സാങ്കേതികവിദ്യയുടെ വികാസം കാര്‍ഷിക മേഖലയില്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടുവരികയാണ്. പലയിനം പച്ചക്കറികളിലും പഴങ്ങളിലും പുതിയ പുതിയ ഇനങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. ഗോതമ്പില്‍ പലയിനങ്ങള്‍ നിലവിലുണ്ട്. ഇവയെക്കൂടാതെ കൂടുതല്‍ വിളവ് നല്‍കാന്‍ കഴിയുന്ന കൂടുതല്‍ കൂടുതല്‍ പുതിയ ഇനങ്ങള്‍ കണ്ടെത്താന്‍ കഴിയുമോ എന്ന ഗവേഷണത്തിലാണ് കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍. ഹരിയാനയിലെ ചൗധരി ചരണ്‍സിങ് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി WH1184 എന്ന പുതിയ ഗോതമ്പിന്റെ ഇനം കണ്ടെത്തിയിരിക്കുന്നു.

WH1184 എന്നയിനം പ്രതിരോധശേഷി കൂടുതലുള്ളതാണ്. കര്‍ണാലിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വീറ്റ് ആന്റ് ബാര്‍ലി റിസര്‍ച്ച് DWB187 എന്ന പുതിയയിനം കൂടി കണ്ടെത്തിയിരിക്കുന്നു. ഇന്ത്യയില്‍ ഇത്രയും കാലമായി കണ്ടെത്തിയ ഗോതമ്പിന്റെ ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിളവ് ലഭിക്കുന്നത് ഈ ഇനത്തില്‍ നിന്നാണ്.

പുതിയ ഇനമായ WH1184 കൃഷി ചെയ്താല്‍ ഒരു ഹെക്ടറില്‍ നിന്ന് 61.3 ക്വിന്റല്‍ വിളവ് ലഭിക്കുമെന്ന് ഇതിനെക്കുറിച്ച് ഗവേഷണം നടത്തിയ ശാസ്ത്രജ്ഞന്‍ ഡോ. ഓം പ്രകാശ് ബൈഷ്‌ണോയ് പറയുന്നു. 'ഈ പുതിയയിനത്തില്‍ ഉയര്‍ന്ന അളവില്‍ മാംസ്യം അടങ്ങിയിട്ടുണ്ട്. ഫംഗസ് ബാധമൂലമുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാനും കഴിവുണ്ട്. അതുപോലെ ഇപ്പോള്‍ പുതിയതായി കണ്ടെത്തിയിരിക്കുന്ന ഇനമായ WH1142 നിയന്ത്രിതമായ ജലസേചനസൗകര്യങ്ങള്‍ ഉള്ള സ്ഥലത്ത് പോലും നന്നായി വളരും. മുടക്കുമുതലും വളങ്ങള്‍ക്ക് ആവശ്യമുള്ള ചെലവും വളരെ കുറവാണ്. ഒരു ഹെക്ടറില്‍ നിന്ന് 48 ക്വിന്റല്‍ ആണ് ശരാശരി വിളവ്.'

'മുന്‍കാലങ്ങളില്‍ ലഭിച്ച ഗോതമ്പ് വിത്തുകളേക്കാള്‍ പുതിയ ഇനത്തില്‍ നിന്ന് കൂടുതല്‍ വിളവ് കിട്ടുന്നുണ്ട്. ഇത് നല്ലയിനം ഗോതമ്പാണ്. ഭാഗ്യവശാല്‍ ഗോതമ്പിന് ഈ അടുത്തകാലത്തൊന്നും കാര്യമായ കീടബാധ ഉണ്ടായിട്ടില്ല'. ഒരു കര്‍ഷകന്‍ പറയുന്നു.

തലമുറകളായി ഇവിടെയുള്ള കര്‍ഷകര്‍ ഗോതമ്പ് കൃഷി ചെയ്യുന്നതുകാരണം കൃഷി എങ്ങനെ ചെയ്യാമെന്നതിനെക്കുറിച്ച് പ്രത്യേകപരീക്ഷണമൊന്നും നടത്തേണ്ടി വന്നിട്ടില്ല. ഗുണമേന്മയുള്ള വിത്തുകളും സാങ്കേതികവിദ്യയും ഗോതമ്പ് വിപണിയിലെത്തിക്കുന്ന രീതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഗോതമ്പ് കര്‍ഷകര്‍ക്ക് ഈ വിള വളരെ എളുപ്പത്തില്‍ വളര്‍ത്താവുന്നതാണ്. അതുവഴി കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കാനുള്ള വിളവും ലഭിക്കും.

ഗോതമ്പില്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനായ ഡോ. ജോഗീന്ദര്‍ സിങ്ങ് പറയുന്നത് കരണ്‍-വന്ദനയാണ് ഏറ്റവും കൂടുതല്‍ വിളവ് ലഭിക്കുന്നയിനമെന്നാണ്. എന്നിരുന്നാലും കര്‍ഷകര്‍ മണ്ണ് പരിശോധന നടത്താതെ ഈ ഇനം ഗോതമ്പ് കൃഷി ചെയ്യരുതെന്നും ഓര്‍മിപ്പിക്കുന്നു. കൃഷി ചെയ്യുന്നതിന് മുമ്പായി കൃഷി ഓഫീസര്‍മാരെ സമീപിച്ച് ഉറപ്പുവരുത്തണം.

ഓരോ ഗോതമ്പ് ഇനത്തിലും ചെറിയ ചെറിയ വ്യത്യസങ്ങളുണ്ട്. അതുകൊണ്ട് കാര്‍ഷിക ശാസ്ത്രജ്ഞന്‍മാരുടെ ഉപദേശം സ്വീകരിച്ച് കൃഷി ചെയ്താല്‍ നല്ല വിളവ് ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് ഇവര്‍ ഓര്‍മിപ്പിക്കുന്നത്.

WH 1142 ഗോതമ്പിന്റെ ഗുണങ്ങള്‍

ഇടത്തരം കുള്ളന്‍ ആണ് ഇത്. 102 സെ.മീ ഉയരത്തിലാണ് ഇത് വളരുന്നത്. വരള്‍ച്ചയുള്ള കാലാവസ്ഥയിലും ഈ ഗോതമ്പ് വളരും. കൂടുതല്‍ വെള്ളം ആവശ്യമില്ലെന്നര്‍ഥം. ഈ ഇനം ഗോതമ്പില്‍ 12.1 ശതമാനം പ്രോട്ടീനും 36.4 ശതമാനം ഇരുമ്പും അടങ്ങിയിട്ടുണ്ട്. ഗോതമ്പുകളില്‍ സാധാരണയുണ്ടാകുന്ന ഫംഗസ് ബാധയ്‌ക്കെതിരെ ഉയര്‍ന്ന പ്രതിരോധശേഷി ഇതിനുണ്ട്.

മധ്യപ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഗോതമ്പ് വന്‍തോതില്‍ കൃഷി ചെയ്തുവരുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3300 മീറ്റര്‍ ഉയരത്തില്‍ വരെ ഗോതമ്പ് കൃഷി ചെയ്യാം. വളരെ വേഗത്തില്‍ വളരാന്‍ കഴിവുള്ള ധാന്യവിളയാണ് ഗോതമ്പ്. മഞ്ഞുംമഴയും ചെറുക്കാനുള്ള ശക്തി ഗോതമ്പിനുണ്ട്. റൊട്ടി, ബിസ്‌കറ്റ് എന്നിവ ഉണ്ടാക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു വരുന്നത് ഗോതമ്പാണ്. തുണിമില്ലുകളിലെ ആവശ്യത്തിനുള്ള സ്റ്റാര്‍ച്ച് ഉത്പാദിപ്പിക്കാന്‍ ഗോതമ്പ് വ്യാപകമായി ഉപയോഗിക്കുന്നു. ഗോതമ്പുതവിട് പ്രധാന കാലിത്തീറ്റയാണ്.