കൊവിഡ് 19 -നെതിരായ പോരാട്ടങ്ങളുടെ രണ്ടാം ഘട്ടത്തിലാണ് ഇന്ത്യ ഇപ്പോഴുള്ളത്. അന്താരാഷ്ട്ര വിമാനയാത്രകളിൽ ഏർപ്പെട്ടിട്ടുള്ളവരെയോ, അവരുമായി നേരിട്ടുള്ള സമ്പർക്കത്തിൽ വന്നിട്ടുള്ളരെയോ മാത്രമേ വൈറസ് ബാധിക്കൂ എന്നതാണ് ഈ ഘട്ടത്തിന്റെ പ്രത്യേകത. ഇനി വരാനുള്ളത് സ്റ്റേജ് III ആണ്. മൂന്നാം ഘട്ടം. ചൈനയും ഇറ്റലിയുമൊക്കെ കടന്നുപോയ ഘട്ടം. അവിടെ അസുഖത്തിന്റെ പകർച്ചയ്ക്കുള്ള സാദ്ധ്യതകൾ ഇരട്ടിക്കും. നമ്മുടെ സമൂഹത്തിലൂടെയുള്ള കൊറോണാവൈറസിന്റെ തേർവാഴ്ചയ്ക്ക് തടയിടാൻ, പകർച്ചയുടെ ചങ്ങല തകർക്കാൻ(Break The Chain) നമുക്കായാൽ മാത്രമേ അസുഖബാധിതരുടെ എണ്ണം നിയന്ത്രണത്തിൽ നിൽക്കൂ. ആ ദുഷ്കര ദൗത്യം ഇന്ത്യ ഒറ്റക്കെട്ടായി നിന്ന് നേരിടേണ്ടത് ഇനി വരുന്ന 15 ദിവസങ്ങളിലാണ്. 

എന്നാൽ, ഒറ്റക്കെട്ടായി നിൽക്കുന്ന ജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഇടയിലൂടെ സ്വാർത്ഥത മാത്രം മനസ്സിൽ സൂക്ഷിക്കുന്ന  ചില കരിങ്കാലികൾ, ഐസൊലേഷനിൽ നിന്ന് ചാടിപ്പോഴും സ്വയം ക്വാറന്റൈൻ ചെയ്യാതെയും ഒക്കെ സമൂഹത്തിലൂടെ നിർബാധം വിഹരിച്ചുകൊണ്ട് അസുഖം പരത്തുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. എയർപോർട്ടിലെ കൊവിഡ് 19  സ്‌ക്രീനിങ്ങിൽ നിന്ന് രക്ഷപ്പെടുന്നതും, ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് പൊതുസമൂഹത്തിലിറങ്ങി നടക്കുന്നതും, വിളക്കുകൾ ലംഘിച്ച് സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്നതുമൊക്കെ എന്തോ മിടുക്കുപോലെയാണ് പലരും കാണുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ ഒരു കൂട്ടം ആളുകൾ സമൂഹത്തെ മരണവക്ത്രത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ടി നടത്തുന്ന പോരാട്ടങ്ങളെ അപഹസിക്കുകയാണ് അവർ ചെയുന്നത്. 

 

"വരുന്ന രണ്ടാഴ്ച ഏറെ നിർണായകമാണ്. ഇപ്പോൾ പുലർത്തുന്ന ജാഗ്രതയും, വ്യക്തിപരമായ വൃത്തിയും അണുനാശനവും ഒക്കെ തുടർന്നാൽ മാത്രമേ അനിയന്ത്രിതമായ തോതിൽ രോഗം വ്യാപിക്കുന്നത് തടയാൻ നമുക്ക് സാധിക്കൂ" എന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ആരോഗ്യ വിഭാഗം പ്രതിനിധി ഡോ. സൗരഭ് ദലാൽ ട്വിറ്ററിലൂടെ അറിയിച്ചത്. " ആൾക്കൂട്ടങ്ങൾ കഴിവതും ഒഴിവാക്കണം. മറ്റുള്ളവരെ അഭിവാദനം ചെയ്യാൻ ഹസ്തദാനത്തിനും കെട്ടിപ്പിടിക്കലിനും പകരം നമസ്തേ ശീലിക്കുക. കഴിവതും ആളുകളിൽ നിന്ന് അകലം സൂക്ഷിക്കുക" അദ്ദേഹം പറഞ്ഞു. 

 

 

ഇന്ത്യയിലെ ഏറ്റവും പുതിയ കൊവിഡ് 19 ബാധിതരുടെ എണ്ണം 114 ആയിട്ടുണ്ട്. ദില്ലിയിലും കർണാടകയിലുമായി രണ്ടു മരണങ്ങൾ. പൊതുസമൂഹത്തിൽ കൊവിഡ് 19 പടർന്നുപിടിക്കുന്നതിൽ നിന്ന് ഫലപ്രദമായി തടയണമെങ്കിൽ ചുരുങ്ങിയത് 30 ദിവസമെങ്കിലും എടുക്കും. ഈ അസുഖത്തിന് നാല് ഘട്ടങ്ങൾ ഉണ്ടന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒന്നാം ഘട്ടം വിദേശത്തു നിന്ന് അസുഖം ഒരു രാജ്യത്തേക്ക് വന്നെത്തുന്ന ഘട്ടം. രണ്ടാമത്തേത്, പ്രാദേശികമായി പരക്കുന്ന ഘട്ടം. മൂന്നാമത്തേത്, അത് ആ രാജ്യത്തെ സമൂഹത്തിൽ വ്യാപിക്കുന്ന ഘട്ടം. നാലാമത്തേത്, അത് ഒരു പകർച്ചവ്യാധിയുടെ സ്വഭാവമാർജ്ജിക്കുന്ന ഘട്ടവും. ഇന്ത്യയിൽ ഇതുവരെ സമൂഹത്തിനുള്ളിൽ അസുഖം പടരുന്ന ഘട്ടം എത്തിയിട്ടില്ല എങ്കിലും, അത്യാവശ്യമുള്ള ചില മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഉറപ്പായും ആ ഘട്ടത്തിലേക്ക് കൊവിഡ് 19 കടക്കും. അത് സാമൂഹികവും, സാമ്പത്തികവുമായ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.

 

 

അടുത്ത രണ്ടാഴ്ചക്കാലം ആരോഗ്യ രംഗത്തെ പ്രവർത്തകർക്കും, അധികാരികൾക്കുമെല്ലാം തിരക്കേറിയ ദിനങ്ങളാണ്. നിരീക്ഷണം, കോൺടാക്റ്റ് ട്രേസിങ്, സെൽഫ് ക്വാറന്റൈൻ, കൈകൾ അണുവിമുക്തമാക്കൽ, പൊതുസമ്മേളനങ്ങൾ ഒഴിവാക്കൽ, സാമൂഹികമായ അകലം പാലിക്കൽ, ചുമക്കുമ്പോൾ മുഖം പൊത്തുക, മറ്റുള്ളവരെ സ്പർശിക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ അത്യാവശ്യമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മേൽപ്പറഞ്ഞ കാര്യങ്ങൾക്കായി നിരവധി നിർദ്ദേശങ്ങൾ ഇതിനകം തന്നെ പുറപ്പെടുവിച്ചു കഴിഞ്ഞു. റെസ്റ്റോറന്റുകൾക്കും മറ്റും വൃത്തിയും അണുനശീകരണവും മെച്ചപ്പെടുത്താൻ നിർദേശങ്ങൾ കിട്ടിക്കഴിഞ്ഞു. ടേബിളുകൾക്കിടയിൽ ചുരുങ്ങിയത് ഒരു മീറ്ററെങ്കിലും അകലം വേണമെന്നാണ് നിർദേശം. 

ഇറ്റലിയുടെ അനുഭവം നമുക്ക് ഒരു പാഠമാണ്. ഫെബ്രുവരി 20 -ന് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് വെറും 3 പോസിറ്റീവ് കേസുകൾ മാത്രമാണ്. ഫെബ്രുവരി 24 ആയതോടെ അത് 231 ആയി. ഫെബ്രുവരി 28 -ന് അത് 888 ആയി. മാർച്ച് 3 -ന് അത്  2502 ആയി. മാർച്ച് 7 -ന് 5883 ആയി. മാർച്ച് 15 -ന് കേസുകൾ 24,747 ആയി. ഇത് അസുഖം പടർന്നുപിടിക്കുന്നതിന്റെ ക്രമാതീതമായ സ്വഭാവം(exponential nature) വ്യക്തമാക്കുന്നു.   

 

ഇന്ത്യയിലെ കേസുകൾ, ഈ ഘട്ടത്തിൽ നിയന്ത്രണത്തിലാണ്. എന്നാൽ, ഈ സാഹചര്യത്തെ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ നമ്മുടെ നാട്ടിൽ ആയിരക്കണക്കിനാവില്ല, ലക്ഷക്കണക്കിനാകും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുക. അടുത്ത രണ്ടാഴ്ച സർക്കാർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ അക്ഷരാർത്ഥത്തിൽ പിന്തുടരുന്നതാകും ഉത്തമം. സമൂഹത്തിന്റെ താത്പര്യങ്ങൾക്ക് വ്യക്തികളുടെ സ്വാർത്ഥതയേക്കാൾ മുൻഗണന നൽകേണ്ടത് ഈ ഘട്ടത്തിൽ അത്യാവശ്യമാണ്. അത് ചെയ്തില്ലെങ്കിൽ നാടിനെ ആകെ ഗ്രസിച്ച ഒരു വിപത്തിനു മുന്നിൽ, നിസ്സഹായരായി പകച്ചു നിൽക്കേണ്ട ഒരവസ്ഥ സംജാതമാകും. ഇപ്പോഴും കാര്യങ്ങൾ നമ്മുടെ കയ്യിൽ തന്നെയാണ്. തികഞ്ഞ ജാഗ്രതയോടെ, ഭയപ്പെടാതെ കൊവിഡ് 19 -നെ പ്രതിരോധിക്കാൻ നമുക്ക് ഒന്നിച്ചു പ്രയത്നിക്കാം.