്ങള്‍ വ്യത്യസ്ത സമയങ്ങളില്‍ പാകമാകുന്നതുകൊണ്ടാണിത്.

മിതമായ വളക്കൂറും ഇടത്തരം സ്വഭാവവുമുള്ള മണ്ണിലാണ് മെക്‌സിക്കന്‍ ആത്ത നന്നായി വളരുന്നത്. വിത്ത് നന്നായി ഉണക്കിയാല്‍ വര്‍ഷങ്ങളോളം കേട് സംഭവിക്കില്ല. ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ്ങ് എന്നീ രീതിയില്‍ ഉത്പാദിപ്പിക്കുന്ന ചെടികള്‍ തന്നെയാണ് ഗുണനിലവാരത്തില്‍ മികവ് പുലര്‍ത്തുന്നത്.

വിത്ത് മുളപ്പിക്കുന്ന വിധം

വിത്തുകള്‍ വെള്ളത്തിലിട്ട് നാല് ദിവസം വെക്കണം. പൊങ്ങിക്കിടക്കുന്ന വിത്തുകള്‍ എടുത്തുമാറ്റണം. ബാക്കിയുള്ള വിത്തുകള്‍ മണ്ണും മണലും ചേര്‍ത്ത തടത്തില്‍ പ്രത്യേകം പാകി വളര്‍ത്താം.

വിത്ത് പാകി മൂന്നോ അഞ്ചോ ആഴ്ച കഴിയുമ്പോള്‍ മുളയ്ക്കും. 10 സെ.മീ ഉയരമുണ്ടാകുമ്പോള്‍ നഴ്‌സറിയിലോ പുതിയ ചട്ടികളിലേക്കോ മാറ്റി നടാം. 12 മുതല്‍ 24 മാസത്തെ വളര്‍ച്ചയെത്തുമ്പോള്‍ ഒട്ടിക്കാം.

ഒട്ടിച്ചശേഷം ഏകദേശം ഒന്നേകാല്‍ മീറ്ററോളം വളര്‍ന്ന തൈകള്‍ പ്രധാന കൃഷിയിടത്തിലേക്ക് മാറ്റിനടുന്നു.

മെക്‌സിക്കന്‍ ആത്തച്ചക്ക നമ്മുടെ സാധാരണ ആത്തച്ചക്കയുമായി ഒട്ടിച്ചു ചേര്‍ക്കാറുണ്ട്.

മൂന്നാം വര്‍ഷത്തില്‍ വിളവ്

മെക്‌സിക്കന്‍ ആത്തച്ചക്കയില്‍ നിന്ന് വിളവെടുക്കാന്‍ മൂന്ന് വര്‍ഷം കാത്തിരിക്കണം. പിന്നീട് പത്ത് വര്‍ഷത്തിനുള്ളില്‍ വിളവ് വര്‍ധിച്ചുവരും.

ഒരു വര്‍ഷത്തില്‍ ഏകദേശം 150 മുതല്‍ 200 വരെ പഴങ്ങള്‍ മെക്‌സിക്കന്‍ ആത്തയില്‍ നിന്ന് ലഭിക്കും. മഞ്ഞ കലര്‍ന്ന നിറമാകുമ്പോഴാണ് വിളവെടുപ്പിന് പാകമാകുന്നത്.

പാകമായാല്‍ പഴം കുലുക്കി നോക്കിയാല്‍ ഉള്ളില്‍ നിന്ന് വിത്തുകളുടെ കിലുക്കം കേള്‍ക്കാം.വിളവെടുത്താല്‍ പഴങ്ങള്‍ മൂന്നോ നാലോ ദിവസങ്ങള്‍ കൊണ്ട് കഴിക്കാന്‍ പാകമാകും. തണുപ്പിച്ചും സൂക്ഷിക്കാം.

Follow Us:
Download App:
  • android
  • ios