ന്യൂസിലാന്‍ഡിന്റെ കടുംവെട്ട് കൊവിഡ് നിയന്ത്രണങ്ങളായിരുന്നു ഷാര്‍ലറ്റിന് തടസ്സമായത്. ആയിരക്കണക്കിന് ന്യൂസിലാന്‍ഡ് പൗരന്‍മാര്‍ വിദേശത്തു കുടുങ്ങാനിടയായ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കി ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ സഹായിക്കാമെന്നാണ് ഒടുവില്‍ ന്യൂസിലാന്‍ഡ് ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്. 


സ്വന്തം രാജ്യം വാതിലടച്ച തനിക്ക് താലിബാന്‍ അഭയം നല്‍കിയെന്ന് തുറന്നെഴുതിയ മാധ്യമപ്രവര്‍ത്തകയ്ക്കു മുന്നില്‍ ഒടുവില്‍ ന്യൂസിലാന്‍ഡ് മുട്ടുമടക്കി. യു എസ് സേനാ പിന്‍മാറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ അഫ്ഗാനിസ്താനില്‍ ചെന്ന് അവിടെ കുടുങ്ങിപ്പോയ അല്‍ ജസീറ മാധ്യമപ്രവര്‍ത്തക ഷാര്‍ലറ്റ് ബെയ്‌ലിസിനെ തേടിയാണ് ഒടുവില്‍ ആശ്വാസ വാര്‍ത്ത എത്തിയത്. ന്യൂസിലാന്‍ഡിന്റെ കടുംവെട്ട് കൊവിഡ് നിയന്ത്രണങ്ങളായിരുന്നു ഷാര്‍ലറ്റിന് തടസ്സമായത്. ആയിരക്കണക്കിന് ന്യൂസിലാന്‍ഡ് പൗരന്‍മാര്‍ വിദേശത്തു കുടുങ്ങാനിടയായ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കി ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ സഹായിക്കാമെന്നാണ് ഒടുവില്‍ ന്യൂസിലാന്‍ഡ് ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്. ഇതോടെ, ജന്‍മനാട്ടിലേക്ക് മടങ്ങാന്‍ മാസങ്ങളായി ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകയുടെ പോരാട്ടത്തില്‍ വഴിത്തിരിവുണ്ടായിരിക്കുകയാണ്. 

കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡ് ഹെറാള്‍ഡ് പത്രത്തില്‍ ഷാര്‍ലറ്റ് എഴുതിയ കുറിപ്പ് വലിയ വിവാദമായിരുന്നു. ന്യൂസിലാന്‍ഡിലെ കൊവിഡ് നിയന്ത്രണങ്ങളെക്കുറിച്ചായിരുന്നു അവരുടെ കുറിപ്പ്. ഗര്‍ഭിണിയായ തനിക്ക് ന്യൂസിലാന്‍ഡ് വിസ നിഷേധിച്ചു്വെന്നായിരുന്നു ഷാര്‍ലറ്റ് എഴുതിയത്. തുടര്‍ന്ന്, അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം തനിക്ക് അഭയം വാഗ്ദാനം ചെയ്തുവെന്നും ഷാര്‍ലറ്റ് എഴുതി. ഇതിനെ തുടര്‍ന്ന് ന്യൂസിലാാന്‍ഡ് ഭരണകൂടത്തിന് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ന്യൂസിലാന്‍ഡ് ഭരണകൂടം നിലപാട് മാറ്റിയത്. 

ന്യൂസിലാന്‍ഡില്‍ കൊവിഡ് -19 ന്റെ വ്യാപനം പരിമിതമാണ്. പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം 52 മരണങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. എങ്കിലും ഇവിടത്തെ ക്വാറന്റീന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാണ്. വിദേശത്തുള്ള പൗരന്‍മാര്‍ നാട്ടില്‍ വരണമെങ്കില്‍ സൈന്യം നടത്തുന്ന ഐസൊലേഷന്‍ ഹോട്ടലുകളില്‍ 10 ദിവസം ക്വാറന്റീനില്‍ ഇരിക്കണമെന്നാണ് സര്‍ക്കാര്‍ അനുശാസിക്കുന്നത്. ഈ ഹോട്ടലുകളില്‍ വളരെ കുറച്ച് മാത്രമേയുള്ളൂ. അതിനാല്‍, വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് ഇവിടെ ക്വാറന്റീന് അനുമതി ലഭിക്കൂ. ബാക്കിയുള്ളവര്‍ പുറത്തുതന്നെ തുടരണം. ഈ നയമാണ് ഗര്‍ഭിണിയായ ഷാര്‍ലറ്റിന് വിനയായത്. ആയിരക്കണക്കിന് പേരാണ് ഈ ഹോട്ടലുകളില്‍ ഒരിടം തേടി പുറത്തുകിടക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തനിക്ക് ന്യൂസിലാന്‍ഡിലേക്ക് പ്രവേശനം നിഷേധിച്ചതായാണ് ഷാര്‍ലറ്റ് എഴുതിയത്. 

ഷാര്‍ലറ്റിന്റെ അനുഭവം പുറത്തുവന്നതോടെ കൊവിഡ് നിയന്ത്രണത്തിനുള്ള ഈ കേന്ദ്രീകൃത മാര്‍ഗത്തിനെതിരെ വന്‍വിമര്‍ശനമാണ് ഉയര്‍ന്നത്. അതോടെയാണ് സര്‍ക്കാര്‍ മുട്ടുമടക്കിയത്. വീണ്ടും വിസയ്ക്ക് അപേക്ഷിക്കാന്‍ ഷാര്‍ലറ്റിനോട് ആവശ്യപ്പെട്ടതായി ന്യൂസിലാന്റ് കൊവിഡ് പ്രതിരോധ വകുപ്പ് മന്ത്രി ക്രിസ് ഹോപ്കിന്‍സ് മാധ്യമങ്ങളോട് പറഞ്ഞു. ഗര്‍ഭിണിയായ ഷാര്‍ലറ്റിന്റെ കാര്യം പ്രത്യേക കേസായി പരിഗണിച്ച് അടിയന്തിര നടപടി എടുക്കും. എന്നാല്‍, തങ്ങളുടെ കൊവിഡ് പ്രതിരോധ നടപടികെകതിരായ വിമര്‍ശനത്തെ മന്ത്രി തള്ളിക്കളഞ്ഞു. കേന്ദ്രീകൃത ക്വാറന്റീന്‍ ഹോട്ടല്‍ നടപടി വലിയ വിജയമാണെന്നും അതിനാലാണ് രാജ്യത്ത് രോഗ നിരക്ക് കുറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. 

താലിബാന്റെ സ്ത്രീകളോടുള്ള സമീപനത്തെ എതിര്‍ക്കുകയും, വിമര്‍ശിക്കുകയും ചെയ്ത മാധ്യമപ്രവര്‍ത്തകയാണ് ഷാര്‍ലറ്റ്. ന്യൂസീലാന്‍ഡ് സര്‍ക്കാരും അതേ നിലപാടാണ് തുടരുന്നതെന്നാണ് ഇവ ലേഖനത്തില്‍ എഴുതിയത്. 2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തപ്പോള്‍, സ്ത്രീകളുടെ അവകാശങ്ങള്‍ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമോ എന്ന് താലിബാനോട് ഇവര്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ അതേ സര്‍ക്കാരിനോട് തന്നെ സഹായം തേടേണ്ടി വന്നിരിക്കയാണ് തനിക്കെന്നാണ് ഇവര്‍ എഴുതിയത്. 

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുക്കുന്ന സമയത്ത് അല്‍ ജസീറ ചാനലിലാണ് ഷാര്‍ലറ്റ് ബെയ്‌ലിസ് ജോലി ചെയ്തിരുന്നത്. പങ്കാളിയായ ന്യൂയോര്‍ക്ക് ടൈംസ് ഫോട്ടോഗ്രാഫര്‍ ജിം ഹ്യൂലെബ്രോക്കിനൊപ്പമാണ് അവര്‍ അഫ്ഗാനിസ്ഥാനില്‍ കഴിയുന്നത്. അദ്ദേഹം ബെല്‍ജിയം സ്വദേശിയാണ്. ഇരുവരും വിവാഹിതരല്ല. അതുകൊണ്ട് തന്നെ അവര്‍ ഒരുമിച്ച് കഴിയുന്നത് താലിബാനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്‌നമാകുമായിരുന്നു. എന്നാല്‍, സ്വന്തം നിലപാട് മാറ്റിക്കൊണ്ട് ഷാര്‍ലറ്റിനെ സഹായിക്കാന്‍ താലിബാന്‍ സമ്മതിച്ചതായാണ് അവര്‍ എഴുതിയത്. 

'താലിബാന്‍ ഗര്‍ഭിണിയായ, അവിവാഹിതയായ ഒരു സ്ത്രീയ്ക്ക് സുരക്ഷ നല്‍കുമ്പോള്‍, സാഹചര്യം എത്ര സങ്കീര്‍ണമാണെന്ന് നിങ്ങള്‍ക്കറിയാം' അവര്‍ എഴുതി. സെപ്റ്റംബറിലാണ് ഗര്‍ഭിണിയാണെന്ന് ഷാര്‍ലറ്റ് അറിഞ്ഞത്. 
അവിവാഹിതരായിരിക്കെ ഗര്‍ഭിണിയാകുന്നത് ഖത്തറില്‍ നിയമവിരുദ്ധമാണ്. നവംബറില്‍ ജോലി ഉപേക്ഷിച്ചു. തുടര്‍ന്ന്, കുഞ്ഞിന് ജന്മം നല്‍കാനായി സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായിരുന്നു അവര്‍. എന്നാല്‍, അവിടെ നിന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് അവള്‍ പറഞ്ഞു. 

ന്യൂസിലന്‍ഡിലേക്ക് മടങ്ങാന്‍ അവള്‍ പലതവണ ശ്രമിച്ചെങ്കിലും, നടന്നില്ല. പങ്കാളിയുടെ ജന്മദേശമായ ബെല്‍ജിയത്തിലേക്ക് പോയെങ്കിലും, അവിടത്തെ പൗരത്വം ഇല്ലാത്തതിനാല്‍ കുറേനാള്‍ തങ്ങാനായില്ല. ദമ്പതികള്‍ക്ക് താമസിക്കാന്‍ വിസയുള്ള മറ്റൊരു സ്ഥലം അഫ്ഗാനിസ്ഥാനായിരുന്നു. അടിയന്തിരമായി നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തില്‍ ഷാര്‍ലറ്റ് 59 രേഖകള്‍ അഫ്ഗാനിസ്ഥാനിലെ ന്യൂസിലാന്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചു. പക്ഷേ, അപേക്ഷകള്‍ എല്ലാം നിരസിക്കപ്പെട്ടു. 

താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ പ്രസവശുശ്രൂഷയുടെ മോശം അവസ്ഥയും ശസ്ത്രക്രിയാശേഷികളുടെ അഭാവവും കാരണം ഗര്‍ഭധാരണം ബുദ്ധിമുട്ടാണെന്നും ഷാര്‍ലറ്റ് എഴുതിയിരുന്നു. അതേ ഭരണകൂടത്തിനോട് തന്നെ അഭയം ചോദിച്ച് ചെല്ലേണ്ടി വന്നത് വിധിയുടെ ക്രൂരതയായി ഷാര്‍ലറ്റ് പറയുന്നു. 'ഞാന്‍ എന്ത് ചെയ്യണമെന്നാണ് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ പറയുന്നത്? ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, ഞാന്‍ ഗര്‍ഭിണിയായി, ഞാന്‍ ഒരു ന്യൂസിലാന്‍ഡുകാരിയാണ്.'- തന്റെ അവസ്ഥയെക്കുറിച്ച് 1 ന്യൂസിനോട് ഷാര്‍ലറ്റ് പറഞ്ഞു.