ആയുധധാരികളായ കവർച്ചസംഘത്തെപ്പറ്റി റിപ്പോർട്ട് ചെയ്യാൻ പോയ ന്യൂസ് സംഘത്തിന് സംഭവിച്ചത്; ഹോ, എന്തൊരു വൈരുധ്യം
സ്ഥലത്ത് സമീപകാലത്തായി നിരവധി തരത്തിലുള്ള കവർച്ചകൾ നടക്കുന്നുണ്ട്. പിന്നാലെയാണ് ന്യൂസ് സംഘം ഇതേ കുറിച്ച് കവർ ചെയ്യുന്നതിന് വേണ്ടി ആരംഭിച്ചത്.

ചില കാര്യങ്ങൾ കേൾക്കുമ്പോൾ ഹോ എന്തൊരു വൈരുധ്യം എന്ന് നമുക്ക് തോന്നാറുണ്ട് അല്ലേ? എന്നുവച്ച് അത്തരം കാര്യങ്ങൾ സംഭവിക്കാതിരിക്കാറുണ്ടോ? ഒരിക്കലും ഇല്ല. അങ്ങനെ ഒരു കാര്യം അങ്ങ് ചിക്കാഗോയിലും സംഭവിച്ചു. നഗരത്തിൽ കൂടി വരുന്ന ആയുധധാരികളായ കവർച്ച സംഘത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യാൻ പോയ ന്യൂസ് സംഘത്തെ കള്ളന്മാർ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു.
സമീപകാലത്ത് നഗരത്തിൽ നടക്കുന്ന കവർച്ചകളെക്കുറിച്ച് റിപ്പോർട്ടു ചെയ്യാൻ പോയ യുണിവിഷൻ ചിക്കാഗോ ടിവി ന്യൂസ് ക്രൂവാണ് കവർച്ചയ്ക്ക് ഇരകളായത് എന്ന് BC7.com റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച പുലർച്ചെ 4:30 നായിരുന്നു സംഭവം. ഒരു വാർത്താ റിപ്പോർട്ടറും ഫോട്ടോ ജേണലിസ്റ്റും ലൈവ് ബ്രോഡ്കാസ്റ്റിംഗിന് തയ്യാറെടുക്കുകയായിരുന്നു.
ആ സമയത്ത് ഒരു കറുത്ത എസ്‌യുവിയും ചാരനിറത്തിലുള്ള സെഡാനും അവരുടെ മുന്നിൽ നിന്നു. അതിൽ നിന്നും മാസ്ക് ധരിച്ച മൂന്നുപേർ പുറത്തിറങ്ങി. 28 ഉം 42 ഉം വയസുള്ളവരായിരുന്നു ന്യൂസ് ക്ര്യൂവിലുണ്ടായിരുന്നത്. അവരുടെ വീഡിയോ ക്യാമറയടക്കം സാധനങ്ങൾ കൊള്ളസംഘം മോഷ്ടിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല എന്ന് ചിക്കാഗോ പൊലീസ് ഡിപ്പാർട്ട്‌മെന്റ് പറയുന്നു.
ഡിറ്റക്ടീവുമാർ സംഭവത്തെ കുറിച്ച് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. സ്ഥലത്ത് സമീപകാലത്തായി നിരവധി തരത്തിലുള്ള കവർച്ചകൾ നടക്കുന്നുണ്ട്. പിന്നാലെയാണ് ന്യൂസ് സംഘം ഇതേ കുറിച്ച് കവർ ചെയ്യുന്നതിന് വേണ്ടി ആരംഭിച്ചത്. അടുത്തിടെ കാറിൽ പോവുകയായിരുന്ന ഒരു സ്ത്രീയെ ന്യൂസ് സംഘം കവർച്ച ചെയ്യപ്പെട്ട അതേ സ്ഥലത്ത് വച്ച് കവർച്ച ചെയ്തിരുന്നു.
എന്നാൽ, മോഷ്ടിക്കപ്പെട്ട ക്യാമറയിലായിരുന്നു ന്യൂസ് സംഘം പകർത്തിയ ദൃശ്യങ്ങൾ പതിഞ്ഞിരുന്നത്. അതിനാൽ തന്നെ അതും സംഘത്തിന് കിട്ടിയില്ല. ഏതായാലും സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്.