ഐ എസ് അനുഭാവിയായ ഇയാള്‍ അഞ്ചു വര്‍ഷമായി 24 മണിക്കൂര്‍ നിരീക്ഷണത്തിലായിരുന്നു.  

24 മണിക്കൂറും പൊലീസിന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍ കഴിയുന്നൊരാള്‍ എങ്ങനെയാണ് ഒരു പൊതുസ്ഥലത്തുചെന്ന് ഭീകരാക്രമണം നടത്തുക? ഈ ചോദ്യമാണ്, ഇന്ന് ന്യൂസിലാന്‍ഡില്‍ നടന്ന ഭീകരാക്രമണം ഉയര്‍ത്തുന്നത്. എന്നാല്‍, അതിനെക്കുറിച്ച് പൊലീസിന് കൃത്യമായ മറുപടികളുണ്ട്. 

ന്യൂസിലാന്‍ഡിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഭീകരാക്രമണം നടത്തിയത്, 24 മണിക്കൂറും പൊലീസിന്റെ അതിസൂക്ഷ്മ നിരീക്ഷണത്തില്‍ കഴിഞ്ഞ ആളാണെന്നാണ് പൊലീസ് വ്യക്തമാക്കിയത്.പൊലീസ് നിരീക്ഷണത്തെക്കുറിച്ച് ബോധവാനായിരുന്ന ഇയാള്‍ തന്ത്രപരമായി പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് ആക്രമണം നടത്തിയത്. എന്നാല്‍, ഇയാളെ പിന്തുടര്‍ന്നുകൊണ്ടിരുന്ന പൊലീസ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ സംഭവസ്ഥലത്തെത്തുകയും ഒരു മിനിറ്റിനകം ഇയാളെ വെടിവെച്ചുകൊല്ലുകയും ചെയ്തു. 

ശ്രീലങ്കന്‍ വംശജനായ ഇയാള്‍ക്ക് ഐ എസ് ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ പറഞ്ഞു. ഇതിനു മുമ്പൊരിക്കലും ഇയാള്‍ ഒരു കുറ്റകൃത്യത്തില്‍ പങ്കാളിയായിട്ടില്ല. ഐ എസിനോട് താല്‍പ്പര്യം കാണിച്ചിരുന്ന ഇയാള്‍ അഞ്ചു വര്‍ഷമായി 24 മണിക്കൂറും അതിസൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. ഇതൊരു ഭീകരാക്രമണം തന്നെയാണെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ''ഇത് നിന്ദ്യമാണ്, തെറ്റാണ്. ഇത് നടത്തിയത് ഒരു വിശ്വാസമല്ല, ഒരു വ്യക്തിയാണ്''-അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഇന്ന് കാലത്ത് ഓക്‌ലാന്‍ഡിലെ ന്യൂ ലിന്‍ ജില്ലയിലെ ലിന്‍മാളിലുള്ള കൗണ്ട്ഡൗണ്‍ സൂപ്പര്‍ മാര്‍ക്കറ്റിലാണ് സംഭവം. വില്‍ക്കാന്‍ വെച്ചിരുന്ന വലിയ കത്തികളില്‍ ഒരെണ്ണം എടുത്ത് കണ്ണില്‍ക്കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം പൊലീസ് സ്ഥലത്തെത്തുകയും ഇയാളെ വധിക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ മൂന്നു പേര്‍ അത്യാസന്നനിലയിലാണ്. ഒരാളുടെ നില ഗുരുതരമാണ്. 

ഇയാളുടെ പേരോ വിശദാംശങ്ങളോ പുറത്തുവന്നിട്ടില്ല. 2011-ല്‍ ന്യൂസിലാന്‍ഡില്‍ എത്തിയ ഇയാള്‍ 10 വര്‍ഷമായി ഇവിടെയാണ് താമസം. 2016-ലാണ് ഇയാള്‍ക്ക് ഐ എസ് താല്‍പ്പര്യങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞത്. അതിനുശേഷം ഇയാള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ്, പൊലീസിന്റെ കണ്ണുവെട്ടിച്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയ ഇയാള്‍ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിലുള്ളവര്‍ പരിഭ്രാന്തരായി ചിതറിയോടി. പൊലീസ് വന്നതോടെ വെടിയൊച്ചകളും മുഴങ്ങിക്കേട്ടു. ഭീകരാന്തരീക്ഷമായിരുന്നു സൂപ്പര്‍ മാര്‍ക്കറ്റിലെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

2016-ല്‍ പൊലീസിന്റെ ശ്രദ്ധയില്‍പെട്ട ഇയാള്‍ അതിനുശേഷം കനത്ത നീരിക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. എന്നിട്ടും എന്തുകൊണ്ടാണ് ആക്രമണം തടയാന്‍ കഴിയാതിരുന്നത് എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ഇതിന് പൊലീസ് കമീഷണര്‍ ആന്‍ഡ്രൂ കോസ്റ്റര്‍ പറയുന്ന മറുപടി ഇതാണ്: ''24 മണിക്കൂറും ഒരാള്‍ നിരീക്ഷണത്തിലാണ് എന്നു പറയുന്നതിനര്‍ത്ഥം എല്ലാ സമയവും അയാളുടെ തൊട്ടടുത്തുണ്ടാവുക എന്നല്ല. അത് സാദ്ധ്യമല്ല. ഭീകരമായ ഒരവസ്ഥയിലേക്ക് പോവുന്നതില്‍നിന്നും അയാളെ തടയാനായത് പൊലീസിന്റെ അതിവേഗത്തിലുള്ള ഇടപെടലിനെ തുടര്‍ന്നാണ്. ഒരു മിനിറ്റിനകം ഇയാളെ വധിക്കാന്‍ കഴിഞ്ഞു. ഇയാള്‍ നിരീക്ഷണത്തെക്കുറിച്ച് ബോധവാനായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ അല്‍പ്പം അകലം പാലിച്ചാല്‍ മാത്രമേ സംശയമില്ലാതെ നിരീക്ഷണം തുടരാനാവൂ. ''

ഇയാള്‍ തനിച്ചാണ് ഉണ്ടായിരുന്നതെന്നും കൂടുതല്‍ അപകടത്തിന് സാദ്ധ്യത ഇല്ല എന്നും പൊലീസിന് ഉറപ്പാണെന്ന് കമീഷണര്‍ അറിയിച്ചു.