Asianet News Malayalam

കൊവിഡിനെതിരായ ജീവന്മരണപോരാട്ടത്തിൽ ഇന്ത്യക്ക് അടുത്ത 3-4 ആഴ്ച ഏറെ നിർണായകം

നമ്മുടെ ജീവിതങ്ങളിലെ പ്രാഥമിക പരിഗണനകളെ സ്വാധീനിച്ചു കൊണ്ട്, ഇനിയും ചുരുങ്ങിയത് രണ്ടുമാസത്തേക്കെങ്കിലും, ഈ മഹാമാരി ഇവിടൊക്കെത്തന്നെ കാണും എന്നാണു പറയപ്പെടുന്നത്. 

next 3-4 weeks critical for india in fighting off the coronavirus
Author
Delhi, First Published Apr 15, 2020, 2:37 PM IST
  • Facebook
  • Twitter
  • Whatsapp
കഴിഞ്ഞ ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് കൊറോണ വൈറസിനെ കീഴടക്കുന്ന കാര്യത്തിൽ അടുത്ത 3-4 ആഴ്ചകൾ വളരെ നിർണായകമാണ് എന്നാണ്. ആദ്യ രോഗിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച ജനുവരി 30 മുതൽ ഇന്ത്യ ഈ മഹാമാരിയെ തടുത്തു നിർത്താൻ, രാജ്യത്തുനിന്ന് തുടച്ചു നീക്കാൻ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. സാമൂഹിക സമ്പർക്കം ഒഴിവാക്കാനും ജനങ്ങളെ വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതരാക്കാനും വേണ്ടി കേന്ദ്രം എപ്പിഡമിക് ഡിസീസസ് ആക്റ്റ് എന്ന122 വർഷം പഴക്കമുള്ള നിയമത്തിന്റെ സഹായം വരെ തേടി.

മാർച്ച് 22 -ന് 'ജനതാ കര്‍‌ഫ്യൂ' നടത്തി 'കൊറോണയെ തുരത്താൻ സാമൂഹിക അകലം പാലിക്കണം' എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിച്ച കേന്ദ്രം, മാർച്ച് 24 -നുതുടങ്ങി 21 ദിവസത്തെ ആദ്യഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അത് തീരുന്നതിനു രണ്ടുദിവസം മുമ്പ് 19 ദിവസത്തേക്ക് കൂടി നീട്ടി, രാജ്യത്തെ ലോക്ക് ഡൗൺ കാലാവധി 40 ദിവസമാക്കി.

ഇന്നുവരെ ഏതാണ്ട് 80,000 -ൽ പരം പേർക്ക് കൊവിഡ് 19 പരിശോധന നടത്തിയിട്ടുണ്ട് ഇന്ത്യയിൽ. അതിൽ രോഗം സ്ഥിരീകരിക്കപ്പെട്ടത് 4.3%  പേർക്ക്. ഇന്ത്യയിൽ ഇന്നോളം നടന്ന മരണങ്ങൾ 396. ഇന്നുവരെ രാജ്യത്തെ 700 ലധികം ജില്ലകളിൽ പാതിയിലും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. രോഗം കൂടുതലായി കണ്ടെത്തുന്ന സ്ഥലങ്ങളെ ഹോട്ട് സ്പോട്ടുകളായി അടയാളപ്പെടുത്തുന്ന രീതിയാണ് പിന്തുടരുന്നത്. 

ഇന്ത്യ എങ്ങനെയാണ് കൊവിഡിനെ നേരിടുക എന്നത് കണ്ടറിയാൻ ലോകം ഉറ്റുനോക്കി ഇരിക്കുകയാണ്.  അതിനു കാരണമുണ്ട്. ഭൂമിശാസ്ത്രപരമായ വളരെ വലിയൊരു രാജ്യമാണ് ഇന്ത്യ. മറ്റു പല ലോകരാഷ്ട്രങ്ങളെക്കാൾ അധികം പേർ തിങ്ങിപ്പാർക്കുന്ന രാജ്യം. പല പാശ്ചാത്യ രാജ്യങ്ങളെക്കാളും മോശപ്പെട്ട ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുള്ള രാജ്യവുമാണ് നമ്മുടേത്. അങ്ങനെ വിപരീതമായ സാഹചര്യങ്ങൾ ഉള്ളിടത്ത് സ്വാഭാവികമായും സംക്രമണങ്ങളും ഏറാനാണ് സാധ്യത. 
ഇന്ത്യ ഇന്നുവരെയും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിജയിച്ചിട്ടുണ്ട് എന്നുതന്നെയാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഏഴു ദിവസത്തിലാണ് ഇന്ത്യയിൽ ആക്റ്റീവ് കേസുകളുടെ എണ്ണം ഇരട്ടിക്കുന്നതായി കാണുന്നത്. മരണസംഖ്യയും താരതമ്യേന കുറവാണ് എങ്കിലും ഇപ്പോൾ അത് കൂടി വരുന്നുണ്ട്. ആശുപത്രികളിൽ ഫ്ലൂവിന്റെ ലക്ഷണങ്ങളുമായി വന്നെത്തുന്നവരുടെ എണ്ണം വർധിച്ചതായി ഒരു റിപ്പോർട്ടുമുണ്ട്. ഇത് ചിലപ്പോൾ കൊവിഡിന്റെ സാമൂഹിക സംക്രമണത്തിന്റെ ലക്ഷണം ആകാനിടയുണ്ട്.   അതുകൊണ്ട്, വരും നാളുകളിൽ സ്ഥിതിഗതികൾ വഷളാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട് എന്നും, ഗവൺമെന്റ് അതിനു തയ്യാറെടുക്കേണ്ടതുണ്ട് എന്നും വിദഗ്ധർ പറയുന്നു. വൈറസ് ആദ്യമായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് വന്നിട്ട് ഇപ്പോൾ രണ്ടര മാസം തികഞ്ഞിട്ടുണ്ട്. നമ്മുടെ ജീവിതങ്ങളിലെ പ്രാഥമിക പരിഗണനകളെ സ്വാധീനിച്ചു കൊണ്ട്, ഇനിയും ചുരുങ്ങിയത് രണ്ടുമാസത്തേക്കെങ്കിലും, ഈ മഹാമാരി ഇവിടൊക്കെത്തന്നെ കാണും എന്നാണു പറയപ്പെടുന്നത്. 

കേന്ദ്ര ആരോഗ്യ വകുപ്പ് ഇപ്പോഴും രാജ്യത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല എന്നാണ് പറയുന്നത്. എന്നാൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലുള്ള ആശുപത്രികളിൽ കൊവിഡ്  രോഗികളെ പരിശോധിച്ചു കൊണ്ടിരിക്കുന്ന ഡോക്ടർമാരിൽ പലരും മാർച്ച് ആദ്യവാരം തൊട്ടുതന്നെ രാജ്യത്ത് സാമൂഹിക വ്യാപനത്തെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകളും പങ്കുവെക്കുകയുണ്ടായിട്ടുണ്ട്. 

വരുന്ന ഓരോ ആഴ്ചയും രാജ്യത്തിന് ഏറെ നിർണായകമാണ് എന്നുതന്നെയാണ് സിഎംസി വെല്ലൂർ മുൻ പ്രിൻസിപ്പൽ, ടി ജേക്കബ് ജോൺ ബിബിസിയോട് പറഞ്ഞത്. രാജ്യത്തെ ജനങ്ങളുടെ ഉപജീവനത്തെ ബാധിക്കുകയും, അതുവഴി അവരെ പട്ടിണിയിലേക്ക് നയിക്കുകയും ചെയ്ത ലോക്ക് ഡൗൺ താമസിയാതെ അയയ്ക്കാൻ സർക്കാരിനുമേൽ സമ്മർദ്ദങ്ങൾ ഉണ്ടാകാം. അതേ സമയം പുതിയ സംക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ നേരത്തെ ഉള്ളതിന്റെ പത്തിരട്ടി ടെസ്റ്റിങ്ങും, കോണ്ട്രാക്റ്റ് ട്രേസിംഗും, ഐസൊലേഷനും, തുടർ നിരീക്ഷണങ്ങളും ഒക്കെ വേണ്ടിവരും. ഇതിനായി ലക്ഷക്കണക്കിന് ടെസ്റ്റിംഗ് കിറ്റുകളും, പരിചയം സിദ്ധിച്ച ടെക്‌നീഷ്യന്മാരും ഒക്കെ ആവശ്യമായി വരും. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ശേഖരിക്കപ്പെടുന്ന സാമ്പിളുകൾ കൃത്യമായി, കണ്ടാമിനേറ്റ് ചെയ്യപ്പെടാതെ ലാബുകളിൽ എത്തുന്നുണ്ട് എന്നുറപ്പുവരുത്തേണ്ടതുണ്ട്. പരിമിതമായ എണ്ണം ടെസ്റ്റിംഗ് കിറ്റുകൾ മാത്രമാണ് ഇപ്പോൾ ഉള്ളത് എന്നതിനാൽ, പരിശോധനയ്ക്ക് 'പൂൾ ടെസ്റ്റിംഗ്' സങ്കേതങ്ങൾ പ്രയോജനപ്പെടുത്തേണ്ടി വരും. ഭൂരിഭാഗം കേസുകളും നെഗറ്റീവ് ആകുന്ന പ്രദേശങ്ങളിൽ നിന്നുള്ള സാമ്പിളുകൾക്ക് മാത്രമാണ് ലോകാരോഗ്യ സംഘടന പൂൾ ടെസ്റ്റിങ് നിർദേശിച്ചിട്ടുള്ളത്. പോസിറ്റീവ് കേസുകളുടെ എണ്ണം കൂടിയാൽ പിന്നെ പൂൾ ടെസ്റ്റിങ് ഒരു സാധ്യതയായി നിലനിൽക്കില്ല. ഓരോരുത്തരുടെയും സാമ്പിളിന് ഓരോ കിറ്റ് വെച്ച് ചെലവിടേണ്ടി വരും. 


ഇന്ത്യ ഇന്ന് സംശയമുള്ളവരെ പരിശോധിക്കുന്നതിലും അധികമായി മുൻ‌തൂക്കം നൽകുന്നത് രോഗം സ്ഥിരീകരിച്ചവരെ ചികിത്സിക്കുക എന്നതിനാണ്. ഹൈഡ്രോക്സിക്ളോറോക്വിനിന് (hcq) പുറമെ  രാജ്യത്ത് പ്ലാസ്മ തെറാപ്പിയെക്കുറിച്ചും ഗൗരവമായ ആലോചനകൾ വേണ്ടി വരും. അതിനു പക്ഷേ, സംക്രമണത്തിന് നിന്ന് വിമുക്തി നേടുന്ന രോഗികളുടെ സമ്മതം നേടേണ്ടതുണ്ട്. കോൺവാലസെന്റ്‌ പ്ലാസ്മ ട്രീറ്റ്മെന്റ് ഇന്നും കൊവിഡ് ചികിത്സാരംഗത്തെ പ്രതീക്ഷകളിൽ ഒന്നായി തുടരുകയാണ്. 

ഇപ്പോഴത്തെ നിരക്കിൽ രോഗികളുടെ എണ്ണം കൂടി വന്നാൽ അധികം താമസിയാതെ ഇന്ത്യൻ ആശുപത്രികളിലെ കിടക്കകൾ തികയാതെ വന്നേക്കാം. വരും ദിനങ്ങളിൽ കൂടുതൽ സ്ഥിരീകരണങ്ങൾ വരുന്ന പക്ഷം, ആ രോഗികളെ കിടത്തി ചികിത്സയ്ക്കാൻ വേണ്ട കിടക്കകളും ഒക്കെ സ്വകാര്യമേഖലയിലെ ആശുപത്രികളുടെയും മറ്റും സഹായത്തോടെ സംഘടിപ്പിക്കാൻ അതാത് സംസ്ഥാന സർക്കാരുകൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രോഗീപരിചരണത്തിന്റെ മറ്റൊരു പരിഗണന, രോഗികളിൽ രോഗം ഗുരുതരമാകുന്ന മുറയ്ക്ക് വേണ്ടി വന്നേക്കാവുന്ന വെന്റിലേറ്റർ സൗകര്യങ്ങളാണ്. നിലവിൽ വേണ്ടത്ര വെന്റിലേറ്ററുകൾ രാജ്യത്ത് ലഭ്യമല്ല. അടിയന്തരപ്രാധാന്യത്തോടെ മഹിന്ദ്ര പോലുള്ള കമ്പനികൾ വെന്റിലേറ്ററുകളും മറ്റും നിർമ്മിച്ചു കൊണ്ടിരിക്കുന്നുണ്ട് എങ്കിലും, രാജ്യം ആ ഒരു ഘട്ടത്തിലേക്ക് കടക്കുന്ന സമയത്തേക്ക് അതെല്ലാം തയ്യാറാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടി വരും. ഇന്ന് നമ്മുടെ മുന്നിൽ വരുന്ന കേസുകളുടെ എണ്ണം ഏറെക്കുറെ ആപേക്ഷികമായ ഒന്നാണ്. അത്, നമ്മുടെ ലാബുകളിൽ ടെസ്റ്റ് ചെയ്യപ്പെടുന്ന സാമ്പിളുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും അങ്ങനെ തന്നെ. രാജ്യത്തെ ആശുപത്രികളിൽ ഫ്ലൂ, ശ്വാസകോശരോഗങ്ങൾ എന്നിവ മൂർച്ഛിച്ച് മരിക്കുന്ന എത്രപേരിൽ കൊവിഡ് പരിശോധനകൾ നടത്തപ്പെടുന്നു എന്നതിനനുസരിച്ചാണ് ആ സംഖ്യ മാറാൻ പോവുന്നത്. അതുകൊണ്ട്, ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കൂടുതൽ പേരിലേക്ക് ഇനി വരും ദിവസങ്ങളിൽ പരിശോധനകൾ വ്യാപിപ്പിച്ച്, സാമൂഹിക വ്യാപനമുണ്ടാകുന്ന പ്രദേശങ്ങളെ യഥാസമയം കണ്ടെത്തി ഐസൊലേറ്റ് ചെയ്‌താൽ മാത്രമേ ഈ മഹാമാരിയുടെ ആഘാതത്തെ പരമാവധി ഒതുക്കിനിർത്താനും പതിയെ നിയന്ത്രണാധീനമാക്കാനും സാധിക്കുകയുള്ളൂ. അതിന് ഇനി വരുന്ന ദിവസങ്ങളിലെ ആരോഗ്യ വകുപ്പിന്റെയും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും ഒത്തുചേർന്നുള്ള പ്രവർത്തനങ്ങൾ അത്യാവശ്യമാണ്. 

 
Follow Us:
Download App:
  • android
  • ios